മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"അമ്മേ ഇന്ന് ടീച്ചർ ഞങ്ങളോട് "പ്രതീക്ഷ"എന്ന വിഷയത്തിൽ ഒരു കഥ എഴുതാൻ പറഞ്ഞു.ഞാൻ എഴുതിയതാ ടീച്ചറിനു ഏറ്റവും ഇഷ്ടപ്പെട്ടത്!" സ്കൂളിൽ നിന്ന് വന്ന ഉടനെ മീനാക്ഷി പറഞ്ഞു.അടുക്കളയിലെ പിടിപ്പതു ജോലികൾ ചെയ്തു

തീർക്കാനുള്ള ധൃതിയിലായിരുന്നു നന്ദിത.മകളുടെ മുഖത്തേക്ക് നോക്കിയപ്പോൾ എല്ലാവരുടെയും മുന്നിൽ അഭിനന്ദനത്തിനു പാത്രമായ സന്തോഷത്താൽ കുഞ്ഞു മുഖം തിളങ്ങുന്നുണ്ടായിരുന്നു. "പ്രതീക്ഷ" എന്ന വാക്ക് നന്ദിതയിൽ ഉളവാക്കിയത് വേദനയോ നിരാശയോ അതോ അത്ഭുതമോ?മേൽപ്പറഞ്ഞ വികാരങ്ങളെല്ലാം സംയോജിച്ചവളുടെ ഹൃദയത്തിലൂടെ കടന്നു പോയിട്ടുണ്ടാകണം.പാത്രങ്ങൾ ഒതുക്കി വച്ച് കൈ കഴുകി അവളുടെ അടുത്തേക്ക് ചെന്നു. മീനാക്ഷി എടുത്തു കാണിച്ച ചെറിയ അക്ഷരങ്ങളിലെ കഥ ആവേശത്തോടെയാണ് അവൾ വായിച്ചത്. വായിച്ചു കഴിഞ്ഞു മുഖത്തേക്ക് നോക്കുമ്പോൾ കൗതുകമായിരുന്നു ആ കണ്ണുകളിൽ.ഒരേഴാം ക്ലാസ്സുകാരിക്ക് ഇത്ര നന്നായി എഴുതാൻ കഴിയുമോ!വിസ്മയത്തോടെ കഥയിലൂടെ വീണ്ടും വീണ്ടും കണ്ണോടിച്ചു.മിടുക്കിയെന്നു പറഞ്ഞു നെറുകയിൽ ഉമ്മ വച്ചു. ഇനിയും എഴുതണം.തലയാട്ടികൊണ്ട് മീനാക്ഷി മുറിയിലേക്ക് പോയി.മനസിന്റെ അടിത്തട്ടിൽ നിന്നും ഉയർന്നു വന്ന ചിന്തകൾക്കും ഓർമ്മകൾക്കും തൽകാലത്തേക്ക് ബ്രേക്ക്‌ കൊടുത്തു ജോലികളിൽ മുഴുകുമ്പോഴും "പ്രതീക്ഷ"ഉള്ളിന്റെ ഉള്ളിൽ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.

ചുവരലമാരയുടെ താഴേത്തട്ടിൽ പൊടി പിടിച്ചിരിപ്പുണ്ടായിരുന്ന കാൽപെട്ടി അവൾ പുറത്തേക്കെടുത്തു. അടുത്തെങ്ങും തുറക്കാത്തതിനാൽ പൂട്ട്‌ കിരുകിരാ ശബ്ദം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു.തുറന്നപ്പോൾ ഗൃഹാതുരത്വ് ത്തിന്റെ മണം നാസികയെ ത്രസിപ്പിച്ചു.ആരോടെന്നില്ലാതെ തുമ്മലിനെ പഴിച്ചു കൊണ്ട് പെട്ടിയിലെ സാധനങ്ങൾ ഓരോന്നായി നന്ദിത പുറത്തേക്കെടുത്തു.ആദ്യം കയ്യിൽ തടഞ്ഞത് മഞ്ചാടി നിറച്ച ഒരു കൊച്ചു പളുങ്ക് കുപ്പിയായിരുന്നു.കോളേജിലെ ഗ്രൂപ്പ്‌ ഫോട്ടോയിൽ ഇടത്തേയറ്റം നീല ചുരിദാർ ധരിച്ച പെണ്‍കുട്ടി!"മോൾക്കെന്റെ ഛായ തന്നെ.! ഓട്ടോഗ്രാഫും മറ്റും മാറ്റി നോക്കിയപ്പോൾ അതാ ഇരിക്കുന്നു അവൾ തിരഞ്ഞ കോളേജ് മാഗസിൻ.!ഉള്ളടക്കത്തിലെ "പ്രതീക്ഷ"യെന്ന തലക്കെ ട്ടിലൂടെ വിരലോടിച്ചു...എന്നാൽ ആ കഥയുടെ പേജുകൾ മാത്രം അതില്ലില്ലോ.!ഹരിശ്രീ കുറിപ്പിച്ച അച്ഛന്റെ പെങ്ങളും ചെറിയ വിജയങ്ങൾക്കു പോലും അഭിനന്ദിക്കുന്ന അമ്മയും അച്ഛനും സഹോദരനും. ഇന്ന് മീനാക്ഷി നിന്ന പോലെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയവൾ. എഴുത്തുകാരിയെന്നു സ്നേഹത്തോടെയും കളിയാക്കിയും വിളിച്ചിരുന്നവരോട് ഒരേ പുഞ്ചിരി സമ്മാനിച്ചിരുന്നവൾ. പിന്നെപ്പോഴാണ് തന്റെ ആഗ്രഹങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചതു ?

