''ജോസേട്ടാ.. അച്ഛന് ചെറിയ ക്ഷീണമുണ്ട്. ജോസേട്ടൻ പെട്ടന്ന് ഒന്നു വരാമോ ? ഒരു ടാക്സി കൂട്ടി ഇന്നുതന്നെ പുറപ്പെടുമോ?" അനന്തൻ്റെ ഫോൺ വന്നതേ ഞാൻ യൂബർ ടാക്സി വിളിച്ചെങ്കിലും മോൻ സമ്മതിച്ചില്ല.
"പപ്പ തനിയെ പോകേണ്ട,ഞാൻ പപ്പയെ കൊണ്ടുപോയി വിടാം." അപ്പു പറഞ്ഞു.
"വേണ്ട മോനേ, തിരിച്ച് നീ തനിയെ വരേണ്ടേ ?"
"അതൊന്നും സാരമില്ല പപ്പാ, നാളെ രാവിലെ പോയാൽ മതിയോ ?അതോ, ഈ രാത്രിയിൽ തന്നെ പോണോ ?" അപ്പു ചോദിച്ചു .
എന്റെ നിർബന്ധം കൊണ്ട് ഞങ്ങൾ രാത്രി തന്നെ പുറപ്പെട്ടു. വെളുപ്പിന് ഏഴു മണിയാവുമ്പോൾ സ്ഥലത്തെത്താം. സാമാന്യം നല്ല സ്പീഡിൽ ആണ് അപ്പു ഡ്രൈവ് ചെയ്തിരുന്നത്.
"അപ്പു ഇത്ര സ്പീഡ് വേണ്ട." ഞാൻ ഇടയ്ക്കിടെ അവനെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.
"ഇതൊന്നും ഒരു സ്പീഡ് അല്ല പപ്പാ "
"വേണ്ട മോനെ. നമുക്ക് മെല്ലെ പോയാൽ മതി."
"ഈ പപ്പയുടെ ഒരു പേടി.", അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ദുബായിൽ നിന്നും അനന്തന്റെ കോൾ വന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. കാരണം, ഒരിക്കൽപോലും അയാൾ എന്നെ നേരിട്ട് വിളിച്ചിട്ടുണ്ടായിരുന്നില്ല. അയാൾ അച്ഛനെ വിളിക്കുമ്പോൾ, ഞാൻ ഫോൺ എടുക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
എന്നോട് സംസാരിക്കാറുള്ളത് ആദിലക്ഷ്മി ആയിരുന്നു. എല്ലാ ദിവസവും അവൾ വിളിച്ച് അച്ഛൻ്റെ കാര്യങ്ങൾ അന്വേഷിക്കുകയും, വേണ്ട നിർദ്ദേശങ്ങൾ തരികയും ചെയ്യുമായിരുന്നു.
അച്ഛൻ്റെ അടുത്തു നിന്ന് ഞാൻ പോന്നിട്ട് ഒരു മാസമായെങ്കിലും, ആദി ആഴ്ചയിൽ മൂന്നാലു തവണയെങ്കിലും വിളിച്ച് എൻ്റെ ക്ഷേമം അന്വേഷിക്കു മായിരുന്നു.
പക്ഷേ, അനന്തൻ വിളിക്കുന്നത് ആദ്യമായിട്ടാണ്. കമ്പിനിയുടെ എം ഡി ആയതു കൊണ്ട് ആയിരിക്കും അയാൾ എന്നും തിരക്കിലാണ്. അച്ഛനെ വിളിച്ചാൽ പോലും സെക്കൻഡുകൾ മാത്രം സംസാരം. കൂടിപ്പോയാൽ ഒന്നോ രണ്ടോ മിനിറ്റ്.
അച്ഛൻ്റെ മക്കളിൽ മൂത്തവൻ അനന്തൻ. ഇളയത് ആദിലക്ഷ്മി. അച്ഛൻ എന്നു പറയുമ്പോൾ ഞാൻ എൻ്റെ ചാച്ചനെപ്പോലെ തന്നെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്.
