മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

Pearke Chenam

പാതിമയക്കത്തില്‍ നിന്നും പാര്‍വ്വതി ഞെട്ടിയുണര്‍ന്ന് ചുറ്റിലും നോക്കി. എവിടെ നിന്നായിരുന്നു ആ വാക്കുകള്‍. ആ സ്വരം കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഹൃദയതാളവും അതിനനുസരിച്ച് ഉയര്‍ന്നുതാഴ്ന്ന്

നിന്നു. ഓപ്പറേഷന്‍ തിയ്യറ്ററിനുപുറത്ത് കാത്തിരിക്കുന്നവരുടെ ഇടയില്‍ നിന്നും എണീറ്റ് അസ്വസ്ഥതയോടെ ഉലാത്തി. രാത്രിയുടെ നിശ്ശബ്ദത അവിടെ നിറഞ്ഞു പരന്നിരുന്നു. ഐ സി യു വിന്റെ മുന്നിലെ സീറ്റുകളില്‍ കാവലിരിക്കുന്നവര്‍ തളര്‍ന്ന് ചുമരില്‍ തല ചായ്ച് ഉറങ്ങുന്നുണ്ടായിരുന്നു. ചിലര്‍ തറയില്‍ പത്രങ്ങള്‍ വിരിച്ച് കിടന്നുറങ്ങുന്നുണ്ടായിരുന്നു. ആ സ്വരം അപ്പോഴും കാതുകളില്‍ മുഴങ്ങികൊണ്ട് അവിടെ ഒഴുകി പരന്ന് നിറഞ്ഞു നിന്നിരുന്നു.
'അമ്മേ വിശക്കുന്നു.'

സ്‌ട്രെക്ചറില്‍, ചതഞ്ഞ ശരീരത്തെ കോരിയെടുത്ത് ഓപ്പറേഷന്‍ തിയ്യറ്ററിലേക്ക് തള്ളിക്കൊണ്ടുപോകുമ്പോള്‍ നിറമിഴികളോടെ വേച്ചുവേച്ച് കൂടെ നടന്നിരുന്ന തന്റെ മുഖത്തേക്ക് നോക്കി മകന്‍ അവസാനമായി ആവശ്യപ്പെട്ടത് അതായിരുന്നു. ആമാശയവും അരക്കെട്ടും തകര്‍ന്ന് അവശനായി കിടക്കുന്ന മകന്റെ ആവശ്യം കേട്ട് വാവിട്ടു കരയാനേ ആയുള്ളു. താലോലിച്ചു വളര്‍ത്തിയ ഏകമകന്റെ ആ ആവശ്യം നിവര്‍ത്തിച്ചുകൊടുക്കാന്‍ കഴിയാതെ ഉള്ളുരുകി കരഞ്ഞു. മനസ്സില്‍ കൊണ്ടുനടക്കുന്ന എല്ലാ ഈശ്വരന്മാരേയും വിളിച്ച് പ്രാര്‍ത്ഥിച്ചു.
'എന്റെ ദൈവങ്ങളെ, കൈവിടരുതേ... അവന് ആവശ്യാനുസരണം വിളമ്പികൊടുക്കാനുള്ള ഒരവസരമെങ്കിലും എനിക്കു തരണേ...'
തന്റെ എല്ലാമായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടിനുശേഷം കുടുംബം മുന്നോട്ടുനയിക്കാനാകാതെ തളര്‍ന്നു നിന്നപ്പോള്‍ ഹൈസ്‌കൂള്‍ പഠനം നിര്‍ത്തി വാഹനങ്ങളുടെ അപ്‌ഹോള്‍സ്റ്ററി പണി ചെയ്യുന്ന രമേശന്റെ കടയില്‍ ജോലി പഠിക്കാന്‍ പോകാന്‍ തയ്യാറായി വന്ന തന്റെ മകന് നിറകണ്ണുകളോടെയാണ് അതിന് സമ്മതം നല്‍കിയത്. പഠിച്ചു നടക്കേണ്ട പ്രായത്തില്‍ പഠനം നിര്‍ത്തി പണി പഠിയ്ക്കാന്‍ പോകുന്നതിന് സമ്മതം നല്‍കേണ്ടി വന്നതില്‍ മോഹഭംഗമുണ്ടായി. കുടുംബത്തിന്റെ താല്ക്കാലിക ആവശ്യങ്ങള്‍ക്കായി, വളര്‍ന്നു പടരേണ്ട ഒരു ബാല്യത്തെയാണ് ബലികൊടുത്തത്. അവന്‍ അന്ന് പറഞ്ഞത് ഇപ്പോഴും മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു.

