mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

"മീനൂട്ടി "..... മീനൂട്ടീ എണീക്ക്. ചേച്ചിയാണ്. 'ഇത്ര വേഗം വെളിച്ചായോ ?' മീനൂട്ടിക്കു സങ്കടം വന്നു. ഇന്നലെ എന്തു കൊണ്ടോ  ഉറക്കം വന്നില്ല. അമ്മേം ചേച്ചീം ഉറങ്ങീട്ടും മീനൂട്ടി ജനലിലൂടെ  പുറത്തേക്കു നോക്കി കുറച്ചധികം നേരം ഉറങ്ങാതെ

കിടന്നു. ആകെ പേടി തോന്നി . നിലാവുള്ളപ്പോൾ മീനൂട്ടിക്ക് നല്ല സന്തോഷമാണ് തോന്നാറ്. പക്ഷേ ഇന്നലെ ആകെ പേടിയായിരുന്നു . എവിടുന്നോ കാലൻകോഴി കൂവുന്നുണ്ടായിരുന്നു. പട്ടികളും കുരച്ചിരുന്നു. പിന്നെപ്പോഴാണാവോ ഉറങ്ങീത്? ചേച്ചി വരുന്നുണ്ട് ."മീനൂട്ടി നീയെണീച്ചില്ലേ?" ചേച്ചിയുടെ ചീത്തയാണ് പ്രതീക്ഷിച്ചത്. ചേച്ചിക്കെന്തു പറ്റി? വിഷമത്തിലാണല്ലോ? "ചേച്ചീ ഇത്ര വേഗം ആറുമണിയായോ?'' അതാണെന്റെ സമയം. 6 മണിക്കെണീച്ച് പല്ലുതേച്ച് ചായ കുടിച്ചിട്ടാണ് ഞങ്ങൾ കുളിക്കാൻ പോവുന്നത്. ഞാനുo ചേച്ചീം. കുളത്തിലാണ് കുളി. അതൊരു രസമുള്ള യാത്രയാണ്. ചിലപ്പോൾ  ഉദിച്ചു വരുന്ന സൂര്യനെ കണ്ട് ഇളം തണുപ്പിൽ പാടത്തു കൂടിയുള്ള യാത്ര അവസാനിക്കാതിരുന്നെങ്കിലെന്നു തോന്നാറുണ്ട്. പോവുമ്പോൾ അധികം  ആരേം കാണില്ല, പാലു കൊണ്ടു പോകുന്ന ബാലേട്ടനോ വല്യ വീട്ടിലെ പണിക്കു പോകുന്ന രമണി ചേച്ചിയേയോ ചിലപ്പോൾ കാണും. പാടത്തെത്തിയാൽ നല്ല രസമാണ് കാലു നീളത്തിൽ റ്റീ ..റ്റീ.. വിളിച്ചു കൂവുന്ന പക്ഷികളെ കാണാം. ദൂരെ കുന്നിന്റെ മുകളിലെ മഞ്ഞുo, കാഴായയിലെ തവളയും അതിനെ പിടിക്കാൻ തക്കം പാർക്കുന്ന നീർക്കോലീo ആകെ രസമാണ്. കുളത്തിലെത്തിയാൽ നീന്തലും പഠിക്കാം. ആമ്പൽപ്പൂ പറിക്കാം.                         

