“മോനെ നീ പയ്യൂന അയ്ച്ചോണ്ട് ബന്നേട”
“എൻക്ക് കയ്യ”
ഇത് പറച്ചിൽ മാത്രമാണ്. വിശാലമായ വളപ്പിൽ പച്ചപ്പുല്ലുകൾക്ക് അതിര് തീർത്ത് കല്ലിൽ കെട്ടിയ കയർ ചിന്നുവിന്റെ കഴുത്തിൽ കുരുങ്ങി കിടന്നു. അവൻ നടന്നകന്ന വഴികൾ ലക്ഷ്യത്തിലേക്ക് ആനയിക്കപ്പെട്ടു.
"ഞാനീ അതിരുകൾ ഭേദിച്ചു.”
ചിന്നുവിനെ വരിഞ്ഞു കെട്ടിയ കല്ല് എങ്ങോട്ടൊക്കയൊ സഞ്ചരിച്ചു. പച്ചപ്പുൽച്ചാടികൾ ചിന്നുവിന്റെ നാവിനടിയിൽ കിടന്നു ഞെരിഞ്ഞു.ചിന്നു മാംസഭുക്കാണെന്നും മിശ്രഭുക്കാണെന്നും വിലയിരുത്തി. നേർരേഖയിലും വളഞ്ഞു പുളഞ്ഞും പോയിക്കൊണ്ടിരുന്ന കല്ല് മണ്ണിൽ അസംബന്ധ ചിത്രം വരച്ചു. ചതഞ്ഞരഞ്ഞ പുൽച്ചാടിയെക്കുറിച്ചോർത്ത്, പാറ്റകളും പ്രാണികളും അനുശോചനയോഗം കൂടി. ആ യോഗത്തിൽ സംസാരിച്ചത് ഒരു കാട്ടുപോത്തായിരുന്നു. കാട്ടുപോത്തിന്റെ ചെവികൾക്കിടയിലെ ചെള്ള് കൊത്തിക്കൊണ്ട് കാക്ക ശ്രദ്ധ ക്ഷണിച്ചു. കാട്ടുപോത്തിന്റെ സംസാരത്തിൽ ചോരമണത്തു. വിശുദ്ധയായി വാഴ്ത്തപ്പെട്ട നീ കൊലപാതകിയാണ്. പശുവിനെ തുറിച്ചു നോക്കുന്ന കാട്ടുപൊത്തിന്റെ കണ്ണുകൾ, പശു അടങ്ങി മൂലയിൽ വിശ്രമത്തിലായിരുന്നു. പശു ….. പാവം പശു, കുറ്റവാളിയെ പോലെ നിസംഗമായി വെയില് കാഞ്ഞു. കറുത്ത മൂക്കിൻ തട്ടിപ്പിലൂടെ ശ്ലേഷദ്രാവകമൊഴുകി, വെയിൽ ചാഞ്ഞ നേരത്ത് മേഞ്ഞകത്താക്കിയ മധുമധുരമായ പച്ചപ്പുല്ലുകൾ വീണ്ടും വായിലിട്ട് ചവച്ചു.
അവന് വന്നു, പശു എണീറ്റു
“അന്ന് ബിളിക്ക്ന്ന് ണ്ട്”
കാട്ടുപോത്തിന് മൂക്കുകയറുമായ് അറവുകാരൻ മൂസ വന്നു. അയാൾ കൊര്ത്ത് എറിഞ്ഞു കഴിഞ്ഞു. പുൽച്ചാടിക്ക് വേണ്ടിയുള്ള രക്തസാക്ഷിയാണ് നീ, അനുശോചനപ്രവർത്തകർ ജയ് വിളിച്ച് നടന്നു. ആ ജയ് വിളി മൂസ കേട്ടില്ല. പോത്തിന്റെ മൂക്കിൽ കൂടി ചോരയൊലിച്ചു. മലവും ചോരയും ഭീതിയുടെ നിറം ചാർത്തിയ ഭൂമിയിൽ നിന്നും വലിയൊരു ലോറിയുടെ പിറകിലായി അത് സ്ഥാനം പിടിച്ചു. ലോറിയുടെ സ്ഥാനം തെറ്റിയ ചലനങ്ങൾ അറവുശാലയെ ഓർമ്മിപ്പിച്ചു. കാട്ട്പോത്ത് പിന്നെം ചിന്നൂനെ നോക്കി. മൂരിക്കുണ്ടന്റെ മുരുളലാണ് അകലെ നിന്നും കേട്ടത്. ചിന്നു അവനെ ശ്രദ്ധിച്ചില്ല. “ഞാൻ വേറെ,നീ വേറെ”
മൂരിക്കുണ്ടന്റെ മുരൾച്ചയിലാകൃഷ്ടയായ ചിന്നുവിനെ നോക്കി ജിമ്പാലൻ സന്ധിലേർപ്പെട്ടു.
