മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Sujatha P)

ഓഫീസിൽ നിന്നും അന്ന് പതിവിലും നേരത്തെ രേവതി ഇറങ്ങി. ടൗണിലെ ഫാൻസി കടയിൽ ഒന്നു കയറണം. നാളെ സ്ക്കൂളിൽ മോളുടെ ഡാൻസ് പ്രോഗ്രാം ആണ്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മോൾ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു.

"അമ്മേ, മറക്കല്ലേ, വളയും മാലയും കമ്മലുമൊക്കെ വാങ്ങാൻ. "

ടൗണിലെ ഏറ്റവും നല്ല ഫാൻസി കടയിൽ തന്നെ അവൾ കയറി. കണ്ണാടിക്കൂട്ടിൽ അടുക്കി വെച്ചിരിക്കുന്ന വളകൾ തിരയുന്നതിനിടെ ആണ് വളയുടെ അരികെയിരിക്കുന്ന പലനിറത്തിലുള്ള ഭംഗിയാർന്ന റിബണുകളിൽ അവളുടെ കണ്ണുകൾ ഉടക്കിയത്. ഒരു നിമിഷം രേവതി ആ പഴയ അഞ്ചാം ക്‌ളാസ്സുക്കാരിയായി. മിന്നുന്ന ഉടുപ്പിട്ട്, ഉടുപ്പിന് യോജിക്കുന്ന ഭംഗിയുള്ള റിബൺ മുടിയിൽ കെട്ടി പുതിയ പെൻസിൽ കൊണ്ട് തന്റെ അരികിലിരുന്ന്‌ എഴുതുന്ന കാർത്തികയെന്ന കൂട്ടുക്കാരിയെ കൗതുകത്തോടെ നോക്കുന്ന ഒരു അഞ്ചാം ക്ലാസ്സ്‌ക്കാരി.
"രേവതി, നീ ഇന്ന് ഹോംവർക് ചെയ്തോ? ഞാൻ ചെയ്യാൻ മറന്നുപോയി, ഒന്ന് നിന്റെ പുസ്തകം തരൂ. ടീച്ചർ ഇപ്പൊ വരും."
കാർത്തികയ്ക്ക് നേരെ പുസ്തകം നീട്ടി കൊണ്ട് രേവതി ചോദിച്ചു."കാർത്തികേ.., പുതിയ പെൻസിൽ ആണോ. നല്ല ഭംഗിയുണ്ട് കാണാൻ."
"ആ.., മാമൻ ഗൾഫിൽ നിന്നും കൊണ്ടുവന്നതാ. കുറെയുണ്ട്. ഇനി ഈ പെൻസിൽ നീ എടുത്തോ."

ചെറുവിരലിനെക്കാളും ചെറിയ പഴയ പെൻസിൽ രേവതിക്കു കൊടുത്തു കാർത്തിക. രേവതി സന്തോഷത്തോടെ അത് വാങ്ങി.

രേവതിയുടെ വീട്ടിൽ എന്നും കഷ്ടപ്പാടാണ്. അച്ഛൻ വീട്ടിൽ കിടപ്പു രോഗിയാണ്. അവളുടെ അമ്മ കൂലിപ്പണിയെടുത്താണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത് തന്നെ. കുഞ്ഞു മനസിലെ ആഗ്രഹങ്ങളൊന്നും തന്നെ അവളുടെ അമ്മയ്ക്ക് സാധിച്ചു കൊടുക്കാൻ പറ്റാറില്ല.
അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. അടുത്ത വീട്ടിലെ രാധേച്ചി വന്ന്‌ അമ്മയോട് ചോദിക്കുന്നത് രേവതി കേട്ടു. "ശ്രീദേവി, എന്റെ ആങ്ങള ഗൾഫിൽ നിന്നും വന്നിട്ടുണ്ട്. ഒന്ന് വീട് വരെ പോണം. ഞാൻ രേവതിയെ കൂടെ കൂട്ടിക്കോട്ടെ?"

"ഓ..., അതിനെന്താ രാധേ... അവൾക്കിന്ന്‌ അവധിയല്ലേ."
കൂട്ടത്തിലുള്ള ഏറ്റവും നല്ല ഉടുപ്പിട്ട് രാധേച്ചിയുടെ കയ്യും പിടിച്ച് അവൾ നടന്നു. രാധേച്ചിയുടെ വീട്ടിൽ എല്ലാവരും അവളോട് സ്നേഹത്തോടെ പെരുമാറി. മടങ്ങാൻ നേരം രാധേച്ചിയുടെ അമ്മ വയലറ്റ് നിറമുള്ള ഭംഗിയുള്ള ഒരു റിബൺ അവൾക്ക് സമ്മാനിച്ചു. ഒരു നിധി കിട്ടിയപ്പോലെ രേവതി റിബൺ കയ്യിൽ പിടിച്ചു.

"രേവതി... രാധേച്ചി റിബൺ മുടിയിൽ കെട്ടിത്തരാം." നീളമുള്ള മുടിയിൽ വയലറ്റ് നിറമുള്ള റിബൺ രാധേച്ചി കെട്ടി തന്നു.

തിരക്കുള്ള ബസിൽ കയറി വീട്ടിലേക്ക് മടങ്ങുമ്പോൾ എത്രയും പെട്ടെന്ന് വീട്ടിലെത്തി റിബൺ അമ്മയെ കാണിക്കാൻ രേവതിയുടെ മനസ് വെമ്പൽ പൂണ്ടു. ബസിറങ്ങി മുടിയിൽ കെട്ടിയ റിബൺ തൊട്ടുനോക്കുമ്പോൾ സങ്കടത്തോടെ രേവതി അറിഞ്ഞു. വയലറ്റ് നിറമുള്ള തന്റെ റിബൺ ബസിലെ തിരക്കിൽ എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. അതീവ സങ്കടത്തോടെ രാധേച്ചിയുടെ കൈ പിടിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ രേവതിയുടെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണുനീർ കവിളത്തേക്കു വീണു ചിതറി.

"മാഡം, ഏത് നിറത്തിലുള്ള റിബൺ ആണ് വേണ്ടത്..."
"ദാ..., ആ വയലറ്റ് നിറമുള്ള റിബൺ എടുത്തോളൂ..." ഈറനണിഞ്ഞ കണ്ണുകൾ സെയിൽസ് ഗേൾ കാണാതെ ടവ്വൽ കൊണ്ടവൾ തുടച്ചു.

ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കയറുമ്പോൾ തന്നെ മോൾ ഓടിവന്നു.
"അമ്മേ..., എല്ലാം വാങ്ങിയില്ലേ?"

കവർ മോൾക്ക് നൽകി രേവതി അകത്തേക്ക് കയറി... "അമ്മേ..., ആർക്കാണീ റിബൺ... ഞാൻ റിബണിന് പറഞ്ഞില്ലല്ലോ..."
ആ ചോദ്യത്തിനുത്തരമായി മകളുടെ നെറുകയിൽ ഒരു ഉമ്മ കൊടുത്തു രേവതി.

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