mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Abbas Edamaruku)

ഭാര്യയുടെ കാമുകനെ കണ്ടെത്തി കൊലപ്പെടുത്തുക അതാണ് അയാളുടെ തീരുമാനം. അതിനായി അയാൾ ജോലിസ്ഥലത്തുനിന്നും സാധാരണ വരാറുള്ള ദിവസത്തിനുമുന്നേ വീട്ടിലേക്ക് യാത്ര തിരിച്ചു. രാത്രി ഏറെ വൈകിയാണയാൾ തന്റെ ഗ്രാമത്തിലെത്തിച്ചേർന്നത്.

മഴപെയ്തു ചെളിവെള്ളം കെട്ടിക്കിടക്കുന്ന ചെമ്മൺപാതയിലൂടെ വീട് ലക്ഷ്യമാക്കി അയാൾ വേഗത്തിൽനടന്നു. ഇടയ്ക്കിടെ റോഡിലൂടെ കടന്നുപോകുന്ന ടൂവീലറുകളുടെ ലൈറ്റിന്റെ വെളിച്ചം അയാളുടെ മുഖത്തു പതിച്ചുകൊണ്ടിരുന്നു .പ്രധാനവഴി പിന്നിട്ട് വീട്ടിലേക്ക് തിരിഞ്ഞതും അയാളുടെ ഹൃദയമിടിപ്പിന് വേഗതകൂടി.

വിവാഹം കഴിഞ്ഞു വർഷം മൂന്നായി. ഇതിനിടയിൽ അയാൾ അനുഭവിച്ച വേദനകൾക്കും അപമാനങ്ങൾക്കും കണക്കില്ല. എല്ലാം തന്റെ ഭാര്യയുടെ രഹസ്യബന്ധത്തിന്റെ പേരിൽ .ഉറക്കം നഷ്ടപെട്ട എത്രയോ രാത്രികൾ .
അയാൾ ജോലിസ്ഥലത്തേക്ക് പോയിക്കഴിഞ്ഞാൽ പിന്നെ അയാളുടെ വീട്ടിൽ ആരോ ഒരാൾ വരുന്നു. അത് അയാളുടെ ഭാര്യയുടെ രഹസ്യക്കാരനാണെന്നാണ് ആളുകൾ പറയുന്നത്. ഒരുപാട് തവണ അയൽക്കാർ ഇത് അയാളോട് പറഞ്ഞെങ്കിലും അതൊക്കെ അയൽക്കാർ വെറുതെ പറഞ്ഞുണ്ടാകുന്നതാണെന്നായിരുന്നു ഭാര്യയുടെ മറുപടി. അയാളും അതിനെ അങ്ങനെ കണ്ടു സമാദാനിച്ചുപോന്നു.

എന്നാൽ... ഈ ഇടെയായി അയൽക്കാർ പറയുന്നതിൽ എന്തൊക്കെയോ സത്യങ്ങൾ ഉള്ളതുപോലെ അയാൾക്കൊരു തോന്നൽ. ഭാര്യയുടെ പെരുമാറ്റത്തിൽനിന്നും ആ തോന്നൽ ശെരിയാണെന്നും അയാൾക്ക് തോന്നി. അന്നുമുതലെടുത്ത തീരുമാനമാണ് എങ്ങനെയും ഭാര്യയുടെ കാമുകനെ കണ്ടെത്തണം .എന്നിട്ട് ഒറ്റക്കുത്തിന് അവന്റെ കഥകഴിക്കണം. എന്നാലെങ്കിലും മനസ്സമാധാനം കിട്ടുമല്ലോ. ചിന്തിച്ചുകൊണ്ടയാൾ വീടിനുനേർക്ക് മെല്ലെ നടന്നടുത്തു.

വീട്ടിനുള്ളിൽ വെളിച്ചമുണ്ട് , പോരാത്തതിന് അകത്തുനിന്നും എന്തൊക്കെയോ അവ്യക്തമായ ശബ്ദങ്ങളും ഉയർന്നുകേൾക്കാം. ഭാര്യ കിടന്നിട്ടില്ലെന്ന് ഉറപ്പാണ്. ശബ്ദമുണ്ടാക്കാതെ ഹാളിന്റെ വെന്റിലേഷനരികിലേക്ക് അയാൾ മെല്ലെ നടന്നു. എന്നിട്ട് എത്തിവലിഞ്ഞയാൾ വെന്റിലേറ്ററിലൂടെ ഹാളിലേക്ക് നോക്കി .

ഒരുനിമിഷം അയാൾ ഞെട്ടിത്തരിച്ചുപോയി. അതാ സുന്ദരനായ ഒരു യുവാവ് ഹാളിലെ ഡൈനിങ് ടേബിളിന് മുന്നിലിരുന്നു ഭക്ഷണം കഴിക്കുന്നു. തൊട്ടടുത്ത് തന്റെ ഭാര്യയുമുണ്ട് അവന് ഭക്ഷണം വിളമ്പി കൊടുക്കുകയാണവൾ. ആഹാരംകഴിക്കുന്നതിനിടയിൽ അവൻ എന്തൊക്കെയോ പറയുന്നുണ്ട് .അതുകേട്ട് തന്റെ ഭാര്യ ചിരിക്കുന്നു. ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ അയാൾ സ്തംഭിച്ചുനിന്നുപോയി .

