mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കുഞ്ഞുവാവയുടെ അടുത്ത് അവന്‍ ചെന്നിരുന്നു. വാവയുടെ കൈക്കുള്ളില്‍ അവന്‍ വിരല്‍ വച്ച് കൊടുത്തു, അവന്‍റെ അനുജത്തി കൈവിരലില്‍ മുറുക്കിപ്പിടിടിച്ച് സ്നേഹം പ്രകടിപ്പിച്ചു. അവള്‍ ചേട്ടനെ നോക്കി പല്ലില്ലാത്ത മോണകാണിച്ച് നിഷ്കളങ്കമായ് ചിരിച്ചു.  

"അച്ഛാ, വാവയെ നമുക്ക് കൊണ്ടുപോകാന്‍ പറ്റുമോ",  ജ്യോതിഷ് ആവേശം തുളുമ്പുന്ന ശബ്ദത്തില്‍ ചോദിച്ചു.

ഉത്തരം പറഞ്ഞത് അമ്മയായിരുന്നു. 'അവള്‍ ചെറുതല്ലേ , നീ പോയിട്ട്  വന്ന് അവിടുത്തെ  വിശേഷങ്ങള്‍ പറഞ്ഞാല്‍ മതി’.

പിന്നെയും അവന് സംശയം “അമ്മ വരുന്നില്ലേ?” .

ഇല്ല, മോന്‍ പോയിട്ടു വാ, വാവ വലുതായിട്ട് എല്ലാവര്‍ക്കും കൂടി ഒരു ദിവസം പോകാം അമ്മ അവന്‍റെ മുടിയിലൂടെ വാത്സല്യത്തോടെ  തഴുകിക്കൊണ്ട് പറഞ്ഞു.

കുഞ്ഞുവാവയും, അമ്മയും വന്നെങ്കില്‍ രസമുണ്ടായിരുന്നു, അവന്‍ ചിന്തിച്ചു .എവിടെക്കാണ് താനും അച്ഛനും പോകുന്നതെന്ന് അവന് നിശ്ചയമില്ലായിരുന്നു. അച്ഛന്‍ പറഞ്ഞത് പുതിയ സ്ഥലം ആണെന്നാണ് . അവന്‍ ബീച്ചിലും , സിനിമയ്ക്കും , സര്‍ക്കസ്സിനും പോയിട്ടുണ്ട് . പിന്നെ ഏതായിരിക്കും ഈ  പുതിയ സ്ഥലം അവന്‍ ഊഹിച്ചെടുക്കാന്‍ ശ്രമിച്ചു . പക്ഷെ ഒരെത്തും പിടിയും കിട്ടിയില്ല .

നീ വേഷം മാറിയില്ലേ അച്ഛന്‍ കുളി കഴിഞ്ഞ് തല തോര്‍ത്തിക്കൊണ്ട് ഇറങ്ങി വരുമ്പോള്‍ ചോദിച്ചു .

അവന്‍ അമ്മയെ നോക്കി പ്രതീക്ഷയോടെ ചോദിച്ചു , ‘അമ്മെ ഇന്നു ഞാന്‍ പുതിയ ഡ്രസ്സ്‌ ഇട്ടോട്ടെ’ . . അമ്മ ബദ്ധപ്പെട്ടു എണീറ്റ് , പഴയ ഇരുമ്പ് അലമാര തുറന്ന് നീല നിറത്തിലുള്ള ജീന്‍സും , മഞ്ഞ ഷര്‍ട്ടും എടുത്തു കൊടുത്തു . കഴിഞ്ഞ പിറന്നാളിന് ജ്യോതിഷിന്  അച്ഛന്‍ മേടിച്ചു കൊടുത്തതാണ്  .

ജയന്‍ തന്‍റെ നിറം മങ്ങിയ പാന്‍റും , പഴക്കം കൊണ്ട് കോളറിന്‍റെ അകവശം  പിന്നിത്തുടങ്ങിയ പച്ച പൂക്കളുള്ള ഷര്‍ട്ടും എടുത്തിട്ടു .അയാള്‍ തന്‍റെ മെല്ലിച്ചു പഴകിയ പേഴ്സ് തുറന്നു നോക്കി , ആയിരത്തിന്‍റെ ഒരു നോട്ടും , പിന്നെ പത്തുകളുടെ കുറച്ചു നോട്ടും , ബാക്കി ചില്ലറകളും .

വല്ലാതെ മെലിഞ്ഞ ഒരു രൂപം ആയിരുന്നു ജയന്‍റെത് . ആ നഗരത്തില്‍ വന്നടിയുന്ന ആയിരക്കണക്കിന് കെട്ടിടനിര്‍മ്മാണ തൊഴിലാളികളെപ്പോലെ  പോലെ അയാളും ഈ നഗരത്തില്‍ എത്തിപ്പെട്ടത് അകലെ നിന്നുള്ള ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നായിരുന്നു . മുഴു പട്ടിണിയിലൂടെ കടന്നു വന്ന ഒരു ബാല്യം ആയിരുന്നു അയാളുടേത് . അടിക്കടി തലപൊക്കുന്ന വലിവിന്‍റെ അസുഖം അയാളെ വല്ലാതെ വലച്ചിരുന്നു . ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലായി ആയിരുന്നു അയാള്‍ . കമ്പനി ഇന്നലെ അനുവദിച്ച  ക്രിസ്തുമസ്സ് ബോണസ്സ് ആയിരുന്നു പേഴ്സില്‍ കണ്ട ആയിരം രൂപ . മുഴുക്കുടിയനായ തന്‍റെ അച്ഛന്‍ പ്രദാനം ചെയ്ത കയിപ്പുള്ള ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ ഉള്ളതുകൊണ്ട്  കൂടെ പണിയെടുക്കുന്നവരെപ്പോലെ താന്‍  അധ്വാനിച്ചുണ്ടാക്കുന്ന പണം അയാള്‍ മദ്യപിച്ച് കളഞ്ഞില്ല .   

