mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

രാവിലെ മുറ്റമടിച്ചു നിന്നനേരത്താണ് അമ്മച്ചിയൊരുപോക്ക് പോയത്. വടക്കേമൂലയ്ക്ക് തൂത്തുകൂട്ടി വച്ച കരിയില കൂനയും, ചൂലുംക്കെട്ടും ഒന്നും മനസിലാവാതെ പരസ്പരം നോക്കി. കരിയില പറഞ്ഞു “മഴയ്ക്ക് കോളുണ്ടല്ലോ

ഈയമ്മച്ചി എന്തൊരു കിടപ്പാ”, ചൂലുമത് ശെരി വെച്ചു. പയറുപോലെ ഓടിനടന്ന അമ്മച്ചിയാണ് ഈ കിടപ്പു കിടക്കുന്നത് അവര്‍ രണ്ടും നിലവിളിക്കാന്‍ തുടങ്ങി. അമ്മച്ചിയാവട്ടെ വടക്കേ മുറ്റത്തെ കായ്ക്കുന്ന തെങ്ങും ചോട്ടില്‍ കൊതുമ്പുകളെണ്ണി മലര്‍ന്നു കിടന്നു.

"ദേ അമ്മച്ചിയെ മഴ പെയ്യും കേട്ടോ എണീറ്റെ" ചൂല് നീണ്ട വിരലുകള്‍ നീട്ടി അവരെയുണര്‍‍ത്താന്‍ ശ്രമിച്ചു. സൂര്യനുദിക്കും മുന്നേ ഇതൊക്കെ തീരേണ്ടേ അവര്‍ വേവലാതി പൂണ്ടു. ഇന്നലെ നല്ല ക്ഷീണം ഉണ്ടായിരുന്നു മുറ്റമടിക്കും നേരം എന്നോട് പറഞ്ഞതാ എനിക്കിനി അധികനാളൊന്നും ഇല്ലടി കൊച്ചേ, ഞാന്‍ പോയാല്‍ പിന്നെ ഈ പറമ്പും, വീടുമൊക്കെ വിറ്റു വീതം വെയ്ക്കാന്‍ മക്കളെല്ലാം മത്സരം ആയിരിക്കും, അതിയാന്‍ ഉള്ളകാലത്തു എല്ലുമുറിയെ പണിയെടുത്തു ഉണ്ടാക്കിയതാ ഈ മണ്ണും വീടും, അന്നൊരു ഓലപ്പെര ആയിരുന്നെ, ജോസൂട്ടി ഉണ്ടായ ശേഷമാ ഒന്ന് പച്ചപിടിച്ചത്. പിള്ളേര്‍ക്കൊന്നും ഈ കഷ്ടപ്പാടൊന്നും അറിയില്ലന്നെ, അവരെ ഒരു ബുദ്ധിമുട്ടും അറിയിച്ചിട്ടില്ല, മക്കളൊക്കെ വളര്‍‍ന്നു മറുകര തേടി പറന്നപ്പോള്‍ അങ്ങൊരു പറഞ്ഞത് നമ്മുക്ക് നമ്മളെ ഉള്ളെടി കൊച്ചേയെന്നാ, അതിയാനെന്നാ പോക്കാരുന്നെന്നോ സുഖവാസത്തിനു പള്ളിസെമിത്തേരിയിലേക്ക്, പോകുന്ന പോക്കില്‍ എന്നെ ഒന്ന് നോക്കിയെടി, സാറാ കൊച്ചേ എന്നൊരു വിളിമാത്രം, അവര്‍ പെരയ്ക്ക് ചുറ്റും വളര്‍ന്ന കളകള്‍ പിഴുതുകൊണ്ട് ചൂലിനോട് പറഞ്ഞപ്പോള്‍, അത് ദേഷ്യഭാവത്തില്‍ തന്നെ വരിഞ്ഞു മുറുക്കിയ കയറിനോട് മല്ലിട്ടു, ആഹാ നീ എന്നോട് കളിക്കുന്നോ, അവരതിനെ മുറുക്കി കെട്ടി...