''നമ്മുടെ വീട്ടിലെ ദാരിദ്ര്യമെല്ലാം തീരും അമ്മേ, ഞാനൊന്ന് ഒരു പണിക്കാരനായി തീര്‍ന്നോട്ടെ. സൗകര്യങ്ങളെല്ലാം ആകുമ്പോള്‍ വീണ്ടും പഠിക്കാലോ...''
സ്‌കൂളില്‍ അവനെന്നും ഒന്നാമനായിരുന്നു. പി ടി എ യോഗങ്ങള്‍ക്കായോ, പ്രോഗ്രസ്സ് കാര്‍ഡ് ഒപ്പിടുന്നതിനായോ സ്‌കൂളിലെത്തുമ്പോള്‍ രജീവിനെക്കുറിച്ച് പറയാന്‍ ടീച്ചര്‍മാര്‍ക്ക് ആയിരം നാവായിരുന്നു. പഠനം നിര്‍ത്തിയപ്പോഴും അവര്‍ അവരുടെ ആകാംക്ഷകളും സ്‌നേഹവും പങ്കുവെയ്ക്കാനെത്തി.
''എന്തേ പഠനം നിര്‍ത്തിയത്. പഠനത്തിനുള്ള ചിലവെല്ലാം ഞങ്ങള്‍ വഹിക്കുമായിരുന്നല്ലോ.''

പാര്‍വ്വതി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. തന്റെ വീട്ടുകാര്‍ ആവശ്യത്തിന് സാമ്പത്തികമുള്ളവരാണ്. പക്ഷെ അവരെ അപമാനിച്ച് വീട്ടില്‍ നിന്നിറങ്ങിയവള്‍ എന്ന വാശി മനസ്സില്‍ വെച്ച് അവര്‍ നിരന്തരം ശല്യപ്പെടുത്തിയീട്ടെയുള്ളൂ. നശിച്ചു കൈനീട്ടി തിരിച്ചുചെല്ലുമെന്ന് പറഞ്ഞ് ആട്ടിവിട്ടവരാണ്. അതിനാല്‍ സഹായമഭ്യര്‍ത്ഥിച്ച് അവരുടെ അടുത്തേയ്ക്ക് പോകാന്‍ മനസ്സു വന്നില്ല. അവനായിരുന്നു വാശി. അവന്‍ തീഷ്ണവികാരങ്ങളോടെ പറയും.
''ആരുമില്ലാതായ അമ്മയ്ക്ക് എന്തിനുമേതിനും ഞാനുണ്ട്. പ്രണയിച്ചു വിവാഹം കഴിച്ചത് കുറ്റമായി കണ്ട് എല്ലാ ബന്ധങ്ങളും വേര്‍പ്പെടുത്തിയ കൂടപ്പിറപ്പുകളുടെ സഹായത്തിനായി എന്റെ അമ്മ കൈനീട്ടരുത്.''

അവന്റെ ഓരോ വാക്കുകളിലും അവന്റെ പിതാവിന്റെ വാശിയും വീറുമാണ് കാണാനായത്. ആദ്യപരിചയപ്പെടലില്‍തന്നെ തന്റെ ആരൊക്കെയോ ആണെന്ന ബോധമുണര്‍ത്തിയ ആ നല്ല വ്യക്തിയെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് വീട്ടുകാരേയും ബന്ധുക്കളേയും പിണക്കേണ്ടിവന്നതില്‍ പ്രയാസമുണ്ടായിരുന്നു. എങ്കിലും പണിയെടുത്ത് കുടുംബം പുലര്‍ത്താന്‍ പ്രാപ്തനായ അദ്ദേഹത്തിന്റെ കൂടെ ജീവിക്കാന്‍ യാതൊരു കഷ്ടതയും അനുഭവിക്കേണ്ടി വന്നില്ല. അദ്ദേഹത്തിന്റെ ജാതിയോ മതമോ എന്തിന് വീട്ടുകാരെക്കുറിച്ചോ, നാടിനെക്കുറിച്ചോ ഒന്നും അറിഞ്ഞിട്ടല്ല അദ്ദേഹത്തോടൊപ്പം ഇറങ്ങിപ്പോന്നത്. പിന്നീട് വീട്ടുകാരില്‍ നിന്നും നേടിയ വിവരങ്ങളുമായി നാണിത്തള്ള വന്നു പറഞ്ഞപ്പോഴാണ് നാട്ടില്‍ പറഞ്ഞു നടക്കുന്ന വാര്‍ത്തകള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞത്. നാണിത്തള്ള വളരെ രഹസ്യമായിയാണ് പറഞ്ഞത്.
''മോളെ, നിന്നെ പ്രണയത്തില്‍ കുടക്കിയതാത്രേ, നമ്മടെ മതക്കാരെ ഇല്ലാതാക്കാന്‍ മറ്റേ മതക്കാരുടെ തന്ത്രാണത്രേ അത്... എന്തോ ഒരു പേര് അവര് പറഞ്ഞല്ലോ... ആ, പിടികിട്ടി 'ലൗ ജിഹാദ്.' സൂക്ഷിക്കണം എന്റെ മോളെ...''
നാണിത്തള്ളയോടും അത് പറഞ്ഞു നടക്കുന്നവരോടും പുച്ഛമാണ് തോന്നിയത്. ഒരു വ്യക്തിയ്ക്കും അവന്റെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ കഴിയുകയില്ലെന്നാണോ ഇവരെല്ലാം പറയുന്നത്. ജാതിയും മതവും മനുഷ്യനെ പങ്കുവെയ്ക്കുമ്പോള്‍ അവരുടെ ആഗ്രഹങ്ങളേയും അഭിലാഷങ്ങളേയും എവിടെയാണ് അലയാന്‍ വിടേണ്ടത്. മനുഷ്യന് യാതൊരു മൂല്യവും ഇല്ലെന്നാണോ... അവന് ആഗ്രഹങ്ങളും അഭിലാഷങ്ങളും പാടില്ലെന്നാണോ... ഇതെന്ത് ജനാധിപത്യരാജ്യമാണ്. വിശ്വാസമെന്നത് ഓരോ വ്യക്തിയുടേയും ആത്മീയവിഷയങ്ങളല്ലെന്നാണോ... ആത്മീയത എന്നത് വെറും ആചാരങ്ങളില്‍ തളച്ചിടേണ്ടതാണോ... തന്നെത്തന്നെ തിരിച്ചറിയലല്ലേ അത്. അതോ സംഘം ചേര്‍ന്ന് വെട്ടിക്കൊല്ലാനും കീഴടക്കാനും ആവശ്യമായ ഒന്നാണോ അത്... ഭക്തി എത്ര പരിപാവനമാണ്. അത് ഇക്കൂട്ടര്‍ തിരിച്ചറിയുന്നുണ്ടോ... രാധയ്ക്ക് കൃഷ്ണനോടുള്ള അഭിനിവേശം എത്ര ഉദാത്തമാണ്. തന്റെ സത്തയെ അതിന്റെ ഉറവിടത്തിലേയ്ക്ക് ലയിപ്പിക്കാനുള്ള ആ ത്വര അതുതന്നെയല്ലേ എല്ലാ ആത്മീയ അന്വേഷകരും തിരഞ്ഞു നടക്കുന്നത്. രാധയില്‍ നിന്ന്, മീരയില്‍ നിന്ന്, കബീര്‍ദാസില്‍ നിന്ന്, പുറത്തേയ്‌ക്കൊഴുകിയ ആ പ്രണയം അതുമാത്രമല്ലേ സത്യമായത്. തന്റെ ജീവിതവും പൂര്‍ണ്ണതയ്ക്കായി അദ്ദേഹത്തിലേയ്‌ക്കൊഴുകിയതില്‍ എന്താണ് തെറ്റ്. മനുഷ്യന്റെ അടിസ്ഥാനഗുണങ്ങളായ സ്‌നേഹവും കരുണയും ദയാവായ്പും ആര്‍ക്കും ഉണ്ടാവരുതെന്നാണോ... മതം മനുഷ്യനെ ശുശ്രൂഷിക്കുന്നതിനുപകരം ശിക്ഷിക്കുന്നതിന് ആയുധം മുര്‍ച്ചകൂട്ടുന്നത് എന്തിനാണ്.