ജ്യോതിഷ് അമ്മയ്ക്കും , കുഞ്ഞു പെങ്ങള്‍ക്കും ഉമ്മ കൊടുത്ത് , അച്ഛന്‍റെ കൈപിടിച്ച് ആവേശത്തോടെ വീട്ടില്‍ നിന്നിറങ്ങി . ആ നഗരത്തിലെ അനേകം ചേരികളില്‍ ഒന്നില്‍ ആയിരുന്നു , ആയിത്തി അഞ്ഞൂറ്  രൂപ വാടകയുള്ള അവന്‍റെ ഒറ്റമുറി  വീട് . ആ ചേരി സ്ഥിതിചെയ്തിരുന്നത് നഗരത്തിന്‍റെ മാറിലൂടെ ഒഴുകിപ്പോകുന്ന ദുര്‍ഗന്ധം വമിക്കുന്ന ഒരു നദിയുടെ കരയില്‍ ആയിരുന്നു . ആ നഗരത്തിലെ നിരവധി ഫാക്ടറികള്‍ , ഹോട്ടലുകള്‍ , അറവുശാലകള്‍  ഹോസ്പിറ്റലുകള്‍ , ഫ്ലാറ്റുകള്‍ എന്നിവയുടെ മാലിന്യങ്ങള്‍  നദിയിലേക്ക് തള്ളപ്പെട്ടിരുന്നു . ഒരിക്കല്‍ ശുദ്ധജലം ഒഴുകിയിരുന്ന ആ നദി മരിച്ചിട്ട് വര്‍ഷങ്ങളായി . അതിന്‍റെ ജഡമാണ് ഇപ്പോള്‍ ഒഴുകുന്നത്‌ . അതിന്‍റെ പ്രതാപകാലത്ത് , മനുഷ്യരെയും , ചരക്കുകളെയും  കൊണ്ട് പോകുന്ന ബോട്ടുകളും, തോണികളും , അതിലൂടെ പോയിരുന്നു . ആ ഗതകാലത്തിന്‍റെ സ്മാരകശിലകള്‍ പോലെ നദിയുടെ  വശങ്ങളില്‍, തോണികളും , ബോട്ടുകളും അടുക്കാനുള്ള കടവുകള്‍ പോട്ടിപോളിഞ്ഞ് , മുള്‍കാടുകളാല്‍ മൂടപ്പെട്ട് കിടക്കുന്നു  . ആ നഗരത്തിന്‍റെ വികാസത്തിനോപ്പം ആ നദി മാലിനമായ്ക്കൊണ്ടിരുന്നു . ഇപ്പോള്‍ അത് കറുത്ത് കൊഴുത്ത വിഷ ദ്രാവകം ഒഴുകുന്ന , ദുര്‍ഗന്ധം വമിക്കന്ന , എല്ലാവരും വെറുക്കപ്പെട്ട ശപിക്കപ്പെട്ട ഒരു  മാത്രമായ് തീര്‍ന്നിരുന്നു  . അതിന്‍റെ കരകള്‍ ചെളികൊണ്ട് നിറഞ്ഞിരിക്കുന്നു .  ആ നദി ഇന്ന് പന്നികളുടെയും , എരുമകളുടെയും കേളി നിലമാണ്‌ . നേരം ഇരുണ്ടാല്‍ എണ്ണിയാല്‍ ഒടുങ്ങാത്ത കൊതുകളുടെ രാവണ സൈന്യം ഇരമ്പിക്കൊണ്ട് നദിയില്‍ നിന്ന്  നഗരത്തിലേക്ക് പറക്കും .  അവയ്ക്കെല്ലാം ഒപ്പം  , അതിലും  മോശമായ അവസ്ഥയില്‍ കുറെ മനുഷ്യജന്മങ്ങള്‍ നദിയുടെ കരയില്‍ ജീവിക്കുന്നു .  

ചേരിയില്‍ താമസിക്കാന്‍ ജയന് തീരെ താല്പര്യം ഇല്ല . തന്‍റെ മക്കളും ,ഭാര്യയും ചേരിയുടെ അന്തരീക്ഷത്തില്‍ നിന്ന് രക്ഷിക്കാന്‍ അയാള്‍ ഏറെ യത്നിച്ചു . ആയിരത്തി അഞ്ഞൂറ്  രൂപ  വാടക തന്നെ കൊടുക്കാന്‍ തന്നെ അയാള്‍ കഷ്ടപ്പെട്ടു . ചേരിക്ക് പുറത്ത് രണ്ടായിരം  രൂപ കൊടുത്താലേ ഒരു മുറികിട്ടൂ , അതുകൂടാതെ അഡ്വാന്‍സായി ഒരു വലിയ തുകയും  കൊടുക്കണം . എന്നാല്‍ സൌകര്യം ഇതിലും കുറവായിരിക്കും . ഭാര്യയുടെ പ്രസവചിലവുകള്‍  കഴിഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ പരിങ്ങളിലായി . കടം മേടിച്ചായിരുന്നു ഹോസ്പ്പിറ്റ്ലിലെ ബല്ല് അടച്ചത് . എന്നെങ്കിലും അവിടെ നിന്ന് പുറത്തേക്ക് മാറി  രണ്ടു മുറികള്‍ ഉള്ള ഒരു വീട് വാടകയ്ക്കെടുക്കണം , മക്കളെ നല്ല സ്കൂളില്‍ വിടണം ,ഒരു ബൈക്ക് മേടിക്കണം.  ഇതെല്ലാം ജയന്‍റെ  മനസ്സിലെ ചെറിയ ചെറിയ ആഗ്രഹങ്ങളും , സ്വപ്നങ്ങളും ആയിരുന്നു .

ജ്യോതിഷ് അച്ഛന്‍റെ കയ്യില്‍ തൂങ്ങി ആവേശത്തോടെ ചാടി തുള്ളി ബസ്സ്സ്റ്റോ പ്പിലേക്ക് നടന്നു . ബസ്സ്റ്റൊപ്പിലെ ഏറെ നേരത്തെ  കാത്തിരിപ്പിന് ശേഷമാണ് ബസ്സ് വന്നത് . അവന്‍ ജനലയ്ക്കടുത്തുള്ള സീറ്റില്‍ ഇരുന്നു.

ജയന്‍ ബസ്സിന്‍റെ ജനാലയിലൂടെ  പുറത്തേക്ക് നോക്കിയിരുന്നു .  ഇന്ന് ജോലി രാത്രിയാണ് . തിരിച്ചു വന്ന് സ്വസ്ഥമായ് കിടന്നുറങ്ങണം . രാത്രി മുഴുവന്‍ വലിയ ലൈറ്റുകളുടെ വെളിച്ചത്തില്‍ , ചൂടില്‍,  വിയര്‍ത്തു കുളിച്ച് പണിയെടുക്കണം . ഇപ്പോള്‍ ഒരു ഫ്ലൈഓവര്‍ ഉണ്ടാക്കുന്ന ജോലിയാണ് . പഴയത് പോലെ പണിയെടുക്കാന്‍ വയ്യ , കൈകാലുകള്‍ക്ക് ബലം തോന്നുനില്ല , വല്ലാത്ത തളര്‍ച്ച , എപ്പോഴും വിശ്രമിക്കണം എന്ന് തോന്നുന്നു .

