mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അലഞ്ഞു തളർന്നൊരു പാവം കാറ്റ് മഹാരാജാസിലെ ഇലച്ചില്ലകളിൽ ചാഞ്ഞു മയങ്ങി. ഉച്ചനേരത്തിന്റെ വിരസതയിൽ വെയിലിന്റെ ചൂട് അസ്വസ്ഥതയുടെ ചുള്ളികളും കരിയിലകളും മണ്ണിലേക്ക് ഉതിർത്തു

കൊണ്ടിരുന്നു. ജനലിന് വെളിയിൽ കാക്ക കരഞ്ഞത് മുറിക്കകത്തെ പലരെയും ഉറക്കത്തിൽ നിന്നുണർത്തി. കോളേജ് പഠനകാലത്ത് ക്ലാസിലിരുന്നു ശീലമില്ലാത്ത അയാൾ പാതി മയക്കത്തിലായിരുന്നു.

വലത് കൈവിരലിൽ നീലമഷി പുരട്ടിയ ആളുകൾ തുറന്ന വാതിലിലൂടെ നിരനിരയായി വന്ന് വോട്ട് ചെയ്ത് മടങ്ങി. വോട്ടിംഗ് യന്ത്രത്തിന്റെ നിരന്തരമായ beeeeeeeeep ശബ്ദം ചെവിയിൽ വന്നലച്ച് തലയിൽ മുഴങ്ങിയപ്പോൾ പതിവ് പോലെ അയാൾക്ക് ഡ്യൂട്ടിയിൽ നിന്നു० ഇറങ്ങിയോടാൻ തോന്നി. മാർക്ക്‌ഡ് കോപ്പിയിൽ ചുവന്ന രണ്ട് വരയും പെൺപേരിന് ഒരു ചുവന്ന വട്ടവും വരച്ചു വരച്ചു അയാൾക്ക് വട്ടായി. അയാൾ 407 സരളഎന്ന പേര് രണ്ട് തവണ ഉറക്കെ പറഞ്ഞപ്പോൾ പോളിംഗ് ഏജന്റുമാർ അർഥം വച്ചു ചിരിച്ചു. ആ ചിരി പെൺക്യുവിലേക്കും പടർന്നു. സരളമാത്രം അയാളുടെ മുഖത്തു നോക്കി വശ്യമായി ചിരിച്ചു. തന്റെ ചിരിയിൽ തിരിച്ച് അതു പോലെ ഒരു വശ്യത കലർന്നില്ല എന്ന് അയാൾ ഉറപ്പ് വരുത്തി.

എൺപത് വയസ്സായ വിൻസന്റ് മരിച്ച് 30 വയസ്സുള്ള മാർട്ടിനായി പുനർജനിച്ച് വോട്ട് ചെയ്യാനെത്തിയതിന്റെ പേരിൽ ഉണ്ടായ കശപിശ കേട്ട് അയാൾ നീണ്ടൊരു കോട്ടുവാ നിശ്വാസം മാസ്കിനു സമ്മാനിച്ച്, ആ നിശ്വാസത്തിന്റെ വായുവിൽ ഒരംശം വായിലേക്ക് തന്നെ നിക്ഷേപിക്കാൻ വിധിക്കപ്പെട്ട് വീണ്ടും ജാലകപ്പുറത്തേക്ക് നോട്ടമയച്ചു. മുറുക്കെ അടക്കാൻ കഴിയാത്ത പൈപ്പിന്റെ കുഴലിൽ നിന്നും ഇറ്റ് വീഴുന്ന വെള്ളത്തുള്ളികളിലേക്ക് ദാഹാർത്തരായ രണ്ട് കാക്കകൾ ഒരുമയോടെ കൊക്ക് ചേർക്കുകയാണ്. ബൂത്തിലെത്തിയ നീല ലെഗ്ഗിൻസുകാരിയുണ്ടാക്കിയ തിരയിളക്ക० അവരെ അലട്ടിയതേയില്ല. ബൂത്തിലപ്പോഴും സ്ഥാനാർത്തിക്കാരുടെ ദല്ലാളൻമാർ കടിപിടി നിർത്തിയിട്ടില്ല.

ഗ്രീൻ പ്രോട്ടോകോൾ പാലിക്കാനായി കൊണ്ടു വന്ന പച്ചക്കവറുള്ള പ്ലാസ്റ്റിക് കുപ്പിയിൽ നിന്നും രണ്ടിറക്ക് വെള്ളം കുടിക്കാനായി അയാൾ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള മാസ്ക് കഴുത്തിലേക്ക് താഴ്ത്തി. ക്വറന്റയിനിലുള്ള ഒരു പ്രവാസി വോട്ട് ചെയ്യാൻ വീട്ടിൽ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്ന് കേട്ട് തേർഡ് പോളിംഗ് ഓഫീസർ പി പി കിറ്റണിഞ്ഞ് പരലോകയാത്രികന്റെ കോലത്തിലായി. കോവിഡ്കാരൻ വരുന്നെന്നു കേട്ട കുറേ വോട്ടർമാർ ക്യുവിൽ നിന്നും ഇറങ്ങിയോടി. അവർ തങ്ങൾക്കാണ് വോട്ട് ചെയ്യുക എന്നതിന് യാതൊരു ഉറപ്പുമില്ലാത്ത ഏജന്റുമാർ എന്നിട്ടും അവരെ പിടിക്കാൻ എന്ന വ്യാജേന പിറകേ ഓടി. അവർക്ക് ബിപി യെക്കാൾ കൂടുതലായിരുന്നു സിപി. ഏഴു മണി വരെ കാത്തിട്ടും ആ തോന്ന്യാസി വന്നില്ല. പി പി കിറ്റിട്ട മൂന്നാമൻ പ്ലാസ്റ്റിക് മാരണത്തിനുള്ളിൽ വെന്ത് മസാലപ്പാകമായി.

E V M പവർ പാക്ക് OK ആണെന്ന് നിങ്ങൾ ഉറപ്പ് വരുത്തണം. ഇലെക്ഷൻ ക്ലാസ്സുകാരന്റെ ഓർമപ്പെടുത്തലിലേക്കാണ് അയാൾ സ്വപ്നമുണർന്നത്.ഏതോ സംഘടനക്കാരൻ ക്ലാസ്സുകാരനെ ചോദ്യം ചെയ്യാൻ എഴുന്നേറ്റു.

നിങ്ങൾ ഭരിക്കുന്ന മുന്നണിയുടെ പ്രചാരകനാവരുത്. അത് ഇലക്ഷൻ ചട്ടത്തിന് എതിരാണ്. ഷർട്ട്‌ ഇൻസൈഡ് ചെയ്ത് കുട്ടപ്പനായി വന്ന ക്ലാസ്സർക്ക് കാര്യം മനസ്സിലായില്ല.
മാഷ് വിശദീകരിച്ചു. E V M ഉറപ്പ് വരുത്തണം. URAPP????

ഹോ.. ഇതിലും എത്ര ഭേദം എന്റെ സ്വപ്നം. അയാൾ പിന്നെയും ചിറകാർന്ന് പറന്നു. മഹാരാജാസിലെ മഞ്ഞയുടുപ്പിട്ട് പടിഞ്ഞാറോട്ട് പറക്കുന്ന അന്തിവെയിലിന്റെ മാലാഖമാർക്കൊപ്പം.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