സായാഹ്നസൂര്യന്റെ മൗനം സമയം സന്ധ്യയോടടുത്തു നാളെയുടെ ഉദയത്തിനായി സൂര്യൻ അസ്തമയത്തിനു തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. അസ്തമയസൂര്യന്റെ ചുവപ്പ് നാളം നന്ദിതയുടെ മുഖത്തെ വിവർണ്ണമാക്കി. ഏറെ നേരമായി അവൾ ആ ഇരിപ്പ് തുടങ്ങിയിട്ട്. " നന്ദിതാ, നമുക്ക് പോകണ്ടേ?? " ചോദ്യം കേട്ട് അവൾ തിരിഞ്ഞു. അവളുടെ ഭർത്താവാണ്. അവളുടെ മൗനം അയാളെ അക്ഷമനാക്കി കഴിഞ്ഞു. അല്പ്പം നര വീണിട്ടുണ്ട് എന്നതൊഴിച്ചാൽ അയാൾ യുവാവ് തന്നെയാണ്.
ഇടയ്ക്ക് അയാളുടെ സുഹൃത്ത് തമാശയായി പറഞ്ഞത് അവൾ ഓർത്തു. " മിസ്റ്റർ മേനോൻ, ഇപ്പോഴും ചെറുപ്പമാണ്. പക്ഷേ മിസ്സിസിനെ പ്രായം ബാധിച്ചു തുടങ്ങി. " അവൾ അതിൽ തെല്ലുപോലും വിഷമിച്ചില്ല. " പ്രായം അറുപത്തിനോട് അടുത്തിരിക്കുന്നു. ഇനിയിപ്പോൾ യുവതിയാകുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ലല്ലോ. " അന്ന് ഇതാണ് മറുപടി നൽകിയത്. " താൻ എന്താണ് ആലോചിക്കുന്നത് അയാൾ വീണ്ടും ചോദിച്ചു. " ഒന്നുമില്ല " അവൾ പറഞ്ഞു. " വരൂ, നമുക്ക് ഓരോ കോഫി കഴിക്കാം ". താല്പര്യം ഇല്ലാതിരുന്നിട്ട് കൂടി അയാളുടെ പിന്നാലെ അവൾ നടന്നു. അവർ ഇന്ത്യൻ കോഫിഹൗസ് എന്ന ബോർഡിനെ ലക്ഷ്യമാക്കി നടന്നു. വൈകുന്നേരമായത് കൊണ്ടാകാം അവിടെ ബീച്ചിൽ വന്ന ആളുകളുടെ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. " ഇവിടുത്തെ കോഫി ആണ് ഏറ്റവും രുചികരമായിട്ടുള്ളത് " പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ളത് അയാൾ ആവർത്തിച്ചു. അവൾ ഒന്നും മിണ്ടിയില്ല. ഫാമിലി റൂമിലേക്കു കയറി. അവിടെ തിരക്ക് കുറവായിരുന്നു. എതിരെയുള്ള കസേരയിൽ ഒരാൾ അവളെ നോക്കുന്നത് അവൾ ശ്രദ്ധിച്ചു. പിന്നെ മനസ്സ് എന്തൊക്കെയോ തിരക്കുകളിലേയ്ക്ക് പോയി കഴിഞ്ഞപ്പോൾ അവളുടെ ശ്രദ്ധയും തിരിഞ്ഞു. അവളുടെ ഭർത്താവ് അപ്പോഴേക്കും തലപ്പാവ് ധരിച്ച ഒരു വെയ്റ്ററോട് കോഫി ഓർഡർ ചെയ്തു കഴിഞ്ഞിരുന്നു. അല്പസമയത്തിന് ശേഷം അവരുടെ എതിരെ ഇരുന്ന മനുഷ്യൻ അവരുടെ അടുത്തേയ്ക്ക് വന്നു. " നന്ദിതയല്ലേ? " അപരിചിതൻ ചോദിച്ചു. അവൾ അല്പ്പം അത്ഭുതത്തോടെ മുഖം ഉയർത്തി. " അതേ.. നിങ്ങൾ ആരാണ് "? മറുപടി ചോദ്യം ഉയർന്നത് അവളുടെ ഭർത്താവിൽ നിന്നായിരുന്നു. " എന്റെ പേര് മഹേശ്വർ എന്നാണ്. " അയാൾ അവളുടെ ഭർത്താവിനോട് തന്നെ മറുപടി നൽകി. " നന്ദിതയുടെ സുഹൃത്താണോ "!? അയാൾ അവളോട് ചോദിച്ചു. അവൾ പതിയെ തല കുലുക്കി. അഥിതിയോട് അവിടെ ഇരിക്കുവാൻ പറഞ്ഞു കൊണ്ട് അവർ സംഭാഷണം ആരംഭിച്ചു. സംസാരിക്കാൻ ഒരാളെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു മിസ്റ്റർ മേനോൻ. അല്പ സമയത്തിന് ശേഷം അയാൾ കൈ വാഷ് ചെയ്തിട്ട് വരാമെന്നു പറഞ്ഞു നീങ്ങി. "സുഖമാണോ " നീണ്ട മൗനത്തിനു ശേഷം മഹേശ്വർ നന്ദിതയോടായി ചോദിച്ചു. അവൾ മൂളുക മാത്രം ചെയ്തു. " വർഷങ്ങൾക്ക് ശേഷമുള്ള ഈ കണ്ടുമുട്ടൽ.., എനിക്ക് തന്നെ തിരിച്ചറിയാൻ സാധിച്ചത് പോലെ തനിയ്ക്കു കഴിഞ്ഞില്ല അല്ലെ?? " അയാളുടെ കണ്ഠം പതിയെ ഇടറി. വർഷങ്ങൾക്ക് ശേഷം പഴയ പ്രണയിനിയെ കണ്ടുമുട്ടിയ ഒരാളുടെ പരിതാപകരമായ ക്ഷീണം അയാളുടെ മുഖത്ത് ഉണ്ടായിരുന്നു. " എന്നെ ഓർക്കാറുണ്ടോ "?? അയാൾ വീണ്ടും ചോദിച്ചു. മറുപടിയായി അവളിൽ നിന്ന് ഒരു മന്ദഹാസം പൊടിഞ്ഞു. അയാൾ തുടർന്നു. " ഞാൻ ഓർക്കാറുണ്ടായിരുന്നു, ഇടയ്ക് എപ്പോഴോ തന്റെ ലേഖനം കണ്ടു പത്രത്തിൽ. അപ്പോഴാണ് ഇവിടെയാണ് താമസം എന്നറിഞ്ഞത്. പക്ഷേ ഇത്തരം ഒരു കൂടിക്കാഴ്ച ഞാൻ പ്രതീക്ഷിച്ചതല്ല.. വർഷങ്ങൾക്കിപ്പുറവും, എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം എന്തിനായിരുന്നു നമ്മൾ പിരിഞ്ഞത് എന്നാണ്. " അയാളുടെ കണ്ഠം വീണ്ടും ഇടറി. " നന്ദിതാ നിന്റെ ഈ മൗനം ഭഞ്ജിക്കൂ അതെന്നെ കൂടുതൽ വിഷമിപ്പിക്കുന്നു. അയാൾ അസ്വസ്ഥനായി പറഞ്ഞു. " കഴിഞ്ഞോ സൗഹൃദം പുതുക്കൽ?" മേനോൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു. " നമുക്ക് പോകാം നന്ദിതാ "? അയാൾ ചോദിച്ചു. അവൾ സാരിതലപ്പ് പിന്നോട്ട് എടുത്തുകൊണ്ടു എഴുന്നേറ്റു. മേനോൻ അപ്പോഴേക്കും ബിൽ സെക്ഷനിലേയ്ക് നടന്നുകഴിഞ്ഞിരുന്നു. മഹേശ്വർ അവളുടെ മുഖത്തേക്ക് നോക്കി. " നിന്റെ ഒരു മറുപടിക്കു പോലും ഞാൻ അർഹൻ അല്ലെ "?? അവൾ അയാളെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ ആയിരം വാക്കുകളേക്കാൾ ശക്തമായി ആ കണ്ണുനീർ തുള്ളികൾ മറുപടി നൽകി. അതിൽ അവളുടെ സ്നേഹവും നിറഞ്ഞിരുന്നതായി അയാൾക് അനുഭവപെട്ടു. നടന്നകന്നു പോയ അവളെ നോക്കി നിൽക്കെ അയാൾ തിരിച്ചറിഞ്ഞു. അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്തായിരുന്നുവെന്ന്.. Written by HARITHA R MENON