"വളർത്തു മൃഗമായ നീയെനിക്ക് പാല് തന്നു, ചാണകം തന്നു, ഗോമൂത്രം തന്നു."
"എന്ന് നട്ക്ക്, അമ്മ നിന്ന ബിളിക്ക്ന്നുണ്ട്."
ജിമ്പാലന്റെ ചിരിക്കുന്ന മുഖത്ത് സ്നേഹമാണ്, വാത്സല്യമാണ്, കയറിന്റെ അറ്റം തന്റെ അരയിൽ കെട്ടി, ജിമ്പാലൻ മുമ്പിലും ചിന്നു പിന്നിലും നടന്നു. പിന്നെ അവളോട് പിറുപിറുക്കാൻ തുടങ്ങി.
“നിനക്ക് മൂക്ക് കയറാവിശ്യമില്ലെന്ന് അന്ന് പറഞ്ഞു. നീ പാവമാണെന്നും, ഞാനെത്ര പാവമല്ലെന്ന മട്ടിലും അമ്മ പറഞ്ഞിരുന്നു. നിന്നെക്കൊണ്ട് ഉപകാരമുണ്ടെന്നും എന്നെക്കൊണ്ട് ഉപകാരമില്ലെന്നും അമ്മ പറഞ്ഞു. പാൽസൊസൈറ്റിയിലെ അളവ് പാത്രത്തിന് നിന്റെ കൊഴുപ്പാണ് കൂടുതലിഷ്ടമെന്നും, നിനക്ക് തരുന്ന പിണ്ണാക്കിന്റെ കണക്കും, തീറ്റയുടെ അളവും അമ്മ എഴുതിവച്ചിട്ടുണ്ട്, വരവും ചിലവും തിട്ടപ്പെടുത്തി നാൽ ബാക്കി മിച്ചമുണ്ടെന്നാണ് അമ്മയുടെ വർത്താനം.
ജിമ്പാലൻ പറഞ്ഞത് ചിന്നു കേട്ടിരിക്കണം, ചിന്നു വെറുതെ ഓടാൻ തുടങ്ങി. ആദ്യമൊക്കെ ഓട്ടം രസമായിരുന്നു. ഇനിയാണ് താന് പെട്ടത് ജിമ്പാലനറിയുന്നത്. കാട്ട്പോത്തിനോടുള്ള പ്രതികാരമൊ, മൂരിക്കുണ്ടനോടുള്ള താത്പര്യമൊ, ജിമ്പാലന്റെ കരക്കയിലെ വൃത്തികെട്ട പച്ചില തോലുകളൊ, ഒരു ചെങ്കല്ലിനെ വലിക്കുന്ന ലാഘവത്തോടെയാണ് ചിന്നു ഓടുന്നത്. ഓട്ടത്തിന് വേഗം കൂടി കൂടി വന്നു. വെപ്രാളപ്പെട്ട് ജിമ്പാലന്റെ കൈകൾ കയറിൽ കേറി പിടിച്ചു, കുലുക്കാൻ തുടങ്ങി. പണ്ട് പാളയിലിരുത്തി വലിക്കുന്ന സുഖം ആദ്യം തോന്നി. പിന്നീട് കുണ്ടിയിൽ നീറാനും വേദനിക്കാനും തുടങ്ങി. മൂക്ക് കുത്തി ഉരുണ്ടു. ഇപ്പോൾ അവനൊരു പന്താണ്. ചിന്നുവിനത് ചെത്ത് കല്ലാണ്, ഉരുണ്ടു പോകുന്ന പന്തെടുക്കാൻ കുട്ടികൾ പലവഴി പാഞ്ഞു. ആർപ്പ് വിളികളുണ്ടായി, ചാടി പിടിക്കാൻ നോക്കി, ചിലർ കാലുകൊണ്ട് തട്ടാൻ ശ്രമിച്ചു. ചിലർ മുകളിലേക്ക് വീഴാന് ശ്രമിച്ചു. എല്ലാ ശ്രമങ്ങളും വെറുതെയായി. സത്യത്തിൽ ഇവിടെ നടന്നതൊരു കളിയാണ്, കളിയിൽ കാര്യമില്ല. ചിന്നുവിന് കളി മതിയായി. പ്രതികാരം നശിച്ചു. പൊട്ടലുകളും നീറ്റലുകളും അടക്കിപ്പിടിച്ച് ജിമ്പാലൻ അരയിലെ കെട്ടഴിച്ചു. കൈകളിൽ നീര് വരാൻ തുടങ്ങി, കൈമുട്ട് ഫുഡ്ബോൾ പന്ത് പോലെ പൊന്തി വന്നു. കുറേ കീറലുകൾ. നീറ്റലുകൾ. അവൾ അടങ്ങി. അവന് ലക്ഷ്യബോധം മറന്നില്ല.
