സമയം പുലർച്ചെ മൂന്നു മണി കഴിഞ്ഞിരുന്നു. സമചതുരാകൃതിയുള്ള മുറിയിൽ, കരിങ്കല്ലു പാകിയ തറയിൽ ഒരു മൂലക്ക് ഉണ്ണി ഇരുന്നു. നിലത്ത് ഒരു സംഘം ഉറുമ്പുകൾ നിലം പറ്റിയ ഒരു പുൽച്ചാടിയെ കാർന്നുകൊണ്ട് ഒരു
ശവഘോഷയാത്രയായി ചുവരോരം ചേർന്ന് പോകുന്നുണ്ടായിരുന്നു. ഉറക്കം എന്നേ നഷ്ടപ്പെട്ടു പോയി. പൊയ്പോയ ഉറക്കം അതിന്റെ പ്രതാപത്തോടെ വാഴാൻ ഇനിയധികം സമയമില്ല എന്ന് മനസ്സു പറഞ്ഞു. പുലരാറായില്ല. എന്നിട്ടും മുറിക്കകത്ത് നേർത്ത പ്രകാശമുണ്ട്. ആ പ്രകാശത്തിൽ മുന്നിൽ ലംബ ശ്രേണിയായി വിളക്കിച്ചേർത്ത ലോഹ ജാലകവും പൂട്ടും മിന്നിതിളങ്ങുന്നതു കാണാം. മുറിക്കു കിഴക്കുവശത്തെ ചെറിയ ജാലകത്തിൽ നിന്നാണ് പ്രകാശത്തരികൾ ഇറ്റുവീഴുന്നത്. കനത്ത ഇരുട്ടിനെ കീറി മുറിച്ചവ ലോഹക്കൂട്ടിൽ തട്ടിവീണു. ആ നേർത്ത പ്രകാശത്തിലാണതു കണ്ടത്. പൂമുഖത്തെ ചിത്രത്തിൽ നിന്നിറങ്ങി വന്ന പോലെ!
അച്ഛൻ !
ഉണ്ണി സൂക്ഷിച്ചു നോക്കി.
"ഉണ്ണീ' ന്താ ആലോചിക്കണെ? "
സാത്വികനായ അച്ഛന്റെ പതിഞ്ഞ ശബ്ദം. മൗനം തെല്ലിട തളം കെട്ടി. പിന്നെ മൗനം അഴിഞ്ഞു.തനിക്കു നേരെ നീണ്ട ചോദ്യത്തിലേക്കയാൾ വേപഥു പൂണ്ട് നോക്കി.പിന്നെ മുഖം വെട്ടിച്ച് പറഞ്ഞു.
'ഒന്നൂല്യാ'
'ഒന്നൂലാണ്ട് വരോ ഉണ്ണി ? ഒര് പാട്ണ്ട് എനിക്കറിയാം. നിനക്ക് വയസ് എത്രയെന്ന് ബോധ്യണ്ടോ? "
'ഇരുപത്തിനാല്'
പൊയ്പോയ ഇരുപത്തിമൂന്ന് വർഷങ്ങൾ. പുലർകാലത്ത് അമ്മയുടെ കൈ തൂങ്ങിയുള്ള അമ്പല യാത്ര. കസവു കരയുള്ള കുഞ്ഞു മുണ്ടാണുടുക്കുക. ലക്ഷ്യമില്ലാത്ത പഥികനെപ്പോലെ അപാരമായി നീണ്ട പാടവരമ്പ് .അത് അമ്പലത്തിൽ ചെന്നവസാനിക്കുകയാണ്.പാടത്തെ പുൽനാമ്പുകളിലെ ജലസാന്ദ്രത. അമ്പലത്തിൽ നിന്നും തരുന്ന , വാഴക്കീറിലെ കുളിർന്ന ചന്ദനത്തിന്റെ തണുവ്. അതിലാണ്ട തെച്ചിപ്പൂവും കൃഷ്ണതുളസിയും. കൈക്കുമ്പിളിൽ വാങ്ങി കുടിച്ച് തലയിൽ കമഴ്ത്തുന്ന തരിക്കുന്ന പുണ്യാഹത്തിന്റെ ജൈവസാന്ദ്രത. വീട്ടിലേക്കുള്ള മടക്കയാത്രയിലെ തിളച്ച വെയില്. തിരി തെളിയിച്ച നിലവിളക്കിനു മുന്നിൽ മലർന്നു കിടന്ന നാക്കിലയിലെ പായസ മധുരം. എല്ലാം, എല്ലാം ഉണ്ണി അറിഞ്ഞതാണ്.
'ഉണ്ണി .മകം നക്ഷത്രം ഒരു പുഷ്പജ്ഞലി '.
