mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 


മുള്ളിത്തെറിച്ചൊരു ബന്ധം... അതും ആരാലും കാണാണ്ട് ഒന്നേമുക്കാൽ മീറ്റർ അകലേക്ക് തെറിച്ചു വീണുണ്ടായ ബന്ധത്തില് , ഒരിക്കലുമറിയാൻ വഴിയില്ലാത്ത ഏതോ ഒരമ്മാവന്റെ എത്രമത്തയോ ആയ ഒരു മകളുടെ കല്യാണം.

ആ കല്യാണത്തിനു പാളേം തൊപ്പീം മുറുക്കിയിറങ്ങാൻ വേണ്ടി എടുത്ത ഒരവധീം കഴിഞ്ഞിട്ട് പിറ്റേന്നാൾ ഞാൻ ക്ലാസിലേക്ക് കാലെടുത്തുവെച്ച നേരം.

ആദ്യമെന്റെ നോട്ടം പോയത് ഞാനടക്കം മൂന്നു പേരിരുന്ന്, നെരങ്ങി ,തേഞ്ഞു മിനുങ്ങിയ ഞങ്ങളുടെ ബെഞ്ചിലേക്കാണ്.
ബെഞ്ച് കാലി!
ഞെങ്ങിയമരാൻ കാത്തുകിടക്കുന്ന കുഴച്ചുവെച്ച ഗോതമ്പുമാവിന്റെ ഒരേകാന്തതയില്ലേ? ഏകദേശം അതേ ഏകാന്തതയോടു കൂടിയായിരിക്കണം ഞങ്ങളുടെ ബെഞ്ച് ഞങ്ങളേം കാത്ത് അന്നേരം അവിടെ കിടന്നിരുന്നത്.

ഡസ്ക്കിന്റെ രണ്ടാംകാലിന് ബാഗു കൊണ്ടൊരൂന്നൽ കൊടുത്തിട്ട് ഞാൻ ക്ലാസ്സ്റൂം വിട്ട് വരാന്തയിലേക്കിറങ്ങി. പുറത്തേ തൂണിനെ ഇടംവലം തള്ളിമറിച്ചുകൊണ്ട് മാളുവും അഞ്ജുവും ഏതോ അന്താരാഷ്ട്ര സംഗതികളുടെ ചർച്ചയിൽ മുഴുകി നിൽക്കുന്നു. എന്നെക്കണ്ടതും അഞ്ജു എനിയ്ക്കു നേരേ ഒന്നര മാർക്കിനൊപ്പിച്ചൊരു ചിരി സമ്മാനിച്ചു. ഹാ.. ഉള്ളതാവട്ടേന്നും കരുതിക്കൊണ്ട് ഞാനാടിയുലഞ്ഞുകൊണ്ട് മുന്നോട്ടേക്ക് തന്നെ നടന്നു.

നോക്കുമ്പോൾ വരാന്തയുടെ അങ്ങേമൂലയ്ക്കലായിട്ട് ചപ്പു കൂട്ടിയിട്ട മാതിരി മൂന്നുപേര് നിന്ന് ഭേഷായിട്ട് സൊള്ളുന്നു! കൂട്ടത്തിൽ ഒന്നെന്റെ ചങ്ക് അരുൺ.. രണ്ടാമൻ എന്റെ ചങ്കിന്റെ ചങ്ക് ലിബിൻ. മൂന്നാമനെ എനിക്ക് പിടികിട്ടിയില്ല. കൂഴച്ചക്കപോലുള്ള അവരുടെ സംസാരം കണ്ടതും, കുശുമ്പ് ഒരു വണ്ടീം പിടിച്ച് അപ്പോൾത്തന്നെ എന്റെ തലമണ്ടേടേ ഉള്ളിലോട്ടങ്ങ് പോന്നു. അതേ കുശുമ്പ് തന്ന കണ്ണടേം വെച്ച് നോക്കിയപ്പോൾ ഞാനവിടെ കണ്ട ആ മൂന്നാമന്റെ ഒരേകദേശരൂപം ഇങ്ങനെയായിരുന്നു ; അപ്പൂപ്പൻ താടിക്ക് കറുത്ത പെയ്ന്റടിച്ചപോലുള്ള കുറേ തലമുടീം, ആ തലമുടി കുത്തി നിർത്താൻ പാകത്തില് കുമ്പളഞ്ഞ മൂടു ചെത്തിയമാതിരി ഒരു മോന്തേം, ആ മോന്തയെ പൊക്കിപ്പിടിയ്ക്കാനായിട്ട് കപ്പളങ്ങാത്തണ്ടു കണക്കെ ഒരു ശരീരോം .