“ഇതാണ് കരക്ക”
ബല്ലത്തിലെ വൈക്കോല് നോക്കി ജിമ്പാലൻ ആഞ്ജാപിച്ചു.
“ത് ന്നൊ പട്ടി”
മുടിക്കാൻ പിറന്നതെന്നാണ് അമ്മ പിന്നീട് അവനെപ്പറ്റി പറഞ്ഞത്. പശു തന്ന ആദായം പശുകൊണ്ടുപോയെന്നാണ് ജിമ്പാലന്റെ നിഗമനം. അങ്ങനെ ചിന്നു വീണ്ടും ഗർഭിണിയായി. അന്ന് കണക്കിൽ കൂടുതൽ പിണ്ണാക്കും കാലിത്തീറ്റയും കലക്കി അതിനെ കുടിപ്പിച്ചു. വേനൽക്കാലമായതിനാൽ പച്ചപ്പുല്ലുകൾ നിറഞ്ഞ വളപ്പുകൾ കത്തിക്കിരയായി. തെങ്ങിന് ബെള്ളൊയ്ക്ക്ന്ന ബളപ്പെല്ലം, പച്ചപ്പുല്ലോണ്ട് നെറഞ്ഞു. ചിന്നൂന് പച്ചപ്പുല്ലരിയുന്നതിൽ ജിമ്പാലന് മടുപ്പൊ, എതിർപ്പൊ ഇല്ല,ബാന്റേജ് കെട്ടിയ കൈക്കകത്തെ ചൊറിച്ചിൽ, ചൊറിച്ചിൽ മാറാൻ അവന് അമ്മ മാറ്റിവെച്ച പാൽ കട്ടുകുടിച്ചു.മൂക്ക് കയറിടാൻ അമ്മ സമ്മതിച്ചില്ല. ചിന്നു ഒരു പാവം പശുവാണ്, എല്ലാവരും പറഞ്ഞു. ചിന്നുവിന്റെ വയറ് വീർത്തു.ചിന്നുവിന്റെ പേറടുത്തു. ഈയിടെയാണ് ചിന്നു ജിമ്പാലനെന്ന് കരുതി കളിക്കാനൊരുമ്പെട്ടത്. കളി കാര്യമായി, കല്ലും വലിച്ച് കൊണ്ടാണ് ഓടിയത്, ഉണങ്ങിയ നെപ്പുല്ലുകളാൽ മൂടിയ കിണറ്റിലോട്ട് , ചുവരിൽ തട്ടി വയറുരന്തി കിണറ്റിലോട്ട്, എല്ലാവരും ചുറ്റും കൂടി.അമ്മ കരയുന്നത് കണ്ടു.അവളുടെ ദയനീയമായ നോട്ടം, ഹൊ സർവ്വ ദേഷ്യവും നശിച്ച്, പ്രാർത്ഥനകൾക്കൊപ്പം അവനും കൂടി. ഫയർഫോർസ് വണ്ടിയാൽ കരയ്ക്ക് കയറ്റപ്പെട്ടു. ഏതോ ഒരു രക്ഷകന്റെ നിലവിളിയോടെ അത് പോയിരുന്നു. ആ നിലവിളിച്ച് മറ്റൊരു ഫോൺകോളിന്റെ കാത്തിരിപ്പായിരുന്നു. തിരിച്ചു വന്നപ്പോൾ നീരാട്ടിനിറങ്ങിയ മങ്കയെ പോലെ അവൻ തലയാട്ടി, അമ്മ അവളെ അമർത്തി ചുംബിച്ചു.
“എന്റെ പൊന്നു മോളെ”
ചിന്നുവിന്റെ ദയനീയമായ കണ്ണുകൾ, വെറലി പിടിച്ച നോട്ടം, അവൾ പേടിച്ചു കാണും, പിന്നീടങ്ങോട്ട് ഓരോ ചുവടും സൂക്ഷിച്ചാണവൾ വയ്ക്കാറുള്ളത്. വലിയ വളപ്പുകളിൽ കല്ല് കൊണ്ട് ചിത്രം വരയ്ക്കുന്നത് നിർത്തി. കാട്ടപോത്തുകളോട് ദയതോന്നി തുടങ്ങി. പച്ചപ്പുല്ല് കണ്ടാലുള്ള പഴയ ആവേശം നിന്നു. വാഴത്തിരി കടിച്ചെടുക്കുന്ന സ്വഭാവവുമില്ല. ഒന്നുകൂടി അവൾ നന്നായി. ജിമ്പാലൻ ചിന്നുവിനോട് ഭയഭക്തി ബഹുമാനത്തോടെയാണ് പെരുമാറുന്നത്. ദേഷ്യപ്പെടാനൊ ശൃംഗരിക്കാനൊ നിന്നില്ല.
