"ഇനിയൊട്ടും വൈകിക്കൂടാ.പെട്ടന്നു തന്നെ ഓപ്പറേഷൻ നടത്തേണ്ടതാണ്.നാളെ ക്രിസ്തുമസ് ആയതു കൊണ്ടു മാത്രമാണ് മറ്റന്നാളേയ്ക്ക് മാറ്റിയത്. കാര്യത്തിൻ്റെ ഗൗരവം നിങ്ങൾക്ക് മനസിലായല്ലോ അല്ലേ?"
ഡോക്ടറുടെ ചോദ്യത്തിന് മുന്നിൽ നിറകണ്ണുകളോടെ സുമതി തലയാട്ടി പറഞ്ഞു.
"ഉവ്വ് ഡോക്ടർ. "
ഏഴു വയസുകാരി നികിത മോളുടെ കൈയ്യും പിടിച്ച് ഇറങ്ങിവരുന്ന സുമതിയോട് നേഴ്സ് പറഞ്ഞു.
"ഇന്നു തന്നെ അഡ്മിറ്റാകാനാണ് ഡോക്ടറ് പറഞ്ഞത്. നിങ്ങളുടെ പ്രത്യേക ആവശ്യപ്രകാരമാണ് പോകാൻ ഡോക്ടർ സമ്മതിച്ചത്. അതുകൊണ്ട് രാവിലെതന്നെ വരണം. വന്നിട്ട് കുറേ ടെസ്റ്റുകൾ ഉണ്ട് ,മറക്കേണ്ട."
"ശരി സിസ്റ്റർ, ഞങ്ങള് രാവിലെ തന്നെ വന്നോളാം." സുമതി പറഞ്ഞു.
അമ്മയും മകളും അവിടെ നിന്നും ഇറങ്ങി നടന്നു.
ഹോസ്പിറ്റലിന്റെ മുറ്റത്തെ പൂത്തുലഞ്ഞ വാകമരത്തിൻ്റെ ചുറ്റുമതിലിൽ ഇരുന്ന് സുമതി ആലോചിച്ചു. വീട്ടിൽ പോയിവരാൻ സമയമില്ല. ഗ്രാമത്തിലേയ്ക്ക് ആകെ ഒരു ബസേയുള്ളൂ .അത് ഇനി വൈകുന്നേരം അഞ്ചു മണിയ്ക്കാണ്. വീടെത്തുമ്പോൾ തന്നെ രാത്രി ഒൻപതു മണിയാകും.
അടുത്തുള്ള ഏതെങ്കിലും പള്ളിയിൽ പോയി ക്രിസ്തുമസ് ആഘോഷങ്ങൾ മോൾക്ക് കാണിച്ചു കൊടുക്കണം. മറ്റെന്നാൾ രാവിലെ പത്തു മണിക്കാണ് നികിതമോളുടെ ഓപറേഷൻ. അതിനുമുൻപായി അവൾക്കിഷ്ടപ്പെട്ടതെല്ലാം വാങ്ങികൊടുക്കണം. മോളുടെ ഏറെ നാളത്തെ ആഗ്രഹമാണ് പള്ളിയിൽ പോകണമെന്നും ഉണ്ണിയേശുവിനെ കാണണമെന്നും. ഇവിടെ അടുത്തെങ്ങാനും പള്ളി ഉണ്ടാവുമോ ആവോ !
പാതിരാ കുർബ്ബാനയും തിരുപ്പിറവിയും.
ചിന്തകളോടെ കൊണ്ട് മോളുടെ കൈയ്യിൽ പിടിച്ച് സുമതി മുന്നോട്ടു നടന്നു.
ഉച്ചവെയിലിൻ്റെ ചൂടിൽ മോളാകെ വാടി തളർന്നതു പോലെ , സുമതി കുഞ്ഞിനെ എടുത്തു തോളിൽ കിടത്തി നടന്നു.
അതുവഴി വന്ന ഒരു ഓട്ടോയ്ക്ക് അവൾ കൈകാണിച്ചു. മുടിയും താടിയും നരച്ച ഒരു മധ്യവയസ്ക്കനാണ് ഡ്രൈവർ. ഓട്ടോയിൽ കയറി ബാഗ് ഒതുക്കി വെച്ച് മോളെ അരുമയോടെ ചേർത്തു പിടിച്ച് സുമതി പറഞ്ഞു.
