മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

മങ്ങിയ വെളിച്ചമുള്ള ഒരു തണുത്ത പ്രഭാതം.ആകാശത്ത് കാര്‍മേഘങ്ങള്‍ മൂടിക്കെട്ടി നില്‍ക്കുന്നു. എപ്പോള്‍ വേണമെങ്കിലും മഴ പെയ്തേക്കാം എന്നൊരു പ്രതീതി. വീടിന്‍ മുന്‍വശത്ത് തന്നെ തിരക്കേറിയ റോഡാണ്.

മുറ്റം എന്നൊന്നും പറയാനില്ലാത്തതിനാല്‍ ഫ്രണ്ട് ഡോര്‍ തുറന്ന് കാലെടുത്തു വയ്ക്കുന്നത് തന്നെ തെരുവിലേക്കാണ്. സമയം 8.45 കഴിയുന്നു. ഒരു മരച്ചുവട്ടില്‍ അവര്‍ സ്കൂള്‍ ബസ് കാത്തു നില്‍ക്കുകയാണ്. അഞ്ചാം ക്ളാസ്സില്‍ പഠിക്കുന്ന വിജയ്. അമ്മ രാധയും. 8.30ന് എത്തേണ്ട ബസ്സാണ്. എന്തു പറ്റിയോ.

രാധ ഡ്രൈവറുടെ മൊബൈല്‍ വിളിച്ചു നോക്കി. നിഷ്ഫലം. ബെല്ലടിക്കുന്ന ശബ്ദം കേള്‍ക്കാം. അതു തന്നെ. തെരുവിലൂടെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. നഗരത്തെ ചുറ്റുന്ന ഒരു സര്‍ക്കുലര്‍ റോഡരുകിലാണ് സെന്‍ജോസഫ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍. എതിര്‍വശത്ത് തലയെടുപ്പോടെ നില കൊള്ളുന്ന വളരെ പുരാതനമായ ഒരു പള്ളിയുണ്ട്. പിന്നെയും സമയം ഇഴഞ്ഞു നീങ്ങി. ഒടുവില്‍ വിജയ് പറഞ്ഞു.' അമ്മ പൊയ്ക്കൊള്ളൂ. ബസ് വന്നാല്‍ ഞാന്‍ കയറിപൊയ്ക്കൊള്ളാം.' അല്‍പം മടിയുണ്ടെങ്കിലും രാധ സമ്മതിച്ചു. മകനെ ഒറ്റയ്ക്ക് അവിടെ വിട്ടിട്ടു പോകാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നു. തീരാനുള്ള വീട്ടുജോലികളെക്കുറിച്ചോര്‍ത്തു. എങ്കിലും ഇങ്ങനെ പറഞ്ഞു. 'വിജയ്. 9 മണി ആയിട്ടും ബസ് വന്നില്ലെങ്കില്‍ ഇന്ന് സ്കൂളില്‍ പോകേണ്ട. മടങ്ങിപ്പോരെ.' ഇവിടെ തന്നെ നില്‍ക്കണം.'ഇങ്ങനെ പറയുമ്പോഴും വീടിന്‍ടെ ജാലകത്തിലൂടെ നോക്കിയാല്‍ ബസ്സ്റ്റോപ്പു കാണാം എന്ന ധൈര്യം അവര്‍ക്കുണ്ടായിരുന്നു.