എല്ലാ ദിവസവും , ചേരിക്കപ്പുറത്തുള്ള റോഡില്‍ പിക്ക് അപ്പ്‌ വാന്‍ വന്നു നില്‍ക്കും , അതില്‍ക്കയറി പോകണം , ചേരിയില്‍ നിന്ന് തന്നെ പത്തോളം പേരുണ്ട് . പണിസ്ഥലത്തെക്ക് പോകുന്ന റോഡിന്‍റെ ഒരുവശത്തായ്  ഒരു ഗംഭീരമായ കെട്ടിടമുണ്ട് . അതിന്‍റെ ഗയിറ്റ് കടന്ന് വലിയ വലിയ കാറുകള്‍ അകത്തേക്ക് പോകുന്നത് അയാള്‍ കാണാറുണ്ട് . ആ കെട്ടിടത്തിലേക്ക് പോകുന്നവര്‍ എല്ലാവരും തന്നെ ധനവാന്മാരാന് , അവരുടെ വസ്ത്രങ്ങള്‍ വിലപിടിച്ചതാണ്‌ . എന്തിനാണ് ആളുകള്‍ അവിടേക്ക് തിക്കിത്തിരക്കി പോകുന്നതെന്ന് അയാള്‍ക്ക്‌ ഊഹിക്കാന്‍ കഴിഞ്ഞില്ല . അങ്ങിനെ ആകാംഷ അടക്കാന്‍ കഴിയാതെ ഒരുദിവസം തന്‍റെ  സുഹൃത്തിനോട് ചോദിച്ചു .

“കാശുണ്ടെങ്കില്‍ അവിടെ പോകാം , കൈനിറയെ സാധങ്ങള്‍ വാങ്ങാം , വയറുനിറയെ കഴിക്കാം . നമ്മളെ പോലെ ഉള്ളവര്‍ക്ക് അതിന്‍റെ പടി കയറാന്‍ പറ്റില്ല . കാശുകാരുടെ ഇടമാണ് . നമുക്ക് അവിടെ പോയി പുറമേ നിന്ന് എല്ലാം  കണ്ട് തിരിച്ചു  വരാം . ഒരു പാട് കടകളും , ഹോട്ടലുകളും , തിയേറ്ററുകളും അവിടെയുണ്ട് ,  അയാളുടെ സുഹൃത്ത് പറഞ്ഞു .

അത്രയ്ക്കും നല്ല സ്ഥലം ആണെങ്കില്‍ , ഒരിക്കലെങ്കിലും  അവിടെ ഭാര്യയെയും , മകനെയും കൊണ്ട് പോകണം അയാള്‍ മനസ്സില്‍ ഉറപ്പിച്ചു . എന്നാല്‍ ഭാര്യയുടെ പ്രസവവും , തുടര്‍ന്നുള്ള ചിലവുകളും , അയാളുടെ മനസ്സിലുള്ള ആഗ്രഹം മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കി . പക്ഷെ ബോനസ്സായ്  പെട്ടെന്ന് കിട്ടിയ  ആയിരം രൂപ മനസ്സിലെ ആ ആഗ്രഹത്തിന് ജീവന്‍ വെപ്പിച്ചു  .

ബസ്സ്‌ എക്സ്പ്രസ്സ്‌ മാളിന് മുന്‍പില്‍ നിറുത്തി . അവര്‍ ബസ്സില്‍ നിന്ന് പുറത്തേക്കിറങ്ങി . അച്ഛന്‍റെ കൈ പിടിച്ച് അവന്‍ വിസ്മയത്തോടെ നടന്നു . ഒരു സ്വപ്നലോകത്തിലെ അല്ഭുതകാഴ്ചപോലെ  പോലെ അവരുടെ മുന്‍പില്‍  മാള്‍ ഉയര്‍ന്നു പടര്‍ന്നു കിടന്നു . പക്ഷെ ജയന്‍റെ മനസ്സില്‍ പൊടുന്നനെ ഒരു ഭയം കടന്നു കൂടി , എങ്ങിനെ ഈ കെട്ടിടത്തിനുള്ളിലേക്ക്  കടക്കണം , അവിടെ അകത്ത് കയറാന്‍ കാശ് കൊടുക്കണമോ , അങ്ങിനെ പല ചിന്തകളും , സംശയങ്ങളും മനസ്സില്‍ അലതല്ലി  . അയാള്‍ നടപ്പിന്‍റെ വേഗത കുറച്ചു .

അവര്‍ക്ക് മുന്‍പില്‍ കാശുകാരുടെ എക്സ്പ്രസ്സ്‌ മാള്‍ ഒരു മഹാസമസ്യ പോലെ നിലകൊണ്ടു . ചില ഗയിറ്റിലൂടെ വിലപിടിപ്പുള്ള കാറുകള്‍ അകത്തേക്ക് പോയി ,വേറെ ഗയിറ്റിലൂടെ പുറത്തേക്ക് പോക്കൊണ്ടിരുന്നു , മറ്റൊന്നിലൂടെ ആളുകള്‍ നടന്ന് അകത്തേക്ക് കയറുന്നുണ്ടായിരുന്നു . എല്ലാവരും വിലപിടിപ്പുള്ള വസ്ത്രങ്ങളും , ഷൂസും , ആഭരണങ്ങളും ആയിരുന്നു ധരിച്ചിരുന്നത് . പൊടുന്നനെ തന്‍റെ നിറം മങ്ങിയ ഷര്‍ട്ടും , കാലിലെ റബര്‍ ചെരുപ്പും അയാളില്‍ അപകര്‍ഷതാബോധം ഉണ്ടാക്കി . പകച്ചു പകച്ച്‌ അയാള്‍ മകന്‍റെ കൈപിടിച്ച് ഗയിറ്റ്‌ കടന്നു .

ആദ്യമായ് നഗരത്തിന്‍റെ ആഡംബരം നിറഞ്ഞ കാഴ്ചകള്‍ കണ്ട് ജ്യോതിഷ് ഒന്നു  പകച്ചു  . ‘അകത്ത് കയറ്റിയില്ലെങ്കിലോ’ ,  അവന്‍റെ കൊച്ചുമനസ്സില്‍ ന്യായമായ സംശയം ഉണര്‍ന്നു . അതിനുള്ള ഉത്തരം അവന്‍ കണ്ടെത്തി , അച്ഛന്‍റെ കൂടെയല്ലേ , ധൈര്യമായ്അകത്തു കയറാം . അവന്‍ അച്ഛന്‍റെ കയ്യില്‍ ഒന്നുകൂടെ മുറുക്കിപ്പിടിച്ചു .

മാളിന്‍റെ  അകത്തേക്ക് കയറാനുള്ള വഴിയില്‍ കറുത്ത യൂണിഫോമും , തൊപ്പിയും വച്ച് ഗൌരവക്കാരനായ സെക്യൂരിറ്റി നിന്നു . ജയന്‍ പെട്ടെന്ന് നടപ്പ് നിറുത്തി , ചുറ്റുപാടും കണ്ണോടിച്ചു   . ആരും തന്നെ ടിക്കറ്റൊന്നും എടുക്കുന്നില്ല . എന്നാല്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ആണ് ഏറ്റവും മോശം , ആ കാരണം കൊണ്ട് അകത്തേക്ക് കയറ്റി വിടാതിരിക്കുമോ അയാള്‍ സംശയിച്ചു. ജ്യോതിഷ് അച്ഛന്‍റെ മുഖത്തേക്ക് സംശയഭാവത്തില്‍ നോക്കി , എന്തിനാണ് അച്ഛന്‍ നിന്നത്  .