" അടുത്തുള്ള ഏതെങ്കിലും ഒരു പള്ളിയിൽ പോകണം ഞങ്ങൾക്ക്. പാതിരാ കുർബാനയുള്ള പള്ളിയിൽ ."
"ഈ ടൗണിൽ തന്നെ മൂന്നു പള്ളികൾ ഉണ്ട്. ക്രിസ്തുമസ്സല്ലേ, എല്ലാ പള്ളിയിലും പാതിരാ കുർബ്ബാനയുണ്ട്.
എവിടെയാ നിങ്ങളുടെ വീട്? "
ഡ്രൈവർ ചോദിച്ചു.
അവൾ തൻ്റെ ഗ്രാമത്തിൻ്റെ പേര് പറഞ്ഞു.
"ഓ! അത് കുറേ ദൂരെയാണല്ലോ ?"
കുർബ്ബാന കഴിഞ്ഞ് നിങ്ങൾ എങ്ങനെ തിരിച്ചു പോകും. ?"
"ഞങ്ങൾ ഇവിടെ ജില്ലാ ആസ്പത്രീൽ വന്നതാ ചേട്ടാ.
മോൾടെ തലയിൽ ട്യൂമറാണ്. മറ്റന്നാളാണ് അവളുടെ ഓപ്പറേഷൻ .മോൾക്ക് ഉണ്ണിയേശുവിനെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് ഞാൻ പള്ളി അന്വേഷിച്ചത്."
"കൊച്ചിൻ്റെ അച്ഛൻ എവിടെ?"
ഡ്രൈവർ ചോദിച്ചു.
"മൂന്നു വർഷം മുൻപ് ഉണ്ടായ ഒരു അപകടത്തിൽ അദ്ദേഹം മരിച്ചു. "
നെടുവീർപ്പോടെ സുമതി പറഞ്ഞു.
"ബന്ധുക്കളാരും കൂടെ വന്നില്ലേ ?"
അയാൾ ചോദിച്ചു.
" വീട്ടിൽ അമ്മ മാത്രമേയുള്ളൂ. യാത്ര ചെയ്യാനുംനടക്കാനുമൊന്നും വയ്യ. അതു കൊണ്ട് കൂടെ വരാൻ ആരുമില്ല."
"എൻ്റെ വിസിറ്റിംഗ് കാർഡു തരാം. രാത്രി തിരിച്ചു പോകാൻ നേരം എന്നെ വിളിച്ചാൽ മതി. ഞാൻ വരാം കേട്ടോ."
അയാൾ പറഞ്ഞു.
"വേണ്ട ചേട്ടാ .എനിക്ക് ഫോണില്ല."
"ഉം.. "
ടൗണിലെ തിരക്കുകൾക്കിടയിലൂടെയും ഗട്ടറുള്ള ചെറിയ റോഡിലൂടെയും പോയ ഓട്ടോ ഒരു വലിയ പള്ളിയുടെ അങ്കണത്തിലെത്തി നിന്നു.
"രാത്രിയിൽ പന്ത്രണ്ടു മണിയ്ക്കും മൂന്നു മണിയ്ക്കുമായി രണ്ടു കുർബ്ബാനയുണ്ട്." ഡ്രൈവർ പറഞ്ഞു. അവൾ ബാഗിൽ നിന്നും ഒന്നു രണ്ടു നോട്ടുകളും കുറേ ചില്ലറത്തുട്ടുകളും പെറുക്കി നീട്ടിയപ്പോൾ അയാൾ പറഞ്ഞു .
"ഒന്നും വേണ്ട മോളേ ,എനിക്കു മുണ്ട് നിൻ്റെ പ്രായമുള്ള മക്കൾ ."
അയാൾ പോക്കറ്റിൽ നിന്നും ഏതാനും നൂറു രൂപാ നോട്ടുകൾ എടുത്ത് ചുരുട്ടിപ്പിടിച്ച് അവളുടെ കൈയ്യിൽ കൊടുത്തു.
"മോളേ ഇതു കൈയ്യിലിരിക്കട്ടെ. കുഞ്ഞിന് എന്തേലുമൊക്കെ വാങ്ങി കൊടുക്ക്."
ഒന്നു മടിച്ചെങ്കിലും അവൾ ആ പണം സ്വീകരിച്ചു.
