അന്ന് മഴ പെയ്തു തോർന്ന ഒരു വെകുന്നേരമായിരുന്നു. അച്ഛനും അമ്മയും ഒരു കല്യാണ വിരുന്നിനു പോയിരിക്കുന്നു. ഗിരിച്ചേട്ടൻ കൂട്ടുകാരോടൊത്ത് ഗേറ്റിനു വെളിയിൽ സൊറ പറഞ്ഞു നിൽപ്പുണ്ട്. തന്റെ സ്വകാര്യങ്ങളിൽ എന്നും കനൽ കോരിയിട്ടിട്ടെ ഉള്ളൂ ഏട്ടൻ. ഓർമ്മ വെച്ച കാലം തൊട്ടു തന്നെ എന്നും തന്നെ അനുസരിപ്പിക്കുന്നതിലായിരുന്നു ഏട്ടന്റെ വിജയങ്ങളത്രയും.
പേരുച്ചരിക്കാൻ വിഷമമുള്ള ഹോർമോണുകൾ ശരീരത്തിൽ അപഥ സഞ്ചാരം നടത്തുന്ന പ്രായത്തിൽ തനിക്ക് കോളേജിലെ അറിയപ്പെടുന്ന കവിയും പ്രാസംഗികനുമായ രമേശ് മേനോനോട് തോന്നിയ ഒരിഷ്ടം അല്ലെങ്കിലും ഇത്രയ്ക്കു സീരിയസ് ആയി എടുക്കേണ്ട ഒരാവശ്യവും ഗിരിച്ചേട്ടനുണ്ടായിരുന്നില്ല.
മനസ്സുകൊണ്ടുപോലും രമേശ് തന്നെ ഒന്ന് സ്പർശിച്ചിട്ടില്ല. ആ വാഗ്ധോരണി കേൾക്കാൻ, കവിതകൾ കേൾക്കാൻ വല്ലാത്ത ഒരനുഭൂതിയായിരുന്നു എപ്പോഴും മനസ്സിന്. എന്തെല്ലാം പുകിലാണ് ഗിരിച്ചേട്ടൻ കാണിച്ചു കൂട്ടിയത്. അവളുടെ കൺകോണുകളിൽ നിന്നും ഒരു മുത്ത് നിലത്തു വീണുടഞ്ഞു. ചങ്കിനകത്ത് ആരോ ഭാരമുള്ളൊരു കല്ലെടുത്തു വെച്ചപോലെ. അവൾ തേങ്ങലടക്കി കൊണ്ട് ഫാനിന്നടിയിലേക്ക് കസേര നീക്കിയിട്ടു. ദുപ്പട്ട കൊണ്ട് ഫാനിന്റെ ലീഫിലേക്കു കൈ നീട്ടുമ്പോഴാണ് ഗിരി മുറിയിലേക്ക് കടന്നു വന്നത്.
ഗീതേ...എന്നുള്ള വിളിയിൽ വീട് പ്രകമ്പനം കൊണ്ടു.
"എന്ത് തോന്ന്യാസാണ് നീയിക്കാട്ടുന്നതു്? എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കാവുന്നതല്ലേ ഉള്ളൂ. നിന്നോട് ഈ ഏട്ടനുള്ള സ്നേഹം ഇനിയും നീ മനസ്സിലാക്കിയിട്ടില്ല?"
അവൾ ഒന്നും മനസ്സിലാകാത്ത പോലെ ഗിരിയെ നോക്കി പറഞ്ഞു.
"എന്ത് പറ്റി ഏട്ടാ? ഫാനിലൊക്കെ നിറയെ പൊടിയാ. വെറുതെ ഇരുന്നപ്പോൾ അതൊന്നു തുടയ്ക്കാന്ന് വെച്ചു."
കസേരയിൽ നിന്നും താഴെയിറങ്ങി അവൾ അടുക്കളയിലേക്കു നടന്നു.