അമ്മച്ചിയ്ക്ക് മാത്രമിതോന്നും കേട്ടിട്ട് ഒരു അനക്കവും ഇല്ലായിരുന്നു, ഭൂമിയിലെ കെട്ടുപാടുകളെല്ലാം തീര്‍ത്തവര്‍ ഒരുപോക്ക് പോയി. മുറ്റത്തെ സംഭവങ്ങള്‍ അറിയാതെ അടുക്കളയിലെ അന്തേവാസികളിൽ ചിലരും അമ്മച്ചിയെ കാണാതെ വ്യാകുലപ്പെടുന്നുണ്ടായിരുന്നു. വിറക് അടുപ്പിലെ കലത്തില്‍ തിളച്ചു മറിയുന്ന ഗോതമ്പു കഞ്ഞി പറഞ്ഞു. ഞാനിപ്പോള്‍ പായസ പരുവം ആവും ഈയമ്മച്ചിയെവിടെ പോയോ, കലമൊന്നും മറുപടി നല്‍കാതെ വിറകിനോട് പറഞ്ഞു നീ.. തീ അണചേക്കു, അമ്മച്ചി എന്നൊരു സത്യം ഇല്ലാതായിരിക്കുന്നു. വിറകപ്പോള്‍ വിങ്ങലോടെ ആളി കത്തിതീരാന്‍‍ തുടങ്ങി.

പാത്രങ്ങള്‍, ഗ്ലാസ്സ് സെറ്റുകളഅ‍, അരകല്ല്, മുറം, പുല്‍‍ചൂല്‍, ഗ്യാസ് കുറ്റിയും, അടുപ്പും, ഉച്ചയ്ക്ക് കൂട്ടാനായി താളിച്ചു വെച്ച മോര് കറിയും, തോരനും ഇവയെല്ലാം കൂട്ടത്തോടെ ആര്‍ത്തു കരഞ്ഞു "അമ്മച്ചിയെ പൊന്നമ്മച്ചിയെ",

മുറത്തിൽ പേറ്റാന്‍ ഇട്ടിരുന്ന മട്ട അരിയില്‍ ഒരുപിടി തൂവിയപ്പോള്‍ എന്റേം നിന്റെം കാലം തീര്‍ന്നെന്ന നെടുവീര്‍‍പ്പില്‍ മുറം തനിയെ പേറ്റാന്‍ തുടങ്ങി.

പത്രക്കാരന്‍ ജോസപ്പന്‍ പതിവ് സമയത്തു പത്രക്കെട്ടുമായിയെത്തിയപ്പോഴാണ് മുറ്റത്ത് മലച്ചു കിടക്കുന്നത് കണ്ടത്. അയ്യോ ചേട്ടത്തി അയാള്‍ അവരെ കുലുക്കി വിളിച്ചു, അവരില്‍ നിന്നും ഒരു അനക്കവും ഇല്ലാതെ വന്നപ്പോള്‍ അയാള്‍ ഒരു നിലവിളിയോടെ ഇറങ്ങി ഓടി, ഓടുന്ന പോക്കില്‍ അയാള്‍ വിളിച്ചു കൂവുന്നുണ്ടായിരുന്നു തെക്കൊലയിലെ ചേട്ടത്തി പോയേ... പിന്നീടെല്ലാം പെട്ടന്ന് ആയിരുന്നു പോലീസും, ആംബുലന്‍സും, പള്ളിയും, പട്ടക്കാരും.. അമ്മച്ചിയുടെ ഹൃദയം നിലച്ചു മണിക്കൂറൊന്നായെന്ന് ഡോക്ടര്‍ സ്ഥിതീകരിച്ചപ്പോൾ കരിയില രോഷത്തോടെ പല്ലിറുമ്മി ഒരു ഡോക്ടർ, ഞങ്ങളിതു നേരത്തെ അറിഞ്ഞതാ ചൂലും അത് ശെരിവെച്ചു. പിന്നീടെല്ലാം വേഗത്തിലായിരുന്നു.