"ചേട്ടാ എങ്ങനെ നന്ദി പറയണമെന്നറിയില്ല. തീർച്ചയായും ഉണ്ണിയേശുവിൻ്റെ അനുഗ്രഹമാണ് ചേട്ടനെ കണ്ടുമുട്ടാൻ കാരണം ."
ദേവദൂതനെപ്പോലെ കടന്നു വന്ന അയാൾ ഓട്ടോയുമായി പോകുന്നതുംനോക്കി അവർ പള്ളിമുറ്റത്ത് നിന്നു.
" ആരാമ്മേ അത് , നമുക്ക് പൈസ തന്നത് ?"
മോളുടെ ചോദ്യം.
"ഉണ്ണിയേശു അയച്ച ഒരു മാമനാ മോളേ അത്. "
സുമതി പറഞ്ഞു.
' ലൂർദ്ദ് മാതാ ഫൊറോനാ ചർച്ച്. '
പള്ളിയുടെ വലതു വശത്തായി മാതാവിൻ്റെ ഗ്രോട്ടോ. ഗ്രോട്ടോയുടെ മുൻപിലായി നിർമ്മിച്ചിരിക്കുന്ന പുൽക്കൂട് പല തരം ലൈറ്റുകളും നക്ഷത്രങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ഉണ്ണിയേശു ഒഴികെ ബാക്കിയെല്ലാവരും ആ പുൽക്കൂട്ടിലുണ്ട്. ഉണ്ണിയെ തിരുപിറവിയ്ക്കു ശേഷമേ പുൽക്കൂട്ടിൽ കിടത്തൂ.
പള്ളിയങ്കണത്തിനു വെളിയിലുള്ള കടയിൽ പോയി അവൾ മോൾക്കിഷ്ടപ്പെട്ടതൊക്കെ വാങ്ങിക്കൊടുത്തു. രാത്രിയിൽ കഴിക്കാനായി ഒരു പായ്ക്കറ്റ് ബ്രെഡും വാങ്ങി ബാഗിൽ വെച്ചു.
തിരികെ വന്ന അവർ പള്ളി പരിസരത്ത് ഉള്ള സിമൻ്റ് ബഞ്ചിൽ ഇരുന്നു.
"എപ്പഴാ അമ്മേ ഉണ്ണീശോയേ കാണാൻ പറ്റുക ?"മോൾ ചോദിച്ചു.
വാടി തളർന്ന മോളുടെ തലയിൽ തലോടിക്കൊണ്ടവൾ പറഞ്ഞു.
"രാത്രിയിലാ മോളേ ഉണ്ണിശോ പിറക്കുന്നത് ."
"ഉണ്ണീശോയേ കണ്ടാൽ എൻ്റെ അസുഖമൊക്കെ മാറും അല്ലേ അമ്മേ ?"
"ഉം."
"ഉണ്ണീശോ വരാൻ ഇനീം ഒത്തിരി നേരമാവുമോ ? എനിക്ക് ഉറക്കം വരുന്നു."
"മോൾ ഉറങ്ങിക്കോ, ഉണ്ണി പിറക്കുമ്പോൾ അമ്മ വിളിക്കാം കേട്ടോ."
"അമ്മേ ഉണ്ണി പിറക്കുമ്പോഴേ എന്നെ വിളിക്കണേ.എനിക്കു കാണണം ഉണ്ണിയെ."
അവൾ മോളെ മടിയിലേയ്ക്ക് ചായ്ച്ചു കിടത്തി.
അവളുടെ മുഖത്തും തലയിലും മെല്ലെ തലോടി .അവളുടെ കുഞ്ഞിക്കണ്ണുകൾ നിദ്രാ ഭാരത്താൽ കൂമ്പി വന്നു.
സുമതിയുടെ കൈകൾ അവളെ തലോടുമ്പോൾ അതുവരെ ഉണ്ടായിരുന്ന പ്രതീക്ഷക്കപ്പുറം അവളുടെ ഉള്ളിൽ ഒരു മൂകത പടർന്നു. മൗനം തളം കെട്ടിനിൽക്കുന്ന മൂകത.
കുട്ടിക്കാലത്ത് കൂട്ടുകാരി അന്നക്കുട്ടിയോടൊപ്പം താൻ പാതിരാ കുർബാനയ്ക്ക് പള്ളിയിൽ പോയ കഥകൾ പലവട്ടം മോളോടു പറഞ്ഞിട്ടുണ്ട്. അതാണവൾക്ക് പുൽക്കൂട്ടിൽ പിറന്ന ഉണ്ണീശോയെ കാണണമെന്ന ആഗ്രഹം തോന്നാൻ കാരണം.