അകത്തേക്ക് പാഞ്ഞുചെന്ന് ഒറ്റക്കുത്തിന് അവന്റെ കഥകഴിച്ചാലോ? ഒരുനിമിഷം അയാൾ ആലോചിച്ചു .വേണ്ട, അൽപംകൂടി കഴിയട്ടെ. അവൻ ആദ്യം ഭക്ഷണം കഴിച്ചുകഴിയട്ടെ. എന്നിട്ട് അവന്റെ അടുത്തനീക്കം എന്തെന്ന് നോക്കാം. അയാൾ മുറ്റത്തുകാത്തുനിന്നു .

അവൻ ഭക്ഷണം കഴിച്ചുകഴിഞ്ഞു. ഈസമയം അകത്തെമുറിയിൽനിന്നും അയാളുടെ മോൻ ഹാളിലേക്ക് ഓടിയെത്തുന്നത് അയാൾ കണ്ടു. ആ സമയം ഭക്ഷണം കഴിച്ചുകഴിഞ്ഞ യുവാവ് അവനെ കോരിയെടുത്തു മുത്തങ്ങൾകൊണ്ട് പൊതിഞ്ഞു. തന്റെ മോനെ, അന്യനൊരുത്തൻ ചുംബനങ്ങൾകൊണ്ട് പൊതിയുന്നതുകണ്ട് അയാൾക്ക് കോപം അടക്കാനായില്ല. അയാളുടെ ഞരമ്പുകൾ വലിഞ്ഞുമുറുകി. കണ്ണുകൾ ദേഷ്യംകൊണ്ട് ചുവന്നു. അകത്തേക്ക് പാഞ്ഞുചെന്നാ യുവാവിന്റെ മാറ് പിളർക്കാൻ തോന്നി അയാൾക്കപ്പോൾ.

വേണ്ട അൽപംകൂടി കാത്തിരിക്കാം ...തന്റെ മോനുറങ്ങട്ടെ. അല്ലെങ്കിൽ അവനിതൊക്കെ കണ്ടു പേടിച്ചാലോ , അയാൾ വിചാരിച്ചു. ഏതാനും നേരംകഴിഞ്ഞപ്പോൾ ആ യുവാവ് അയാളുടെ ഭാര്യയും കുട്ടിയുമൊത്തു ബെഡ്റൂമിലേക്ക് നടന്നു. അയാൾ മെല്ലെ മുറ്റത്തുകൂടി ബെഡ്‌റൂമിനരികിലെ വെന്റിലേറ്ററിനരികിലേക്ക് നടന്നുനീങ്ങി.

ഈ സമയം അയാളുടെ ഭാര്യ ബെഡ്ഷീറ്റ് കുടഞ്ഞുവിരിച്ചു .മോനും ആ യുവാവും ബെഡിൽ കയറിയിരിക്കുന്നതും അവർക്കരികിലായി തന്റെ ഭാര്യ ഇരിക്കുന്നതും...മുറ്റത്തുനിന്നുകൊണ്ട് ജനാലയുടെ കർട്ടന്റെ വിടവിലൂടെ അയാൾ നോക്കിക്കണ്ടു. തന്റെ ഭാര്യ കാമുകനുമൊത്തു തൊട്ടുരുമ്മിയിരിക്കുന്നു. എന്തൊക്കെയോ പറയുന്നുണ്ടവർ.

ഇതുതന്നെപറ്റിയസമയം. മോനുറങ്ങിക്കഴിഞ്ഞിരിക്കുന്നു. അകത്തുകയറിചെന്നവന്റെ മാറിൽ കത്തികുത്തി ഇറക്കിയാലോ? രക്തത്തിൽകുളിച്ചുകിടന്നുപിടയുന്ന അവന്റെരൂപം അയാൾ ഒരുനിമിഷം മനസ്സിൽ സങ്കൽപിച്ചുനോക്കി. അൽപംകൂടി കഴിയട്ടെ എന്നിട്ടാവാം അവന്റെ നെഞ്ചുപിളർക്കുന്നത്‌ .അതുവരെ അവനും തന്റെ ഭാര്യയും തമ്മിൽ എന്താണ് സംസാരിക്കുന്നതെന്ന് ശ്രദ്ധിക്കാം. മനസ്സിൽ വിചാരിച്ചുകൊണ്ടായാൾ ജനാലയോട് ചെവിചേർത്തുവെച്ചുനിന്നു .

''നാളെ നിന്റെ ഭർത്താവ് ജോലിസ്ഥലത്തുനിന്നും മടങ്ങിയെത്തില്ലേ.?''

'' ഉം ..എത്തും.'' ഭാര്യയുടെ മറുപടി .