ഏതു ജീവികളായാലും പ്രണയത്തിന് ഇണകള്‍ ആവശ്യമാണ്. അതൊരു സുഖകരമായ ബന്ധനമാണ്. പുറത്തേയ്ക്കുള്ള ആനന്ദത്തിന്റെ ഗമനമാണ്. ഉര്‍ജ്ജത്തിന്റെ പുറത്തേയ്ക്കുള്ള സഞ്ചാരം. ഭൗതികശരീരങ്ങളെന്നപോലെ അദൃശ്യശരീരങ്ങളും ഒന്നായിത്തീരുന്ന ഒരു മുഹുര്‍ത്തം. ഓരോരുത്തര്‍ക്കും തന്നെത്തന്നെ നഷ്ടപ്പെടുന്ന ഒന്ന്. അതിലൂടെയാണ് ഉള്ളിലേയ്ക്കുള്ള പ്രവേശത്തെ ത്വരിതപ്പെടുത്തുന്നത്. അവബോധത്തിലേയ്ക്ക്, കൃഷ്ണനിലേയ്ക്ക്, ക്രിസ്തുവിലേയ്ക്ക് നബിയിലേയ്ക്ക് യഥാര്‍ത്ഥ മതത്തിലേയ്ക്ക് പിറവി കൊള്ളുന്നത്. ഇതെല്ലാം തിരിച്ചറിയണമെങ്കില്‍ മനുഷ്യത്വം എന്ന ഒരു ഗുണം അത്യാവശ്യമാണ്. അതിന് സ്‌നേഹം എന്തെന്നറിയണം. കരുണ എന്തെന്നറിയണം. അതില്ലാത്തവന് മനുഷ്യന്‍ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യനും യഹൂദനും പഴ്‌സിയും ജൈനനും ബൗദ്ധരും മാത്രം. എല്ലാ മനുഷ്യരിലും കുടികൊള്ളുന്ന ആ ഒരൊറ്റ ഈശ്വരനെ കാണാന്‍ എന്നാണ് ഇവര്‍ക്കെല്ലാം കണ്ണുകളുണ്ടാകുക. അങ്ങനെ ഒരു ദര്‍ശനം സാധ്യമാകുന്ന അന്നേ അവരെല്ലാം മനുഷ്യരായിത്തീരൂ. അതിനായി പ്രാര്‍ത്ഥിയ്ക്കാന്‍ മാത്രമാണ് ഇപ്പോള്‍ തനിക്കു കഴിയുക.
നാട്ടുകാര്‍ എന്തു പേരിട്ട് വിളിച്ചാലും അദ്ദേഹം എനിക്ക് ദൈവതുല്യനായിരുന്നു. അദ്ദേഹത്തിന്റെ മതം ഏതെന്നോ, ഏതു വിശ്വാസത്തിന്റെ ആളായിതീരണമെന്നോ ഒരു വാക്കുപോലും എന്നോട് ആവശ്യപ്പെട്ടിരുന്നില്ല. അതേസമയം വീട്ടുകാരുമായുള്ള വേര്‍പാടിന്റെ വേദനയെല്ലാം അദ്ദേഹം പതുക്കെപ്പതുക്കെ കഴുകികളഞ്ഞ് മനസ്സിന് ആനന്ദവും ശാന്തിയും സമാധാനവും നല്‍കിയിരുന്നു. ഒരു തൊഴിലിന് പോകാന്‍ കൂടി അദ്ദേഹം അന്ന് അനുവദിച്ചിരുന്നെങ്കില്‍ കൂറേക്കൂടി സ്വാശ്രിതത്വത്തിന്റെ അനുഭൂതി കണ്ടെത്താനാകുമായിരുന്നു. അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം സ്വയം തീരുമാനിക്കുകയായിരുന്നു. അത് മാത്രം അദ്ദേഹത്തിനു ഭവിച്ച ഒരു തെറ്റായി അന്നും തനിക്ക് ബോധ്യമുണ്ടായിരുന്നു. പലപ്പോഴും അതേപ്പറ്റി ഒരുമിച്ചിരിക്കുമ്പോള്‍ പറയാറുമുണ്ട്. അപ്പോള്‍ അദ്ദേഹം വീണ്ടും ആവര്‍ത്തിക്കും.
''എന്റെ കൊക്കില്‍ ജീവനുള്ളേടത്തോളം നിന്നെ ഞാന്‍ പുറത്ത് യാതൊരു പണിയ്ക്കും വിട്ട് കഷ്ടപ്പെടുത്തില്ല.''
''അതൊരു കഷ്ടപ്പാടാണോ, അദ്ധ്വാനിക്കുക എന്നത് സ്വയം പ്രകടിതമാകലേല്ല...''
''എന്തായാലും നിനക്കൊരു കുറവും ഞാന്‍ വരുത്തില്ല.''