അവരുടെ പിന്നിൽ മിണ്ടാതെ മടിച്ചു നിന്ന എന്നെക്കണ്ടതും ലിബിൻ കൈ നീട്ടിയിട്ട് എന്നെയങ്ങ് കൊളുത്തിപ്പിടിച്ചു കളഞ്ഞു! ഉറക്കെ സംസാരിക്കുമ്പോൾ ലേശം തുപ്പല് തെറിയ്ക്കുമെങ്കിലും എനിയ്ക്കവന്റെയാ ചേർത്തുള്ള കൊളുത്തിപ്പിടുത്തം പെരുത്തിഷ്ടാ . സ്നേഹത്തിൽപ്പണിഞ്ഞ ഒരാമപ്പൂട്ടിന്റെ സുരക്ഷിതത്വമുണ്ടതിന്.

" ടാ.. ബിനുവേ.. ഇത് ജയൻ .. ഇന്നലെ വന്നതാ."

ജയൻ! അവന്റെ പേരിനും രൂപത്തിനും തമ്മിൽ കുറഞ്ഞതൊരു രണ്ടു ദിവസത്തെയെങ്കിലും ദൂരം കാണും .

"ഹായ് ബിനു.. മൈസെൽഫ് ജയൻ "

ജീവിതത്തിലാദ്യമായ് ' മൈ നെയിം ഈസ് ' നു പകരംവെയ്ക്കാൻ ഇംഗ്ലീഷിൽ വേറൊരു വാക്കൊണ്ടെന്നറിഞ്ഞ നിമിഷം ., മൈസെൽഫ് !

"സായിപ്പാ ?"

ഒന്നരക്കിലോ പുച്ഛത്തിൽ ഞാനവനോട് ചോദിച്ചു.

" നോ.. തമിളൻ . "

തമിളൻ .., തമിഴ്നാട് ..സാമൂഹിക പാഠം പുസ്തകത്തിലെ ഇന്ത്യയുടെ ഭൂപടത്തിന്മേല് , കേരളം കഴിഞ്ഞാൽ രണ്ടാമതായി ഞാൻ വരനീട്ടി എഴുതിയടയാളപ്പെടുത്തുന്ന സ്ഥലം ! ആ തമിഴ്നാട്ടിൽ നിന്നുമാണൊരുത്തൻ ചവച്ചു പൊട്ടിയ്ക്കാൻ പാകത്തില് ദാണ്ടേ എന്റെ മുന്നില് മിഴിച്ച് നിൽക്കുന്നത്! ആ കോരിത്തരിപ്പു കൊണ്ടായിരിക്കണം അവനോട് ആദ്യം തോന്നിയ ദേഷ്യം കലർന്ന താത്പര്യക്കുറവിലേക്ക് ഞാൻ കുറച്ചധികം വെള്ളമൊഴിച്ചിട്ടതിനെയൊന്ന് നേർപ്പിച്ചു കളഞ്ഞത്. അന്നു വൈകുന്നേരത്തെ ക്രിക്കറ്റ് കളിയ്ക്കിടെ ഔട്ടായി മാട്ടേക്കേറിയിരിക്കുമ്പോൾ ഉണ്ണീനോടും പ്രവീണിനോടും ഇന്നത്തേക്ക് പറയാനൊരു പേരായി - ജയൻ !