'ആദിത്യമംഗലത്തെ ശങ്കരനാരായൺ.' പ്രതാപവും പ്രൗഡിയുമുള്ള കാരണവർ. അഞ്ചു വർഷം മുൻപ് ഭാര്യയുടെ മരണത്തോടെ ഏകനായി തീർന്ന അദ്ദേഹത്തിൻ്റെ കാര്യങ്ങൾ നോക്കാനായി, പത്രത്തിൽ കണ്ട ഒരു പരസ്യത്തിലൂടെയാണ് ഞാൻ അച്ഛൻ്റെ വീട്ടിൽ എത്തിയത്.
'മധ്യവയസു ' കഴിഞ്ഞവർക്ക് മുൻഗണന എന്നു കണ്ടപ്പോൾ കൗതുകം തോന്നി എങ്കിലും, പെൺമക്കൾ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞതിൻ്റെ കുറച്ച് കടങ്ങൾ ഉള്ളതു കൊണ്ടുമാണ് ഞാൻ ഈ ജോലിക്കു ശ്രമിച്ചത്.അന്ന് അപ്പു മോൻ്റെ പഠനവും തീർന്നിട്ടില്ലായിരുന്നു.
അനന്തനും ഭാര്യയും മക്കളും ദുബായിലാണ് താമസം. ആദിലക്ഷ്മിയും ഭർത്താവും മക്കളുമൊത്ത് ഇറ്റലിയിലാണ് . വർഷത്തിൽ ഒരു പ്രാവശ്യം അവർ എല്ലാവരും അവധിക്ക് നാട്ടിൽ വരും. കഴിഞ്ഞ ഓണത്തിന് എല്ലാവരും വന്നിരുന്നു. അച്ഛൻ്റെ മക്കൾ വന്നാൽ പിന്നെ എനിക്ക് വീട്ടിൽ പോകാം.
ഇപ്രാവശ്യത്തെ ഓണത്തിന് കൊറോണയും ലോക്ക് ഡൗണും കാരണം അവർക്കു വരുവാൻ സാധിച്ചില്ല.
അഞ്ചു വർഷമായി ഞാൻ അച്ഛൻ്റെ കൂടെ കൂടിയിട്ട്. സ്വന്തം മകനെപ്പോലെ അച്ഛൻ്റെ എല്ലാക്കാര്യങ്ങളും ഞാൻനോക്കി നടത്തിയിരുന്നു.അച്ഛനുള്ള ഭക്ഷണം പാകം ചെയ്യലും,വീടും പരിസരവും വൃത്തിയാക്കുകയും
ഭക്ഷണവും, മരുന്നും കൊടുക്കുകയും, മാത്രമല്ല സദാ സമയവും അച്ഛനോടൊപ്പം ഒരു സന്തത സഹചാരിയായിരുന്നു. അദ്ദേഹത്തിൻ്റെ സന്തോഷത്തിനായ് ഞങ്ങൾ മുറ്റത്ത് നിറയെ വർണ്ണപ്പകിട്ടുള്ള പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
വൈകുന്നേരങ്ങളിൽ അച്ഛനോടൊപ്പം മുറ്റത്തൂടെ നടന്ന്, ചക്കരമാവിൻ ചുവട്ടിലൂടെ തൊടിയിലാകെ ഒന്നു വലം വച്ചു വരുമ്പോൾ അദ്ദേഹത്തിൻ്റെ മുഖത്ത് ഒരു പൂക്കാലം വിരുന്നു വന്ന സന്തോഷം. ഞങ്ങൾ നട്ട ചാമ്പയ്ക്ക മരവും പേരയുമൊക്കെ നിറയെ കായ്ച്ചു നിൽക്കുന്നതു കാണുമ്പോൾ ഞാനെൻ്റെ കുട്ടിക്കാലത്തു ചാച്ചനോടൊപ്പം നടക്കുന്നതു പോലെയാണ് എനിക്കു തോന്നുക.
