(അനുപ ചെറുവട്ടത്ത്)
അവൾ ഭ്രാന്തിയത്രേ....
നിറഞ്ഞുതുളുമ്പുന്നതെരുവിലെ ഉരുണ്ട തടിയൻ തൂണുകൾക്കിടയിലവളെപ്പോഴെത്തിയെന്ന് ആർക്കുമറിയില്ല. അവൾ ഒറ്റയ്ക്കാണ്. ഊരില്ലവൾക്ക്, പേരും...
എറിഞ്ഞു കിട്ടുന്ന നാണയത്തുട്ടുകൾ അവൾ തൊട്ടതേയില്ല. തെരുവുതെണ്ടികൾക്കൊപ്പം അലഞ്ഞില്ല. ആർക്കുമുന്നിലും കൈകൾ നീട്ടിയിരന്നുമില്ല.
ആരെങ്കിലും വല്ലപ്പോഴും ഇട്ടുകൊടുക്കുന്ന റൊട്ടിത്തുണ്ടുകളും പൈപ്പിൻ ചുവട്ടിലെ പച്ചവെള്ളവും അവളെ പച്ചയ്ക്ക് നിർത്തി.
ഇടയ്ക്കവൾ തൂണുകൾക്കിടയിലൂടെ നടന്നു.
ഏറിയ പങ്കും നിരത്തിലേക്ക് നോക്കിയിരുന്നു. ആരുടേയോ വരവുപ്രതീക്ഷിച്ച പോലെ.
തണുത്ത രാത്രികളിലെ അവളുടെ കരച്ചിൽ ആരും കേട്ടില്ല; നട്ടുച്ചയ്ക്കുള്ള അലർച്ചകളും.
നിരത്തിലെ ബഹളത്തിലലിഞ്ഞുപോയതാണവ.
വരണ്ട ചുണ്ടുകളിൽ മിന്നിമായുന്ന ചിരി ചിലപ്പോഴെങ്കിലും പൊട്ടിച്ചിരിയായി പൊട്ടിച്ചിതറി..
പെയ്തൊഴിയുന്ന മഴയിൽ പെയ്തൊഴിയാതവളുടെ മനസ്സ്.
പാറിപ്പറക്കുന്ന കോതിയൊതുക്കാത്ത മുടിയിഴകൾ.
കടലോളം കണ്ണീരൊളിപ്പിച്ച കണ്ണുകൾ.
എന്നോ നഷ്ടപ്പെട്ട ചെരുപ്പുകൾ നൽകിയ സുരക്ഷിതത്തിൽ നിന്ന് പുറത്തുകടന്ന് വിണ്ടുകീറിത്തുടങ്ങിയ പാദങ്ങൾ. ഇടയ്ക്കു കാറ്റിൽ പൊങ്ങിപ്പറക്കുന്ന ചേലകൾക്കിടയിലൂടെ കണ്ണിലുടക്കുന്ന ചേലൊത്ത കണങ്കാലുകൾ..
ഒറ്റയ്ക്കവൾ എന്തൊക്കയോ പുലമ്പി ഇട്ക്കെങ്കിലും.
അവളുടെ തേങ്ങലുകൾ ഇരച്ചു പോയ വണ്ടിക്കടിയിൽ ഞെരിഞ്ഞമർന്നു.
ചുരുണ്ടുകിടന്ന അവളെ തോണ്ടിയ ലാത്തിയുടെ അറ്റം അവളുടെ മാറിൽ കൊരുത്തുവോ?
വെളുത്ത തൂണുകൾക്കിടയിലൂടെ തിരക്കിട്ട് കടന്ന് പോവുന്ന കറുത്തതും വെളുത്തതുമായ ആയിരങ്ങൾക്കിടയിൽ ആരാലും ശ്രദ്ധിക്കപ്പെടാതവൾ ചിലച്ചും ചിന്തിച്ചുമങ്ങനെ....
പിന്നീടെപ്പഴോ അവളിലെ ആർത്തുകരച്ചിലും പൊട്ടിച്ചിരിയും കേൾക്കാതായി. കൂനിപ്പിടിച്ചുള്ള ഇരുപ്പാണ്. പാടത്ത് പകൽ കാണുന്ന ഒറ്റ മൂങ്ങ പോലെ..
ഒരു ക്രിസ്മസ് രാവ്... മജ്ജയിലേക്കും തുളച്ചു കേറുന്ന കൊടുംതണുപ്പ്.. തൂങ്ങിയാടുന്ന നക്ഷത്രവിളക്കുകൾ... മിന്നിത്തിളങ്ങുന്ന മാല വിളക്കുകൾ. വർണ്ണപ്പൊലിമയിൽ നിരത്തങ്ങനെ..
വീശിയടിക്കുന്ന കാറ്റിൽ അവളുടെ ചേല പൊങ്ങിപ്പറന്നു. വിണ്ട് പൊട്ടിയ മുലക്കണ്ണുകൾ. തുടയിലൂടൊഴുകിയിറങ്ങിയ രക്തവും മറുപിള്ളയും കടിച്ചു വലിക്കാൻ തത്രപ്പെട്ട് തെരുവുപട്ടികൾ. ഇടയ്ക്കുയരുന്ന കുഞ്ഞുകരച്ചിൽ.
ഭ്രാന്തില്ലാത്ത ആരുടേയോ ഭ്രാന്തൻ ആവേശം. ഏതോയാമത്തിൽ അലറിക്കരഞ്ഞവൾ പെറ്റിട്ടത്.
അതവളുടെ ഒടുക്കത്തെ കരച്ചിൽ.
കണ്ണീരുപ്പവശേഷിച്ച ചെറുചാലുകൾ കവിളിൽ.
തണുത്തുറഞ്ഞ കൈകാലുകൾ... ഒരുവശം കോടിയ ചുണ്ടുകൾ പിളർന്നങ്ങനെ..
നിരനിരയായെത്തിയ ഉറുമ്പുകൾ അവളുടെ തുറന്ന കണ്ണുകളിലൂടരിച്ചിറങ്ങി.
തടിയൻ തൂണുകൾക്കും മേൽക്കൂരയ്ക്കുമിടയിൽ തൂങ്ങിയാടിയ കടവാവലുകൾ ചിറകിട്ടടിച്ചു പറന്നു.
"അവൾ ഭ്രാന്തിയത്രേ"..........കൂട്ടം കൂടിനിന്ന ഭ്രാന്തില്ലാത്തവർ പിറുപിറുത്തു..