പഞ്ഞിക്കെട്ട് ഉരുണ്ടുമറിയുമ്പോലെ മുറ്റത്തുകൂടി തുള്ളിച്ചാടിനടക്കുന്ന മിന്നുവിനെ ആരാധനയോടെ നോക്കി ബിക്കു ആ വലിയ ഗേറ്റിന്റെ അഴികളിൽ മുഖം ചേർത്തുനിന്നു. ഇടയ്ക്കവൻ തിരിഞ്ഞു തന്റെ
കുഞ്ഞുവീടിനുനേർക്കും നോക്കുന്നുണ്ടായിരുന്നു. വരാന്തയിലിരുന്നു മുറുക്കാനിടിക്കുന്ന ജാനുമുത്തശ്ശി ബിക്കുവിനെ ഇടയ്ക്കിടയ്ക്ക് നോക്കുന്നതും എന്തെക്കെയോ പിറുപിറുക്കുന്നതും അവനെ അസ്വസ്ഥനാക്കികൊണ്ടിരുന്നു. അല്ലങ്കിലും മുത്തശ്ശി അങ്ങനെയാണ് താൻ എപ്പോഴും അടുത്തുവേണം. അപ്പനും അമ്മയും പണിക്കുപോയിക്കഴിഞ്ഞാൽ മുത്തശ്ശിക്കൊരു കൂട്ട് താൻ മാത്രമല്ലേയുള്ളു. കുറച്ചുനാൾ മുമ്പുവരെ കൃത്യമായി പറഞ്ഞാൽ മിന്നു ഈ വീട്ടിൽ താമസത്തിനു എത്തുംവരെയും തനിക്കും അങ്ങനെത്തന്നെയായിരുന്നു. അവളെ കണ്ടപ്പോൾ മുതലാണ് തന്റെ ദിനചര്യകളൊക്കെ പാടെ മാറിമറിഞ്ഞത്.
ഓരോന്നോർത്ത് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് ബിക്കു ആ കാഴ്ച കണ്ടത്. ഗേറ്റിന്റെ നേർക്ക് ഉരുണ്ടുവരുന്ന ഒരു പന്തും പിന്നാലെ ഓടിവരുന്ന മിന്നുവും. ബിക്കു വീണ്ടും ഗേറ്റിന്റെ അഴികളിൽ മുഖം ചേർത്ത് അവളെ പ്രതീക്ഷയോടെ നോക്കിനിന്നു. ബിക്കു കൗതുകത്തോടെ അവളെ നോക്കി. അവളുടെ തിളങ്ങുന്ന നീലകണ്ണുകൾ രാത്രിയിൽ ആകാശത്തു കാണുന്ന നക്ഷത്രങ്ങളാണെന്ന് അവന് തോന്നി. നീണ്ട ചെവിയും ഇളംറോസ് കളർ ഉള്ള മൂക്കും ചുണ്ടുകളും. എത്ര സുന്ദരിയാണ് മിന്നു ! അവളുടെ പഞ്ഞിപോലുള്ള ആ ശരീരം ഒന്ന് തൊട്ടുനോക്കുവാൻ അവന് കൊതിതോന്നി. അപ്പോഴാണ് എവിടുന്നോ ഒരുകല്ല് അവന്റെ അരികത്തുകൂടി മൂളിപ്പാഞ്ഞു തൊട്ടടുത്തു വന്നുവീണത്. ഒരുഞെട്ടലോടെ ബിക്കു മുഖമുയർത്തി. മുറ്റത്തിന്റെ കോണിൽ മിന്നുവിന് പന്തെറിഞ്ഞുകൊടുത്തുകൊണ്ടിരുന്ന ഒരാൺകുട്ടി ദേഷ്യത്തോടെ ഒരുവടിയുമായി ഗേറ്റിന് നേർക്ക് ഓടിവരുന്ന കാഴ്ചയാണ് ബിക്കു കണ്ടത്. ഓടാൻ കഴിയുംമുമ്പേ ചുഴറ്റിയെറിഞ്ഞ വടി ബിക്കുവിന്റെ പുറത്തുതന്നെ വന്നുകൊണ്ടു. വേദനയോടെ കരഞ്ഞുകൊണ്ട് തന്റെ വീട്ടിലേക്ക് ഓടുമ്പോൾ പിന്നാലെയെത്തിയ ശബ്ദം അവന്റെ കാതിൽ അലയടിച്ചു.
