mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പുറത്തെ കാറ്റിനു കടുത്ത ചൂടാണ്. സ്വപ്നങ്ങൾ ബാക്കിയാക്കി മരണമടഞ്ഞവരുടെ ചിതയിൽ നിന്നുയരുന്ന കാറ്റാണത്. അതു കൊണ്ടാവാം അതു എന്നെ ഇത്രമേൽ പരവശനാക്കുന്നത്. ചില ചിതകൾ തുള്ളി കളിക്കുന്നത് കണ്ടിട്ടില്ലേ..?
പ്രതീക്ഷകൾക്കും മോഹങ്ങൾക്കും ചൂടെൽക്കുമ്പോൾ പിടിച്ച് നിൽക്കുവാൻ ശ്രമിക്കുന്നതാണത്.

ഇത് ശ്മശാന ഭൂമി.., എന്റെ മയ്യാവാടി. ഞാൻ നിങ്ങൾ തനിച്ചാക്കി പോയവരുടെ ഏക ബന്ധു, ഈ ശ്മശാനത്തിന്റെ ഏക കാവലാൾ..

നാല് തലമുറ മുമ്പേ കൈ വന്ന തൊഴിലാണിത്. കൈമാറി, കൈമാറി എന്നിലേക്കിത്തിയിരിക്കുന്നു. അക്കാലക്കൊന്നും ഇത് തീർത്ത്മൊരു ശ്മശാന ഭൂമി ആയിരുന്നില്ല, നിറയെ മുന്തിരി വള്ളികൾ തളിർത്തിരുന്ന, ഋതു ഭേദങ്ങൾ ഒക്കെയും വന്നു പോകുന്ന മനോഹരമായ നാടായിരുന്നു.പതിയെ പതിയെ ഈ നാട്ടിലെ മനുഷ്യരൊക്കെയും എങ്ങോ പോയി മറഞ്ഞു,
ശരിയല്ല, ഞാൻ ഒഴികെ ഈ നാട്ടിലെ മനുഷ്യരൊക്കെയും മരിച്ച് പോയിരിക്കുന്നു,ഞാനത് അനുഭവിച്ചതാണ്, കുറേ കരഞ്ഞതാണ്, ഒറ്റക്കായ മനുഷ്യന്റെ ജീവിതം ഏറെ രുചിച്ചതാണ്, എനിക്ക് സത്യം മൂടി വക്കുവാൻ കഴിയുകയില്ല, ഞാൻ ഒഴികെ ഈ നാട്ടിലെ മനുഷ്യരൊക്കെയും മരിച്ച് പോയിരിക്കുന്നു. ഇന്നീ നാടൊരു ശ്മശാന ഭൂമിയാണ്,ചിലരെ ദഹിപ്പിക്കുകയും, മറ്റ് ചിലരെ കുഴിച്ചിടുകയും ചെയ്യുന്ന മതിൽ കെട്ടുകൾ ഇല്ലാത്ത ശ്മശാന ഭൂമി.

സെന്റ് തോമസിന്റെ പേരിലുള്ള ക്രൈസ്തവ ദേവാലയത്തിന്റെ ശ്മശാന സൂക്ഷിപ്പുകാരായിരുന്നു പൂർവികർ മുതൽ ഞാൻ വരെയുള്ള തലമുറ. ചാത്തൻ മുങ്ങി പൊങ്ങിയപ്പോൾ പത്രോസായതാണ് ചരിത്രം. ഇപ്പോൾ ഈ ശ്മശാന ഭൂമിയിൽ പരേത്മാക്കൾക്ക് കൂട്ടിരിക്കുന്നു.