ചേച്ചിക്കെപ്പോഴും തെരക്കാണ് 'വേഗം വാ  മീനൂ 'എപ്പോഴും  പറഞ്ഞോണ്ടിരിക്കും. അമ്മയോടും പരാതി പറയും 'ഇവളെ ഇനി അമ്മടെ കൂടെ കൊണ്ടോയാ മതി. എണീപ്പിക്കണേക്കാൾ ബുദ്ധിമുട്ടാ ആ കൊളത്തുന്ന് ഇവടെ എത്തിക്കാൻ .' ശുണ്ഠിക്കാരി. എന്നിട്ടിന്നെന്തു പറ്റി? "ചേച്ചീ ഇത്ര വേഗം ആറായോ. ചേച്ചിക്കുട്ടിക്കിന്നെന്തു പറ്റീ? " ചേച്ചീടെ കണ്ണില് വെള്ളം ഉണ്ടോ? ഞാൻ കണ്ണു തിരുമ്മി വീണ്ടും നോക്കി. എന്തോ പറ്റീണ്ട്   തീർച്ച.രാവിലെ അമ്മോട് ഒന്നും രണ്ടും പറഞ്ഞു കാണും. ഏയ് അങ്ങനെയാണെങ്കിൽ മുഖo കടന്നലുകുത്തീതു പോലെ ആയേനെ. "എന്താ ചേച്ചീ " ഞാൻ ചോദിച്ചു. പതിവില്ലാതെ ചേച്ചി എന്നെ ചേർത്തു പിടിച്ചു. "മീനൂ ഒരു കാര്യണ്ട്, ആ ശങ്കറില്ലേ, ശങ്കർ മരിച്ചു ത്രേ." ചേച്ചി തേങ്ങലോടെ പറഞ്ഞു .ഞാൻ ഞെട്ടി!ചേച്ചിടെ കയ്യിൽ അമർത്തിപ്പിടിച്ചു. ആര്? ഏതു ശങ്കർ? ചേച്ചി പറഞ്ഞു "ആ.. ശങ്കു ഏട്ടൻ." ചേച്ചി എന്താ പറയണ്. ശങ്കു ഏട്ടനോ? വയസ്സായോരല്ലേ മരിക്ക്യാ. താഴത്തെ വീട്ടിലെ വെള്ളച്ചീം വല്യ വീട്ടിലെ ഗോപാലൻ മേനോനൊക്കെ ആകെ നരച്ച് വടികുത്തി നടന്നിട്ടല്ലേ മരിച്ചത്? ശങ്കു ഏട്ടനെ ഞാൻ മിനിഞ്ഞാന് വൈകുന്നേരം കണ്ടതാണല്ലോ. എന്ത് ചന്താ ഏട്ടനെക്കാണാൻ? നല്ല വെളുത്ത് കട്ടി മീശേo എപ്പോഴും ഉള്ള ചിരീം. എത്ര വയസ്സുണ്ടാവും ഏട്ടന് 24 ഓ 25 ഓ .എന്നിട്ട് എങ്ങനെ മരിക്ക്യാ? ചേച്ചി പറഞ്ഞു അറിയില്ല മോളെ രാവിലെ പാലോണ്ടു പോയ ബാലേട്ടൻ പറഞ്ഞിട്ടാ എല്ലാരും അറിയണ്. ചേച്ചി വേഗം പോയി അവിടുന്ന്. ചേച്ചിക്കും ഇഷ്ടമായിരുന്നു ശങ്കു ഏട്ടനെ,.ചില ദിവസങ്ങളിൽ കുളി കഴിഞ്ഞു വരുമ്പോൾ ശങ്കു ഏട്ടനെ കാണും. കൂടെ നായക്കുട്ടി ടോമിയും ഉണ്ടാവും. അവനെന്നെ കണ്ടാൽ ഓടി വരും ഞങ്ങൾ ഓടികളിക്കുമ്പോൾ ചേച്ചി തല കുനിച്ചു നിന്ന് ഏട്ടനോട് സംസാരിക്കും., അപ്പോ ചേച്ചിടെ ചിരി കാണാൻ നല്ല രസാ. ഇപ്പോ തെരക്കൊക്കെ കഴിഞ്ഞോന്നു ഞാൻ ചോദിക്കുമ്പോഴാണ്. ചേച്ചിക്ക് പിന്നെ തെരക്കു വരാറ്. സിനിമേലൊക്കെ കാണണ പോലെ ശങ്കു ഏട്ടൻ ചേച്ചിയെ കല്യാണം കഴിക്കുമെന്നായിരുന്നു എന്റെ വിചാരം. എന്നിട്ടിപ്പോ ശങ്കു വേട്ടനെന്തിനാ മരിച്ചത്?   