അവളുടെ ഓർമ്മകൾ കുട്ടിക്കാലത്തേയ്ക്കും അന്നത്തെ ക്രിസ്തുമസ് ആഘോഷങ്ങളിലേയ്ക്കും പോയി.
ഡിസംബർ മാസം തുടങ്ങിയാൽ
അടുത്തുള്ള വീട്ടിലെ കുട്ടികളെല്ലാം ഒത്തുചേർന്ന്
ആറ്റിറമ്പിൽ പോയി
മുള വെട്ടി കൊണ്ടുവരും. ചെത്തിമിനുക്കിയ മുളങ്കമ്പും വർണ്ണപേപ്പറും കൊണ്ട്
നക്ഷത്രം ഉണ്ടാക്കി അന്നക്കുട്ടിയുടെ വീടിൻ്റെ മുറ്റത്തെ വലിയ മാവിൻ്റെ കൊമ്പിൽ തൂക്കിയിടും .
മുളങ്കമ്പുകളും പുല്ലും ഉപയോഗിച്ച് ഉണ്ടാക്കുന്ന പുൽക്കൂടിന് മോടി കൂട്ടാൻ ജമന്തിയും വാടാമല്ലി പൂക്കളും ചെണ്ടുമല്ലിയും വെച്ച് അലങ്കരിക്കും. പുളളിക്കുത്തുള്ള ബലൂണുകൾ പുൽക്കൂട്ടിനുള്ളിലും മുറ്റത്തെ മരത്തിലും തൂക്കിയിടും .
അന്നക്കുട്ടിയുടെ ചാച്ചൻ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള പ്രതിമകൾ മനുഷ്യരും മൃഗങ്ങളും മാലാഖമാരും ഉണ്ണിയേശുവുമടങ്ങുന്നത് എടുത്ത് പുൽക്കൂട്ടിൽ നിരത്തി വെയ്ക്കും .
നക്ഷത്രത്തിനുള്ളിൽ വെളിച്ചം പകരാൻ ചിരട്ടയ്ക്കുള്ളിൽ സ്ഥാപിച്ച മെഴുകുതിരി കത്തിച്ചു വയ്ക്കും.
വൈദ്യുത വിളക്കുകൾ ഒന്നുമില്ലെങ്കിലും അന്നത്തെ ആ പുല്ക്കൂടിൻ്റെ സൗന്ദര്യം
എത്ര കണ്ടാലും മതിയാവില്ല. ഒന്നു രണ്ടു ദിവസം കഴിഞ്ഞാൽ പൂക്കൾ ഉണങ്ങി പുൽക്കൂട്ടിലാകെ ഒരു പ്രത്യേക സുഗന്ധമാണ്.
ക്രിസ്മസ് രാത്രിയിൽ
അന്നക്കുട്ടിയും ചാച്ചനും അമ്മയും പള്ളിയിൽ പോകുമ്പോൾ താനും അവരുടെ കൂടെ പോകും.
ചൂട്ട് കറ്റ കത്തിച്ച്
കുന്നിറങ്ങി പുഴ കടന്ന് ഏറെ നേരം നടന്ന് പള്ളിയിൽ എത്തുമ്പോഴേക്കും തണുത്തുവിറയ്ക്കുന്നുണ്ടാവും .
പാതിരാ കുർബാനയും പിറവിത്തിരുന്നാളും ആഘോഷങ്ങളും കഴിഞ്ഞ്
പുറത്തിറങ്ങുമ്പോൾ
പള്ളിമുറ്റത്ത് ഒരു വലിയ ക്രിസ്മസ് ട്രീ നിറയെ പല വർണ്ണത്തിലും വലിപ്പത്തിലുമുള്ള
സമ്മാനപ്പൊതികൾ തൂക്കിയിട്ടിട്ടുണ്ടാവും.
അന്നക്കുട്ടിയുടെ അമ്മ അവൾക്കൊപ്പം തനിയ്ക്കും സമ്മാനപ്പൊതികൾ വാങ്ങിത്തരും.
തിരിച്ച് വീട്ടിലെത്തുമ്പോഴേയ്ക്കും നേരം വെളുത്തിട്ടുണ്ടാവും.