അമ്മ വീട്ടിലേക്ക് കയറിപ്പോകുന്നത് ഒരു നിമിഷം വിജയ് നോക്കി നിന്നു. പെട്ടെന്നാണ് ഒരാശയം അവന്‍ടെ മനസ്സിലൂടെ കടന്നു പോയത്. പലപ്പോഴും ആഗ്രഹിച്ചിട്ടുള്ള കാര്യം. സ്കൂളിലേക്ക് നടന്നു പോകാം.വഴിയില്‍ എന്തെല്ലാം മനോഹരമായ കാഴ്ചകളാണ്. ഒരിക്കലും സാധിക്കില്ലെന്നുറപ്പിച്ചിരുന്ന ഒരവസരമാണ് കൈ വന്നിരിക്കുന്നത്. ഇങ്ങനെ ചിന്തിക്കുമ്പോള്‍ അകലെ നിന്ന് ബസ് വരുന്നത് വിജയ് കണ്ടു. അവന്‍ മരത്തിന്‍ടെ പുറകിലേക്ക് മറഞ്ഞു നിന്നു. സ്കൂള്‍ ബസ് പതിവു പോലെ സ്റ്റോപ്പില്‍ വന്ന് നിന്നു. രാധ വീട്ടില്‍ നിന്നു അത് കണ്ടു. ആശ്വാസമായി. ക്ളാസ് മുടങ്ങാതെഒരു വണ്ടി വിളിച്ച് മകനെ സ്കൂളിലാക്കുന്ന കാര്യവും ചിന്തിച്ചിരുന്നു. ആ തത്രപ്പാട് ഒഴിവായി. മറ്റൊന്നും അവര്‍ കണ്ടില്ല. മകന്‍ ബസില്‍ കയറുന്നുണ്ടോ എന്ന് മാത്രം നോക്കാന്‍ അവര്‍ മറന്നു. സ്വന്തം കര്‍ത്തവ്യങ്ങളിലേക്ക് രാധയുടെ മനസ്സ് എപ്പോഴേ മടങ്ങിപ്പോയിയുന്നു. സ്കൂള്‍ ബസ് സ്റ്റോപ്പില്‍ നിന്നു.ആരെയും മരച്ചുവട്ടില്‍ കാണാത്തതിനാല്‍ ഡ്രൈവര്‍ ബാലു തല പുറത്തേക്കിട്ട് നോക്കി. രണ്ടു തവണ ഹോണടിച്ചു. ശേഷം ബസ് മുന്നോട്ടു നീങ്ങി. മരത്തിന്‍ടെ പുറകില്‍നിന്നും വിജയ് മെല്ലെ ബസ് പോയ വഴി ഫുട്പാത്തിലൂടെ നടക്കാന്‍ തുടങ്ങി. പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ ശബ്ദവും ഹോണടികളും ഒരു റോക്ക് മ്യൂസിക് എന്നോണം ഉയര്‍ന്നും താണും കേട്ടു കൊണ്ടിരുന്നു. പുറത്ത് വച്ചു കെട്ടിയ ബാഗിന്‍ടെ കനംമാത്രമായിരുന്നു വിജയിനെഅലോസരപ്പെടുത്തിയത്.

തെരുവിലെ വലിയ കെട്ടിടങ്ങളുടെയും ബഹുവേഷധാരികളായ കാല്‍നടക്കാരുടെയുടെയും ഇടയിലൂടെ കാഴ്ചകളില്‍ മയങ്ങി അവന്‍ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. പലരും അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്വഭാവികമായും ആരും ഒന്നും ചോദിച്ചില്ല പോയി. നഗരജീവിതത്തിലെ സാധാരണമായ നിസ്സംഗത പുലര്‍ത്തി സ്വന്തം തിരക്കുകളുമായി അവര്‍ വിജയിനെ കടന്നു പോയി. റോഡിപ്പോള്‍ ഒരു ജംഗ്ഷനില്‍ ചെന്നു മുട്ടിയിരിക്കുന്നു. വിജയ് ആശയക്കുഴപ്പത്തിലായി. മൂന്നു വശത്തേക്കു തിരിയുന്ന വഴി. ഇടത്തോട്ടോ, വലത്തോട്ടോ, അതോ മുന്‍പോട്ടു തന്നെയോ? അകലെ നിന്നും പതുക്കെ ഒരു വ്യദ്ധന്‍ നടന്നു വരുന്നുണ്ടായിരുന്നു. അയാള്‍ അടുത്തെത്തിയപ്പോള്‍ വിജയ് ചോദിച്ചു. 'അങ്കിള്‍. സെന്‍റ്ജോസഫ് സ്കൂളിലേക്കുള്ള വഴി ഏതാണ്. 'വ്യദ്ധന്‍ ഒരു നിമിഷം അവനെ ശ്രദ്ധിച്ചു നോക്കി. 'സെന്‍റ് ജോസഫ് സ്കൂളോ? ആ പേരില്‍ രണ്ടു മൂന്നെണ്ണം ഈ നഗരത്തിലുണ്ടല്ലോ മോനേ?' 'അങ്കിള്‍ പള്ളിയുടെ അടുത്തുള്ള ..' 'ഓ..അതാണോ അത് ..വലത്തോട്ടുള്ള വഴി കാണിച്ചിട്ട് വ്യദ്ധന്‍ പറഞ്ഞു. മോന്‍ ഇതിലേ നേരെ പൊയ്ക്കൊ. അല്‍പം, കഴിയുമ്പോള്‍ മറ്റൊരു കവലയിലെത്തും. അവിടെ നിന്നും ഇടത്തോട്ടു തിരിയണം. അല്ലെങ്കില്‍ അതു വേണ്ട. അവിടെ ആരോടെങ്കിലും ചോദിച്ചോ..' എന്ന് പറഞ്ഞ്അയാള്‍ തിരക്കിട്ട് നടന്നു പോയി.