സമയം ഒമ്പതാവുന്നു... ഇതുവരെയായിട്ടും ഞങ്ങള് കുട്ടായിച്ചേട്ടന്റെ കടേല് പോയിട്ടില്ല !
സ്കൂളിലേക്ക് കയറുന്ന നടവഴിക്കരികെ
മതിലിനോട് ഒട്ടിപ്പിടിച്ചിരിക്കുന്ന ഒരു
മാടക്കടയുണ്ട്. ആ കടയിൽ നിൽക്കുന്ന
ചപ്രത്തലമുടിക്കാരൻ ചേട്ടനാണ് കുട്ടായി...
ഒമ്പതിന്റെ ബെല്ലടിക്കുന്നതിനു മുമ്പേ
കുട്ടായിച്ചേട്ടന്റെ കടയിൽപ്പോയില്ലെങ്കിൽ
ഉച്ചയ്ക്ക് സംഗതിയാകെ അൽക്കുൽത്താവും.


വേറെയൊന്നുമല്ല.., ഉച്ചയ്ക്ക് കഞ്ഞീടെ കൂടെ തൊട്ടുപെറുക്കാൻ കുറേ ഉണക്കപ്പയറുത്തരികളേ ഉണ്ടാവൂ,അച്ചാറ് കിട്ടിയെന്നു വരില്ല...
ഞങ്ങളുടെ പള്ളി സ്കൂളിലെ കഞ്ഞീം പയറുമായുള്ള ഉച്ചക്കത്തെ വഴക്ക് പാത്രത്തിൽ വെച്ചുതന്നെ ഒത്തുതീർപ്പാക്കുന്ന ഇടനിലക്കാരനാണ് കുട്ടായിച്ചേട്ടന്റെ കടയിലെ നാരാങ്ങാ അച്ചാറ്.
വല്യ രുചിയൊന്നും അവകാശപ്പെടാനില്ലേലും ആ വിനാകിരി വെള്ളോം അതിനുള്ളിൽ
നിന്നും കിട്ടുന്ന ചത്തുമലച്ച ഒരു നാരാങ്ങാത്തൊലിയുമുണ്ടേലേ ഉച്ചയ്ക്ക് കഞ്ഞി കുടിക്കാൻ ഒരു ഗുമ്മുള്ളൂ.

നാരങ്ങാച്ചാറും മേടിച്ച് മുള്ളാൻ മുട്ടിയവന്റെ ഓട്ടത്തിനായിട്ട് ഞാൻ തയ്യാറെടുത്തപ്പോൾത്തന്നെ ദാ വരുന്നു ഒരു സൊയമ്പൻ ഡയലോഗ്. അതും നമ്മുടെ ജയന്റെ വക !

"നാല് പുളിമുട്ടായ്‌യേ ശേട്ടാ.."

ചിള്ച്ചേന്ന് കവറ് പൊളിച്ച് പുളിമുട്ടായി നാക്കിലേക്ക് തേച്ചുപിടിപ്പിക്കുന്നതിനിടയിലാണ് എന്റെ ചങ്കിനേയും ചങ്കിന്റെ ചങ്കിനേയും വെറും ഒറ്റദിവസം കൊണ്ട് ജയൻ ചൂണ്ടയിട്ടു പിടിച്ചതിന്റെ ഗുട്ടൻസ് എനിക്ക് പിടികിട്ടിയത്. ഇമ്മാതിരി കൈക്കൂലിയല്ലേ പഹയന്റെ കയ്യിലുള്ളത്..
"നിനക്കപ്പോ മലയാളം അറിയാല്ലേ?"

ഞാൻ ജയന്റെ പുത്തൻ പാന്റിന്റെ അടിയിലെ ചുരുട്ടിവെച്ച മടക്കിനെയും , അതിനടിയിലെ കറുകറുത്ത മൂട്ടഷൂവിലേക്കും നോക്കിക്കൊണ്ട് ചോദിച്ചു.
പക്ഷേ, മറുപടി അരുണിന്റെ വകയായിരുന്നു ;

"സൂപ്പറായിട്ട് പറയൂടാ.. പക്ഷേങ്കീ ഒരു കൊഴപ്പേ ഉള്ളൂ.."

"ന്താത്?" ഞാൻ ചോദിച്ചു.

"നീയൊന്ന് മലയാളോന്ന് പറഞ്ഞേടാ ജയാ.."