ദീപ്തി..നന്ദിതയുടെ കൂട്ടുകാരി. അവളുടെ ദുഖങ്ങൾ തന്റേതു കൂടിയായിരുന്നു, തന്റെ സന്തോഷങ്ങൾ അവളുടെതും. നിറങ്ങൾ അധികം കടന്നു വരാത്ത ബാല്യവും കൗമാരവും സ്വന്തമായുള്ള,അച്ഛനാൽ ഉപേക്ഷിക്കപെട്ടു അമ്മയുടെ തണലിൽ വളർന്ന ദീപ്തിയുടെ സങ്കടങ്ങളുടെ ചുമടു താങ്ങിയായിരുന്നു താൻ...നോട്ടുബുക്കിന്റെ പുറകിലത്തെ പേജിൽ കുത്തികുറിച്ച വരികൾ വായിച്ചു തന്നിലൊരു കഥാകാരി ഉണ്ടെന്നു കൂട്ടുകാരോട് ഉറക്കെ പറഞ്ഞതും അവളായിരുന്നു. നന്ദിതയുടെ എല്ലാ കഥകളുടെയും ആദ്യ വായനക്കാരിയും വിമർശകയും..

വർഷങ്ങൾനമ്മളെ ദൂരേക്ക്‌ അകറ്റിയാലും നിന്റെ കഥകൾ പ്രതീക്ഷിച്ചു എവിടെയെങ്കിലും ഞാൻ ഉണ്ടാവുമെന്ന് അവൾ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു. അക്കൊല്ലം മാഗസിനിലേക്കു സൃഷ്ടികൾ ക്ഷണിച്ചപ്പോൾ, അവളെ കുറിച്ച് അവളറിയാതെ താൻ എഴുതിയ "പ്രതീക്ഷ" എന്ന കഥ കൊടുക്കുമ്പോഴും ദീപ്തിയെ ഒന്നു ഞെട്ടിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. മാഗസിൻ പ്രകാശനം നടന്ന ദിവസം അച്ചടി മഷി പുരണ്ട തന്റെ കഥ വായി ക്കുവാൻ ആവേശത്തോടെ താളുകൾ മറിക്കവേ,കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മുൻപിൽ വന്നു നിന്ന ദീപ്തിയുടെ ചിത്രം ഇന്നലെയെന്നോണം തെളിഞ്ഞു വരുന്നു."കൂട്ടുകാരിയുടെ ജീവിത കഥ കൊണ്ട് തന്നെ വേണമല്ലേ നിനക്ക് അഭിനന്ദനത്തിന്റെ നേറുകയിലേക്കുയരാൻ?" ഹൃദയം പിളർക്കാൻ തക്കം ജ്വലിച്ചു കൊണ്ടിരുന്ന ദീപ്തിയുടെ കണ്ണുകളിലേക്കു അധിക സമയം നോക്കി നില്ക്കാൻ തനിക്കായില്ല. ഇനി എനിക്കിങ്ങനെയൊരു കൂട്ടുകാരിയില്ലെന്നു പ്രസ്താവിച്ചു കൊണ്ട് അവൾ നടന്നകന്നപ്പോൾ നന്ദിത സ്വയം വെറുക്കുകയായിരുന്നു. അച്ചടിച്ച സ്വന്തം കലസൃഷ്ടി വായിച്ചു നോക്കണമെന്ന ആഗ്രഹം അപ്പോഴേക്കും കെട്ടടങ്ങിയിരുന്നു. ഒന്നു കരയാൻ പോലുമായില്ല. ഒരു തരം മരവിപ്പായിരുന്നു. കയ്യിലിരുന്ന മാഗസീനിലെ സ്വന്തം കഥയുടെ താളുകൾ ഒരു വട്ടം പോലും വായിക്കാതെ ഇളക്കിയെടുത്തു കീറി കാറ്റിൽ പറത്തുമ്പോൾ, കുറ്റ ബോധത്താൽ നീറുകയായിരുന്നു മനസ്...കാറ്റിൽ പറന്നു പറന്നു കടലാസു കഷ്ണങ്ങൾ പടവുകളിലൂടെ താഴേക്ക്‌,താഴേക്ക്.. അന്നവിടെ വച്ച്, കൂട്ടുകാരിയോടു ചെയ്തു പോയ തെറ്റിനോടുള്ള പശ്ച്ചാതാപമെന്നോണം, കഥകളിലൂടെ കൈ വന്നേക്കാമായിരുന്ന പ്രശസ്തിയുടെയും നേട്ടങ്ങളുടെയും വാതിൽ സ്വയം കൊട്ടിയടക്കുകയായിരുന്നു. കോളേജ് ജീവിതത്തിന്റെ അവസാന ദിനം വരെയും ദീപ്തി തന്നോട് ഒരു വട്ടം പോലും സംസാരിക്കുകയുണ്ടായില്ല.