സമയം 11 മണി കഴിഞ്ഞിരുന്നു. വിജയിന് വല്ലാത്ത ദാഹവും തളര്‍ച്ചയും തോന്നി. പല ജംഗ്ഷനുകളും വഴികളും അവന്‍ താണ്ടിക്കഴിഞ്ഞു. വഴി ചോദിച്ചവരൊക്കെ പല സ്കൂളുകളുടെയും പള്ളികളുടെയും കാര്യങ്ങള്‍ തിരിച്ചു ചോദിച്ചു. വഴി തെറ്റി നഗരത്തില്‍ എവിടെയോ വിജയ് അലഞ്ഞു. എവിടെയോ എത്തിച്ചേര്‍ന്നു ആളുകള്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. 'എങ്ങോട്ടാണ് പോകുന്നത്. കൂടെ ആരുമില്ല?' 'ഇന്ന് സ്കൂളില്ലേ ?അവധിയോണോ' 'എന്താ ഒറ്റക്കു നടക്കുന്നത്. സ്കൂളില്‍ പോകാതെ കറങ്ങി നടക്കുകയാണോ' 'മോനെങ്ങോട്ടാ പോകുന്നത്?വഴി അറിയില്ലേ? ഞാന്‍ കൊണ്ടു വിടണോ? അവരില്‍ നിന്നെല്ലാം വിജയ് ഓടിയകന്നുമാറി. തെരുവു കച്ചവടക്കാരും കാല്‍നടക്കാരും അവനെ തുറിച്ചു നോക്കി. ചില സൈക്കിളുകാരും ഓട്ടോറിക്ഷക്കാരും അടുത്തു വന്നു നിന്ന് ഒന്നു നിര്‍ത്തി. വിജയിനെ സംശയപൂര്‍വ്വം നോക്കിയശേഷം കടന്നു പോയി. സ്കൂള്‍ മാത്രം കണ്ടു പിടിക്കാനോ, കാണിച്ചു തരാനോ അവരാരും സഹായിച്ചില്ല. പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ ശബ്ദവും ഹോണടികളുടെ അലര്‍ച്ചയും സദാ മുഴങ്ങിക്കൊണ്ടേയിരുന്നു.

തെരുവു നിറഞ്ഞ് ആളുകള്‍ തിരക്കു പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും പൊയ്ക്കൊണ്ടിരുന്നു. മെല്ലെ ഒരു മഴ ചാറാനാരംഭിച്ചു. പതുക്കെ അത് ശക്തി പ്രാപിച്ചു. ഓര്‍ക്കാപ്പുറത്തുള്ള മഴക്കിടയിലൂടെ ജനം നാലു പാടും ചിതറി. വാഹനങ്ങള്‍ നനഞ്ഞു കുതിര്‍ന്നു. അടുത്തു കണ്ട ഒരു ഒരു വെയ്റ്റിംഗ്ഷെഡിലേക്ക് വിജയ് ഓടിക്കയറി. സമയം ഉച്ച കഴിഞ്ഞ 2 മണി കഴിഞ്ഞിരുന്നു. വിശപ്പും ദാഹവും മൂലം അവന്‍ ആകെ ക്ഷീണിതനായിക്കഴിഞ്ഞിരുന്നു. സ്കൂള്‍ബാഗ് താഴെ വച്ച് വെയ്റ്റിംഗ് ഷെഡിലെ മര ബെഞ്ചില്‍ വിജയ് ചാരിയിരുന്നു. എങ്കിലും ഓരോരോ വഴിയോരക്കാഴ്ചകള്‍ ഒന്നൊന്നായി, ഒരു മാലയില്‍ നിന്നുതിര്‍ന്നു വീഴുന്ന മുത്തുമണികള്‍ പോലെ മനസ്സിന്‍ടെ വെള്ളിത്തിരയില്‍ വന്നു പൊയ്ക്കൊണ്ടിരുന്നു.

