mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

സമയം നട്ടുച്ച, കുറ്റാകൂരിരുട്ട്. പുൽക്കാടുകൾ വകഞ്ഞുമാറ്റി കാറ്റിന്റെ വേഗത്തിൽ പതുക്കെ രണ്ടു കാലുകൾ മുകളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. തൈലപ്പുല്ലുകളിൽ കോറി തൊലിയിൽ ചുവന്ന പാട് വീണു തുടങ്ങി എങ്കിലും അതൊന്നും വകവെക്കാതെ മുകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. അതേ സൂർത്തുക്കളെ അയാൾ മുകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. (എല്ലാം ഭാവനയിൽ കാണണം വായനക്കാരാ/രീ അല്ലെങ്കിൽ വായിക്കുന്നത് നഷ്ടമാണ്.)

കഥാനായകൻ ഇപ്പോൾ പുൽക്കാടുകൾക്കിടയിൽ തിരഞ്ഞു കൊണ്ടിരിക്കുകയാണ്. നട്ടുച്ച സമയമായിട്ടും അയാൾക്കൊന്നും കാണാൻ കഴിയുന്നില്ല., കുറ്റാകൂരിരുട്ടാണോ കാരണം , അറിയില്ല സൂർത്തുക്കളെ, അറിയില്ല . അയാൾക്ക് വേണ്ടപ്പെട്ട അമൂല്യമായ എന്തോ കളഞ്ഞ് പോയി എന്നു നിസ്സംശയം പറയാം. എന്താണത്? അയാൾക്ക് അതു കിട്ടിയിട്ട് എന്തു കാര്യം? നമുക്കതറിയില്ല. അയാൾ തിരഞ്ഞു കൊണ്ടേയിരിക്കുകയാണ്.
അങ്ങനെ അവസാനം സൂർത്തുക്കളെ..(നിങ്ങൾക്ക് മടുക്കുന്നുണ്ടോ എങ്കിൽ നിർത്തിപ്പോവുക, ബാക്കി വായിക്കാനുള്ള മനക്കരുത്ത് നിങ്ങൾക്കില്ല എന്നുറപ്പായി) പുൽക്കാടുകൾക്കിടയിൽ നിന്നും, പാറക്കൂട്ടങ്ങൾക്കു താഴെ നിന്നും അയാളത് കണ്ടെത്തി. മുഷിഞ്ഞു നരച്ചു തുള വീണ, തേരട്ടകൾ സ്ഥിരവാസമുറപ്പിച്ച, തലമുറകളുടെ മൂത്രം ഘനീഭവിച്ച സ്വന്തം പിതാമഹാന്മാരുടെ 'ട്രൗസർ' ആണത്. അതേ വായനക്കാരാ/രീ ട്രൗസർ തന്നെ. !!

എന്തത്ഭുതം അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരികയാണ്. പക്ഷെ ഇരുട്ടായത് കാരണം നമുക്കൊന്നും കാണാൻ പറ്റുന്നില്ല. അയാൾ കരയുകയാണോ? പല്ലുകൾ കാണാം. അപ്പൊ ചിരിക്കുകയായിരിക്കും, ചിലർ ചിരിക്കുമ്പോഴും പല്ലുകൾ കാണാറുണ്ടല്ലോ?
"തർക്കിക്കാതെ കഥയെഴുതേടാ പട്ടി."
അയാൾ കഥാകാരന് നേരെ ആക്രോശിച്ചു. "നായകന്റെ വ്യക്തിപരമായ കാര്യങ്ങളിൽ എനിക്ക് പങ്കില്ല. ഞാൻ വെറും എഴുത്തുകാരൻ മാത്രം."

നായകൻ ട്രൗസർ എടുത്തു മക്കളേ, എന്നിട്ടത് നെഞ്ചോടു ചേർത്തു പിടിച്ചു. തേരട്ടകൾ ഉരുണ്ടു വീണുപോയി. അകലെയെവിടേയോ ഒരു ചെന്നായ ഓരിയിട്ടു. (ഇവിടെ ചെന്നായ്ക്കളുണ്ടോ? കഥാകാരന് സംശയം. ചിലപ്പോൾ കുറുക്കന്മാർ ആയിരിക്കും. വലിയ സൂത്രശാലികൾ ആണത്രേ).. ക്ഷമിക്കണം വായനക്കാരാ/രീ കഥയിലേക്ക് തിരിച്ചു വരാം.

നായകൻ താഴോട്ട് ഓടുകയാണ്. തലമുറകളുടെ മൂത്രം ഘനീഭവിച്ച ട്രൗസർ അയാൾ നെഞ്ചോട് ചേർത്തു പിടിച്ചിട്ടുണ്ട്. താഴോട്ടുള്ള യാത്ര ദുർഘടം പിടിച്ചതായിരുന്നു. ആകാശം മുകളിലായിരുന്നു യഥാർത്ഥത്തിൽ, പക്ഷെ അയാൾ അത് പലപ്പോഴും താഴെയാണ് കണ്ടത്. മലർന്നടിച്ച വീണതായിരുന്നു കാരണം. ഏതോ മുൾച്ചെടിയിൽ അയാളുടെ മുണ്ടുടക്കി അത് അഴിഞ്ഞു പോയി. കഥാകാരന് അത് എടുത്തുകൊടുക്കണം എന്നുണ്ട്. പക്ഷെ നേരത്തെ പട്ടി എന്നു വിളിച്ചത് കാരണം കഥാകാരൻ മിണ്ടിയില്ല. അയാൾ തുണിയില്ലാതെ ഓടട്ടെ. ..