കൊഴിഞ്ഞു പോയ വർഷങ്ങൾ നന്ദിതയ്ക്ക് ഭാര്യയുടേയും അമ്മയുടേയും വേഷങ്ങൾ ചാർത്തി.അടുത്തിടെ നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ പങ്കാളിയായപ്പോഴും തന്റെ മിഴികൾ ആർത്തിയോടെ തിരഞ്ഞത് ദീപ്തിയെ ആയിരുന്നു. പക്ഷെ കണ്ണുകൾക്ക് നിരാശപ്പെടേണ്ടി വന്നുവല്ലോ. പണ്ട് പറയാറുള്ളത് പോലെ ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ തന്റെ കഥകളും പ്രതീക്ഷിച്ചു അവൾ കാത്തിരിക്കുന്നുണ്ടാകുമോ,അവൾക്കു വേണ്ടി താൻ കഥകളുടെ വെളിച്ചത്തെ കെടുത്തി എന്നറിയാതെ. ഓർമ്മകളുടെ  ചരടിനെ പൊട്ടിച്ചു കൊണ്ട്, ഭൂതകാലത്തിൽ നിന്ന് തിരിച്ചു വിളിച്ചത് മീനാക്ഷിയായിരുന്നു."അമ്മയുടെ കയ്യിലെന്താ ?" "ഇതിലായിരുന്നു ഒരിക്കൽ അമ്മയുടെ..."മുഴുമിപ്പിച്ചില്ല.കോളേജ് അധ്യാപികയായ അമ്മയെ അവൾക്കറിയൂ.അതു മതി.പെട്ടെന്നു മഞ്ചാടി നിറച്ച പളുങ്ക് കുപ്പിയിലേക്ക് ശ്രദ്ധ മാറിയതിനാൽ കൂടുതൽ പറയേണ്ടി വന്നില്ല. കാൽപെട്ടി യഥാ സ്ഥാനത്ത് വച്ചു തിരിയുമ്പോഴും മീനാക്ഷി പളുങ്ക് കുപ്പിയുമായി കളിക്കുകായിരുന്നു.ഇന്നവൾ "പ്രതീക്ഷ" എന്ന പേരിൽ കഥ എഴുതിയപ്പോൾ,അവൾക്കറിയില്ലല്ലോ ഒരിക്കൽ അവളുടെ അമ്മയ്ക്ക് അതേ പേരിലുള്ള കഥയ്ക്ക്‌ കൊടുക്കേണ്ടി വന്ന വിലയെക്കുറിച്ച് .തന്റെ മകൾ,അവൾ എഴുതട്ടെ ഇനിയുമിനിയും.തനിക്കു നേടാനാകാത്തത്,അല്ല ബോധപൂർവ്വം ഉപേക്ഷിച്ചതു,അതവളിലൂടെയാകട്ടെ.ഭാവനകളിലൂടെ കഥകളുടെ വിസ്മയ ലോകത്ത് അവൾ പാറി നടക്കട്ടെ.ഒരുപാട് "പ്രതീക്ഷകളോടെ"ഒരമ്മ..

 

   

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