അതുവരെ ഓലമടലു പോലെയിരുന്ന പുരികങ്ങൾ രണ്ടിനേയും ചേർത്ത് തിരിച്ചു മടക്കിയൊരു ചുണ്ടൻവള്ളത്തെ ഉണ്ടാക്കിക്കൊണ്ട് ജയൻ പറഞ്ഞു;

"മളയാളം .. "

ഞങ്ങളേക്കാൽ മുന്നേ പടികൾ ചവിട്ടി മുകളിലേക്കോടിക്കയറിയത് ഞങ്ങളുടെ ചിരികളായിരുന്നു.

ജയന്റെ അമ്മ മലയാളിയാണ്. അച്ഛൻ തമിഴനും. കേരളത്തിലേക്ക് വന്നിട്ടിപ്പോൾ മൂന്നു മാസത്തോളമായി. ജയന് തമിഴും ഇംഗ്ലീഷും പച്ചവെള്ളം പോലെയും മലയാളം ഉടയാത്ത ഉരുളക്കിഴങ്ങിട്ട സാമ്പാറു പോലെയും സംസാരിക്കാനറിയാം. അവൻ ഇംഗ്ലീഷ് എഴുതുന്നത് ഇടിയപ്പം പോലെയും മലയാളമെഴുതുന്നത് ഉണക്കമുന്തിരി പോലെയുമാണ്. വരയിടാത്തൊരു ബുക്കിനെ കലണ്ടറ് മറിക്കുംപോലെ കിടത്തിയിട്ടിട്ടാണവൻ കണക്കെഴുതുന്നത്. ഇങ്ങനെ പോവുന്ന ജയനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളെ മനസിലാക്കിയെടുക്കാനായിട്ട് എടുത്ത സമയത്തിൽ നിന്നും മിച്ചം വന്ന കുറച്ചു മിനിറ്റുകൾ മാത്രമേ ഞാൻ ആദ്യത്തെ സയൻസ് ക്ലാസിനും രണ്ടാമത്തെ കണക്ക് ക്ലാസിനും കൊടുത്തുള്ളൂ.

ഇന്റർവെല്ലിനു മുകളിലത്തെ അസംബ്ലി ഗ്രൗണ്ടിലേക്കെത്താൻ രണ്ടു കാലുംപറിച്ച് ആദ്യമോടിയിറങ്ങിയത് ഞങ്ങൾ കൃത്യം എട്ടുപേരായിരുന്നു. ഞങ്ങൾ നാലുപേരെക്കൂടാതെ ഞങ്ങളുടെ ഡസ്കിലേക്കുതന്നെ മുതുകുചാരിയിരിക്കുന്ന വേറെ നാലവന്മാർ ; മിഥുൻ, അഖിൽ , ജിഷ്ണു, അഭിലാഷ്.

അസംബ്ലി ഗ്രൗണ്ടിൽ എതിരഭിപ്രായമില്ലാതെ കയ്യടിച്ചു പാസാക്കിയ ഒരൊറ്റക്കളിയേ ഞങ്ങളുടെ എട്ടുപേരുടേം ഇടയിൽ അന്നുള്ളൂ. അത് ക്യാച്ച് പിടുത്തമാണ്. പച്ചബദാം കാ ഉള്ളിൽവെച്ച് കടലാസ്കൊണ്ടു പൊതിഞ്ഞ്, റബ്ബർബാന്റിട്ടു കെട്ടിയ ഒരു പന്തിനെ രണ്ടു ടീമുകളായ് ചേരിതിരിഞ്ഞ് എറിഞ്ഞു പിടിക്കണം. ഏതു ടീമാണോ ആദ്യം അഞ്ചു ക്യാച്ചുകൾ പിടിക്കുന്നത് , അവരെ വിജയികളായിട്ട് അവർത്തന്നെ പ്രഖ്യാപിക്കും. ജയനെ ഞങ്ങൾ ഔദ്യോഗികമായി ഞങ്ങളുടെ ടീമിലേക്കെടുത്തു. ആ തീരുമാനം കേട്ടപ്പോൾ ജയന്റെ മുഖത്തു വിരിഞ്ഞ ഒരു പളുങ്കൂസൻ ചിരിയുണ്ട്. ആ ചിരിയെ കവച്ചുവെയ്ക്കാൻ പാകത്തിൽ ഭൂലോകത്തിലിന്നേവരെ മറ്റൊരു ചിരിയുണ്ടായിട്ടില്ല. അപ്പുറത്തെ ടീമിലെ ജിഷ്ണുവാണ് കൂട്ടത്തിലെ കൂറ്റനേറുകാരൻ . പത്തലുവെച്ചുകെട്ടിയ അവന്റെ കൈകൊണ്ട് മാനത്തേക്കെറിഞ്ഞ പന്തു പിടിക്കാൻ മാത്രം ഞങ്ങൾക്ക് ഒരു തൂവാല അധികം കൈയ്യിന്മേല് ചുറ്റണം.