കാലങ്ങള്‍ കടന്നുപോകുമ്പോള്‍ എന്താണ് സംഭവിക്കുകയെന്നത് ആര്‍ക്കറിയാം. ആര്‍ക്കും നിര്‍ണ്ണയിക്കാനാകത്ത സമസ്യകളല്ലേ ജീവിതം. ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് പിന്നീട് സംഭവിച്ചത്. ഒരു വ്യാഴവട്ടത്തിനുശേഷം തികച്ചും അപ്രതീക്ഷിതമായി മതഭ്രാന്തന്മാരാല്‍ കൊല ചെയ്യപ്പെടുമ്പോള്‍ എന്തിനുവേണ്ടിയായിരുന്നു അവരത് ചെയ്തതെന്ന് ഒരിക്കലും തിരിച്ചറിഞ്ഞില്ല. അത് ചെയ്തവരുടെ കൂട്ടത്തില്‍ സഹോദരന്റെ മകനും ഉണ്ടെന്നറിഞ്ഞപ്പോഴാണ് അവരുടെ വൈര്യം കൊണ്ടുനടക്കുകയയായിരുന്നെന്ന് ബോധ്യമായത്. സ്‌കൂളില്‍ പഠിക്കുന്ന മകനെ ഓര്‍ത്തെങ്കിലും അവര്‍ക്കതില്‍ നിന്നും പിന്തിരിയാമായിരുന്നില്ലേ... അവരുടെ വിദ്വേഷത്തിന്റെ ഖഡ്ഗങ്ങള്‍ ഒരു നിഷ്‌കളങ്ക ജീവനെ കൊത്തിയെടുത്തപ്പോള്‍ തകര്‍ന്നു പോയത് രണ്ടു ജീവിതങ്ങളായിരുന്നു.
ഒപ്പം മരിച്ചാല്‍ മതിയെന്നായിരുന്നു. അങ്ങനെയെങ്കിലും ഇത് ചെയ്യിപ്പിച്ചവര്‍ സന്തോഷിക്കട്ടെ എന്ന് മനസ്സില്‍ കരുതിവെച്ചതാണ്. എന്നാല്‍ മകന്റെ മുഖത്തുനോക്കിയപ്പോള്‍ അതിനുധൈര്യം വന്നില്ല. ഒരു വശത്ത് മുന്നോട്ടുള്ള വഴിയറിയാതെ കുഴഞ്ഞപ്പോള്‍ മറുവശത്ത് ഏതു വഴിയും തിരഞ്ഞെടുത്തേ പറ്റൂ എന്ന വാശിയും വളരാന്‍ തുടങ്ങിയിരുന്നു. കുറച്ചുനാള്‍ അയല്‍ക്കാരും സുഹൃത്തുക്കളും സഹായങ്ങളുമായി വന്നു. പിന്നെ മെല്ലെമെല്ലെ അതെല്ലാം നിന്നു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുമ്പോഴാണ് അടുത്ത വീട്ടിലെ നബീസ തൊഴിലുകള്‍ ചെയ്യാന്‍ കൂടെക്കൂട്ടിയത്. എല്ലാ ആവശ്യങ്ങള്‍ക്കും തികയാറില്ലെങ്കിലും നിത്യചിലവുകള്‍ കഴിച്ചു കൂട്ടാന്‍ ആവശ്യമായ കൂലി ലഭിച്ചത് ആശ്വാസമായിരുന്നു. കുറേ നാള്‍ അങ്ങനെ മുന്നോട്ടു പോകാനായി.
പനി വന്ന് ഒരാഴ്ച കിടപ്പിലായപ്പോള്‍ കാര്യങ്ങള്‍ എല്ലാം തകിടം മറിഞ്ഞു. മകന്റെ സ്‌കൂളില്‍ പോക്കാണ് അതുകൊണ്ട് മുടങ്ങിപ്പോയത്. അവന്‍ തന്നെയാണ് രമേശുമായി സംസാരിച്ച് അവന്റെ കടയില്‍ അപ്രന്റിസായി ജോലിയ്ക്കു ചേര്‍ന്നത്. അത്യാവശ്യം യാത്രചിലവിനും മറ്റും അവന് നിത്യവും രമേശന്‍ ചില്ലറ കൊടുക്കുമായിരുന്നു. പിന്നെപ്പിന്നെ പണികള്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വീട്ടുചിലവുകള്‍ എല്ലാം മകന്‍ ഏറ്റെടുത്തു. വീണ്ടും സുരക്ഷിതത്വബോധം വന്നു നിറഞ്ഞത് അപ്പോഴാണ്.

റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ തുറന്നുവെച്ച് അതിന്റെ ഡോര്‍പേഡ് മാറ്റികൊണ്ടിരിയ്‌ക്കേയാണ് അതിവേഗതയില്‍ മറ്റൊരു വാഹനത്തിനെ അതിക്രമിച്ചുകടന്ന് ആ ബസ് തുറന്നിരുന്ന ഡോറിനെയും അതോട് ചേര്‍ന്നു നിന്ന് പണിയെടുത്തുകൊണ്ടിരുന്ന മകനേയും ഞെരുക്കികളഞ്ഞത്. റോഡിലേയ്ക്ക് കുഴഞ്ഞു വീണ മകനെ കിട്ടിയ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത് തന്നെ മഹാഭാഗ്യം. അന്നത്തെ പണി തീര്‍ത്ത് വീട്ടിലേയ്ക്ക് തിരിക്കാന്‍ തിരക്കടിച്ച് പണിയെടുത്തുകൊണ്ടിരിയ്‌ക്കേയാണ് അങ്ങനെയൊരത്യാഹിതം വന്നു ഭവിച്ചത്.
പ്രതീക്ഷകള്‍ കൈവിട്ടിടത്തുനിന്ന് മറ്റൊരു തിരി തെളിയാന്‍ തുടങ്ങിയപ്പോഴാണ് അടുത്ത പ്രഹരം തനിക്കു തന്നിരിക്കുന്നത്. ഞാന്‍ അതിനു മാത്രം പാപിയാണോ എന്റെ ഈശ്വരാ... എന്റെ പ്രണയത്തിന്റെ ഒസ്യത്തുക്കളെല്ലാം തിരിച്ചുപിടിയ്ക്കാന്‍ മാത്രം ഞാന്‍ എന്തു തെറ്റുകളാണ് ചെയ്തത്. മകന്റെ തന്നെനോക്കിയുള്ള ആ ആവശ്യം സര്‍വ്വനാഡികളേയും തളര്‍ത്തികളഞ്ഞു. വിശന്ന വയറുമായി മകന്‍ അത്യാസന്നനിലയില്‍ ഓപ്പറേഷന്‍ തിയ്യറ്ററില്‍ ജീവന്‍ നിലനിര്‍ത്തികിട്ടാനുള്ള അവസാനഘട്ടപോരാട്ടത്തിലാണ്. അവന് ഒന്നും സംഭവിക്കില്ല. മനസ്സ് ദൃഢനിശ്ചയത്തോടെ സ്വയം പറഞ്ഞു. അദ്ദേഹത്തെ എന്നില്‍ നിന്നും തട്ടിയെടുത്തതുപോലെ അവനെ തട്ടിയെടുക്കാന്‍ ഒരു ദൈവത്തിനും കഴിയില്ല. അവന്‍ തിരിച്ചു വരും.
ഓപ്പറേഷന്‍ തിയ്യറ്ററിനുപുറത്ത് കാത്തിരിപ്പുകേന്ദ്രത്തിന്റെ അരികിലായി നിന്നിരുന്ന ഈശ്വരന്റെ പ്രതിമയ്ക്കുമുന്നില്‍ മുട്ടുകുത്തിയിരുന്നു. ഏത് ദൈവത്തിന്റെ പ്രതിമയാണതെന്നുപോലും നോക്കാതെ മനസ്സു തുറന്ന് പ്രാര്‍ത്ഥിച്ചു.

''സര്‍വ്വേശ്വരാ, എന്റെ മകന് ജീവക്കാനുള്ള അവകാശം തിരിച്ചു നല്‍കണേ... ഒരു തെറ്റും ചെയ്യാത്ത അവനെ ക്രൂശിക്കരുതേ...''


ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