രാവിലെ ഒരു രസോല്യ. പാവം ശങ്കു ഏട്ടൻ .അമ്മേം അച്ഛനും മൂന്നോ നാലോ വയസ്സില് ഇവിടെ വിട്ടിട്ടുപോയതാത്രേ. അമ്മൂട്ടി മുത്തശ്ശിക്ക് വല്യ ഇഷ്ടാ ഏട്ടനെ.ഏട്ടന് പഞ്ചായത്തില് ജോലി കിട്ട്യേപ്പോ പാൽപ്പായസം ഉണ്ടാക്കി തന്നിട്ടുണ്ട് മീനൂട്ടിക്ക്. എല്ലാർക്കും ഇഷ്ടായിരുന്നു ഏട്ടനെ .ഒരു ദുശ്ശീലോല്യാത്ത കുട്ടീന്നാ എല്ലാവരും പറയാറ്. ഒരാൾക്കു മാത്രം ഏട്ടനെ ഇഷ്ടല്ല. ഏട്ടന്റെ അനിയന് മുന്നോ നാലോ വയസ്സ് താഴെയാണ് ജയേട്ടൻ.രണ്ടാളേം കൂടി കണ്ടാ ഒരമ്മടേം അച്ഛന്റേം മക്കളാണെന്നേ പറയില്ല. ജയേട്ടൻ കുറച്ച് കറുത്തിട്ടാണ്. മുഖം നിറയെ കുരുവും. അതെപ്പോഴും കൈ കൊണ്ട് പൊട്ടിക്കും .കാണുമ്പോഴേ പേടിയാവും ജയേട്ടനെ. അമ്മൂട്ടി മുത്തശ്ശി ജയേ എന്നു വിളിക്കുന്നതു കേട്ടാൽ ചിരി വരും .പെണ്ണിനെപ്പോലന്നെ ജയേട്ടന്റെ നടത്തവും. അതുപോലെ നടന്നു കാണിക്കണേന് ഒരിക്കലെന്റെ ചെവി പിടിച്ചു തിരുമ്മീണ്ട് ജയേട്ടൻ ,എനിക്കിഷ്ടല്ല ജയേട്ടനെ.ജയേട്ടൻ പത്തില് തോറ്റൂത്രേ. രണ്ടു മൂന്നു പ്രാവശ്യം എഴുതീട്ടും ജയിച്ചില്ല. മണ്ടനായോണ്ടാവും ശങ്കു ഏട്ടനെ ഇഷ്ടല്ലാത്ത് .ശങ്കു ഏട്ടൻ ഫസ്റ്റ് ക്ലാസ്സിലാ പത്തു പാസ്സായേന്നാ അമ്മ പറഞ്ഞ് .അവൻ മിടുക്കനാ ചെറ്വോനത്ര പോര. അതാ മുത്തശ്ശീം പറയാറ്. അതു കേൾക്കുമ്പോ ജയേട്ടന് ദേഷ്യം വരും. "ഞാൻ ദുബായിപ്പോവാ.അച്ഛന്റെ കൂടെ .ക്ക് വയ്യ ഇവടെ. എല്ലാർക്കും അവനെ ഷ്ടം ഹും."കയ്യിലെ പുസ്തകം വലിച്ചെറിഞ്ഞ് ഒരു പോക്കാ. അമ്മൂട്ടി മുത്തശ്ശി ചിരിക്കും. പ്പ കൊണ്ടോയതന്നെ, അവടെ മുത്തോളെ കൊണ്ടന്നെ അവര് ബുദ്ധിമുട്ടായിരിക്ക്യാ. പിന്നെ  അവടെം  സ്വൈരം കൊടുക്കില്ല .ഹ.ഹ.ജയേട്ടന് അമ്മോടും അച്ഛനോടും ദ്വേഷ്യ ണ്ട്. അവരുടെ ഒപ്പം നിർത്താതെ ഏട്ടന്റെ കൂടെ മുത്തശ്ശീടടുത്തേക്ക് അയച്ചേന് ,പിന്നെ പെണ്ണിന്റെ പേരു പോലെ പേരിട്ടേന് ഒക്കെ.