ചത്താപ്പച്ചാന്നുള്ള പോരാട്ടത്തിനൊടുവിൽ സ്കോർ നില നാല് - നാല് . ഞങ്ങളുടെ പക്കലെ നാലു പോയിന്റുകളിൽ മൂന്നാമത്തെ പോയിന്റിനൊരല്പം ഹുങ്ക് കൂടുതലുണ്ടായിരുന്നു. എതിർ ടീമിൽനിന്നും കോഴവാങ്ങി, ഞങ്ങളെ പിന്നിൽ നിന്നും കുത്തിനോവിക്കുന്ന നൂറ്റിക്കണക്കിന് ഊരാൻപുല്ലുകളെ വകവെയ്ക്കാതെ ,ഒറ്റക്കൈ കൊണ്ട് ചാടിപ്പിടിച്ച് ജയൻ നേടിത്തന്ന പോയിന്റാണത്.

ഞങ്ങളുടെ ടീമിൽ നിന്നും അഞ്ചാമത്തെ പന്ത് എറിഞ്ഞുപൊക്കിയത് ഞാനായിരുന്നു.
' ഐ ഷാൽ ' എന്ന ഒരൊറ്റ ഡയലോഗിന്റെ അഭാവത്തിൽ മിഥുന്റെയും അഭിലാഷിന്റെയും ഇടയിലേക്കായി ആരാലും പിടിക്കാതെ ഡിമ്മെന്ന് പന്ത് താഴേക്ക് വീണു!
ജിങ്കടിജിങ്കാ.. സ്കോർ നില വീണ്ടും നാല് - നാല്.അവരെറിയുന്ന അടുത്ത പന്ത് പിടിച്ചാൽ ഞങ്ങളാണിന്നത്തെ രായാക്കന്മാര്!

കൂറ്റനേറുകാരൻ ജിഷ്ണു, നിലത്തെ മണ്ണിൽ കൈയ്യുരച്ച് തേച്ച് ഓറഞ്ചുനിറമാക്കിയിട്ട് പന്ത് മേപ്പോട്ടേക്കെറിഞ്ഞു. കുന്നിറങ്ങിവരുന്ന പമ്പരം കണക്കെ പന്ത്, ആദ്യമൊരു സോഡാവട്ട് പോലെ, പിന്നെയൊരു നെല്ലിക്ക പോലെ, അവസാനമൊരു തക്കാളിപോലെ ഇതാ ഞങ്ങളുടെ ഇടയിലേക്ക് ..
'ഐ ഷാൽ' എന്നാദ്യം പറഞ്ഞത് ലിബിനായിരുന്നുവെങ്കിലും സാധ്യത കൂടുതൽ അവനു തൊട്ടുമുന്നിൽ നിന്നിരുന്ന ജയനായിരുന്നു. പാതി പൊതിച്ച തേങ്ങാത്തൊണ്ടു പോലെ തുറന്നു പിടിച്ച ലിബിന്റെ കൈകൾക്കിടയിലൂടെ പന്ത് താഴേക്ക് തന്നെ വീണു.
എല്ലാം ബ്ലിംഗ്ഗസൈ !
ബെല്ലടിച്ചതിനാൽ നിലത്തേക്ക് വീണ പന്തിനെ തപ്പാൻ നിൽക്കാതെ ഞങ്ങൾ ക്ലാസ്സിലേക്കോടി.