ഒരു ബസ്സിന്റെ പിൻസീറ്റിലിരുന്നാണ് ജിമ്പാലനോട് ഒരു ഫാം തുടങ്ങുന്നതിനെ പറ്റി അടുത്തിരുന്ന ആൾ പറഞ്ഞത്. ഓർമ്മയിൽ ചിന്നു വലിച്ചിട്ട് കൈക്ക് ഇപ്പോഴും വേദനയാണ്. ഇടയ്ക്കിടെ ടിക് ടിക് ശബ്ദം കേൾക്കാം. അത് പേടിപ്പിക്കുന്നു, എല്ലുകൾ കൂടിയിട്ടില്ലെന്ന് പറയും,തോന്നലുകളിൽ വെപ്രാളപ്പെട്ട് മംഗലാപുരത്തും പെരിയാരത്തും കോഴിക്കോട്ടും, തിരുവനന്തപുരം വരെയും യാത്ര തിരിക്കും. “ആടെല്ലം നല്ലെണ്ണ എല്ലിന്റെ ഡോക്ട്ര് ഇണ്ടോലും,” ഇനിയും നിർത്താത്ത ആ ശബ്ദം ശകാരമാണെന്ന് സംശയിക്കും. ഓരൊ ചുവടും സൂക്ഷിച്ചു വയ്ക്കും.ഓരൊ സംസാരവും സൂക്ഷിച്ചായിരിക്കും. പറച്ചിൽ വേഗത്തിലാവാനൊ പതിയെയാവാനൊ പാടില്ല, കൊടിയുടെ നിറങ്ങളെ പേടിച്ച് മലമുകളിലേക്ക് യാത്ര പുറപ്പെടും, കാട്ട് പോത്തുകളെ പേടിച്ച് മലയിറങ്ങി വരും. ഇനി നിശ്ശബ്ദതമായ സംഗീതത്തിലാണ് താത്പര്യം.ജിമ്പാലൻ പറഞ്ഞു.
“ഫാമിൽ പശുക്കൾ പൂർണ ആരോഗ്യത്തോടെയാണ് വളരേണ്ടത്.സിമന്റിട്ട തറയിലെ ചാണകം നീക്കം ചെയ്യണം.പശുവിന്റെ അകിടിൽ നിന്നും പാൽ ചുരത്തേണ്ടത് മിഷ്യനാണ്. പാലിന്റെ ശേഖരവും, പശുവിന്റെ ശേഷിയും മിഷ്യനറിയാം.ചോര പിഴിഞ്ഞെടുക്കാൻ അത് മെനക്കെടില്ല. അടുത്ത് കെട്ടിയ കന്നിന്റെ നിലവിളി കേട്ട് ശിഷ്യന് നിശ്ചലമാകും. വിശാലമായ വളപ്പുകൾ അത്തരം പശുക്കൾ സ്വപ്നം കാണാറില്ല. ഇത്രയും ഫാമിൽ ഒരുക്കണം.
എന്റെ പശുക്കൾക്ക് വിത്തുകാളയെ പേടിയാണ്, അയാൾക്ക് പറഞ്ഞു.
ജിമ്പാലന്റെ ചിന്ത മൊട്ടക്കുന്നിനു മുകളിൽ, കുറ്റിമേൽകെട്ടിയ ചിന്നുവിന്റെ ചെമ്പാലൻ രോമങ്ങളിൽ നിന്ന് സന്ധ്യയുടെ പ്രസരിപ്പാർന്ന മുഖം തെളിഞ്ഞു കണ്ടു. പുറം ലോകം കാണണമെന്ന് പശുക്കൾ ആഗ്രഹിക്കാറില്ല, അല്ലെങ്കിൽ നമ്മൾ അനുവദിക്കില്ല.
നീ ഏട്ത്തേക്ക്?.......പെരിയാരത്തേക്ക് ജിമ്പാലൻ പറഞ്ഞു.
ബസ്സിന്റെ പിൻസീറ്റിലിരുന്ന് അലഞ്ഞു തിരിയുന്ന പശുക്കളേയും, പറമ്പിൽ കെട്ടിയ പശുക്കളെയും, കരക്കയിൽ മാത്രം കഴിയുന്ന അപൂർവയിനം പശുക്കളെയും താരതമ്യം ചെയ്തു. അവസാനം ഉത്തരം കിട്ടി, ചിന്നു ഒരു പാവം പശുവാണ്, അവൾ വിശാലമായ ലോകത്തെ സ്വപ്നം കാണുന്നു…