അങ്ങിനെ നില്‍ക്കുമ്പോള്‍ അവിടേക്ക് ഒരു കൂട്ടം കോളേജ് കുട്ടികള്‍ വന്നു , അയാള്‍ മറ്റൊന്നും ചിന്തിച്ചില്ല അവര്‍ക്കൊപ്പം നടന്നു . അവര്‍ മാളിനകത്തെക്ക് കയറി , ആരും ഒന്നും അവരോട് ചോദിച്ചില്ല . പിടിച്ചു വച്ച ശ്വാസം അപ്പോഴാണ് ജയന്‍ പുറത്തേക്ക് വിട്ടത് . മനസ്സിന്  വല്ലാത്ത ആശ്വാസം , എന്തോ വലിയ ഒരു കടമ്പ കടന്നതുപോലെ അയാള്‍ക്ക് അനുഭവപ്പെട്ടു  .

അവര്‍ക്ക് ചുറ്റും മറ്റൊരു മായാലോകം ഇതള്‍ വിടര്‍ത്തി നിന്നു . എവിടെയും ലൈറ്റുകള്‍ , നിറയെ പലതരം വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ , പലതരത്തിലുള്ള പരസ്യങ്ങള്‍ , നിറയെ ആളുകള്‍  . എവിടെ നോക്കണം എന്നറിയാതെ ജ്യോതിഷ് വാപൊളിച്ചു നിന്നു . കാല്‍ തെന്നി വീഴുമോ എന്നു തോന്നും വിധം മിനുസ്സമുള്ള തറ , സുഖമുള്ള തണുപ്പ് . ജ്യോതിഷ് ഒരിക്കലും കാണാത്ത ഒരു ലോകം ആയിരുന്നു അവന്‍റെ മുന്‍പില്‍ വെളിവായത് .

അവര്‍ ചുറ്റും നോക്കി , ആ മാളില്‍ പല നിലകള്‍ ഉണ്ടായിരുന്നു അവിടെയെല്ലാം പലതരം കടകള്‍ . ജയന്‍ മുകളിലേക്ക് പോകാനുള്ള വഴി പരത്തി , പടികള്‍ ഒന്നും കാണുന്നില്ല.  

‘എവിടെയാ പോകേണ്ടത്’ പൊടുന്നനെയുള്ള ചോദ്യം കേട്ട് അവര്‍ തിരിഞ്ഞു നോക്കി .  കറുത്ത പാന്‍റ്സ്സും , ഷര്‍ട്ടും ഇട്ട് വലിയ മീശവച്ച് പോലീസ്സ്കാരനെപ്പോലെ ഒരാള്‍ നില്‍ക്കുന്നു  .  ജ്യോതിഷ് പതുക്കെ അച്ഛനോട് ചേര്‍ന്നു നിന്നു . വലിയ മീശവച്ച എല്ലാവരും അവന് പോലീസ്സുകാരാണ് . ജയന്‍ എന്ത് പറയണം എന്നറിയാതെ നാക്ക്‌ വിഴുങ്ങി പോയ അവസ്ഥയില്‍  നിന്നു ,പിന്നെ മനസ്സിലേക്ക് പെട്ടെന്ന്  വന്നത് പറഞ്ഞു ‘സിനിമയ്ക്ക് വന്നതാണ്’

‘ടിക്കറ്റ്’ അയാള്‍ കൈ നീട്ടി ,

‘ടിക്കറ്റില്ല’ ജയന്‍ ഇടറിയ ശബ്ദത്തില്‍ പറഞ്ഞു ,

ആ മനുഷ്യന്‍ രൂഷമായി ഒന്നു നോക്കി , നാലാം നിലയിലാണ് സിനിമാ തിയേറ്റര്‍ , ആ വഴി പോകാം അയാള്‍ എസ്കലേറ്റര്‍ ചൂണ്ടി കാണിച്ചു പറഞ്ഞു.

അവര്‍ നടന്ന് എസ്കലേറ്ററിനടുത്തെത്തി . ജ്യോതിഷ് മുകളിലേക്ക് തനിയെ കയറിപ്പോകുന്ന പടികളെയും , അതില്‍ നിന്ന് പോകുന്ന മനുഷ്യരെയും ആശ്ചര്യത്തോടെ നോക്കി . ഇതുപോലൊന്ന് അവന്‍ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലായിരുന്നു .മനസ്സില്‍ ഉയര്‍ന്നു പൊങ്ങുന്ന അങ്കലാപ്പില്‍ ജയന്‍  മകനോട്‌ ചോദിച്ചു  ‘നിനക്ക് ഇതില്‍ കയറാന്‍ പേടിയുണ്ടോ’ ,.

“കൊറച്ച് പേടിയുണ്ട്” അവന്‍ നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടെ പറഞ്ഞു . ജയന്‍ ഒരിക്കല്‍ മാത്രം അതുപോലോന്നില്‍ കയറിയിട്ടുണ്ട് , റെയില്‍വേ സ്റ്റേഷനില്‍ ആയിരുന്നു അത് .

ഒന്ന് രണ്ടു പേര്‍ കയറുന്നത് അവര്‍ നോക്കി നിന്നു . പക്ഷെ മുകളിലക്ക് ഓടിപ്പോകുന്ന പടിയില്‍ കാല്‍  വയ്ക്കാന്‍ ഒരു ഭയം,  അയാള്‍ പകച്ചു നിന്നു  .പിറകില്‍ നിന്നവര്‍ തിരക്ക് കൂട്ടി അവരേ തള്ളി നീക്കി  കയറി പൊയ്ക്കൊണ്ടിരുന്നു .

‘നിങ്ങള്‍ മാറി നിലക്ക്, ബാക്കിയുള്ളവര്‍ക്ക് തടസ്സം ഉണ്ടാക്കല്ലെ’  സെക്യൂരിറ്റി ജയനെ നോക്കി കനത്ത ശബ്ദത്തില്‍  പറഞ്ഞു . അവര്‍ എസ്കലെറ്ററിന്‍റെ അടുത്തു നിന്നും മാറി . ചിലര്‍ അവരെ അടിമുടി നോക്കി നടന്നു പോയി . അവരുടെ മുഖങ്ങളില്‍ തെളിഞ്ഞു നിന്ന ഭാവം  എന്തായിരുന്നു എന്ന് ജയന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല .

‘സ്റ്റെപ്പ് അവിടെയുണ്ട് അതില്‍ക്കയറി പോയാല്‍ മതി’ സെക്യൂരിറ്റി കര്‍ക്കശശബ്ദത്തില്‍  പറഞ്ഞു .

ആളുകളുടെ മുന്‍പില്‍  പെട്ടെന്ന് അപമാനിതന്‍ ആയപോലെ ജയന് അനുഭവപ്പെട്ടു . എന്തിനാണയാള്‍  എന്നോട് ദേഷ്യപ്പെട്ടത്‌. ഒരു നിമിഷത്തേക്ക് അയാളുടെ തല അറിയാതെ കുനിഞ്ഞു .

