മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Sreehari Karthikapuram)

സമയം പത്ത് മണി കഴിഞ്ഞിരിക്കുന്നു. കൊച്ചി എയർപോർട്ടിൽ നിന്ന് വിൻസന്റ് പുറത്തേക്ക് വരുന്നത് കണ്ടാണ് ജോഷി അവനെ കൈ ഉയർത്തി കാണിച്ചത്. ജോഷി വിൻസൻറിന്റെ പണ്ടുമുതലേ ഉള്ള സുഹൃത്താണ്. അതു കൊണ്ട് തന്നെ ഒരു ആവശ്യത്തിന് വിളിച്ചപ്പം അവനേ ഉണ്ടായിരുന്നുള്ളു.

"ഹായ് മച്ചാ, എന്തുണ്ട് വിശേഷം.. യാത്രയൊക്കെ സുഖമായിരുന്നില്ലേ... "

ജോഷിയുടെ ചോദ്യത്തിന് വിൻസന്റ് ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.

എന്ത് വിശേഷം, പതിനെട്ട് വർഷമായ് മരുഭൂമിയിൽ കിടന്ന് വിയർപ്പൊഴുക്കുന്നു. കിട്ടുന്ന ശമ്പളത്തിൽ നിന്ന് കുന്നിക്കുരു പോലെ എണ്ണി തിട്ടപ്പെടുത്തി നാട്ടിലേക്കയക്കുമ്പോൾ അവിടന്നുള്ള മറുപടി എത്തും..
"പിള്ളേർക്ക് ട്യൂഷൻ ഫീസ്, വീട്ട് വാടക, ബാങ്കിലെ ലോൺ, പെങ്ങമ്മാരെ കെട്ടിച്ചയച്ചാൽ പോര അതിന്റെ കടം വീട്ടണം, കരണ്ട്, വെള്ളം, വണ്ടി വാടക.. അങ്ങനെയങ്ങനെ.. "
ഓരോ കടവും തീർത്ത് വരുമ്പോൾ അടുത്തത് തുടങ്ങിയിട്ടുണ്ടാവും.. പറച്ചിലിൽ ഗൾഫുകാരന്റെ കുടുംബമാണ്.. പ്രവാസികളുടെ ജീവിതം എണ്ണിച്ചുട്ട അപ്പം പോലെയാണെന്ന് ആരും ഓർക്കാറില്ലല്ലോ..

നാട്ടിലേക്ക് ഉടനെയെങ്ങും വരണമെന്ന് നിരീച്ചതല്ല, പക്ഷെ കാലം വിൻസന്റിനെ വീണ്ടും ഇവിടേക്ക് കൊണ്ടുവന്നു. 

ഫ്ലൈറ്റിൽ കയറിയപ്പോൾ മുതൽ പതിവില്ലാത്ത ചെക്കിംഗ് ആണ്. ആളുകൾ മീറ്ററുകൾ അകലം പാലിച്ചു നടക്കുന്നു. കണ്ടാൽ ഓടി വന്ന് കെട്ടിപ്പിടിച്ചിരുന്ന ജോഷി പോലും ഒന്നര മീറ്റർ മാറിയാണ് നടപ്പ്. എല്ലാവരുടെയും മുഖങ്ങളിൽ മാസ്ക് ഒരു അലങ്കാര വസ്തുവാണ്. പല നിറത്തിലും ഡിസൈനിലും ചെയ്തവ മൂക്കും വായും അടച്ചിരിക്കുന്നു.
ശരിക്കും തന്നെ ഒരു ഭീകരജീവിയായ് തനിക്ക് ചുറ്റുമുള്ളവർ തീരുമാനിച്ച പോലെയാണ് അവന് തോന്നിയത്. അതിലൊന്നും വിൻസന്റിന് തെല്ലും വിഷമമോ പരിഭവമോ ഉണ്ടായിരുന്നില്ല.. അവർ അവരുടെ സുരക്ഷിതത്വം നോക്കുന്നു, നോക്കട്ടെ..

തന്റെ ബാഗടക്കമുളള സാദനങ്ങൾ വിൻസന്റ് തന്നെയാണ് ചുമന്ന് വണ്ടിയിൽ കയറ്റിയത്. ഡിക്കി അടച്ചതും ജോഷി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. പുറകിൽ കയറിയാൽ മതിയെന്ന് ഒരു നിർദ്ദേശവും അവൻ കൊടുക്കാൻ മറന്നില്ല.

വിൻസന്റ് വണ്ടിക്കുള്ളിലേക്ക് കയറി. വണ്ടിക്കുൾ വശം ഗ്ലാസ് ഉപയോഗിച്ച് രണ്ട് ഭാഗങ്ങൾ ആക്കിയിരുന്നു. പുറകിൽ ഇരിക്കുന്നവർ സംസാരിച്ചാൽ പോലും കേൾക്കാൻ ഡ്രൈവർക്ക് കഴിയില്ലെന്ന് അയാൾക്ക് തോന്നി. ജോഷി സാനിട്ടൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷമാണ് വാഹനം മുൻപോട്ട് എടുത്തത്.