കുഞ്ഞുനാൾ മുതലേ പ്രായമുള്ളവരോട് എനിക്ക് വലിയ ഇഷ്ടമാണ്. ഞാനെവിടെയെങ്കിലും പോയാൽ അവിടെ പ്രായമുള്ള അപ്പൂപ്പന്മാരും അമ്മച്ചിമാരുമൊക്കെയുണ്ടെങ്കിൽ ഏറ്റവും കൂടുതൽ സംസാരിക്കുക അവരോടാണ്.
പ്രായമുള്ളവരോട് സംസാരിക്കുമ്പോൾ അവർ എപ്പോഴും നമ്മളെ കുറിച്ചാണ് ചോദിക്കുകയും പറയുകയും ചെയ്യുന്നത്. അവരെക്കുറിച്ച് അവർ അപൂർവമായി മാത്രമേ പറയാറുള്ളൂ. ചിലപ്പോൾ അവരുടെ ഓർമ്മകളിലെ നല്ല സംഭവങ്ങളാകും നമ്മളോട് പറയുന്നത്. അതാെക്കെ നമുക്ക് വലിയ ഊർജ്ജം പകരുന്നതു പോലെ തോന്നിയിട്ടുണ്ട്. ചുരുക്കം ചിലർ മാത്രമേ അവരുടെ കഷ്ടതകളെക്കുറിച്ചോ പ്രാരാബ്ധങ്ങളെക്കുറിച്ചോ സംസാരിക്കാറുള്ളൂ.
മക്കൾ കൂടെ ഇല്ലെന്ന തോന്നൽ അച്ഛനുണ്ടാകാതെയാണ് ഞാൻ അച്ഛനെ നോക്കിയിരുന്നത്. അക്കാര്യം ഇടയ്ക്കിടെ അച്ഛൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ആറേഴു മാസമായി വീട്ടിൽ പോകാൻ സാധിച്ചില്ല.
'മോളുടെ കുഞ്ഞിൻ്റെ മാമ്മോദിസയാണ്.ലീവ് വേണം.' എന്ന് പറഞ്ഞപ്പോൾ
'അതിനെന്താ പൊയ്ക്കോ, പോയി ഒരു മാസം വീട്ടിൽ മക്കളോടും കൊച്ചുമക്കൾക്കുമൊപ്പം കഴിഞ്ഞിട്ട് വന്നാൽ മതി.' എന്ന് പറഞ്ഞു വിട്ടത് അച്ഛനാണ്.
പകരം ഞാൻ തന്നെ 'വിശ്വസ്തനായ ഒരാളെ അച്ഛനെ നോക്കാൻ പറഞ്ഞു ഏൽപ്പിച്ചിട്ട് പോകാം .'
എന്ന് പറഞ്ഞപ്പോൾ അച്ഛൻ്റെമക്കൾ പറഞ്ഞു .
'ജോസേട്ടൻ പൊയ്ക്കോ. അതൊക്കെ ഞങ്ങൾ ഏർപ്പാടാക്കി ക്കൊള്ളാം, 'എന്ന് .
അനന്തൻ തന്നെയാണ് രാമമൂർത്തി എന്നയാളെ ഏർപ്പാട് ചെയ്തത്.
വീട്ടിൽ നിന്നും ഞാൻ പലപ്പോഴും അച്ഛനെ വിളിച്ച് അന്വേഷിച്ചപ്പോൾ ആദ്യ ഒരാഴ്ച വല്യ പ്രശ്നമില്ല, എന്നാണ് പറഞ്ഞത് എങ്കിലും, പിന്നീട് അച്ഛൻ ചോദിച്ചു തുടങ്ങി 'ജോസ് എന്ന് വരും.' എന്ന് .കഴിഞ്ഞദിവസം ആദി
വിളിച്ചപ്പോഴും പറഞ്ഞു .
