"നല്ല പെൺകുട്ടി, കാണാൻ തരക്കേടില്ല, വിദ്യാഭ്യാസം ഉണ്ട്, നല്ല സ്വഭാവം. നമ്മുടെ ഉണ്ണിക്ക് ചേരും."ബ്രോക്കർ നാണുവിന്റെ സംസാരം കേട്ടുകൊണ്ടാണ് ഉണ്ണി പുറത്തേക്ക് വന്നത്. പുതിയ കല്യാണാലോചനയാണ്,
അമ്മക്ക് പെൺകുട്ടിയുടെ ഗുണഗണങ്ങൾ പറഞ്ഞു കേൾപ്പിക്കുകയാണ് നാണു. നാണു പോയിക്കഴിഞ്ഞപ്പോൾ അമ്മ ഉണ്ണിക്കുള്ള പൊതിച്ചോറുമായി വന്നു. " മോനെ നീ ആ പെണ്ണിനെ പോയി കാണണം അമ്മാവനോട് ഞാൻ പറയാം ഞായറാഴ്ച പോണം കേട്ടോ "ഉണ്ണി മറുപടി ഒന്നും പറയാതെ അമ്മയോട് യാത്ര പറഞ്ഞിറങ്ങി.
ഓഫീസിൽ എത്തിയിട്ടും ഉണ്ണിയുടെ മനസ്സ് അസ്വസ്ഥമായിരുന്നു." എത്ര പെണ്ണുകാണലായി ഒന്നുകിൽ പെണ്ണിന് എന്നെ ഇഷ്ടപെടില്ല അല്ലെക്കിൽ പെണ്ണിന്റെ കരണവന്മാർക്ക് ഇഷ്ടപെടില്ല. വീട് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞും പോയിട്ടുണ്ട്. അതുപോലെ ഇവിടെയും പെണ്ണിന് പൊക്കമില്ല, മുടിയില്ല പെണ്ണിന്റെ വീട് കൊള്ളൂല, ആവശ്യത്തിന് സ്വർണവും പണവും ഇല്ല, ഓരോന്ന് കണ്ടു പിടിക്കാൻ ഓരോരുത്തരുണ്ട്, ഞാൻ വെറുതെ നോക്കുകുത്തിയായി നിന്നുകൊടുക്കണം ".
"ദിവാസ്വപ്നമാണോ " രാജേഷിന്റെ ചോദ്യം കേട്ടാണ് ഉണ്ണി ചിന്തയിൽ നിന്നുണർന്നത്. "എന്തുപറ്റിയെടോ രാവിലെ മൂഡ് ഓഫ് ആണല്ലോ "രാജേഷ് അടുത്തു വന്നിരിന്നു. " എന്തുപറയാനാടാ സൺഡേ ഒരു പെണ്ണ് കാണാൻ പോകണം ""ആണോ കൊള്ളാലോ ഇതിനാണോ ദുഖിച്ചിരിക്കുന്നത് " രാജേഷ് കളിയാക്കി. "നിനക്കറിയാലോ എല്ലാം എനിക്കിനിയും പോയി നാണം കെടാൻ വയ്യ. അമ്മയെ ഓർത്താ ഞാൻ " ഉണ്ണി മൗനമായി. "എടാ ഞാൻ ഒരു കാര്യം പറയാം ഇത് നിന്റെ ജീവിതമാണ് നീ വെറുതെ ആൾക്കാർക്ക് തട്ടികളിക്കാൻ നിന്നുകൊടുക്കരുത്.എല്ലാവരുടെയും അഭിപ്രായം കേൾക്കുന്നത് നല്ലതാണ് പക്ഷെ നിനക്ക് നിന്റേതായിട്ടുള്ള ഒരു കാഴ്ച്ചപ്പാട് വേണം. Ok ഡാ കുറച്ചു വർക്ക് ഉണ്ട്. ഈവെനിംഗ് കാണാം " രാജേഷ് തന്റെ കാബിനിലേക്ക് പോയി.