അമ്മ പറയും. അനിയത്തി അടക്കിച്ചിരിക്കും
'പെങ്കുട്ട്യോൾടെ നാളാ ഏട്ടന്. ഒരുറുമ്പിനെ പോലും വേദനിപ്പിക്കാൻ ഉണ്ണ്യാട്ടനാവില്ല. പേടിത്തൊണ്ടനാ ഉണ്യോട്ടൻ'.
അമ്മ അപ്പോൾ അനിയത്തിയെ ശാസിക്കും. എന്നും അമ്മ എനിക്കു വേണ്ടിയേ പറയൂ. എനിക്കു വേണ്ടിയേ പ്രവർത്തിക്കൂ.
അനിയത്തി പറയുന്നതിൽ സത്യമുണ്ട്. സ്കൂളിൽ സമരം തുടങ്ങുമ്പോൾ ആദ്യം വീട്ടിലെത്തുന്നത് താനാണ്. സമരവും അതിന്റെ സംഘർഷങ്ങളും കാണാൻ വയ്യ. ഉറുമ്പു പോലും വേദനിക്കുന്നത് കാണാൻ കഴിയാത്ത ആ ഉണ്യാട്ടനാണ് ഇവിടെ ഈ കനത്ത കരിങ്കൽ പാളികളുടെ നടുവിൽ, പൊള്ളുന്ന വിജനതയിൽ..
'ന്താണ്ടായേന്ന് ഉണ്ണിക്ക് ഓർമേണ്ടോ '
'ഉണ്ട് നല്ലോർമ്മേണ്ട് മറക്കാൻ കഴിയണില്ല, ആ ഓർമ്മകൾ എന്നെത്തന്നെ നായാടാണ്”
'ദിവസം കുറിച്ചു തന്ന ഒരു നാൾ. രണ്ടാളുകൾ ആ വഴി വരുമെന്ന് പറഞ്ഞു തന്നിരുന്നു. സൂചകങ്ങൾ ശരിയായി. പിന്നെ തലങ്ങും വിലങ്ങും പുളഞ്ഞ മിന്നലുകൾ. കാളിമ പടർന്ന ആ സന്ധ്യയിൽ, നാട്ടുവഴിയുടെ വിജനതയിൽ, ആകാശത്തോളം പെരുകിയ അവരുടെ നിലവിളികൾ. പടുനിലത്ത് പൊട്ടിയൊലിച്ച, പിന്നെ നിറം മാറിയ കറുത്ത ചോരയിൽ പറ്റിനിന്ന വലിയ ഉറുമ്പുകൾ. അവയത്രയും ഉൾക്കൊണ്ട് ധീരനായി, നിർവ്വികാരത പൂണ്ട് തിരിഞ്ഞു നടന്ന ഈ ഞാൻ.
'ആരു പറഞ്ഞിട്ടാ ഉണ്ണീ ഇതൊക്കെ? ഇതാണോ ധീരത? ഭീരുത്വല്ലേത്?എവിടെ പറഞ്ഞു തന്നവരു്? ഏതു പ്രത്യയശാസ്ത്രമാണുണ്ണീ നിന്നെ നിലവിളി കേൾക്കാൻ പഠിപ്പിക്കുന്നത്?
ഉണ്ണിയിൽ മൗനമുറഞ്ഞു.
'നെന്റെ അമ്മക്കും പെങ്ങക്കും ഇനിയാരുണ്ട് ഉണ്ണീ'
ഉണ്ണി പതറി .ഹൃദയം പറിയുന്ന വൃഥയോടെ ഉണ്ണി പറഞ്ഞു. '
"അറിയില്ല. ഒന്നും അറിയില്ല. ഒരു വലിയ അറിയായ്ക മാത്രമായി ഈ ഞാൻ.ഈ ജൻമം'
സമയമാകുന്നു. ഉണ്ണിയുടെ കാലത്തിന്റെ അതിരുകൾ ചുരുങ്ങി. കാലം ചെറുതായി . മണിക്കൂറുകൾ മിനിറ്റും പിന്നെ നിമിഷങ്ങളുമായി. നടപടിക്രമങ്ങൾ പൂർത്തിയാകാൻ ഉണ്ണി കാത്തു നിന്നു. പിന്നെയയാൾ തന്നെ തേടിയെത്തിയ പൊരുളിലേക്ക് ഉൾവലിഞ്ഞു. അപ്പോൾ വിസ്തൃതമായ ആ കെട്ടിടത്തിന്റെ കമാനത്തിനു പുറത്ത് അല്പം അകലെയുള്ള നാട്ടുമ്പുറത്ത് ഇരയെ തിരിച്ചറിയേണ്ട സൂചകങ്ങളെക്കുറിച്ച് മറ്റൊരുണ്ണി അറിവു തേടുകയായിരുന്നു.