പന്തലൊരുങ്ങി, പറമ്പ് വൃത്തിയാക്കാന്‍ വന്നവര്‍ കരിയിലയേയും, ചൂലിനേയും വാരി ചപ്പുകുഴിയിലേക്ക് എറിഞ്ഞപ്പോള്‍ കൂര്‍ത്ത തന്റെ വിരലുകള്‍ കൊണ്ട് എറിഞ്ഞവന്റെ നഖത്തിലേക്കൊരു ആരു കുത്തിയിറക്കാന്‍ മറന്നില്ലവന്‍.. വിദേശത്തുള്ള മക്കള്‍ എത്തും മുന്നേ അമ്മച്ചിയെ ഫ്രീസ് ചെയ്യാന്‍ വെച്ചു. ചൂടുപോയി തണുത്തുറഞ്ഞ ഗോതമ്പുകഞ്ഞി പറഞ്ഞു

"എന്റമ്മച്ചിക്ക് തണുപ്പ് പറ്റില്ലാന്ന് അറിയില്ലേ, ശ്വാസം മുട്ടി ആ പാവം വിഷമിക്കുന്നത് ആര് കാണാന്‍"..

കഞ്ഞിക്കലം അപ്പോഴും നിശബ്ദനായിരുന്നു. മക്കളെത്തി ആളും പത്രാസോടെ അമ്മച്ചിയെ പള്ളിസെമിത്തേരിയിലെ കുടുംബകല്ലറയില്‍ അച്ചാച്ചന്റെ കൂടെ തന്നെ അടക്കം ചെയ്ത് മക്കള്‍ വീട്ടിലെത്തിയപ്പോള്‍, അടുപ്പിലെ വിറക് കരഞ്ഞു കരഞ്ഞു കഞ്ഞിക്കലത്തിനെ പൂര്‍ണമായും കരിച്ചിരുന്നു. അതിനുള്ളിലെ ഗോതമ്പ് കഞ്ഞി ഓരോ കോണിലും, വക്കിലും പറ്റിപിടിച്ചിരുന്നിരുന്നു. അവരത് നാശം എന്ന് പറഞ്ഞു എടുത്തൊരു ഏറു പറമ്പിലെ കുഴിയിലേക്ക്..

ആ കുഴിയില്‍ കരഞ്ഞു തളര്‍ന്നു കിടന്ന ചൂലും, കരിയിലയും പറഞ്ഞു നമ്മുടെ ലോകവും അമ്മച്ചിയോടൊപ്പം തീര്‍ന്നല്ലേ.. അതുവരെ നിശബ്ദനായിരുന്ന കഞ്ഞിക്കലം ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങി..

ആകാശചെരുവില്‍ നിന്നൊരു മഴത്തുള്ളി അവരിലേക്കപ്പോള്‍ ഒന്ന്, രണ്ട്, മൂന്നങ്ങനെ തുള്ളികളായി പെയ്തിറങ്ങി..

ഒരു മിന്നല്‍ വെളിച്ചത്തില്‍ അവരാക്കാഴ്ച കണ്ടു ചട്ടയും മുണ്ടും ധരിച്ചു കസവിന്റെ ധാവണിയും ചുറ്റി അമ്മച്ചി തങ്ങളെയും, അവര്‍ വളര്‍ന്ന വീടിനെയും ഉറ്റു നോക്കി നില്‍ക്കുന്നു. താന്‍ ഈ ലോകം വിട്ടു പോകുമ്പോള്‍ തനിക്ക് തുണയായി ഈ നിശബ്ദ ജീവികളെ ബാക്കിയുള്ളുവെന്ന തിരിച്ചറിവാണോ

അവര്‍ പതിയെ ആ വീടിനെ നോക്കി സഹവാസികളായ താന്‍ എന്നും സംസാരിക്കുന്ന ആ നിശബ്ദ ജീവികളെ നോക്കി പുഞ്ചിരിച്ചു.

"മക്കളെ "എന്നവരുടെ ഒരുവിളിയെ ഭേദിച്ചു കൊണ്ട് ഒരു മിന്നല്‍ കൂടി ആകാശത്ത് വിരിഞ്ഞിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