പെണ്ണ് കാണൽ ദിനം എത്തി. പതിവുപോലെ അമ്മാവന്മാരും ചെറിയച്ഛനും ഹാജരായി. പെണ്ണിന്റെ വീട് കണ്ടപ്പോഴേ ചെറിയച്ഛൻ പരാതി തുടങ്ങി. പെണ്ണിനെ കണ്ടു തരക്കേടില്ല എന്ന് ഉണ്ണിക്ക് തോന്നി. "ചെക്കനും പെണ്ണും സംസാരിക്കട്ടെ " അവിടെ ഉള്ള ആരോ പറഞ്ഞു രണ്ടുപേരും പുറത്തേക്കിറങ്ങി. ഉണ്ണി എന്തോ ചോദിക്കാൻ തുടങ്ങുംമുമ്പേ പെൺകുട്ടി പറഞ്ഞു " എനിക്ക് ഇപ്പോൾ കല്യാണം വേണ്ട. അത് ചേട്ടനെ ഇഷ്ടമല്ലാത്തത് കൊണ്ടല്ല കേട്ടോ. ഞങ്ങളെ ഒരുപാട് കഷ്ടപ്പെട്ടാ അച്ഛൻ വളർത്തിയത്. പഠിപ്പിക്കാൻ തന്നെ നല്ല ബുദ്ധിമുട്ടി. ഈ കല്യാണം നടന്നാൽ നിങ്ങൾ ചോദിച്ച സ്ത്രിധനം തരാൻ ഈ വീട് വില്കേണ്ടിവരും. ഞാൻ കാരണം എന്റെ വീട്ടുകാർ പെരുവഴിയിൽ ആക്കും എനിക്കത് സഹിക്കാൻ പറ്റില്ല " പറഞ്ഞു കഴിഞ്ഞപ്പോൾ ആ കൂട്ടി കരയുകയായിരുന്നു. ശരിക്കും ഉണ്ണിക്ക് സന്തോഷമാണ് തോന്നിയത്.വീട്ടുകാരെ എത്രയും സ്നേഹിക്കുന്ന ഒരു പെണ്ണിന് തന്നെയും അമ്മയെയും അതുപോലെ സ്നേഹിക്കാൻ കഴിയുമെന്ന് തോന്നി. " ഞാൻ ഒന്നും ചോദിച്ചിട്ടില്ല പിന്നെ അവരൊക്കെ എന്തുപറഞ്ഞു എന്നും എനിക്കറിയില്ല. എനിക്ക് ഒരു ജോലിയുണ്ട് കെട്ടിയ പെണ്ണിനെ എനിക്ക് നോക്കാൻ കഴിയും അതിന് താൻ വീട്ടിൽ നിന്നും ഒന്നും കൊണ്ടുവരണ്ട. തനിക്ക് എന്നെ ഇഷ്ടമാണോ എന്ന് മാത്രം അറിഞ്ഞാൽ മതി. വീട്ടിൽ എല്ലാരോടും ആലോചിച്ചിട്ട് അറിയിക്കു. " ഉണ്ണി പറഞ്ഞു.
ഇറങ്ങാൻ നേരം ഉണ്ണിയാണ് പെണ്ണിന്റ അച്ഛനോട് പറഞ്ഞത് "എനിക്ക് ഇഷ്ടപ്പെട്ടു ബാക്കി നിങ്ങൾ അറിയിച്ചാൽ മതി ".അമ്മാവന്മാർ പരസ്പരം നോക്കുന്നുണ്ടായിരുന്നു. വീട്ടിൽ എത്തി പഴയതുപോലെ ഓരോന്ന് പറഞ്ഞു. പെണ്ണ് ഒരു അഹംകാരി ആണെന്ന് തോന്നുന്നു, ഒന്നും കിട്ടാൻ തരമില്ല പാവപെട്ടവരാ എങ്ങനെ പലതും.വിശേഷങ്ങൾ പറഞ്ഞുകഴിഞ്ഞു കാരണവന്മാർ മടങ്ങി.
ഉണ്ണി നേരെ അമ്മയുടെ അടുത്ത് പോയി. അമ്മയുടെ കൈയിൽ പിടിച്ചു പറഞ്ഞു. " അമ്മേ അതൊരു നല്ലകുട്ടി ആണെന്ന് തോന്നുന്നു. അമ്മയ്ക്കും ഇഷ്ടമായാൽ ഞാൻ അവളെ കല്യാണം കഴിക്കാം. സ്ത്രിധനമായി അവർക്ക് ഒന്നും താരനുണ്ടാകില്ല പക്ഷെ അവൾ നമ്മുടെ വീടിനു ചേർന്ന മരുമകൾ ആയിരിക്കും എന്ന് എന്റെ മനസ്സ് പറയുന്നു. അമ്മ ഉണ്ണിയുടെ മുഖത്തുതന്നെ നോക്കുന്നുണ്ടായിരുന്നു. " നിനക്ക് ഇഷ്ടമായി എങ്കിൽ എനിക്ക് ഒരെതിർപ്പും ഇല്ല. അവരുടെ അഭിപ്രായം കൂടി കേട്ടിട്ട് ബാക്കി തീരുമാനിക്കാം എന്താ " അമ്മയുടെ വാക്കുകൾ കേട്ട് ഉണ്ണി സമ്മതം മൂളി.
പെൺകുട്ടിയുടെ വീട്ടിൽ നിന്നും അവർക്കും കല്യാണത്തിന് താൽപ്പര്യം ആണ് എന്നറിഞ്ഞപ്പോൾ ഉണ്ണിക്കും അമ്മയ്ക്കും സന്തോഷമായി. പക്ഷെ ഇനി എല്ലാവരെയും സമ്മതിപ്പിക്കണമല്ലോ.ഉണ്ണി അതിനുള്ള തിരക്കിലാണ്. എല്ലാവരുടെയും സമ്മതത്തോടെയും ആശീർവാദത്തോടെയും ഒരു പുതിയ ജീവിതം തുടങ്ങാൻ...