അവര്‍ സ്റ്റെപ്പിനടുത്തെക്ക് നടന്നു . ജ്യോതിഷ് തിരിഞ്ഞ് എസ്കലേറ്റര്‍ നോക്കി ,അവന് അതില്‍ കയറണം എന്നാഗ്രഹമുണ്ട്  . “നമുക്ക് ഇതിനു മുകളില്‍ ഉള്ളതില്‍ കയറാം” ജയന്‍ മകനെ ആശ്വസിപ്പിച്ചു .

ജ്യോതിഷ് പലതരം കടകള്‍ കണ്ടു . കടകളുടെ  ചില്ലുകള്‍ക്കപ്പുറം , പലതരം വസ്ത്രങ്ങള്‍ , കളിപ്പാട്ടങ്ങള്‍ , ചെരുപ്പുകള്‍ , വാച്ചുകള്‍  ഷൂസ്സുകള്‍ , വലിയ ടിവികള്‍,  പിന്നെ അവന്‍ കാണാത്ത , പേരറിയാത്ത  എന്തെല്ലാമോ സാധങ്ങള്‍ .

എല്ലാ കടകളുടെ ചില്ലില്‍ പിടിച്ചു നിന്ന് മുഖം അതില്‍ അമര്‍ത്തി  അവന്‍ അകത്തേക്ക് നോക്കി എല്ലാം കാണും . അവന് കടകളുടെ അകത്തേക്ക് പോകാന്‍ ആഗ്രഹം തോന്നി , പക്ഷെ അച്ഛനോട് ചോദിച്ചില്ല .

ഒടുവില്‍ അവര്‍ നടന്ന് വലിയ ഒരു കളിപ്പാട്ടകടയുടെ മുന്‍പില്‍ ആവരെത്തി . അകത്ത് നിറച്ചും കളിപ്പാട്ടങ്ങള്‍ . പലതരം കാറുകള്‍ , പല വലുപ്പത്തിലും , നിറത്തിലുമുള്ള പ്ലെയിനുകള്‍ , തീവണ്ടികള്‍ , ഇരുന്നോടിക്കുന്ന കാറുകള്‍ . ആഗ്രഹങ്ങള്‍ അടക്കിവച്ച അവന്‍റെ മനസ്സ് എല്ലാം മറന്ന്  തുള്ളിച്ചാടി , അവന്‍ അകത്തേക്ക് കയറുന്ന വാതിലിനടുത്ത് , ചില്ലില്‍ മുഖമമര്‍ത്തി അകത്തേക്ക് എല്ലാം നോക്കി കണ്ടു . കുട്ടികള്‍ അവിടെ നിന്ന് പലതും വാങ്ങി പുറത്തേക്ക് വന്നു കൊണ്ടിരുന്നു . അവന് അകത്തേക്ക് പോകണം എന്ന് കലശലായ ആഗ്രഹം മനസ്സില്‍ ഉടലെടുത്തു . ജയന്‍  ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടു കൊണ്ട് നിന്നു .

ജ്യോതിഷിന്‍റെ നില്‍പ്പ് കണ്ട് കടയിലെ സെക്യുരിറ്റി അവനെ കയ്യില്‍പ്പിടിച്  മാറ്റി നിറുത്തി . അവന്‍ അച്ഛനെ നോക്കി,  അച്ഛന്‍ അത് കണ്ടില്ല . അവന്‍ അച്ഛന്‍റെ അടുത്തേക്ക്‌ ചെന്നു , “എനിക്ക് ആ കടയില്‍ നിന്ന് എന്തെങ്കിലും മേടിച്ചു തരാമ്മോ” ചുണ്ടില്‍ വിരിഞ്ഞ നിഷ്കളങ്കമായ ഒരു ചെറുചിരിയോടെ  അവന്‍ ചോദിച്ചു .

‘അവിടെ ഉള്ളതെനെല്ലാം വലിയ വിലയാണ് ,  മേടിച്ച് കുറച്ചു സമയത്തിനുള്ളില്‍ അത് കേടാകും , നിനക്ക് ഞാന്‍ ബീച്ചില്‍ പോകുമ്പോള്‍ നല്ലത് മേടിച്ചു തരാം , ജയന്‍ അവനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു .

‘ബീച്ചില്‍ നല്ലതില്ല , എനിക്ക് ഇവിടെ നിന്നും മതി’ ജോതിഷ് വാശിപിടിച്ചു . അവന്‍റെ കണ്ണ്‍ നിറഞ്ഞു .

ജയന്‍ അവനെക്കൊണ്ട്‌ കളിപ്പട്ടത്തിന്‍റെ കടയിലേക്ക് കയറി . അവരെ സെക്യൂരിറ്റി അവജ്ഞയോടെ അടിമുടി നോക്കി . എന്നിട്ട് അവര്‍ കാണാതെ കടയിലെ ഒരു ജോലിക്കാരനെ കണ്ണുകൊണ്ടെന്നോ  കാണിച്ചു .

ജ്യോതിഷ്  ഭയം വെടിഞ്ഞ് ചുറ്റും ഓടി നടന്ന് എല്ലാം കണ്ടു . ചില കളിപ്പാട്ടങ്ങള്‍ എടുത്ത് വാത്സല്യത്തോടെ തലോടി തിരിച്ചു വച്ചു .കയ്യെത്താത്ത  ഉയരത്തില്‍  ഇരുന്ന കളിപ്പാട്ടങ്ങള്‍ അവന്‍ കൊതോയോടെ നോക്കികണ്ടു .  എന്നാല്‍ അവര്‍ പോകുന്നിടത്തെല്ലാം അവരറിയാതെ  കടയിലെ ഒരാള്‍ പിന്തുടരുന്നുണ്ടായിരുന്നു   . 

ജയന്‍ കളിപ്പാട്ടങ്ങളുടെ വില നോക്കി , വിലകണ്ട് കണ്ണു മഞ്ഞളിച്ചു . തന്‍റെ ഒരു മാസത്തെ ശമ്പളത്തിന്‍ രണ്ടിരട്ടിയോളം വിലവരുന്ന കളിപ്പാട്ടങ്ങള്‍ . ആരായിരിക്കും ഇതെല്ലം മേടിക്കുന്നത് , അയാള്‍ അതിശയിച്ചു .

കടയിലെ സെക്യൂരിറ്റി വാതിലില്‍ നിന്ന് അവരെ നോക്കുന്നുണ്ടായിരുന്നു . തിരച്ചിലിന്‍റെ ഒടുവില്‍ ജോതിഷ്  അവനോളം തന്നെ വലുപ്പമുള്ള  പ്ലേയില്‍ എടുത്തു കൊണ്ട് അച്ഛന്‍റെ അടുത്തു വന്നു .

എനിക്ക് ഇത് മതി അവന്‍ പറഞ്ഞു . അയാള്‍ അതിന്‍റെ വില നോക്കി മൂവായിരം രൂപ .

