(V. SURESAN)
ജന്മി എന്ന പേര് ഇപ്പോഴും മാറിയിട്ടില്ല. നെൽകൃഷി നിശേഷം നിലച്ചു. ഇപ്പോഴുള്ളത് കുറച്ചു തെങ്ങുകളാണ്. പൂർവ്വികരുടെ പാത പിന്തുടർന്നുകൊണ്ട്ക ൽപ്പവൃക്ഷത്തെ സ്നേഹിക്കാനും ജീവിതോപാധി ആക്കാനും ജന്മി ശ്രമിച്ചു വന്നു.
അതുകൊണ്ടുതന്നെ തൻറെ ഏക മകനെയും ഒരു കൽപ്പവൃക്ഷമായി വളർത്താൻ അയാൾ ആഗ്രഹിച്ചു. പക്ഷേ അവൻ വളരുമ്പോൾ തന്നെ വളയുകയും കുരുങ്ങുകയും ചെയ്യുന്നതാണ് കണ്ടത്. നേരെ നിവർന്നു വരാൻ ജന്മി ചെയ്ത ശ്രമങ്ങൾ ഉദ്ദേശിച്ച ഫലം കണ്ടതുമില്ല.
കൗമാര പ്രായമെത്തിയപ്പോൾ അവൻറെ കൂമ്പടയാതിരിക്കാൻ ജൈവ തൈലം തളിച്ച് സംരക്ഷിക്കാൻ നോക്കി. എന്നാൽ അവൻ കൂമ്പുകളെ കൊച്ചങ്ങ ആകാൻ അനുവദിക്കാതെ കള്ളു കച്ചവടത്തിന് വിട്ടുകൊടുത്തു. ലഹരിയും ഉത്തേജനവും പോരാതെ, തടി തുരന്ന് ആ സുഷിരങ്ങളിൽ വീര്യം കൂടിയ മരുന്നുകൾ നിറച്ചു. കൂടുതൽ പണവും ലഹരിയും കിട്ടാൻ എന്തെല്ലാം പുതു മാർഗങ്ങൾ!
ഭാവിയുടെ കൂമ്പടയുന്നത് കണ്ട് ജന്മി ആലോചിച്ചു: തനിക്ക് എവിടെയാണ് പിഴച്ചത്?
ഒരു ദിവസം അയാൾ സഹികെട്ട് മകൻറെ മുഖത്തുനോക്കി പറഞ്ഞു: "മക്കൾക്കു പകരം പത്തു തെങ്ങിൻ കൈ വച്ചാൽ മതി എന്നു പറയുന്നത് എത്ര ശരിയാണ്."
"ഓ... പിന്നെ. നട്ട തെങ്ങുകളുടെ ഗതി കണ്ടില്ലേ? മണ്ടരി പിടിച്ച് മുറിച്ചു മാറ്റാറായി. എല്ലാം ഗതി പിടിക്കാത്ത മക്കളുടെ ശാപമാണ്. "
അതുകേട്ട് ജന്മി നിശബ്ദനായി. പിന്നെ മണ്ടരിയുടെ മരുന്നുവാങ്ങാനായി അയാൾ കൃഷിഭവനിലേക്ക് പോകാനിറങ്ങി. അപ്പോഴാണ് തൻറെ ഉത്തേജക മരുന്ന് തീർന്ന കാര്യം മകൻ ഓർത്തത്. അവൻ ജന്മിയെ തടഞ്ഞുനിർത്തി ശബ്ദമുയർത്തി :
"എനിക്ക് ആയിരം രൂപ വേണം."
"ഇപ്പോൾ എൻറെ കയ്യിൽ ഇല്ല."
"നാളെ എന്തായാലും എനിക്ക് രൂപ കിട്ടണം. ഇല്ലെങ്കിൽ അറിയാമല്ലോ - "ഭീഷണിമുഴക്കി മകൻ ഇറങ്ങിപ്പോയി.
കൃഷിഭവനിലെത്തിയ ജന്മി മണ്ടരിയുടെ മരുന്നു വാങ്ങുന്നതിന് പകരം അസുഖം വന്ന തെങ്ങ് മുറിച്ചു മാറ്റുന്നതിനുള്ള അപേക്ഷ പൂരിപ്പിച്ച് നൽകി. ഒരു തെങ്ങിന് 500 രൂപ ലഭിക്കും.
"മണ്ടരിക്കുള്ള മരുന്നു വേണ്ടേ?" -ഉദ്യോഗസ്ഥൻ ചോദിച്ചു.
"മണ്ടരി തെങ്ങിനല്ല.. തെങ്ങിനല്ല.. മരുന്നു വേണം.. വാങ്ങണം.."
ഉദ്യോഗസ്ഥന് മനസ്സിലാകാത്ത വാക്കുകൾ പുലമ്പിക്കൊണ്ട് ജന്മി കൃഷിഭവനിൽ നിന്ന് ഇറങ്ങി നടന്നു.