മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

img title="oru swapnam ഒരു സ്വപ്നം" src="/images/2021-2" alt="oru swapnam ഒ" width="500" height="" /></p><p><img clas" src="/images/authors/" alt="" /></p><p di" />(Abbas Edamaruku)<" /> <p>ആശുപത്രിവാർഡിന്റെ ജനാലച്ചില്ലിനുള്ളിലൂടെ സൂര്യപ്രകാശം മുറിയ്ക്കുള്ളിലേയ്ക്ക് അരിച്ചെത്തുന്നുണ്ട്. അടുത്തുള്ള വാർഡിൽ നിന്ന് ആരൊക്കെയോ സംസാരിക്കുന്നത് നേരിയതോതിൽ കേൾക്കാം. രോഗികളുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണെന്നാണ് ശുശ്രൂഷയ്ക്ക് എത്താറുള്ള നേഴ്സ് പറഞ്ഞ് അറിഞ്ഞത്. ഈ മഹാരോഗം പടർന്നുപന്തലിയ്ക്കുന്ന സമയത്ത് തന്റെ വീടിന്റെ അവസ്ഥ എന്തായിരിക്കും... അവൻ മനസ്സിൽ ചിന്തിച്ചു. 

സൂര്യപ്രകാശത്തോടൊപ്പം മുറിയുടെ വാതിൽ തുറന്ന് ആരൊക്കെയോ അകത്തേയ്ക്ക് കടന്നുവരുന്നതിന്റെ കാലടിയൊച്ചയും, സംസാരവും... ഡോക്ടറന്മാരും, നേഴ്സ്മാരും പതിവ് സന്ദർശനത്തിന് വരുന്നതാണ്.

"ജയമോഹൻ, ഇപ്പോൾ എങ്ങനുണ്ട്... എല്ലാം സുഖമായില്ലേ? ഇന്ന് താങ്കളെ ഡിസ്ചാർജ് ചെയ്യുകയാണ്."

ഡോക്ടറുടെ ശബ്ദം.

ജയമോഹന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൻ അത്ഭുതത്തോടെ ഡോക്ടർന്മാരേയും, നേഴ്സുന്മാരേയും മാറിമാറി നോക്കി.

"എന്താ വിശ്വാസം വരുന്നില്ലേ? എഴുന്നേൽക്കൂ..."

കൈയിൽ പിടിച്ചുകൊണ്ട് ഡോക്ടർ പറഞ്ഞു.

അവൻ മെല്ലെ എഴുന്നേറ്റ് ബെഡ്‌ഡിൽ ഇരുന്നു.

"താങ്കളുടെ അസൂഖം പൂർണ്ണമായും ഭേദമായിരുന്നു. ഇന്നുതന്നെ വീട്ടിലേയ്ക്ക് മടങ്ങാം. എന്നാൽതന്നെയും ഉടനേയൊന്നും പുറത്തിറങ്ങി നടക്കരുത്. വീട്ടിൽതന്നെ ഏതാനുംനാളുകൾകൂടി ഇതുപോലെ കഴിയണം. രോഗത്തിന്റെ സീരിയസ്നെസ്  അറിയാമല്ലോ? ഞാൻ പറഞ്ഞത് ജയമോഹന് മനസ്സിലായോ?"

ഡോക്ടർ അവന്റെ തോളിൽ തട്ടി.

"മനസ്സിലായി ഡോക്ടർ. നന്ദി എന്റെ ജീവൻ രക്ഷിച്ചതിന്."

അവൻ ഡോക്ടറെ നോക്കി കൈ കൂപ്പി.

"എല്ലാം ഈശ്വരന്റെ അനുഗ്രഹം. പിന്നെ തന്റെ കുടുംബാങ്ങങ്ങളുടെ പ്രാർത്ഥനയും... അവരോടും സൂക്ഷിക്കാൻ പറയണം. ആരൊക്കെയുണ്ട് തന്റെ വീട്ടിൽ?"

"എനിയ്ക്ക് അങ്ങനെ ഒരുപാട് ബന്ധുക്കളൊന്നുമില്ല ഡോക്ടർ. ആകെയുള്ളത് ഭാര്യയും, ഒരു മോളും മാത്രമാണ്. അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നുപോലും എനിയ്ക്ക് അറിയില്ല."

അവന്റെ ശബ്ദം ദുർബലമായി.

"അങ്ങനെയാണോ? എങ്കിൽ ശരി... എല്ലാം പറഞ്ഞതുപോലെ."

ഡോക്ടറും സംഘവും മുറിവിട്ടിറങ്ങിപ്പോയി.

