കണ്ടൻപൂച്ചന്റൊപ്പം മീന്മുളളിന് തല്ലുണ്ടാക്കുമ്പോ ചെമ്മക്കന് ഒരൊറ്റ ഗോൾ മാത്രം ഒള്ളു... പൊടി മണ്ണിൽ ചന്തിയും കുത്തി ഇരിക്കണ കാപ്പി പെട്ടച്ചി. സാധാരണ വർത്താനവും ഇമ്പ്രെഷൻ ഇണ്ടാക്കലും ഒരു വിസയം ആയിരുന്നില്ല. ഇതിപ്പോ ഓൾ ചക്കക്കുരു പോലോത്ത ഖൽബിൽ കയറിക്കൂടി.ഓളെ വസത്താക്കണം. ഒരേ ഒരു ലക്ഷ്യം.
ആൾ ഉസാറായി പൊടിമണ്ണിൽ കളിക്കാണ്. ചിതറിത്തെറിക്കണ പൊടിമണ്ണിന്റെ എടേക്കൂടെ ഓളെ പൂയര നിറമുള്ള കൊക്ക്. ചേരാട്ട പോലോത്ത ചെറിയ കോഴിപ്പൂവ്. ഒക്കെ കാണാൻ നല്ല മൊഞ്ചാണ്.
കണ്ടൻ വിട്ടുതരുന്ന ഭാവമില്ല. എന്തായാലും ഞാൻ ഇത് എടുത്തിട്ട് തന്നെ ബാക്കി കാര്യം. ഓൾ നോക്കണില്ലല്ലോ. നോക്കിയ ഞമ്മക്കൊരു മോട്ടിവഷൻ ആയിന്. കണ്ടനും വിടാൻ ഭാവമില്ല. രാവിലെ മുതൽ പട്ടിണിയാണ്. ഇവിടെയാണെങ്കിൽ മുഴുവൻ പച്ചക്കറി പ്രാന്തൻസ്. ഇന്നലെ രാത്രിയിലത്തെ മീൻ മുള്ളാണ്. കിട്ടിയത് നല്ലത്. എത്രയാണെന്നു കരുതിയ ചോറും ദോശയും ഒക്കെ തിന്നുന്നത്. അതുകൊണ്ട് തന്നെ അവനും വിടാൻ ഭാവം ഇല്ല.
കാപ്പി പെട്ടച്ചി നോക്കുന്നില്ലല്ലോ, പഹചി..ബ്ളെ അനക്കും മാണ്ടി ആണ് ഞാൻ ളുൽമ് ഇണ്ടാക്കണത്. ജ്ജ് നോക്കാത്തത് എന്താ? .
കണ്ടന്റെ മുരൾച്ച ഭയങ്കരം ആയി തുടരുകയാണ്. ദുക്കോ... ഒരൊച്ച ....
കണ്ടൻ നിന്ന നിൽപ്പിൽ മുകളിലേക്ക് ഒരൊറ്റ ചാട്ടം. പിന്നെ വാലും നീട്ടി മണ്ടിപ്പോയി. അല്മണിക്കയിൽ നിലത്തു വീണു.
ന്താത്...
നോക്കുമ്പോ പൗസ്യേണ്.
"ഒച്ചണ്ടാക്കല്ല പണ്ടാരക്കാല."
കണ്ടന്റെ മുരൾച്ച ഓൾക്ക് ഇസ്റ്റായില്ല. ആ യേറ് കണ്ടന്റെ പള്ളക്ക് തന്നെ കൊണ്ട്.
എന്തായാലും അപ്പൊ ഓളോട് ചെമ്മക്കനു ഒരു ബഹുമാനം തോന്നി. ഓൻ ഒറ്റയ്ക്ക് മീൻമുള്ള കൊത്തനാഞ്ഞതും
"പോ കോയി ഔടുന്നു. നേരം ബെൾക്കാം ഇടല്ല്യ അയന്റെ മുന്നേ തൊടങ്ങി."
പിന്നേം പൗസ്യ.. ഇപ്പൊ ചെമ്മക്കന് ഓളെ ബെർപ്പ് ആയി.
"ഇബിലീസ് "
ചെമ്മക്കൻ ചിറകും പൊന്തിച്ചു ഔടുന്നു പാഞ്ഞു പോയി. നേരെ ചെന്നു നിന്നത് മിജൂന്റെ മുന്നിൽ. കൈഞ വെള്ളിയാഴ്ച്ച കിട്ടിയ ഏറ് ചെമ്മക്കന്റെ മുന്നിൽ ഒരു ഫ്ലാഷ്ബാക്ക് മിന്നി. പിന്നെ ഒന്നും നോക്കീല. ലാ ഹാഉല വലാ ന്നും പറഞ്ഞ് ഓൻ തടി കെയിച്ചിലാക്കി.