‘നിനക്ക് നല്ലത് ഞാന്‍ പിന്നെ മേടിച്ചു തരാം , എത്രയും കാശ് അച്ഛന്‍റെ കയ്യിലില്ല’ . നമുക്ക് വേറെ എന്തെകിലും വാങ്ങാം . ഉടയുന്ന മനസ്സോടെ ജ്യോതിഷ്  അത് തിരികെ വച്ചു .

ഒടുവില്‍ അവിടുത്തെ ഏറ്റവും വിലകുറഞ്ഞ ഒരു ചെറിയ കാറെടുത്ത് അവര്‍ പുറത്തിറങ്ങി .  മുന്നൂറ് രൂപ ആയിരുന്നു അതിന്‍റെ വില . ജോതിഷ് കളിപാട്ടത്തിന്‍റെ കവര്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ച് ആവേശത്തോടെ നടന്നു .

നമ്മള്‍ സിനിമയ്ക്ക് പോകുന്നുണ്ടോ ജ്യോതിഷ് അച്ഛനെ നോക്കി പ്രതീക്ഷയോടെ  ചോദിച്ചു . അയാള്‍ ചിന്തയില്‍ ആയിരുന്നു . ഇതിനകത്ത് കയറിയത് മുതല്‍ എന്തോ ഒരു വീര്‍പ്പുമുട്ടല്‍ അയാള്‍ അനുഭവിക്കുന്നു . എല്ലാരും തങ്ങളെ ശ്രദ്ധിക്കുന്നു . , പല കണ്ണുകളിലും അയാള്‍ കണ്ടത്  പല ഭാവങ്ങള്‍ ആയിരുന്നു  . അതില്‍ അവക്ഞയും , ദയയും , വെറുപ്പും പിന്നെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ചില നിഗൂഡമായ മനുഷ്യഭാവങ്ങളും . തങ്ങള്‍ക്ക് വിലക്കപ്പെട്ട എവിടെയോ എത്തിപ്പെട്ടതുപോലെ . എത്രയും വേഗം പുറത്തു കടന്ന് ശുദ്ധമായ വായു ശ്വസിക്കണം എന്ന ഒരു തോന്നല്‍ അയാള്‍ക്കുള്ളില്‍ ശക്തിപ്രാപിക്കാന്‍ തുടങ്ങിയിരുന്നു . .  

തന്‍റെ ചോദ്യം അച്ഛന്‍ കേട്ടില്ലെന്ന് മനസ്സിലാക്കി അവന്‍ പിന്നെയും ചോദ്യം ആവര്‍ത്തിച്ചു .

“ഇവിടെ സിനിമയ്ക്ക് പോകണമെങ്കില്‍ മുന്‍പ് തന്നെ ടിക്കറ്റെടുക്കണം , അടുത്ത പ്രാവശ്യം വരുമ്പോള്‍ നമുക്ക് കാണാം” . ഇതിനുമുന്‍പ് പോയ തിയേറ്ററുകളിലെല്ലാം അവിടെ ചെന്നാണല്ലോ ടിക്കറ്റ് എടുക്കുന്നത് , ഇവിടെയെന്താ ഇങ്ങനെ , അവന്‍റെ മനസ്സില്‍ സംശയം ഉണര്‍ന്നു , എന്നാല്‍ അച്ഛനോട് ചോദിക്കാന്‍ ധൈര്യം വന്നില്ല .

അവര്‍ പിന്നെയും എസ്ക്കലെട്ടറ്റലൂടെ മുകളിലക്ക് കയറി . എസ്കലെറ്ററില്‍ കയറാനുള്ള അവന്‍റെ ഭയം മാറി .

അവര്‍ ചെന്നു കയറിയ ഫ്ലോറില്‍ ഫുഡ്‌ കോര്‍ട്ട് ആയിരുന്നു . അവിടെ മുഴുവന്‍ പലതരം ആഹാരസാധനങ്ങളുടെ മണം നിറഞ്ഞു തിങ്ങി നിന്നു . ചുറ്റുപാടും പലതരം ആഹാരങ്ങള്‍ നിരത്തിവച്ച കടകള്‍ .ജ്യോതിഷ് അച്ഛനൊപ്പം ഓരോ കടയുടെ മുന്‍പില്‍ ചെന്ന് അവിടെ ചില്ലുകൂട്ടില്‍ നിരത്തി വച്ചിരുന്ന പല തരത്തിലും , നിറത്തിലുമുള്ള അഹാരസാധങ്ങള്‍ ആര്‍ത്തിയോടെ നോക്കി നിന്നു  .പലതരം ഇറച്ചികള്‍ , ചപ്പാത്തി ,പൊറോട്ട ,പിന്നെ അവന് അപരിചിതമായ  എന്തെല്ലാം ആഹാരസാധങ്ങള്‍  .അവന്‍റെ വായില്‍ വെള്ളം നിറഞ്ഞു , കണ്ണുകളില്‍ സന്തോഷത്തിന്‍റെ വെളിച്ചം നിറഞ്ഞു , വയറ്റില്‍ വിശപ്പിന്‍റെ തീനാളങ്ങള്‍ ഉണര്‍ന്നു .

 ആ കടകള്‍ക്ക് മുന്‍പില്‍ നിറയെ  മേശകളും  , കസേരകളും  നിരന്നു കിടന്നു .അതില്‍ നല്ല വസ്ത്രങ്ങള്‍, കണ്ണടകള്‍ , വാച്ചുകള്‍  ധരിച്ച മനുഷ്യര്‍ ഇരുന്നു  , അവര്‍ എന്തെല്ലാമോ  ഭക്ഷണസാധങ്ങള്‍  വര്‍ത്തമാനം പറഞ്ഞ് , ചിരിച്ച് കളിച്ച്  കഴിച്ചു കൊണ്ടിരുന്നു . എല്ലാവരും ഏറെ  സന്തോഷത്തില്‍ ആയിരുന്നു .പലരും പലതരം ഭക്ഷണ സാധങ്ങള്‍ പാത്രങ്ങളില്‍ മേടിച്ചു പൊയ്ക്കൊണ്ടിരുന്നു .അവന്‍ ആര്‍ത്തിയുടെ ഓരോ  പാത്രങ്ങളിലെക്കും നോക്കി . അവന്‍റെ വയറ്റില്‍ വിശപ്പ്‌ മുറവിളിക്കാന്‍ തുടങ്ങി .