ജയേഷ് ന്നുള്ള പേര് ഇഷ്ടല്ല അതോണ്ടല്ലേ എല്ലാരും 'ജയേ'ന്ന് പെണ്ണിനെപ്പോലെ വിളിക്കണ്. ജയേട്ടന്റെ അച്ഛമ്മടെ പേര് ജയലളിത എന്നായിരുന്നു അച്ഛച്ഛൻ ശങ്കരനാരായണൻ. അങ്ങനെ ആദ്യത്തെ കുട്ടിക്ക് ' ജയശങ്കർ ' എന്നു പേരിടാനിരിക്കുമ്പോഴാണ് അത് പെൺകുട്ടി ആയത്. അപ്പൊ 'ജയ 'യിൽ നിർത്തി.അടുത്ത കുട്ടി ആണായപ്പോ ' ശങ്കർ ' ന്ന് ഇട്ടു .അങ്ങനെ ഒക്കെ ഭംഗിയായി ഇരിക്കുമ്പോഴാണ്. ക്ഷണിക്കാത്ത അഥിതിയായി മൂന്നാമൻ. അച്ഛമ്മോട് സാമ്യമുള്ള അവനങ്ങനെ ജയേഷുമായി.ഇത് അമ്മൂട്ടി മുത്തശ്ശി പറയുന്നതാ.          എന്തായാലും ജയേട്ടനൊരു ധികപറ്റല്ലേന്ന് മീനൂ നും തോന്നീ ണ്ട്.

ശങ്കു ഏട്ടനെന്താ പറ്റ്യേ ആവോ? ജയേട്ടനാണെങ്കിൽ ത്ര സങ്കടം ണ്ടാവില്ല ആർക്കും. ഇന്ന് സ്കൂളിൽ പോണ്ടാന്നമ്മ പറഞ്ഞപ്പോ സന്തോഷൊന്നും   തോന്നീല്യ. അമ്മ ശങ്കു ഏട്ടന്റെ വീട്ടിൽ പോയി എന്നോട് വരണ്ടാ ന്നു പറഞ്ഞു. കുട്ട്യോള് ഇങ്ങനത്തൊന്നും കാണണ്ടാത്രേ. ചേച്ചി പോണില്ലാന്ന് പറഞ്ഞു ചേച്ചിക്ക് അങ്ങനെ കടക്കണ ഏട്ടനെ കാണണ്ടാന്നു പറയുമ്പോഴേക്കും കണ്ണു നിറഞ്ഞു. എനിക്കും കരച്ചിലു വന്നു .മീനൂട്ടിക്ക് എന്തൊക്കെ കാര്യങ്ങളാ ശങ്കു ഏട്ടൻ പറഞ്ഞു തരാറ് .പക്ഷികളുടെ പേര്, രാവിലെ കാണണ നക്ഷത്ര ങ്ങൾ ,ഗ്രഹണo ഒക്കെ ശങ്കു ഏട്ടനാ പറഞ്ഞു തന്നത്. ശങ്കു ഏട്ടൻ പറഞ്ഞിട്ടാ പനീടെ മരുന്ന് പാരസെറ്റാ മോളാണെന്ന് മീനൂന് മനസ്സിലായത്.ഇനി വെള്ളച്ചിയെ കാണാത്ത പോലെ ശങ്കു ഏട്ടനേം കാണില്ലല്ലോ.കുറേ കരഞ്ഞു. ഉറങ്ങിപ്പോയിന്നു തോന്നുന്നു. എണീച്ചു നോക്കിയപ്പോ പുറത്തു ന്ന് ആരുടെ ഒക്കെയോ വർത്തമാനം കേൾക്കുന്നു. അമ്മ തിരിച്ചു വന്നിട്ടുണ്ട്. അപ്പുറത്തെ വീട്ടിലെ സതി ചേച്ചിയോട് അവിടത്തെ വർത്തമാനങ്ങൾ പറയുകയാണ്. "ആവുന്റെ സതീ ,കണ്ടോരു മറക്കില്ല.ഉറങ്ങി കെടക്കണ പോലല്ലേ ?"