ജയമോഹൻ ആംബുലൻസിൽ തന്റെ വീടിരിക്കുന്ന മലയോരത്ത് എത്തിച്ചേരുമ്പോൾ... സമയം സായാഹ്നമായിരുന്നു. വീടിന്റെ കുറച്ചകലെയായി ആംബുലൻസ് നിറുത്തിയിട്ട് അവൻ മെല്ലെ ഇറങ്ങി. ഇനി ഏതാനുംദൂരം കയറ്റംകയറി നടക്കണം അവന്റെ വീട്ടിലേയ്ക്ക്.

മാസ്കും ധരിച്ചുകൊണ്ട് ആർക്കും മുഖം കൊടുക്കാതെ... അതിവേഗം തന്റെ വീട് ലക്ഷ്യമാക്കി കുന്നുകയറാൻ തുടങ്ങി അവൻ. എത്രയുംവേഗം വീട്ടിലെത്തണം. ഭാര്യയേയും, മോളേയും കാണാൻ കൊതിയാവുന്നു. അവരിപ്പോൾ എന്ത് ചെയ്യുകയാവും.? എന്ത് പറഞ്ഞാണ് താൻ അവരെ ആശ്വസിപ്പിക്കുക?

വീട്ടുകാരേയും, ബന്ധുക്കളേയും വെറുപ്പിച്ചുകൊണ്ട്... അവർ പറഞ്ഞുറപ്പിച്ച വിവാഹംപോലും വേണ്ടെന്നുവെച്ചുകൊണ്ട്... തന്നെ ജീവനുതുല്ല്യം സ്നേഹിക്കുന്നെന്ന് പറഞ്ഞ രാധികയുടെ കൈയും പിടിച്ച് ഈ മലയോരത്തിലെത്തി താമസമാരംഭിച്ചിട്ട് വർഷം രണ്ടാകുന്നു. ഇതിനിടയിൽ എന്തെല്ലാം ദുരന്തങ്ങൾ... ഒരിയ്‌ക്കൽപോലും സുഖമെന്തെന്ന് അറിഞ്ഞിട്ടില്ല. രണ്ട് പ്രളയം... അതിനെതുടർന്നുണ്ടായ ഉരുൾപൊട്ടൽ, കൊടുങ്കാറ്റ്‌, ഇപ്പോഴിതാ... മാരകമായ വൈറസിന്റെ ആഗമനവും.

തന്റെ വിയോഗവും, പട്ടിണിയും, കഷ്ടപ്പാടുകളുമെല്ലാം കൂടി... രാധികയേയും, മോളേയും വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടാവും. രോഗത്തിന്റെ ക്ഷീണം ഒന്ന് വിട്ടൊഴിഞ്ഞിട്ടുവേണം എത്ര കഷ്ട്ടപ്പെട്ടിട്ടായാലും നഷ്ട്ടപ്പെട്ടതൊക്കെയും വീണ്ടെടുക്കണം. ഇനിയുള്ള കാലമെങ്കിലും ഭാര്യയേയും, മോളേയും ദുഃഖമറിയിക്കാതെ നോക്കണം. മരണത്തെ മുന്നിൽകണ്ട് ആശുപത്രിയിൽ കിടന്നപ്പോഴാണ് ജീവിതത്തോട് വല്ലാത്ത ആർത്തി തോന്നിയത്. മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൻ ആവേശത്തോടെ ക്ഷീണം മറന്ന് മുന്നോട്ട് ചുവടുകൾ വെച്ചു.

എലക്കാടുകളും, കാപ്പിത്തോട്ടവുമെല്ലാം പിന്നിട്ടുകൊണ്ട് അതിവേഗം മുന്നോട്ട് നടക്കുമ്പോഴാണ് പിന്നിൽ നിന്ന് ആരോ അവനെ പേരുചൊല്ലി വിളിച്ചത്.

"അല്ലാ, നീ ആശുപത്രിയിൽ നിന്ന് വന്നോ? എപ്പോൾ ആണ് ആശുപത്രിയിൽ നിന്ന് ഇറങ്ങിയത്? നിന്റെ രോഗം പൂർണ്ണമായും മാറിയോ?"

തന്റെ രോഗത്തെ ഭയന്നുകൊണ്ട് തോർത്തുകൊണ്ട് മുഖം മൂടിക്കെട്ടി അകന്നുമാറിയാണ് ആള് നിൽക്കുന്നതെങ്കിലും... ശബ്ദം കേട്ടതും അവന് ആളെ മനസ്സിലായി.

അയൽവാസിയായ വറീതുചേട്ടൻ.