"തെണ്ടിപ്പട്ടി "
അന്ന് പകൽമുഴുവൻ നല്ല കാറ്റും മഴയുമുണ്ടായിരുന്നു. സന്ധ്യക്ക് മഴ തെല്ലൊന്നുകുറഞ്ഞപ്പോൾ ബിക്കു മെല്ലെ വീട്ടിൽ നിന്നും ഇറങ്ങി. റോഡിലൊക്കെ വെള്ളം തളംക്കെട്ടി നിൽക്കുന്നു. മരക്കൊമ്പുകൾ ഒടിഞ്ഞുവീണുകിടക്കുന്ന വഴിയുടെ ഓരം ചേർന്ന് ബിക്കു നടന്നു. അവന്റെ ചെവിയിൽ അപ്പോഴും തെണ്ടിപ്പട്ടി എന്നൊരു ആക്രോശം മുഴങ്ങുന്നുണ്ടായിരുന്നു. പെട്ടന്ന് പിന്നിൽ മിന്നുവിന്റെ കുരകേട്ട് ബിക്കു ഞെട്ടി തിരിഞ്ഞുനോക്കി. കുറച്ചുപിന്നിലായി മിന്നുവിന്റെ കഴുത്തിലെ തൊടലുംപിടിച്ചു കാലത്തെ തന്നെ വടികൊണ്ടെറിഞ്ഞ പയ്യൻ. റോഡിലെ വെള്ളം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചാണ് അവന്റെ വരവ്. ബിക്കുവിന്റെ അടുത്തുവന്നപ്പോൾ അവൻ തന്റെ കാലുകൾക്കൊണ്ട് റോഡിലെ ചെളിവെള്ളം ബിക്കുവിന്റെ മുഖത്തേക്ക് തെറിപ്പിച്ചു.
മുഖത്തുവീണ വെള്ളത്തുള്ളി കുടഞ്ഞുകളഞ്ഞു മുൻപോട്ട് നോക്കിയ ബിക്കു കണ്ടത് റോഡിൽ തലയുയർയത്തി നിൽക്കുന്ന ഒരു പാമ്പിനെയാണ്. അവൻ ഒരു ഞെട്ടലോടെ തൊട്ടുമുമ്പിൽ മിന്നുവിന്റെ തൊടലും പിടിച്ചു അവിടിവിടെ നോക്കി അലസ്സമായി പോകുന്ന ആ പയ്യനെ നോക്കി. ഒരു നിമിഷം ശക്തമായി കൂരച്ചുകൊണ്ട് ബിക്കു മുൻപോട്ടോടി. പിന്നിൽ കുരകേട്ട് ഞെട്ടിതിരിഞ്ഞ ആ പയ്യന്റെ കയ്യിൽ നിന്നും മിന്നുവിന്റെ തുടൽ താഴെ വീണു. ഓടിയെത്തിയ ബിക്കു മുൻപോട്ട് നോക്കി കുരക്കുന്നത് കണ്ട് നോക്കിയ ആ പയ്യൻ ഞെട്ടിപ്പോയി. മുൻപിൽ ഫണം വിടർത്തി നിക്കുന്ന പാമ്പ്. കുരച്ചും ബഹളം വെച്ചും ബിക്കു പാമ്പിനെ ഓടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അല്പസമയം തലയുയർത്തി നിന്നശേഷം പാമ്പ് അടുത്ത പറമ്പിലേക്ക് ഇഴഞ്ഞു നീങ്ങി. ഒന്നനങ്ങുവാൻ പോലുമാകാതെ വഴിയിൽ തറഞ്ഞുനിന്ന ആ പയ്യൻ നന്ദിയോടെ ബിക്കുവിനെ നോക്കി. അപ്പോൾ മിന്നു സന്തോഷത്തോടെ ഓടി അവന്റെ അടുത്തേക്ക്ച്ചെന്നു.