അങ്ങനെ ഉരുണ്ടും പിടഞ്ഞും അയാൾ എത്തിയത് എവിടെയാണ്? എവിടെയാണ് സൂർത്തുക്കളെ, നോക്കട്ടെ......
അതേ അയാൾ എത്തിയത് ഒരു കൊട്ടാരത്തിനു മുൻപിൽ ആണ്. അതേ സൂർത്തുക്കളെ കൊട്ടാരം. അത് കണ്ടാൽ അറിയാം നൂറോളം വർഷം പഴക്കം ഉള്ള കൊട്ടാരമാണത്. പലഭാഗങ്ങളും അടർന്നു വീണിരിക്കുന്നു. ഉള്ള കല്ലുകൾ കണ്ടാൽത്തന്നെ അറിയാം ഉള്ളു പൊള്ളയായ പൊളിക്കട്ടകൾ ആണ്. ദരിദ്രവാസി കഥാനായകൻ.

കൊട്ടാരം എന്നു പേര് മാത്രമേ ഉള്ളു ഒറ്റനോട്ടത്തിൽ നിങ്ങൾക്കും മനസ്സിലാവും വായനക്കാരാ/രീ. സൂക്ഷിച്ചു നോക്കു, അതിന്റെ മൂലക്കല്ല് ഇളകിക്കിടക്കുന്നു. ഉള്ളിൽ ഒന്നും ഇല്ല. കൊട്ടാരം എന്ന പേരു മാത്രം. എന്നാലും അതിന്റെ മുമ്പിൽ നമുക്ക് മെലിഞ്ഞൊട്ടിയ പ്രജകളെ കാണാം. അവർ വരി നിൽക്കുകയാണ്. ഒന്നും കൊടുക്കാൻ രാജാവിന്റെ കയ്യിൽ ഇല്ല. അയ്യോ രാജാവിനെ കണ്ടില്ല, അല്ലെ. അദ്ദേഹം ദ അവിടുണ്ട്. സിംഹാസനം ഇല്ല. പിന്നെ എന്തിലാണ് അദ്ദേഹം ഇരിക്കുന്നത്? നമുക്ക് നോക്കാം. (തിരക്ക് കൂട്ടല്ലേ നോക്കട്ടെ.)

ആ നമ്മുടെ കഥാനായകൻ കൊണ്ടുവന്ന ട്രൗസറിൽ ആണ് സൂർത്തുക്കളെ രാജാവ് ഇരിക്കുന്നത്. അതേ അയാൾ അതിൽ ഇരിക്കണം. പക്ഷെ രാജാവ് ആ ട്രൗസറിന് മുകളിൽ വിലകൂടിയ ലിനെൻ പരവതാനി (അതോ പുലിത്തോൽ ആണോ? മൃഗവേട്ട നിരോധിച്ചില്ലേ, എന്നാലും രാജാവിന് കിട്ടുമായിരിക്കും). അത് വിരിച്ച അതിനു മുകളിൽ ഉപവിഷ്ടനായി. നോക്കണേ വായനക്കാരാ/രീ രാജബുദ്ധി, അയാൾ കീഴ്‌വഴക്കം പാലിച്ചു, എന്നാലോ അയാളുടെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കുന്നു. വല്ലാത്ത അവസ്ഥ.

കഥാകാരന് ഇതു കണ്ടിട്ട് സഹിച്ചില്ല അയാൾ ചോദിച്ചു. 'ടാ പട്ടി രാജാവേ' എന്നു വിളിക്കാതെ "അല്ലയോ പ്രഭോ അങ്ങീ ചെയ്യുന്നത് അപരാധമല്ലേ?"
പിന്നൊന്നും നോക്കിയില്ല 'കടക്കു പുറത്ത്' ഒരൊറ്റ അലർച്ച ആയിരുന്നു. അതിൽ പിന്നെ കഥാകാരൻ ഇറങ്ങിപ്പോന്നു. ക്ഷമിക്കണം സൂർത്തുക്കളെ.. കഥ അവസാനിച്ചു. സന്തോഷം ആയല്ലേ.?

പക്ഷെ കൊട്ടാരവും രാജാക്കന്മാരും ട്രൗസറിന്റെ ബലത്തിൽ ഇപ്പോഴും ഉണ്ട്. സടങ്കടകൂടാരം തന്നെ ലോകം.

NB: ഏതെങ്കിലും പ്രത്യയ ശാസ്ത്രങ്ങളുമായോ പാർട്ടികളുമായോ നിങ്ങൾക്ക് സാമ്യം തോന്നിയെങ്കിൽ ബുദ്ധിയില്ലായ്മക്കുറവ് ഉണ്ട് എന്ന് മനസ്സിലാക്കുക.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