ജയന്‍ ഓരോ കടകളും മാറി മാറി  നോക്കി .  അയാള്‍ തനിക്കറിയാവുന്ന ഭക്ഷണ സാധനങ്ങള്‍ക്കായി കടകളുടെ ചില്ലുഗ്ലാസ്സിന് പിറകില്‍ പരതി .  കടകളില്‍ ഇരിക്കുന്ന ഭക്ഷണ സാധങ്ങളോ , അവിടെ എഴുതി വച്ചിരിക്കുന്ന പെരുകളോ  അയാള്‍ക്ക് പരിചിതമാല്ലായിരുന്നു . എല്ലാ കടകളിലും ഇങ്ങ്ലീഷില്‍ ആയിരുന്നു എഴുതി വച്ചിരുന്നത് . ഇങ്ങ്ലീഷ് അക്ഷരങ്ങള്‍ അയാള്‍ക്ക്‌ മനസ്സിലാകും , എന്നാല്‍ അത് കൂട്ടി വായിക്കാന്‍ ബുദ്ധിമുട്ടാണ് . അയാള്‍ കടകളുടെ മുന്‍പില്‍ എഴുതി വച്ചിരിക്കുന ആഹാരസാധങ്ങളുടെ പേര് വായിച്ചെടുക്കാന്‍ ഏറെ ശ്രമിച്ചു പരാജയപ്പെട്ടു  . ഏറെ നേരത്തെ ശ്രമത്തിനു ശേഷം ഒരിടത്ത് അയാള്‍ , ദോശയും , ഇടിലിയും , തൈര് സാദവും കണ്ടു .

‘എനിക്ക് അത് മതി’ അവന്‍ ജയനെ ഒരു കടയുടെ മുന്‍പില്‍ കൊണ്ട് ചെന്ന് നിറുത്തി . അയാള്‍ കടയിലേക്ക് നോക്കി , താന്‍ കാണുകയോ , കേള്‍ക്കുകയോ ചെയ്യാത്ത എന്നാല്‍  ആകര്‍ഷകമായ ഒരുപാട് ആഹരസാധങ്ങള്‍ അവിടെ നിരത്തി വച്ചിരുന്നു . ജ്യോതിഷ് , ചില്ല് കൂടില്‍ ചാരിനിന്ന് കഴിക്കാനുള്ളത് തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു .

കടയില്‍ യുനിഫോറം ഇട്ടു നിന്നയാല്‍ ജയനെ ഒന്ന് നോക്കി , എന്നിട്ട് മേനുകാര്‍ഡ് തള്ളി വച്ചു കൊടുത്തു . അയാള്‍ അത് തിരിച്ചും മറിച്ചും നോക്കി .അതില്‍ എഴുതിയിരിക്കുന്ന സാധങ്ങളുടെ പേര് ജയന് വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവയുടെ വില കണ്ട് നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു .

പലരും അവിടെ വന്ന് , ഭക്ഷണസാധങ്ങള്‍ വാങ്ങിക്കൊണ്ട് പൊയ്ക്കൊണ്ടിരുന്നു .ജ്യോതിഷ് ഒടുവില്‍ തനിക്ക് കഴിക്കാനുള്ള സാധങ്ങള്‍  തിരഞ്ഞെടുത്തു . എനിക്ക് ഇതു മതി , നാല് തരത്തിലുള്ള സാധങ്ങള്‍ കാണിച്ച് അവന്‍ അച്ഛനോട് പറഞ്ഞു .

“എന്താണ് വേണ്ടതെന്ന് പെട്ടെന്ന് പറയൂ” കൌണ്ടറില്‍ നിന്നയാള്‍ അസ്വസ്ഥതയോടെ പറഞ്ഞു .

മകന്‍ മേടിക്കാന്‍ കണ്ടു വച്ചിരിക്കുന്ന സാധങ്ങള്‍ക്ക് എത്രയാണ് വില എന്ന് ജയന് ഊഹിക്കാന്‍ കഴിഞ്ഞില്ല . തന്‍റെ കയ്യില്‍ ഇനി എഴുന്നൂറ് രൂപയും , തിരിച്ചു പോകാനുള്ള പണവും മാത്രമാണ് ഉണ്ടായിരുന്നത് . ജയന്‍ ചില്ല് പെട്ടിക്ക് പിറകിലിരുന്ന ആഹാരസാധങ്ങള്‍ ചൂണ്ടി കാണിച്ചു . റിസെപ്ഷനില്‍ നിന്നയാള്‍ , മനസ്സില്ലാ മനസ്സോടെ ഓര്‍ഡര്‍ എടുത്ത് ബില്ല് കൊടുത്തു . ജയന്‍ ബില്ലില്‍ നോക്കി എഴുനൂറ്റിപത്തു രൂപ .മനസ്സില്‍ ഒരു വേദന നിറഞ്ഞു  , കണ്ണില്‍ ഒരു നിമിഷത്തേക്ക് ഇരുട്ട് കയറി . അയാള്‍ കീറിയ ,പഴയ പേഴ്സെടുത്ത് പണം എണ്ണിക്കൊടുത്തു .

“പത്തു മിനിറ്റ് കഴിയും , അങ്ങോട്‌ മാറി നിലക്ക് , മറ്റുള്ളവര്‍ക്കും വാങ്ങണ്ടേ” ,റിസപ്ഷനിലെ ആള്‍ അവരോട് കാര്‍ക്കശ്യത്തോടെ പറഞ്ഞു . അവര്‍ കുറച്ചു ദൂരെ മാറി നിന്നു . ജ്യോതിഷ് ചുറ്റുമുള്ളവര്‍ കഴിക്കുന്നത്‌ കൊതോയോടെ നോക്കി നിന്നു ,പിന്നെ ഇടയ്ക്കിടയ്ക്ക്  അവര്‍ ആഹാരം ഓര്‍ഡര്‍ ചെയ്ത  കടയിലേക്കും  നോക്കും .

അവര്‍ അങ്ങനെ നില്‍ക്കുമ്പോള്‍ ഒരാള്‍ അവിടേക്ക് വന്നു . അയാള്‍ ജയനെ നോക്കി ചിരിച്ചു എന്നിട്ട്  ചോദിച്ചു

“ ഞാന്‍ എന്തെങ്കിലും ഈ പയ്യന് മേടിച്ചു കൊടുക്കട്ടെ” . അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് എന്തുത്തരം പറയണം എന്നറിയാതെ ജയന്‍ കുഴങ്ങി .

പിന്നെ മനസ്സില്‍ പെട്ടെന്നു വന്ന ഉത്തരം പറഞ്ഞു “വേണ്ട” .

വെള്ളഷര്‍ട്ടിട്ട ആ മനുഷ്യന്‍ ഒന്നും മിണ്ടാതെ നടന്ന് ഒരു ടേബിളില്‍ ചെന്നിരുന്നു .അവിടെ ഒരു സ്ത്രീയും , പത്തോളം വയസ്സുള്ള ഒരു ആണ്‍ട്ടിയും ഉണ്ടായിരുന്നു . അവര്‍ അയാളെ നോക്കുന്നുണ്ടായിരുന്നു . ജയന്‍ പെട്ടെന്ന് മുഖം തിരിച്ചു .

ജ്യോതിഷ് അച്ഛനെ നോക്കി , എന്താണ് ആ മനുഷ്യന്‍ അച്ഛനോട് പറഞ്ഞതെന്ന് അവന് മനസ്സിലായില്ല . അച്ഛനെ വഴക്ക് പറഞ്ഞതായിരിക്കുമോ .