രാത്രികളിൽ മറ്റ് പലയിടങ്ങളിൽ നിന്നും ആത്മാക്കൾ വിരുന്നു വരാറുണ്ട്. ടാഗോറിന്റെ പാട്ട് മുഴങ്ങാറുണ്ട്, ആരോക്കെയോ അത് ഏറ്റു പാടാറുണ്ട്. ഗാന്ധിജിയും മാർക്സും പ്രത്യയ ശാസ്ത്ര വൈരുദ്ധ്യങ്ങളെ കുറിച്ച് വാതോരാതെ സംവദിക്കുന്നത് കേൾക്കാറുണ്ട്. ലെനിനോടുള്ള റോസയുടെ പരിഭവം വഴക്കായി മാറുമോയെന്നു ഞാൻ ഭയപെട്ടിരുന്നു. ഹിറ്റ്ലർ അട്ടഹസിക്കുന്നതും, മുസോളിനി കരയുന്നതും കേൾക്കാം.., വാൻഗോഗ് നട്ട സൂര്യകാന്തി ഇടക്കിടെ പൂവിടാറുണ്ട്. കാട്ടിലവറാച്ചൻ മൊതലാളി ആരോടെന്നില്ലാതെ തെറി പറഞ്ഞ് കൊണ്ടിരിക്കും. അങ്ങനെ അങ്ങനെ എത്ര എത്ര മനുഷ്യാത്മാക്കളാണ് ഇവിടെ സല്ലപിക്കുകയും, കഥ പറയുകയും, പരിഭവപെടുകയും, പാട്ടു പാടുകയും, ചിത്രം വരക്കുകയും, നൃത്തം ചെയ്യുകയുമൊക്കെ ചെയ്യുന്നത് എത്ര ദൂരമാണ് അവർ തങ്ങളുടെ പ്രീയപെട്ടവരെ തേടി യാത്ര ചെയ്യുന്നത്.
ഞാൻ അവരുടെ കഥ പറച്ചിലും, പാട്ടും, വഴക്കുമൊക്കെ ആസ്വദിക്കാറുണ്ട്. ചില രാത്രികളിൽ എന്റെ ഉറക്കത്തെ തന്നെ ശല്യപെടുത്തും വിധം ബഹളമുണ്ടാവുമ്പോൾ ഞാൻ കിടന്നു കൊണ്ട് ഉച്ചത്തിൽ തെറി വിളിക്കുകയും, സ്റ്റീൽ പാത്രങ്ങൾ വലിച്ചെറിഞ്ഞ് ശബ്ദം ഉണ്ടാക്കുകയും ചെയ്യും.


പ്രധാന ശ്മശാനത്തിൽ നിന്നും കുറച്ച് നടന്നാലാണ് എന്റെ പൂർവ്വികരെ സംസ്കരിച്ചിടത്ത് എത്തി ചേരാൻ കഴിയുക, ചിലരെയൊക്കെ ദഹിപ്പിക്കുകയും, മറ്റ് ചിലരെ കുഴിച്ചിടുകയുമാണ് ചെയ്തിട്ടുള്ളത്. വല്ലപ്പോഴും ഞാൻ അവിടേക്ക് പോകാറുണ്ട്. ഇവിടെ നിന്നും ആത്മാക്കളൊന്നും അവിടേക്ക് പോകാറില്ല, അവിടെ നിന്നും അരും ഇവിടേക്കും വരാറില്ല, അംബേദ്ക്കറും, പെരിയോറുമൊക്കെ പ്രസംഗിക്കാൻ എത്താറുണ്ടവിടെ.

അക്കരെ കരയിൽ വലിയ മണി കെട്ടിയിട്ടുണ്ട്, അന്യദേശത്ത് നിന്നും ശവങ്ങളുമായി എത്തുന്നവർ ആ മണിയിൽ തുടരെ തുടരെ അടിച്ച് ശബ്ദം ഉണ്ടാ. ചിലർ ശവം ഉപേക്ഷിച്ച് കടന്നു കളയും, മറ്റ് ചിലർ എന്നോടൊപ്പം ശവം സംസ്കരിക്കാൻ കൂടാറുണ്ട്.
മൃതപ്രായമായവർ, സന്യാസികൾ, ആരാലും സ്വീകരിക്കാനില്ലാതെ, ഉപേക്ഷിക്കപെട്ടവർ ഒക്കെയും അക്കരെക്കരയിൽ കാത്ത് കിടപ്പുണ്ട്, തന്റെ ഊഴം കാത്ത്, അവർ മരിക്കുമ്പോഴും കൂട്ടത്തിലുള്ളവർ ഇപ്രകാരം തുടരെ തുടരെ മണിയടിച്ച് ശബ്ദം ഉണ്ടാക്കും.
കൂടെ ആരും ഇല്ലാത്ത ശവങ്ങളൊക്കെയും ഞാൻ തോന്നിയത് പോലെ സംസ്കരിക്കും, ചിലപ്പോൾ ഒരു ചിതയിൽ എല്ലാം ഒടുങ്ങും, മറ്റു ചിലപ്പോൾ വലിയ ശവകുഴിയിലോട്ട് തളളിയിടുകയും ചെയ്യും.
പുറത്തെ പ്ലാവിൽ നിന്നും ഒരു നീളൻ കയർ കെട്ടി ഈ കുഴിയിലേക്ക് ഇട്ടിട്ടുണ്ട്, അതിന്റെ പുറത്തേ അറ്റത്ത് ഒരു മണിയും കെട്ടിയിട്ടിട്ടുണ്ട്.
മരിച്ചവരുടെ ആത്മാക്കൾ ഈ കയറിൽ തൂങ്ങി മുകളിലേക്ക് വരുമെന്നാണ് വിശ്വാസം., വെറും വിശ്വാസമല്ല, യാഥാർത്ഥ്യമാണത്. ആത്മാക്കൾ കയറി വരുമ്പോൾ മണിയടിക്കുന്ന ശബ്ദം കേൾക്കാം,..