ഉയര്‍ത്തിക്കെട്ടിയ കയറില്‍ക്കൂടി താളമേളങ്ങള്‍ക്കൊപ്പം ബാലന്‍സ് ചെയ്തുനടക്കുന്ന ബാലിക. അത് കണ്ട് കൈയടിക്കുകയും സംഭാവന ചോദിക്കുമ്പാള്‍ പിരിഞ്ഞു പോകുകയും ചെയ്യുന്ന ആള്‍ക്കൂട്ടം, കായലിനെതിരെയുള്ള ഫുട്പാത്തില്‍ നിരത്തിയിട്ടിരിക്കുന്ന സിമന്‍റ് ബെഞ്ചുകളിരുന്ന് സമയം കൊല്ലുന്നവര്‍, അവര്‍ക്കിടയിലൂടെ കപ്പലണ്ടിയും ഐസ്ക്രീമും വിറ്റു നടക്കുന്നവര്‍. ഓളങ്ങളില്‍ ചാഞ്ചാടി നങ്കൂരമിട്ടിരിക്കുന്ന കപ്പലുകള്‍. ഒഴുകി നടക്കുന്ന നിഴലുകള്‍ പോലെ ചെറുവള്ളങ്ങള്‍ ആക്രി പെറുക്കുന്ന തെരുവുബാലന്‍മാര്‍ ഒരേ സമയം ടാറിംഗ് നടക്കുന്നു. ചില റോഡുകള്‍ കുത്തിപ്പൊളിക്കുന്നു. അമ്പലത്തില്‍ നിന്നും പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങി വരുന്നവര്‍. തെരുവിലൂടെ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടു പോകുന്നഒരു ജാ ഥ. മുന്‍പില്‍ ഒഴിഞ്ഞു കിടക്കുന്ന കസേരകളെ നോക്കി മൈക്കിലൂടെ പ്രസംഗിക്കുന്ന ഒരാള്‍. റെയില്‍വേസ്റ്റേഷന്‍,ബസ്സ്റ്റാന്‍ഡ് ബഹുനിലമന്ദിരങ്ങള്‍. പല വിധ വേഷങ്ങള്‍. തിരക്ക്, ബഹളം, പുക, പൊടി.... അങ്ങനെ അങ്ങനെ സിനിമ രംഗങ്ങള്‍ പോല്‍ നീളുന്ന നഗരക്കാഴ്ചകള്‍ ശക്തമായ ക്ഷീണവും തണുത്ത കാറ്റും മൂലം വിജയ് മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.

ആരോ തട്ടി വിളിച്ചപ്പോഴാണ് ഉണര്‍ന്നത്. 'എന്താ മോനേ പറ്റിയത്.ഇവിടെ ഇരിക്കാതെ വേഗം വീട്ടിലേക്ക് പൊയ്ക്കൊ.' അത്ഭുതം.അയാള്‍ക്ക് രാവിലെ കണ്ട വ്യദ്ധന്‍ടെ അതേ മുഖച്ഛായ ആയിരുന്നു. ഇനി അയാള്‍ തന്നെയാണോ?!! മഴ ശമിച്ചിരുന്നു. സമയം വൈകിട്ട് 4.30 കഴിഞ്ഞിരുന്നു. വിജയ് റോഡിലേക്ക് ഇറങ്ങി മുന്നോട്ടു നടന്നു. അല്‍പം അകലെ കണ്ട കാഴ്ച വിജയിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അതാ വീടിന്‍ടെ മുന്‍പില്‍ മഴ നനഞ്ഞ് കുതിര്‍ന്ന് വിജയിന് ചിരപരിചിതമായ അതേ മരം. അത് തന്നെ മാടി വിളിക്കുന്നു. ആഹ്ളാദം കൊണ്ട് അവന്‍ തുള്ളിച്ചാടി. ഒരു നിമിഷം കൊണ്ട് ഇതു, വരെ നടന്നതെല്ലാം വിജയ് മറന്നു കഴിഞ്ഞു. 'അമ്മേ...എന്ന് നീട്ടി വിളിച്ചു കൊണ്ട് വീട്ടിലേക്ക് ഓടിക്കയറുമ്പോള്‍ അടുക്കളയില്‍ നിന്ന് രാധ ഇങ്ങനെ ചോദിച്ചു. 'എന്താ വിജയ്. രാവിലെ വൈകി വന്ന നിന്‍ടെ ബസ്സ്.,വൈകുന്നേരമായപ്പോള്‍ നേരത്തേ ആയോ. ആ ഡ്രൈവര്‍ ബാലുവിന് ഒരു സമയനിഷ്ഠയുമില്ലേ. .ഞാന്‍ സ്കൂളില്‍ കംപ്ളൈന്‍റ് ചെയ്യുന്നുണ്ട്. അപ്പോള്‍ തെരുവിന്‍ടെ അങ്ങേ അറ്റത്തു നിന്നും ബാലുവിന്‍ടെ സ്കൂള്‍ബസ് മെല്ലെ വരുന്നുണ്ടായിരുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