ജയന്‍ അയാളെ പിന്നീടവരെ നോക്കിയില്ല . മനസ്സില്‍ സമ്മിശ്രമായ  വികാരങ്ങളുടെ വേലിയേറ്റം നടക്കുന്നുണ്ടായിരുന്നു . എന്തിനാണ് അയാള്‍ അങ്ങിനെയൊരു വാഗ്ദാനം നല്‍കിയത് . തന്‍റെ മകന് ആഹാരം വാങ്ങിക്കൊടുക്കാന്‍ പോലുമുള്ള ത്രാണി തനിക്കിലെന്ന് അയാള്‍ക്ക്‌ തോന്നിയിരിക്കുമോ . അതോ ഒരു സഹജീവിയോട്‌ തോന്നുന്ന അനുകമ്പയും , സ്നേഹവുമാണോ അയാള്‍ പ്രകടിപ്പിച്ചത് . ആ മനുഷ്യനോട് തനിക്ക് തോന്നുന്ന വികാരം ദേഷ്യമാണോ , അതോ സ്നേഹമാണോ എന്ന് ജയന് അനുമാനിക്കാന്‍  കഴിഞ്ഞില്ല . ജയന്‍ ചിന്തകളില്‍ നഷ്ടപ്പെട്ട്  ദൂരെ എവിടെക്കോ നോക്കി നിന്നു. ലോകത്തിന്‍റെ മുന്‍പില്‍ താന്‍ ചെറുതക്കപ്പെട്ടു എന്ന ഒരു ചിന്ത മനസ്സില്‍ കനത്തു  .

ജ്യോതിഷ് അപരിചിതന്‍ ഇരുന്ന ടേബിളിലേക്ക് ഇടയ്ക്കിടക്ക്  നോക്കികൊണ്ടിരുന്നു. അവര്‍ അവനെ നോക്കി ചിരിച്ച് പരിചയഭാവം കാണിച്ചു. അവന്‍ ചെറുതായ് നാണത്തോടെ ചിരിച്ചു .

ജ്യോതിഷ് അച്ഛനെ തട്ടി വിളിച്ചു , ദേ കടയിലെ ആള് വിളിക്കുന്നു  .

ഒരു ട്രേനിറയെ സാധങ്ങള്‍ . ജ്യോതിഷിന്‍റെ കണ്ണുകള്‍ സന്തോഷം കൊണ്ട് വിടര്‍ന്നു . അവര്‍ ഏറെ അകലെ ഒരു മൂലയില്‍ എല്ലാവരില്‍ നിന്നും അകന്ന് ഒരു മേശയ്ക്ക് മുന്‍പില്‍ അവര്‍ ആഹാരവുമായ് ഇരുന്നു . എതെടുക്കണം എന്ന ചിന്താകുഴപ്പത്തില്‍ ആയിരുന്നു ജ്യോതിഷ് . ഒടുവില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയ ഒന്നെടുത്ത് കഴിച്ചു .  അവന്‍ കഴിക്കുന്നത്‌ ജയന്‍  വാത്സല്യത്തോടെ നോക്കിയിരുന്നു .  പിന്നെ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി ,  അവിടെയിരുന്നാല്‍  നഗരത്തിന്‍റെ ഒരു ഭാഗം മുഴുവനും കാണാം .

ജ്യോതിഷ് കഴിക്കുന്നത്‌ പതുക്കെയായി , പിന്നെ കഴിക്കുന്നത്‌  നിറുത്തിക്കൊണ്ട് പറഞ്ഞു “എനിക്ക് മതി”. അയാള്‍ പ്ലെയിറ്റിലേക്ക് നോക്കി , മേടിച്ചത് പകുതിയും ബാക്കി ഇരിക്കുന്നു .

“അച്ഛന് വേണ്ടേ” ജ്യോതിഷ് ചോദിച്ചു . അയാള്‍ ഒരു കഷണം ചിക്കന്‍ എടുത്തു കഴിച്ചു ,അയാള്‍ക്ക്‌ രുചി തോന്നിയില്ല . എഴുനൂറു രൂപ അയാള്‍ നെടുവീര്‍പ്പിട്ടു . ഭാര്യക്കും , കുട്ടിക്കും എന്തെങ്കിലും മേടിക്കണം എന്ന് കരുതിയാണ് വന്നത് .  ഇനി കഷ്ടിച്ച് തിരിച്ചു പോകാനുള്ള പണം മാത്രമാണ് പോക്കറ്റില്‍ ഉള്ളത് . കിട്ടിയ ബോണസ്സ് മുഴുവനും തീര്‍ന്നു .  വെറും കയ്യോടെ എങ്ങിനെയാണ് വീട്ടില്‍ ചെന്നു കയറുന്നത് , അയാളുടെ മനസ്സ് നീറി  .

അയാള്‍ ചുറ്റും നോക്കി , ഈ ആഹാരം കൊണ്ട് പോകാന്‍ എന്തെങ്കിലും വഴിയുണ്ടോ . പിന്നെ കൂടുതല്‍ ഒന്നും ചിന്തിക്കാതെ കയ്യിലിരുന്ന ആര്‍ച്ചീസ്സിന്‍റെ കവറില്‍ നിന്ന് കളിപ്പാട്ടം എടുത്ത് മകന്‍റെ കയ്യില്‍ കൊടുത്തു .  എന്നിട്ട് ബാക്കി വന്ന ഭക്ഷണം ആ പ്ലാസ്റ്റിക്ക് കവറിലെക്കിട്ട് മടക്കിപ്പിടിച്ചു . എന്നിട്ട് തന്‍റെ പ്രവര്‍ത്തി ആരെങ്കിലും കണ്ടോ എന്നു പോലും കൂട്ടാക്കാതെ മകനെകൂട്ടി നടന്നു.  

തിരക്കിനിടയിലൂടെ അവര്‍ നടന്നു . എത്രയും പെട്ടെന്ന് ഈ മാളില്‍ നിന്ന് പുറത്തു കടക്കണം , ശുദ്ധവായു ശ്വസിക്കണം , എത്രയും  വേഗം തന്‍റെ ഒറ്റമുറി വീട്ടില്‍ എത്തണം , അവിടെ കാത്തിരിക്കുന്ന വീട്ടില്‍ ഭാര്യയെയും  , കുട്ടിയെയും കാണണം .

തിരിച്ചുള്ള യാത്രയില്‍ ബസ്സില്‍ ഇരിക്കുമ്പോള്‍ ജ്യോതിഷ് മടിയില്‍ ഇരുന്ന കളിപാട്ടത്തില്‍ തലോടിക്കൊണ്ടിരുന്നു .  ജ്യോതിഷിന്‍റെ മനസ്സില്‍ സന്തോഷം നിറഞ്ഞിരുന്നു . വീട്ടില്‍ പോയി അമ്മയോട് താന്‍ കണ്ട വിസ്മയലോകത്തെ കഥകള്‍ പറയണം , അതു മാത്രമായിരുന്നു മനസ്സില്‍   

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