കുഴിയിൽ നിന്നും ബന്ധിപ്പിച്ചിട്ടുള്ള കയറിലെ മണിയടി ശബ്ദം വല്ലാണ്ട് മുറുകുന്നുണ്ട്, ശബ്ദം പതിവിൽ കൂടുതൽ ഉച്ചത്തിലാവുന്നു. ആത്മാക്കളൊക്കെ ഒന്നടങ്കം ഒരുമിച്ച് മുകളിലേക്ക് വരികയാണോയെന്നു ഞാൻ സംശയിച്ചു. എന്റെ ഉറക്കത്തെ ശല്യപെടുത്തും വിധം അത് വർദ്ധിച്ച് വരികയാണെന്നു ഞാൻ തിരിച്ചറിഞ്ഞു.
പതിവ് പോലെ ഞാൻ ഉച്ചത്തിൽ തെറി വിളിച്ചു ,
ഇല്ല, ശബ്ദം നിലക്കുന്നതേയില്ല, ഞാൻ എഴുന്നേറ്റു, ചൂട്ടു കത്തിച്ച്, കുറുവടിയുമെടുത്ത് ശവകുഴി ലക്ഷ്യമാക്കി നടന്നു.
മണിയൊച്ചക്കൊപ്പം നിലവിളി ശബ്ദവും ഉയരുന്നുണ്ട്, ആത്മാക്കളുടേതല്ല, അത് ജീവനുള്ള മനുഷ്യന്റെയാണ്..
എന്റെ ചുവടുകൾക്ക് വേഗം കൂടി..
കുഴിയിലേക്ക് ഞാൻ ചൂട്ട് വെട്ടം തെളിച്ചു.
ആരോ കയറ് വഴി മുകളിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട്,, "ഞാൻ മരിച്ചിട്ടില്ല, മരിച്ചിട്ടില്ല" എന്നാണയ്യാൾ വിളിച്ച് പറയുന്നത്.

''അരാണ് " ഞാൻ ചോദിച്ചു.

'' ഞാൻ മരിച്ചിട്ടില്ല" അയ്യാൾ മറുപടി പറഞ്ഞു.

"തോന്ന്യാസം പറയാതെ നിങ്ങൾ ആരാണെന്നു പറയൂ " ഞാൻ ഒച്ചയെടുത്തു.

"ഞാൻ മരിച്ചിട്ടില്ല" അയ്യാൾ വീണ്ടും വിളിച്ചു പറഞ്ഞു.

''ശരി, കയറി വരൂ" ആശങ്കയോടെ പറഞ്ഞ് കൊണ്ട് ഞാൻ കയറ് പിടിച്ച് മുകളിലേക്ക് വലിച്ചു.
താഴെ നിന്നുള്ള ശക്തിയിൽ കുഴിയിലേക്ക് വീഴുമോയെന്നു ഞാൻ ഭയപെട്ടു.ദൂരേക്ക് മാറി നിന്നു ഞാൻ ശക്തിയായി കയറിൽ പിടിച്ച് വലിച്ചു. എന്റെ ശ്രമം പതിയെ പതിയെ വിജയം കണ്ട് വരുന്നുണ്ട്. അയ്യാൾ മുകളിലേക്ക് എത്തി. കിതച്ച് കൊണ്ട് ഞാൻ കുഴിക്കരികിലായി ഇരുന്നു, അയ്യാളും ഇരുന്നു.