"ആ അതന്നെ ദേവുമ്മേ ,മറ്റോൻ  കണ്ടില്ലേ ഒരു സങ്കടoണ്ടോ  അവന്? ഇപ്പൊ ഉള്ളോണ്ട് സന്തോഷായിണ്ടാവും എന്നും ദേഷ്യല്ലെ ആ കുട്ട്യോട്. "
"സങ്കടൊക്കെ ണ്ടാവാണ്ടിരിക്ക്യോ സത്യേ ?എന്തായാലും കൂടപ്പെറപ്പല്ലേ?ആകെ എന്തൊക്ക്യോ ദുശ്ശകുനം ണ്ട് .ഇന്ന് പ്പോ ചന്ദ്രന്റെ കയ്യിന്ന് ഓട്ടുരുളി വീണു പൊട്ടിത്രേ .എന്തൊക്കെ കേക്കണോ ആവോ ശിവ :ശിവ! "
ഉരുളി പൊട്ട്യാ എന്താ വോ? പിന്നെ ചോദിക്കാം അമ്മോട്. എങ്ങനെയൊക്കെയോ രാത്രി ആയി.ഉമ്മറത്തിന്ന് ബഹളം കേട്ടാണ് മീനൂട്ടി ഓടി വന്നത്. "ഇതെങ്ങനെ സഹിക്കും ന്റെ ദേവ്യോമ്മേ " സതി ചേച്ചി ആണ്. "എനിക്കു വയ്യേ "എന്താ സത്യേ എന്താണ്ടായേ? "മറ്റോനും പോയീ ത്രേ. ന്റെ ഗോപാലേട്ടൻ ഇപ്പൊ പോയപ്പഴേ.തങ്കക്കുടം പോലെ രണ്ടാങ്കുട്ട്യോള് ".
"ന്റെ ദൈവേ! "അമ്മ നെഞ്ചത്തു കൈവച്ചു തളർന്നിരുന്നു.
"ആൾക്കാരെന്തൊക്ക്യോ പറേണ് ണ്ട്. ചെറ്യോൻ മ്മടെ ചന്ദ്രനോട് പോലീസു വര്വോ, പോസ്റ്റ് മോർട്ടം ചെയ്യോ ന്നൊക്കെ ചോദിക്ക്ണ്ട് ത്രേ രാവിലെ മൊതല് , വരാണ്ടിരിക്ക്യോ കുട്ട്യേ ചെറുപ്പല്ലേന്നും പറഞ്ഞൂത്രേ ചന്ദ്രൻ.ചെക്കന്  ആകെ സ്വൈരക്കേടുണ്ടായിരുന്നാ കേട്ട്. "
ഇവരെന്താ പറയണ്  പോലീസു വരണേനെന്തിനാ ജയേട്ടന് പ്രശ്നം? എനിക്കൊന്നും മനസ്സിലായില്ല. സതി ചേച്ചി ശബ്ദം താഴ്ത്തി പറഞ്ഞു "എന്തോ വെഷം ചെക്കന് കിട്ടീണ്ടന്നാ പറയണ്. മഹാപാപി. ആ ജലജോട് ഇനി അമ്മൂട്ടി അമ്മ എന്താ പറയാ. അയമ്മക്ക് ഇതേ വരെ ബോധം വന്നിട്ടില്ല്യ. "
അപ്പൊ ശങ്കു ഏട്ടനെ,ജയേട്ടൻ ... എന്താ വല്യോരൊക്കെ ഇങ്ങനെ ? മീനൂട്ടിക്ക് വല്താവണ്ടാ ....
  

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