"അതെ ചേട്ടാ, എന്റെ രോഗം പൂർണമായും മാറി. ഇന്ന് ഉച്ചയ്ക്ക് ആശുപത്രിയിൽ നിന്ന് വിട്ടു. കൂട്ടികൊണ്ടുവരാൻ ആരും വരാത്തതുകൊണ്ട് ഞാൻ തനിയേ ഇവിടേയ്ക്ക് വന്നു."

അവൻ പുഞ്ചിരിയോടെ മറുപടി നൽകി.

"അങ്ങനാണോ? എന്തായാലും തനിയേ വന്നത് നന്നായി... അല്ലേലും ആരുണ്ട് ഈ സാഹചര്യത്തിൽ നിന്നെ കൂട്ടാൻ വരാൻ... ആകെയുണ്ടായിരുന്ന..."

ഒരുനിമിഷം നിറുത്തിയിട്ട് വറീതുചേട്ടൻ വീണ്ടും തുടർന്നു.

"പറയുമ്പോൾ നീ വിഷമിക്കരുത്. എല്ലാം വിധിയെന്ന് കരുതണം. രാധികയും, മോളും വീട്ടിൽ ഇല്ല. നമ്മുടെ ഏലത്തോട്ടം മുതലാളിയുടെ ഡ്രൈവർക്കൊപ്പം അവർ എവിടേയ്ക്കോ പോയി. എവിടേയ്ക്കാണ് പോയതെന്ന് ആർക്കും അറിയില്ല."

താൻ കേട്ടത് സത്യമോ, മിഥ്യയോ എന്നറിയാതെ... അത്ഭുതത്തോടെ കണ്ണുകൾ മിഴിച്ചു നിൽക്കവേ... വറീതുചേട്ടൻ ഇത്രയും കൂടി പറഞ്ഞു.

"അല്ലേലും ഒരു കൊച്ചുപെണ്ണും, പറക്കമുറ്റാത്ത കുട്ടിയും കൂടി എത്രനാളെന്നു വെച്ചാ പട്ടിണിയും സഹിച്ച് തനിച്ചു കഴിയുക? പോരാത്തതിന് ഈ സാഹചര്യവും... ഒന്ന് സഹായിക്കാൻപോലും ആരുമില്ല. രോഗം ബാധിച്ച് ആശുപത്രിയിൽ അടയ്ക്കപ്പെട്ട നീ ഇനി ജീവനോടെ തിരിച്ചുവരില്ലെന്ന് ഇവിടെ എല്ലാരും പറഞ്ഞു. അവളേം തെറ്റുപറയാനാവില്ല. സാഹചര്യങ്ങളാണല്ലോ മനുഷ്യരെക്കൊണ്ട് അരുതാത്തതൊക്കെ ചെയ്യിക്കുന്നത്. എന്തുതന്നെയായാലും ഈ പെണ്ണിന് വേണ്ടിയാണല്ലോ നീ എല്ലാം ഉപേക്ഷിച്ച് ഈ മലമൂട്ടിൽ വന്നുകിടന്ന് കഷ്ട്ടപ്പെട്ടത് എന്നോർക്കുമ്പോൾ..."

ശരീരത്തിൽ ആരോ തട്ടിവിളിച്ചപ്പോഴാണ് ജയമോഹൻ മയക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. സ്ഥിരമായി ശുശ്രൂഷിക്കാനെത്താറുള്ള നേഴ്സ് പെൺകുട്ടി പുഞ്ചിരിനിറഞ്ഞ മുഖവുമായി മുന്നിൽ.

"എന്താ ചേട്ടാ... പകൽസ്വപ്നവും കണ്ട് കിടക്കുകയാണോ? എഴുന്നേൽക്ക് മരുന്ന് കഴിക്കണ്ടേ? എന്തായിരുന്നു സ്വപ്നം... നാളെ ഡിസ്ചാർജ് ആവുകയല്ലേ... വീട്ടിൽപോകുന്നതിനെ കുറിച്ചായിരിക്കുമല്ലേ? കൂട്ടിക്കൊണ്ടുപോകാൻ ആരാണ് വരിക? ചേച്ചിയും മോളും ആയിരിക്കുമല്ലേ? "

അതേയെന്ന അർത്ഥത്തിൽ മൂളിക്കൊണ്ട് മുഖത്ത് വരുത്തിയ കൃത്രിമ ചിരിയോടെ മരുന്ന് വാങ്ങി കഴിയ്ക്കുമ്പോൾ... താൻ അൽപം മുൻപ് കണ്ട പേടിപ്പെടുത്തുന്ന സ്വപ്നത്തിന്റെ ഓർമ്മകളിലൂടെ അവന്റെ മനസ്സ് സഞ്ചരിക്കുകയായിരുന്നു. 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