മനുഷ്യൻ മനുഷ്യനെ അകറ്റി നിർത്തുന്ന കാലമാണ്. ഒരു രോഗം അതിന്റെ സർവ്വ ശക്തിയുമെടുത്ത് സംഹാരമാടിയപ്പോൾ മാറിയത് ഈ ലോകം തന്നെയാണ്.

വിൻസന്റ് മയക്കത്തിൽ നിന്നുണർന്നത് കാർ വലിയൊരു കട്ടറിൽ കയറി ഇറങ്ങിയപ്പോഴാണ്. കൊറോണ വന്നില്ലങ്കിൽ എന്താണ് മനുഷ്യനെ കൊല്ലാൻ ഈ കുഴികൾ ധാരാളമാണല്ലോ, കേരളത്തിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്രക്കൊപ്പം ഉയാരാൻ കൊറോണ ക്കെന്നല്ല ഒരു രോഗത്തിനും കഴിയില്ല എന്നയാൾക്ക് തോന്നി.

വിൻസന്റിന്റെ തറവാട്ട് വീടിന് മുമ്പിലേക്ക് കാർ പതിയെ അടുത്തു. വണ്ടി ഗെയ്റ്റ് കടന്ന് ഉള്ളിലേക്ക് കയറി. ഇവിടെ ആരും താമസമില്ല. അത് കൊണ്ട് തന്നെയാണ് ഈ വീട് തിരഞ്ഞെടുത്തതും..
കാർ നിർത്തിയ ശേഷം ജോഷി വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി.
" നീ ഇരിക്ക്, ഞാനൊന്ന് നോക്കട്ടെ.. " അതും പറഞ്ഞ് ജോഷി വീടിന്റെ ഉമ്മറത്തേക്ക് കയറി. തൂണിന്റെ മുകളിൽ തപ്പി ഒരു താക്കോൽക്കൂട്ടം കൈയിലെടുത്തു. ഫ്രണ്ട് ഡോർ തുറന്നിട്ടതിന് ശേഷം ജോഷി കാറിനടുത്തേക്ക് വന്നു.

പെട്ടന്നാണ് ഗെയ്റ്റ് കടന്ന് കുറച്ച് ചെറുപ്പക്കാരും രണ്ടു മൂന്ന് സ്ത്രീകളും അങ്ങോട്ടേയ്ക്ക് വന്നത്. അവർ വരവ് പന്തിയല്ല എന്ന് തോന്നിയതിനാലാവണം ജോഷി അവർക്കടുത്തേക്ക് ഇറങ്ങി ചെന്നു.

"ഇത് ഞങ്ങൾ ഇവിടെ സമ്മതിക്കില്ല.. " കൂട്ടത്തിലെ ഒരു സ്ത്രീ ഉച്ചത്തിൽ പറയുന്നത് വിൻസന്റിന് കേൾക്കാമായിരുന്നു.
"ഇയാൾക്ക് കൊറോണയില്ലെന്ന് ആര് കണ്ടു.. ഇതിന് ചുറ്റവട്ടത്തൊക്കെ പ്രായമായവരും പിള്ളേരുമൊക്കെ താമസമുള്ളതാ... ഇവിടെ ഇയാളെ താമസിക്കാൻ ഞങ്ങൾ സമ്മതിക്കത്തില്ല.. "
അവരുടെ ശബ്ദം ഉയരുകയും സ്ഥിതി മോശമായ് കൊണ്ടിരിക്കുകയും ചെയ്തു.
പ്രശ്നം കൈയ്യിൽ നിൽക്കില്ല എന്ന് തോന്നിയത് കൊണ്ടാവണം ജോഷി വാതിൽ ലോക്ക് ചെയ്ത് തിരികെ വണ്ടിക്കകത്തേക്ക് കയറി.

"ഇനി എന്ത് ചെയ്യും..?" വിൻസെന്റിന്റെ ആകാംഷ നിറഞ്ഞ ചോദ്യത്തിന് ജോഷി വഴിയുണ്ടാക്കാം എന്ന് മാത്രമാണ് പറഞ്ഞത്. അവന്റെ മുഖം മുറുകിയിരുന്നു.

വണ്ടി ഗെയ്റ്റ് കടന്ന് തിരികെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലേക്കിറങ്ങി. വണ്ടിക്ക് അല്പം സ്പീട് കൂടുതലായ് അവന് തോന്നി. ഈ റോഡിൽ ഇത്രയും സ്പീടിലുള്ള യാത്ര വിൻസെന്റിനെ തളർത്തുന്നുണ്ടായിരുന്നു. തന്നെ കൂട്ടിക്കൊണ്ട് വന്നത് അബദ്ധമായെന്നും ആ ദേഷ്യമായിരിക്കും ഇത്രയും വേഗതയിൽ അവൻ തീർക്കുന്നതെന്നു പോലും വിൻസന്റ് സംശയിച്ചു.

പണിതീരാത്ത ഒരു ഇരുനില വീടിന്റെ മുമ്പിലേക്കാണ് ജോഷി വണ്ടി ഓടിച്ച് കയറ്റിയത്. ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയിട്ട് ജോഷി പറഞ്ഞു.