വീട്ടിലെത്തിയാലുടൻ അന്നക്കുട്ടിയുടെ വല്യമ്മച്ചി വയറു നിറയെ കള്ളപ്പവും കോഴിക്കറിയും തരും. തനിക്കു മാത്രമല്ല അച്ഛനുമമ്മയ്ക്കും അനിയനുമെല്ലാം ഭക്ഷണം അന്ന് അന്നക്കുട്ടിയുടെ വീട്ടിൽ നിന്നാണ്.
"ഏയ് ആരാ നിങ്ങൾ ?
എന്തിനാ ഇവിടെ ഇരിക്കുന്നത് ?"
ചോദ്യം കേട്ട് ചിന്തയിൽ നിന്നുണർന്ന അവൾ കണ്ടത്
വെള്ളമുണ്ടും ജൂബ്ബയും ധരിച്ച മധ്യവയസ്ക്കനായ ഒരാൾ. കൂടെ രണ്ടു മൂന്ന് ചെറുപ്പക്കാരും. എങ്ങും
ലൈറ്റുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം.
"ഞാൻ പാതിരാ കുർബ്ബാനയ്ക്കു വന്നതാണ്."
"ഏതു വാർഡിലാ നിങ്ങൾ ? " കണ്ണട വെച്ച ചെറുപ്പക്കാരൻ ചോദിച്ചു.
"ജനറൽ വാർഡിലാണ്." അവൾ പറഞ്ഞു.
"ജനറൽ വാർഡോ ?"
അവർ പരസ്പരം നോക്കി.
"കാർഡുണ്ടോ കൈയ്യിൽ?"
അവൾ സർക്കാർ ആശുപത്രിയിലെ കാർഡ് ബാഗിൽ നിന്ന് എടുത്തു നീട്ടി.
അവർ അതു വാങ്ങി നോക്കി. ചിരിച്ചു കൊണ്ട് തിരിച്ചു കൊടുത്തു.
"ചേച്ചീ ഈ പള്ളിയുടെ കിഴിലുള്ള വീടുകൾ എല്ലാം വാർഡു തിരിച്ചാണ് കുർബ്ബാന സമയം ക്രമീകരിച്ചിരിക്കുന്നത്.
നിശ്ചിത ആളുകളെ മാത്രമേ പള്ളിയിൽ കയറ്റൂ .ഈ കുർബ്ബാനയ്ക്ക് വരേണ്ടവർക്ക് കാർഡ് ഉണ്ട്.അതുമായി വരുന്നവരെ മാത്രമേ പള്ളിയിൽ കയറ്റൂ .കോവിഡ് നിയന്ത്രണമാണ്. " അതിലൊരാൾ പറഞ്ഞു.
"അയ്യോ അങ്ങനെ പറയല്ലേ ,എൻ്റെ മോൾക്ക് സുഖമില്ല. ഉണ്ണിയേശുവിനെ ഒന്നു കാണാൻ കൊതിച്ച് ഉച്ചയ്ക്ക് രണ്ടു മണി മുതൽ വന്ന് കാത്തിരിക്കുന്നതാണ് .
ഉണ്ണിയെ കണ്ടിട്ട് ഞങ്ങൾ.. "
അവൾ കരങ്ങൾകൂപ്പി അവരോട് യാചിച്ചു.
" പറഞ്ഞാൽ നിങ്ങൾക്ക് മനസിലാവില്ലേ? കോവിഡ് കാലമാണ്.
എത്രയും പെട്ടന്ന് പള്ളി കോമ്പൗണ്ടിൽ നിന്നും ഇറങ്ങണം."
ജൂബ്ബക്കാരൻ ഗൗരവത്തിൽ പറഞ്ഞു.
അവൾ എല്ലാവരേയും മാറി മാറി നോക്കിയ ശേഷം
ഉറങ്ങുന്ന കുഞ്ഞിനെ എടുത്ത് തോളിൽ കിടത്തി അവൾ പള്ളിയങ്കണത്തിൽ നിന്നും പുറത്തേയ്ക്കിറങ്ങി.
വിജനമായ പാതയിലൂടെ ഇരുട്ടിലൂട വൾ ആശുപത്രി ലക്ഷ്യമാക്കി നടന്നു.അകലെ ആകാശത്ത് ഒരു നക്ഷത്രം അവരെ നോക്കി മിഴി ചിമ്മി.