''ജോസേട്ടാ എത്രയും പെട്ടെന്ന് വരണേ, അച്ഛന് ജോസേട്ടൻ കൂടെയുള്ളതാണ് ഇഷ്ടമെന്ന്."
" പപ്പാ സ്ഥലമെത്തി." അപ്പുവിൻ്റെ വിളി കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്.
നേരം വെളുത്തു വരുന്നതേയുള്ളൂ. ഞാൻ കാറിൽ നിന്നും ഇറങ്ങി ഗേറ്റു തുറക്കുമ്പോഴേ കണ്ടു, മുറ്റം നിറയെ വീണു കിടക്കുന്ന ഇലകൾ. മുറ്റമടിച്ചിട്ട് ആഴ്ചകളായി എന്ന് തോന്നുന്നു.
ആപ്പു കാർ മുറ്റത്തേയ്ക്ക് കയറ്റിനിർത്തി. ഞാൻ കോളിംഗ് ബെല്ലടിച്ചു. കുറെ നേരം കാത്തു നിന്നിട്ടും ആരും വരുന്ന ലക്ഷണമില്ല. വീണ്ടും ഞാൻ ബെല്ലടിച്ചു .
ഏകദേശം അഞ്ച് മിനിറ്റിനുശേഷം വാതിൽ തുറന്നു.അച്ഛനാണ് ! ഒരു മാസം കൊണ്ട് ക്ഷീണിച്ച് കോലം കെട്ടു പോയതുപോലെ.
"ജോസൂട്ടീ താൻ വന്നോ ?"
അച്ഛൻ്റെ ആഹ്ളാദ സ്വരം.
വേപഥു വോടെ നടന്നടുത്തെത്തിയ അച്ഛൻ പതിവില്ലാതെ എന്നെ ആലിംഗനം ചെയ്തു .
"എന്താ അച്ഛനു പറ്റിയത്? ക്ഷീണിച്ചു പോയല്ലോ ?"
"ക്ഷീണിച്ചതല്ലേയുള്ളൂ .ജീവൻ ബാക്കിയുണ്ടല്ലോ !" അച്ഛൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.
"എവിടെ അച്ഛൻ്റെ സഹായി?" ഞാൻ ചോദിച്ചു .
"അയാൾ ഏറ്റു വരണമെങ്കിൽ എട്ടു മണിയാകും."
"എട്ടുമണിയോ, അച്ഛന് ആറു മണിക്ക് കട്ടൻകാപ്പി വേണ്ടതല്ലേ ? "
"അതൊക്കെ പണ്ട് ..,ജോസൂട്ടീ നീ ഉണ്ടായിരുന്നപ്പോൾ .ഇന്ന് അയാൾ എന്നെ മര്യാദ പഠിപ്പിച്ചുകൊണ്ടിരിക്കയാണ്."
"ഓഹോ, എവിടെയാണയാൾ ?" ഞാൻ അകത്തേക്ക് കയറി.കൂടെ അപ്പുവും.
ഞാൻ അകത്തു പോയി അച്ഛന് കട്ടൻ കാപ്പി ഉണ്ടാക്കിക്കൊണ്ടു കൊടുത്തു.
"ഇതുപോലൊരു കാപ്പി കുടിച്ചിട്ട് നാളെത്രയായി. "
അച്ഛൻ ആശ്വാസത്തോടെ ചൂടു കാപ്പി ഊതി കുടിച്ചു. ഞങ്ങളുടെ ഉച്ചത്തിലുള്ള സംസാരം കേട്ടിട്ട് എന്ന് തോന്നുന്നു അയാൾ എണീറ്റ് വന്നു.രാമമൂർത്തി!
"നിങ്ങളാരാ ?" വന്നപാടെ അയാൾ ചോദിച്ചു .
