(Yoosaf Muhammed)
എല്ലാ മനുഷ്യർക്കും പ്രായപൂർത്തിയായിക്കഴിയുമ്പോൾ പല്ലു വന്നിരിക്കും. ചിലർക്ക് അതു നേരത്തെ തന്നെ കൊഴിഞ്ഞു പോകും. മറ്റു ചിലർക്ക് പ്രായം ആയാലും പല്ലിന് ഒരു കേടും ഉണ്ടാവില്ല. നാട്ടിലെ അറിയപ്പെടുന്ന ഒരു പിശുക്കനാണ് രാഘവേട്ടൻ. ജീവിക്കാൻ നല്ല ചുറ്റുപാടുള്ള മനുഷ്യനാണ്. മക്കൾ എല്ലാവരും വിദേശത്തു ജോലി നോക്കുന്നു.
രാഘവേട്ടന് വയസ്സ് എഴുപതു കഴിഞ്ഞു. പല്ലുകൾ പലതും കൊഴിയാൻ തുടങ്ങി. കൊഴിഞ്ഞു പോകുന്ന ഓരോ പല്ലും ഒരു ഭരണിയിൽ ഇട്ട് സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. അവസാനത്തെ പല്ലും കൊഴിഞ്ഞു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പലതും ചവച്ച് കഴിക്കാൻ പറ്റാതായി. ഭാര്യയും, , മക്കളും പല തവണയായി പുതിയ പല്ലു വെക്കാൻ നിർബന്ധിക്കാൻ തുടങ്ങിയിട്ട്.
രാഘവേട്ടൻ പല ദന്താശുപത്രിയിലും കയറി പല്ലു വെക്കുന്നതിന്റെ ചിലവ് അന്വേഷിച്ചു. ഓരോ ആശുപത്രിയും ഓരോ തുകയാണ് പറഞ്ഞത്.
എത്ര തുക പറഞ്ഞിട്ടും കാര്യമില്ല. അദ്ദേഹത്തിന്റെ ബജറ്റിൽ ഒതുങ്ങുന്നതുക ആരും പറഞ്ഞില്ല. നിരാശനായ ആ മനുഷ്യൻ ആകെ വിഷമത്തിലായി.
രാഘവേട്ടന്റെ നിരാശ മനസ്സിലാക്കിയ അവിടുത്തെ പണിക്കാരൻ അദ്ദേഹത്തോടു പറഞ്ഞു - " ചേട്ടൻ വിഷമിക്കണ്ട . നമ്മുക്ക് പരിഹാരമുണ്ട്. ഒരു പൈസാ പോലും ചിലവാക്കാതെ പല്ലു വെക്കാo .
പണിക്കാരന്റെ വാക്കുകളിൽ സന്തോഷം കൊണ്ട രാഘവേട്ടൻ ചോദിച്ചു " കാശുമുടക്കാതെ എങ്ങനെ പല്ലു വെക്കും. ?"
മുതലാളിയുടെ ആകാംക്ഷയോടെയുള്ള ചോദ്യം കേട്ട പണിക്കാരൻ വിശദീകരിച്ചു.
"ചേട്ടാ, ഈ നാട്ടിൽ എത്രയോ ആൾക്കാർ പല്ലു വെച്ചിരിക്കുന്നു. അതിൽ പലരും മരിച്ചു പോയിട്ടുണ്ട്. ഈ മരിച്ചു പോയവരുടെ പല്ല് എന്തു ചെയ്യും ? അവരുടെ ശവം മറവു ചെയ്യുന്ന കൂടെ പല്ലും മറവു ചെയ്യും. അപ്പോൾ ആ പല്ലുകൾ കൊണ്ട് ആർക്കും പ്രയോജനമില്ല.
ചേട്ടന്റെ ബന്ധത്തിലും, അല്ലാതെയും എത്രയോ ആളുകൾ മരിക്കുന്നു. അവരുടെ ആരുടെയെങ്കിലും പല്ല്, നമ്മുക്ക് അവരുടെ ബന്ധുക്കളോട് ചോദിച്ചു വാങ്ങാം. ശവം മറവു ചെയ്യുന്നതിനു മുൻപ് അതിങ്ങു കിട്ടിയാൽ അവർക്ക് ഒരു നഷ്ടവും ഇല്ല. നമ്മുക്കാണെങ്കിൽ ലാഭവും " .
പണിക്കാരൻ വിവരമില്ലാത്ത വനാണെങ്കിലും ഇപ്പോൾ അവന്റെ ബുദ്ധിയിലുദിച്ച കാര്യം ചിന്തിക്കാവുന്നതാണ്.
ഇന്നുവരെ നാട്ടിൽ ആരെങ്കിലും മരിച്ചാൽ കാണാൻ പോകാത്ത രാഘവേട്ടൻ പല മരണവീടുകളിലും നിത്യ സന്ദർശകനായി. അദ്ദേഹത്തിന്റെ ഈ ഭവന സന്ദർശനം കണ്ട പലരും പറയാൻ തുടങ്ങി "ഇനി രാഘവേട്ടനായിരിക്കും . അവസാന കാലമായപ്പോൾ മരണത്തെ ഭയപ്പെട്ടു തുടങ്ങിക്കാണും " എന്നാൽ രാഘവേട്ടന്റെ ഉദ്ദേശ്യം അവർക്കു മനസ്സിലാവില്ലല്ലോ!