''അപ്പോൾ ഇനി രണ്ടുനാൾ കാത്തുനിൽകണം എനിക്കെന്റെ മോനേ ഒന്നുകാണണമെങ്കിൽ.''

"അവന്റെ മോനോ?"എന്റെ മോനെങ്ങനെ അയാളുടെ മോനാകും മുറ്റത്തുനിന്നുകൊണ്ടായാൽ ചിന്തിച്ചു.

''ഈ ഇടെയായി ചേട്ടനെന്തൊക്കെയോ സംശയങ്ങളുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും, സംസാരത്തിലുമെല്ലാം അത് നിറഞ്ഞുനിൽക്കുന്നുണ്ട്. ആകെയുള്ള ആശ്വാസം മോനിതുവരെയും നമ്മുടെ കൂടിച്ചേരലിനെക്കുറിച്ചു ചേട്ടനോട് പറഞ്ഞിട്ടില്ലെന്നുള്ളതാണ്.'' ഭാര്യയുടെ വാക്കുകൾ.

''അങ്ങനെയാണോ കാര്യങ്ങളുടെ പോക്ക്? അപ്പോൾ നമ്മൾ ഇനിയെന്ത് ചെയ്യും? എന്തൊക്കെയായാലും എനിക്കെന്റെ മോനേ കാണാതെ അധികദിവസം ഇരിക്കാനാവില്ല.'' കാമുകന്റെ വാക്കുകൾ .

''മോനെ മാത്രം കണ്ടാൽമതിയോ? അവന്റെ അമ്മയെകാണണ്ടെ .?''ഭാര്യയുടെ ചോദ്യം .

''വേണം ...എനിക്ക് നിങ്ങളെ രണ്ടുപേരെയും കാണണം.'' കാമുകന്റെ മറുപടി .

''ഇത് നമ്മുടെ മോനാണെന്നു നമുക്കല്ലേ അറിയൂ? എന്റെ ഭർത്താവിനറിയില്ലല്ലോ?'' പറഞ്ഞിട്ട് ഭാര്യ പൊട്ടിച്ചിരിക്കുന്നു. കാമുകനും ആ ചിരിയിൽ പങ്കുചേരുന്നു. തുടർന്നിരുവരും പരസ്പരം കെട്ടിപുണർന്നുകൊണ്ട് ബെഡിലേക്ക് കിടക്കുന്നു.

ഭാര്യയും അവളുടെകാമുകനും തമ്മിലുള്ള സംസാരം കേട്ടുകൊണ്ട് മുറ്റത്തുനിന്ന ഭർത്താവ് ഞെട്ടിത്തരിച്ചുപോയി. അയാൾക്ക് കേട്ടതൊന്നും വിശ്വസിക്കാനായില്ല. ഇത്രയും നാൾ താൻ സ്വന്തം മോനായികരുതി ലാളിച്ചുവളർത്തിയത് തന്റെ മകനെയല്ലെന്നോ. ഇത്രയുംകാലം തന്റെ ഭാര്യ തന്നെ വഞ്ചിക്കുകയായിരുന്നെന്നോ? അതെ അതാണ് സത്യം. താനിത്രയും കാലം വഞ്ചിക്കപ്പെടുകയായിരുന്നു .

അന്യനെ മനസ്സിൽകൊണ്ടുനടക്കുകയും, അവസരം കിട്ടുമ്പോൾ അവനോടൊത്തു കിടക്കപങ്കിടുകയും ... അവന്റെ കുഞ്ഞിനെ പെറ്റിട്ട് തന്റെ കുഞ്ഞായി വളർത്തുകയും ചെയ്തുകൊണ്ട് ഭാര്യ ഇത്രയും കാലം തന്നെ വഞ്ചിക്കുകയായിരുന്നു.

ഭാര്യയുടെ കാമുകനെയല്ല കൊല്ലേണ്ടത്, ഭര്യയെയാണ്. ആ നിമിഷം അയാൾക്ക് മനസ്സിൽ തോന്നി .അയാളുടെ കണ്ണിൽനിന്നും ചുടുകണ്ണുനീർ ഒഴുകിയിറങ്ങി മുറ്റത്തെ മണ്ണിൽവീണ് ചിതറി .കയ്യിലിരുന്ന കത്തി ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് അയാൾ തിരിഞ്ഞുനടന്നു.

ഈ രാത്രിയും ഇനിയുള്ള രാത്രികളിലും തന്റെ ഭാര്യ അവളുടെ കുട്ടിയോടും, കുട്ടിയുടെ യഥാർത്ഥ അച്ഛനോടും ഒത്തു ശയിക്കട്ടെ. അവർക്കിടയിലേക്ക് ഒരധികപ്പറ്റായി ഇനിതാനില്ല. അയാൾ മനസിലുറപ്പിച്ചുകൊണ്ട് ഇരുളിലൂടെ മുന്നോട്ടുനടന്നു .എന്നെന്നേക്കുമായി ആ ഗ്രാമം വിട്ടുകൊണ്ട്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