മൂന്നാമത്തെ പീരിയഡ്. സാമൂഹികപാഠം പഠിപ്പിക്കേണ്ട മേരി ടീച്ചർ ക്ലാസിലേക്ക് വരാൻ പത്തു മിനിറ്റെങ്കിലും വൈകുമെന്ന അറിയിപ്പ് കിട്ടി. ആനവാലുപോലെ മുടി പിന്നി ഞാത്തിയിട്ട ക്ലാസ് ലീഡർ അശ്വതി സുരേഷ് ചുണ്ടനക്കുന്നവരുടെ പേര് ബോർഡിലേക്കെഴുതിയിടാനായിട്ട് എഴുന്നേറ്റ് വടി പോലെ നിൽക്കുന്നു. അഞ്ചാമത്തെ ക്യാച്ച് വിട്ടു കളഞ്ഞതിനാൽ ലിബിനടക്കം ഞങ്ങൾ നാലുപേരുടേയും മുഖങ്ങൾ 'ശ്ശേ !' ന്നായി ചുളുങ്ങിപ്പോയിരുന്നു.

കാലിനു കാതുകുത്തി കമ്മലിട്ടപോലെ ജയന്റെ പുത്തൻ പാന്റിനു ചുറ്റും നിറയെ ഊരാൻപുല്ലുകൾ തറച്ചു നിൽപ്പുണ്ടായിരുന്നു. ഞാനും അവന്റെയൊപ്പം അവ ഊരിയെടുക്കാൻ കൂടി. തപ്പിപ്പറിച്ചു ചെന്നപ്പോൾ , പാന്റിനു കീഴേ , ചീട്ടിന്റെ വലുപ്പത്തിൽ ചുരുട്ടിവച്ച മടക്കിനുള്ളിലൊരു മുഴ !

"ഡാ ജയാ.."

എന്റെ കൊതുകു മൂളിച്ച കേട്ട് ജയൻ കീഴോട്ടേക്ക് നോക്കുമ്പോൾ , ലിബിന്റെ കൈയ്യിൽ നിന്നും ചോർന്നുപോയ പന്ത് ദാ കിടക്കുന്നു അവന്റെ പാന്റിന്റെ മടക്കിനുള്ളിൽ!

" യ് യായ്യാ ..! "

മിഥുനെ പറകോട്ടു തോണ്ടി വിളിക്കുന്നതിനിടയിൽ ജയനാണ് അമ്മാതിരിയൊരു ഒച്ചയുണ്ടാക്കിയത്.

"ഇപ്പോ അഞ്ചേ - നാലേ .."

അഖിലും അഭിലാഷും കേൾക്കേ പുതുക്കിയ സ്റ്റോർ നില പറഞ്ഞത് ലിബിനും അരുണും ഒരുമിച്ചായിരുന്നു. അവർക്കൊപ്പിച്ച് ഞങ്ങളുടെ വിജയത്തിനകമ്പടിയായി ഡസ്കിനുമേലേ കൈ ചുരുട്ടി പെരുമ്പറ കൊട്ടിയത് ഞാനും !

കറുത്ത ബോർഡിൽ നാലു വെളുത്ത പേരുകൾ ഞങ്ങൾ നാലാളേം നോക്കി ഇളിച്ചുകാട്ടി. നാലാമത് ബിനു.,തൊട്ടു മുകളിൽ ലിബിൻ., രണ്ടാമത് അരുൺ.. ഒന്നാമനായി ജയൻ!

ഞങ്ങൾക്കിടയിൽ അന്നാണവന് ആ പേരു വീണത്. ഞങ്ങൾക്കാകെ അറിയാവുന്ന ഹിറ്റ് പടത്തിലെ ഒരൊറ്റ പേര്. മുതൽവൻ !
മുതൽവനേ ..വനേ .. വന്നേ.. വന്നേ.. വന്നേ.. മുതൽവനേ .. മുതൽവൻ !

( ആറുമാസത്തിനു ശേഷം സ്കൂളുമാറിപ്പോയ ജയനെ ..ഞങ്ങളുടെ മുതൽവനെ ഇന്നും ഓർക്കുന്നു..അവന് വേണ്ടി ., അവനു വേണ്ടി മാത്രം )

കഥ: മുതൽവൻ
- ബിനു

 

 

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