ഓരോ മരണ വീടുകളിലും പണിക്കാരനെയും കൂട്ടിയാണ് അദ്ദേഹം പോകുന്നത്. മൃതദേഹം കണ്ടതിനു ശേഷം രാഘവേട്ടൻ ഒരു കസേരയിൽ മാറിയിരിക്കും. പണിക്കാരൻ , മരിച്ചയാളുടെ ബന്ധുക്കളോട് വിവരങ്ങൾ തിരക്കുന്ന കൂടെ പല്ലിന്റെ കാര്യം കൂടി അന്വേഷിക്കും.
അടുത്ത ദിവസം നാട്ടിലെ ഒരു കാർണവർ മരിച്ച വിവരമറിഞ്ഞ് പണിക്കാരനോടൊപ്പം അദ്ദേഹം അവിടെ ചെന്നു. വൃദ്ധപിതാവിന്റെ മരണത്തിൽ ദു:ഖിതരായ ആളുകളെ കണ്ട് വിഷമം അറിയിച്ചു. പണിക്കാരൻ മരിച്ചയാളിന്റെ മക്കളെ വിളിച്ചു മാറ്റി നിറുത്തി രഹസ്യമായി തങ്ങളുടെ പദ്ധതിയെക്കുറിച്ച് പറഞ്ഞു. അവർ ചിന്താക്കുഴപ്പത്തിലായി. അവർ എല്ലാവരും കൂടി , കൂടിയാലോചിച്ച്, നിർദേശത്തോട് വലിയ താൽപര്യം ഇല്ലെന്നറിയിച്ചു.
മറ്റൊരു ദിവസം , ഒരു മാതാവിന്റെ ശവശരീരത്തിനു സമീപം ദു:ഖ നിമഗ്നനായി ഇരിക്കുന്ന ചെറുപ്പക്കാരനായ മകനെ വിളിച്ച് തങ്ങളുടെ പദ്ധതി അവതരിപ്പിച്ചു.
ചെറുപ്പക്കാരൻ തന്റെ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു. പരിപാടി മനസ്സിലാക്കിയ ഭാര്യയുടെ ഭാവം മാറി.
"അഞ്ചു വർഷമായി മാരകമായ രോഗത്തിന്റെ പിടിയിലമർന്നിരുന്ന അമ്മയ്ക്ക് ഇപ്പോഴാണ് അല്പം ആശ്വാസമായത്. അമ്മയെ ശുശ്രൂഷിക്കാൻ മറ്റാരുമുണ്ടായിരുന്നില്ല. ഇതുവരെ കണ്ടിട്ടില്ലാത്തവർ ഓരോ കാരണവും പറഞ്ഞ് ഇറങ്ങിയിരിക്കുന്നു. "അവർ രോഷം കൊണ്ടു. ചെറുപ്പക്കാരൻ രാഘവേട്ടനെ സമാധാനപ്പെടുത്തി മടക്കി അയച്ചു.
മൂന്നാമതൊരു വീട്ടിൽ ഒരു കാരണവർ മരിച്ചു. അവിടെയും രാഘവേട്ടനും , പണിക്കാരനുമെത്തി. വീട്ടുകാരോട് സംസാരിച്ചു. പല്ലിന്റെ കാര്യം പറഞ്ഞപ്പോൾ അവർക്ക് ഒരു സംശയം
" ഒരു ലക്ഷം രൂപയോളം മുടക്കിയാണ് അപ്പൻ പല്ലു വെച്ചത്. അന്ന് ദന്താശുപത്രിയിൽ നിന്നും പറഞ്ഞിരുന്നു. " ഒരു വർഷത്തേക്ക് പല്ലിന് ഇൻഷുറൻസ് ഉണ്ടെന്ന് "
ഒരു വർഷം പൂർത്തിയാകാൻ ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ആ വിവര മറിഞ്ഞ്, പൈസാ തട്ടാൻ വന്ന ചതിയന്മാരാണ് രാഘവേട്ടനും , പണിക്കാരനുമെന്ന് വീട്ടുകാർ കരുതി.
അവർ ഒന്നടങ്കം വെളിയിലിറങ്ങിവന്ന് രാഘവേട്ടനു നേരെ ആക്രോശിച്ചു.
" കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന കിഴവാ , തനിക്ക് നാണമില്ലേ ? അവസാന കാലം പല്ലു തട്ടിയെടുത്ത് , ഇൻഷുറൻസ് തുക അടിച്ചു മാറ്റാനായി ഇറങ്ങിയിരിക്കുന്നു. "
വീട്ടുകാർ മുതലാളിയേയും, പണിക്കാരനേയും ആട്ടിയിറക്കി.
നിരാശനായ രാഘവേട്ടൻ തന്റെ ശൂന്യമായ മോണയിൽ തടവിക്കൊണ്ട് , വീട്ടിലേക്ക് നടന്നുനീങ്ങി ....