" ആരാണ് നീ" ഞാൻ വീണ്ടും ചോദിച്ചു.

''നീ ഈ ശ്മശാനത്തിന്റെ കാവൽക്കാരനല്ലേ?" അയ്യാളുടെ മറുചോദ്യം.
രക്ഷതേടി നിലവിളിച്ച ഒരാളുടെ മുഖ ഭാവം ആയിരുന്നില്ല അപ്പോൾ അയ്യാൾക്ക് .

" ഈ ശ്മശാനത്തിന്റെ കാവൽക്കാരനും, മന്ത്രിയും, രാജാവുമൊക്കെ ഞാൻ തന്നെ, അതിൽ നിനക്കെന്ത്?, നീ ആരാണെന്ന് പറയൂ, " 
ഞാൻ ശബ്ദം കടുപ്പിച്ചു.

" ഞാൻ മരിച്ചവനല്ലാ, എന്റെ ഉറക്കത്തിലാണ് നീ എന്നെ ഈ കുഴിയിലേക്ക് തള്ളിയിട്ടത് " അയ്യാൾ പറഞ്ഞു.
ഞാൻ പൊട്ടിച്ചിരിച്ചു. " നീ അടക്കം ആയിരങ്ങൾ, ആ എനിക്ക് തെറ്റ് പറ്റിയെന്നോ? നീ ,ഉയർത്തെഴുന്നേറ്റവനല്ലേ? ഞാൻ സംശയത്തോടെ ചോദിച്ചു.

"അല്ല ഞാൻ മരിച്ചിട്ടില്ല ..., ഞാൻ ഉറങ്ങുകയായിരുന്നു".
അയ്യാൾ ശബ്ദം ഉയർത്തി.

" ശരി, ഞാൻ നിന്നെ മറുകരയിൽ എത്തിക്കാം"
ഞാൻ എഴുന്നേറ്റു.

" കഴിയില്ല, എനിക്കീ ശ്മശാനത്തിന്റെ കാവൽക്കാരനാകണം "
അയ്യാളുടെ ശബ്ദം ഉറച്ച താണ്.

" എന്ത്? എന്ത് വിഢിത്തമാണ് നീ പറയുന്നത്? ഞാനാണ് ഇതിന്റെ കാവൽക്കാരൻ, ഞാനാണ് ഇതിന്റെ സർവ്വാധിപൻ.,
എന്റെ പൂർവ്വികർ കൈ മാറിയ അധികാരമാണിത്."
ഞാൻ ദേഷ്യപെട്ടു.

"ഇതെന്റെ നിയോഗമാണ്,എന്റെ ജന്മാവകാശമാണ്, നിന്റെ കാലം കഴിയാറായിരിക്കുന്നു, എന്നെ കാവലേൽപിച്ച് നീ കടത്ത് കടന്നു പോവുക, അക്കരെ കരയിൽ നിന്റെ ഊഴം കാത്ത് കിടക്കുക "
അയ്യാളുടെ ശബ്ദത്തിനു കനമേറി വന്നു.
എന്റെ കണ്ണിൽ ഇരുട്ടു കയറുന്നത് പോലെ തോന്നുന്നു, സിരകളിൽ ഭയം നിറയുന്നു. എന്റെ ഉള്ള് പിടഞ്ഞു, ഇതെന്റെ രാജ്യമാണ്, ഇതിന്റെ കാവൽക്കാരൻ ഞാൻ തന്നെയും, ഇവിടം വിട്ട് എനിക്ക് പോകാൻ കഴിയില്ല. ഞാൻ അതിനു തയ്യാറല്ല.
എനിക്ക് ദേഷ്യം വന്നു.
കുറുവടി ഞാൻ അയ്യാൾക്കു നേരെ വീശി, അയ്യാൾ ഒഴിഞ്ഞ് മാറി..., കാല് വീശി ചവിട്ടി എന്നെ താഴേക്കിട്ടു.
അയ്യാൾ ഉറക്കെ അട്ടഹസിച്ചു, "ഇതെന്റെ ജന്മാവകാശമാണ് " .

നായ്ക്കൾ കൂട്ടമായി ഓരിയിടാനും പരുന്തുകൾ വട്ടമിട്ട് പറക്കാനും തുടങ്ങിയിരുന്നു....

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