മറുപടി പറഞ്ഞത് അച്ഛനാണ്.
"ഇതാണ് എൻ്റെ മോൻ ജോസുകുട്ടി "
"മകനോ? " അയാൾ ചോദിച്ചു.
"അതെ, മകൻ തന്നെ. ജൻമംകൊണ്ടല്ല. കർമ്മം കൊണ്ട്. " അച്ഛൻ മറുപടി പറഞ്ഞു.
അയാൾ എന്നെ ഒന്ന് ചുഴിഞ്ഞു നോക്കി. ഞാൻ അയാളെയും. ഇവനാണ് അച്ഛനെ ഇട്ട് കഷ്ടപ്പെടുത്തിയത്.
"രാമമൂർത്തീ , ജോസുകുട്ടി വന്നില്ലേ ,താൻ പെട്ടെന്ന് തന്നെ തൻ്റെ സാധനങ്ങളൊക്കെ എടുത്തു ഇറങ്ങിക്കോളൂ ."
അച്ഛൻ പറഞ്ഞു .
"അങ്ങനെ ഞാൻ പോകുന്നില്ല. ഒരു മാസം ആകാൻ ഇനി രണ്ട് ദിവസം കൂടി ഉണ്ട്. അത് കഴിഞ്ഞ് മാത്രമേ ഞാൻ പോകുന്നുള്ളൂ."
"അതിൻ്റ ആവശ്യമില്ല.തനിക്ക് തരാമെന്ന് പറഞ്ഞ ശമ്പളം മുഴുവൻ ഞാൻ തന്നോളാം." അച്ഛൻ പറഞ്ഞു.
"അതൊന്നും പറ്റില്ല. ഞാൻ ഇന്ന് പോകുന്നില്ല "രാമമൂർത്തി എതിരിടാനുള്ള ഭാവത്തിൽ നിന്നു.
"തന്നോട് പോകാൻ അച്ഛൻ പറഞ്ഞാൽ താൻ ഇന്ന് തന്നെ പോകണം." ഞാൻ അയാളോട് പറഞ്ഞു.
"ഇറങ്ങിയില്ലെങ്കിൽ താനെന്തു ചെയ്യും ?" അയാളെൻ്റെ നേരെ വെല്ലുവിളി നടത്തി.
"എന്ത് ചെയ്യുംഎന്ന് കാണിച്ചു തരണോ? തന്നെ ഞാൻ" അപ്പു ദേഷ്യത്തോടെ എണീറ്റ് അയാളുടെ നേരെ വിരൽ ചൂണ്ടി .
"അപ്പൂ, വേണ്ട നീ അവിടെ ഇരിക്ക്. ഇത് ഞാൻ കൈകാര്യം ചെയ്തോളാം ." ഞാൻ പറഞ്ഞു.
എന്തായാലും കുറെ നേരത്തെ തർക്കത്തിനു ശേഷം ഒരുതരത്തിൽ അയാളെ ശമ്പളം കൊടുത്തു ഇറക്കി വിട്ട ശേഷമാണ് അച്ഛൻ പറഞ്ഞത്. 'അയാൾ ഒരു ദുഷ്ടനായിരുന്നു' എന്ന്. സമയത്ത് ഭക്ഷണമോ മരുന്നോ നൽകാതെ അയാളച്ഛനെ ഏറെ കഷ്ടപ്പെടുത്തി. ഒരുവട്ടം അയാൾ അച്ഛന് നേരെ കത്തി ഉയർത്തിയ സംഭവം പോലും ഉണ്ടായിട്ടുണ്ട്.
"ഇപ്പോഴാണ് ജോസൂട്ടി, തൻ്റെ മഹാത്മ്യം ഞാൻ മനസ്സിലാക്കിയത് ."
അച്ഛൻ്റെ വാക്കുകൾ ഒരു കുളിർമഴയായി എന്നിൽ പെയ്തിറങ്ങി.