"ഇതെന്റെ പണിയുന്ന പുതിയ വീടാണ്. നിനക്ക് ഇവിടെ താമസിക്കാം."
വിൻസെന്റ് മറുപടി ഒന്നും പറഞ്ഞില്ല. അയാൾക്ക് ഈ യാത്ര ഒന്ന് അവസാനിച്ച് കിട്ടിയാൽ മതിയായിരുന്നു.

പക്ഷെ, അവിടെയും അവസ്ഥ മറ്റൊന്നായിരുന്നില്ല.
അറിഞ്ഞവർ അറിഞ്ഞവർ ചീത്ത വിളികളുമായ് അവർക്ക് നേരെ ഓടിക്കൂടി. സ്വന്തം ഭാര്യ പോലും ഇയാളെ ഇവിടെ താമസിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ജോഷി ശരിക്കും തളർന്ന് പോവുന്നത് വിൻസന്റ് കണ്ടു.

അയാൾക്ക് സങ്കടം തോന്നി, തനിക്ക് വേണ്ടി, അവനും...

പെട്ടന്നാണ് വിൻസന്റിന്റെ ഫോൺ റിംഗ് ചെയ്തത്. പഴയ ഒരു സുഹൃത്താണ്. ആൾ ഇപ്പോൾ ഒരു പ്രമുഖ മലയാളം വാർത്താ ചാനലിലെ അവതാരകനാണ്. ഗൾഫിൽ പോയെങ്കിലും ഇടയ്ക്കൊക്കെ ഫോണിലൂടെ ബന്ധങ്ങൾ നിലനിർത്താൻ വിൻസന്റ് ശ്രമിക്കാറുണ്ട്.

കാൾ അറ്റൻഡ് ചെയ്തതും വിൻസന്റ് പറഞ്ഞത് എനിക്കൊരു സഹായം വേണം എന്നായിരുന്നു. തുടർന്ന് അയാൾ നടന്ന കാര്യങ്ങൾ തന്റെ ആത്മ സുഹൃത്തിനോട് വിശദീകരിച്ചു. ഞാൻ നോക്കട്ടെ, എന്ന് പറഞ്ഞ് കാൾ കട്ട് ചെയ്തിട്ടും വിൻസന്റിന്റെ മനസിലെ ആശങ്ക അവനെ വിട്ടൊഴിഞ്ഞിരുന്നില്ല.

ഒരു അര മണിക്കൂർ കഴിഞ്ഞപ്പോഴ്ത്തേക്കും ഒരു പോലീസ് വാഹനം അവരുടെ വണ്ടിക്ക് തൊട്ട് പുറകിലായ് വന്ന് നിന്നു. പുറകേ ഒരു 108 ആമ്പുലൻസും.

ആ മാധ്യമ പ്രവർത്തകന്റ ഇടപെടൽ ഗുണം കണ്ടു. മനസിൽ ആ ആത്മാർത്ഥ സുഹൃത്തിനും ഇത്രയും നേരം തന്നെ സഹായിക്കാൻ ശ്രമിച്ച ജോഷിയോടും നന്ദി പറഞ്ഞ് ആ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ വിൻസന്റ് സർക്കാരിന്റെ ക്വാറന്റൈൻ സെന്ററിലേക്ക് മാറി.

തന്റെ വിശ്രമസമയങ്ങളിൽ വിൻസന്റ് ആലോചിച്ചത് മറ്റൊന്നും ആയിരുന്നില്ല.

ജനങ്ങളുടെ മുന്നിൽ തന്നെപ്പോലുള്ളവരെ ഭീകര ജീവികളാക്കുന്നത് ആരാണ്..?

സുരക്ഷ ഒരുക്കുകയല്ല അവർ ചെയ്തത്. തല്ലി ഓടിക്കുകയാണ്.

തങ്ങളെ പോലുള്ള പ്രവാസികൾ അന്യനാടുകളിൽ കിടന്ന് ചോര നീരാക്കി പണിയെടുക്കുമ്പോൾ പുലരുന്നത് അവരുടെ കുടുംബം മാത്രമല്ല, ഈ നാടിന്റെ സാമ്പത്തിക വ്യവസ്ഥിതി കൂടിയാണ്.

എന്നാൽ, ഇവടുത്തെ ജന സമൂഹത്തെ വേണ്ട രീതിയിൽ ബോധവൽക്കരണം നൽകാൻ ഇവിടുത്തെ അധികാരി വർഗം തയാറാവുമായിരുന്നു എങ്കിൽ തന്നെപ്പോലുള്ള പ്രവാസികൾക്ക് ഈ ഗതി വരില്ലായിരുന്നു.

വിൻസെന്റ് തന്റെ ഫോൺ കൈയ്യിലെടുത്തു. അതിൽ തന്റെ ഭാര്യയുടെ മിസ്ട് കാൾ അപ്പോഴാണ് അയാൾ കണ്ടത്. വിൻസന്റ് അതിലേക്ക് തിരിച്ച് വിളിച്ചു.
താൻ സുരക്ഷിതനാണ് എന്ന ഉറപ്പോടെ...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