കാപ്പി പെട്ടച്ചി ഇപ്പോളും കൊത്തിപ്പെറുക്കി നടക്കാണ്. കൂടെ ചെമ്മക്കനും ഇൻഡ്. ഇവൻ എങ്ങനെ ഒപ്പിച്ചു.?.. ചെമ്പട്ടിമ്മെ ഒട്ടിപ്പിടിച്ച വറ്റ് തിന്നുമ്പോ ചെമ്മക്കൻ ഇങ്ങനെ ആലോയ്ച്ചു. പുത്യേ ചെങ്ങായി മന്നപ്പോ പെരക്കാർ മൊത്തം പോയി. അതാണ് ഇപ്പൊ ഒരു സമാധാനം. പൗസ്യന്റെ കൈലോണ്ട് ള്ള ഏറും ല്യ. മിജൂന്റെ പൊടി പോലും കാണാല്യ. ആൾ കൊറഞ്ഞപ്പോ കണ്ടനും പോയി. അങ്ങനെ മെല്ലെ മെല്ലെ സമയമെടുത്തു പെട്ടച്ചീനെ വളച്ചു.
പുതിയ മൻസൻ ബെരുതെ അങ്ങട്ടും ഇങ്ങട്ടും നടക്കും. കൊറേ നേരം കയ്യിലെ പെട്ടിമ്മെ നോക്കി ഇരിക്കും. പിന്നെ നീച് അകത്തു പോകും പോറത് വരും ആരെങ്കിലും അപ്പൊറത്തോ ഇപ്പോരത്തോ ണ്ടോ നോക്കും. പിന്നേം അകത്തു പോകും . ഇത് കണ്ട് ചെമ്മക്കനു നല്ല രസം ആയീന്. മൂപ്പര് എന്തേലും ഒക്കെ ഇണ്ടാക്കും. ന്നിട്ട് അയമ്മക്ക് കോറച്ചേരം നോക്കും. ന്നിട്ട് തിന്നും. ബാക്കി മ്മക്ക് തെരും. രസന്തച്ച, മാക്സിമം ഞങ്ങൾ ആണ് തിന്നത്.
ഒരാഴ്ച അങ്ങനെ കഴിഞ്ഞു. തീരെ ബോധം ഇല്ലാത്ത പെട്ടച്ചി നടക്കും വഴിലൊക്കെ മുട്ടയിട്ടു കൂട്ടി. കൊറേ അയാൾ പെറുക്കി വെച്ച്. അങ്ങനെ ഇന്നലെ ബാക്കി എല്ലാരും വന്നു. ഇനി യുദ്ധം ആയിരിക്കും. മിജുവും, മു'മിനയും ഇനി നമ്മടെ നേർക്ക് തുടങ്ങും.
ഇന്നലെ ബൈന്നാരം പൗസ്യ ആർക്കോ വിളിച്ചു പറയുന്ന കേട്ട് കുഞ്ഞുട്ടിക്ക് നെഗറ്റീവ് ആണെന്ന്. അങ്ങനെ പുതിയ ആൾ നെഗറ്റീവ് ആണെന്ന് മനസ്സിലായി.
തലേന്ന് രാത്രിയിൽ അകത്തു നടന്ന ഗൂഢാലോചന അവൻ അറിഞ്ഞില്ല. തികച്ചും കശ്‌മലനും പുതിയവനുമായ നെഗറ്റീവിന് വേണ്ടി ഒരു സർപ്രൈസ് വെക്കാൻ പൗസ്യ തീരുമാനിച്ചിരുന്നു. അത് അയാൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ആയി കൊടുക്കാൻ ആണ് അവളുടെ പരിപാടി. അന്ന് പകൽ കോഴിക്കുഞ്ഞുങ്ങളെ വിരട്ടി നടന്ന ചെമ്മക്കന്റെ മേലിൽ ഒരു പിടിത്തം വീണു. എന്തെന്ന് മനസ്സിലാകും മുൻപ് വായ് പൈപ്പിൻ ചോട്ടിൽ പിടിക്കലും തക്ബീറും കഴിഞ്ഞു. വല്ലതും മനസിലാകും മുൻപ് ചെമ്മക്കൻ നെഗറ്റിവിന്റെ വയറ്റിലായി. അപ്പൊ കോഴിക്കൂടിന്റെ മൂലയിൽ അടയിരുന്ന കറുമ്പിക്കൊഴിയുടെ മുട്ടകൾ വിരിയുകയായിരുന്നു.