mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഉമ്മറത്തു വിളക്കുവെയ്ക്കുമ്പോൾ ഉമയും അനിയത്തി മീനാക്ഷിയും കണ്ടു അച്ഛന്റെ ആടിക്കുഴഞ്ഞുള്ള വരവ്. അമ്മ സീരിയൽ കാണുന്നു. വന്നപാടെ അമ്മേടെ കയ്യിൽ നിന്നും റിമോട്ടും വാങ്ങി "നിനക്കീ കോപ്പല്ലാതൊന്നും കാണില്ലേ.. പോയി ചോറ് വിളമ്പടി ". അതങ്ങനെ ആണ് അമ്മ വെയ്ക്കുന്ന ചാനലിൽ നിന്നും ഒരെണ്ണം കൂട്ടി വെച്ചാലേ അച്ഛന് സമാധാനം കിട്ടൂ.

അച്ഛൻ കുടിച്ചുതീർത്ത കുപ്പിയുടെയും അമ്മ കരഞ്ഞു തീർത്ത കണ്ണീരിന്റെയും ആകെ തുകയാണ് ഞങ്ങളുടെ ജീവിതം. അവൾ അനിയത്തിയെയും വിളിച്ചു പഠിക്കാനിരുന്നു. അമ്മ ചോറ് വിളമ്പിയിട്ട് അച്ഛനെ വിളിക്കുന്ന കേട്ടു. അച്ഛൻ പറഞ്ഞതിനും മാത്രം ചെന്ന് കുഴച്ചുവാരി ഒന്നൊരണ്ടോ ഉരുള തിന്നുകാണും പിന്നേം വന്നു ടീവീ യുടെ മുന്നിൽ ഇരുന്നു. പോക്കറ്റിൽ നിന്നും ഒന്നുരണ്ടു പേപ്പർ എടുത്തു അമ്മയോടായി പറഞ്ഞ് " ഇതാ രായപ്പൻ ബ്രോക്കറു തന്നതാ, അവള് പ്ലസ്ടു കഴിഞ്ഞില്ലേ, ഇനി കെട്ടിച്ചു വിടണ്ടേ? "
വെറുതെ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും തലയുയർത്തി ഉമ അനിയത്തിയെ നോക്കി. അച്ഛന്റെ ശബ്ദം മീനാക്ഷിയ്ക് പേടിയാണ്. അവളെന്നെ മിഴിച്ചു നോക്കുന്നുണ്ടായിരുന്നു. വിവാഹത്തെപ്പറ്റി ചിന്തിക്കുക പോലും ചെയ്തിട്ടില്ല. ഉള്ളിൽ പടപാടാ ആരൊക്കെയോ ഇടിക്കുന്ന പോലെ തോന്നി.അമ്മ ചോദിക്കുന്ന കേട്ടു "അതിനു പൊന്നും പണവുമൊക്കെ കൊടുക്കണ്ടേ? ഇപ്പൊ നമ്മടെ കയ്യിൽ ഒന്നുമില്ലല്ലോ?"

അതിനുള്ള മറുപടി കേൾക്കാൻ കൊള്ളാത്ത കുറെ തെറി ആയിരുന്നു.
പിറ്റേന്ന് കണിയാനെ ഗ്രഹനില കാണിക്കാൻ പോകുന്നത് കണ്ടു. അയാൾക്ക്‌ ദക്ഷിണ കൊടുക്കാൻ അമ്മയോട് വഴക്കിട്ടു പണം വാങ്ങിക്കൊണ്ടാണ് അച്ഛൻ പോയതും. കുറെ നേരം കഴിഞ്ഞപ്പോൾ അച്ഛൻ കോപത്തോടെ തിരികെ വന്നു.

"എന്തായി എന്നുള്ള അമ്മയുടെ ആകാംഷയ്ക്കു അച്ഛന്റെ മറുപടി കേട്ടപ്പോൾ ശെരിക്കും ദൈവത്തിനു നന്ദി പറഞ്ഞു.
"നിന്റെ മനസുപോലെ തന്നെ. രണ്ടുകൊല്ലം കൂടിക്കഴിഞ്ഞിട്ട് നോക്കിയാൽ മതിയെന്ന്. ഇപ്പോൾ നല്ല സമയമല്ലെന്നു.. രണ്ടുകൊല്ലം കഴിഞ്ഞ് നടന്നില്ലെങ്കിൽ പിന്നെ 30 വയസു കഴിഞ്ഞേ നടക്കൂ "
"അതിനെന്താ മുപ്പതു കഴിഞ്ഞ് കല്യാണം കഴിച്ചാൽ.. എനിക്കു ജോലി കിട്ടിയിട്ട് മതി കല്യാണം "അച്ഛനില്ലാത്തപ്പോൾ അമ്മയോട് പറഞ്ഞു..
"പെൺകുട്ടികളെ സമയത്ത് പറഞ്ഞു വിടണം. നിനക്ക് താഴെ ഒരെണ്ണം കൂടിയൊണ്ട്.നിന്നെ കെട്ടിച് വിട്ടേച്ചു അതിനേം പറഞ്ഞു വിടാനുള്ളതാ. അധികപ്രസംഗം പറയാതെ പോയി വല്ലോം വായിക്ക് പെണ്ണെ ""
അങ്ങനെ അനുവദിച്ചു കിട്ടിയ രണ്ടുകൊല്ലം ഡിഗ്രിയ്ക് ചേർന്നു. രണ്ടാം കൊല്ലത്തെ എക്സാം അടുക്കാറായപ്പോഴാണ് അടുത്ത കല്യാണം ഉറപ്പിക്കൽ. "പയ്യന് പെയിന്റിംഗ് ആണ് പണി. നല്ല സ്വഭാവം. പെങ്ങളെ കെട്ടിച്ചു വിട്ടതാ.ബാധ്യത ഒന്നുമില്ല. കല്യാണം കഴിഞ്ഞും പഠിക്കാല്ലോ " അമ്മ ബന്ധുക്കളോടൊക്കെ പറയുന്ന കേട്ടു. അങ്ങനെ ഫോൺ വിളി തുടങ്ങി.പരീക്ഷയ്ക്കു പഠിക്കാനുള്ള സമയം മുഴുവൻ അയാളോട് സംസാരിച്ചു. പഠിക്കാനുണ്ടെന്നു പറയുമ്പോൾ അതൊക്കെ പിന്നെ എഴുതിയെടുക്കാമെന്ന് പറഞ്ഞു ഫോൺ വെയ്ക്കാനുള്ള ഉദ്ദേശം നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നു.

അങ്ങനെ തന്നെക്കാൾ പതിനഞ്ച് വയസ് കൂടുതലുള്ള അയാളുമായി അവളുടെ വിവാഹം നടന്നു....
പുതിയ വീട്...
ഓടിട്ട വീടാണെങ്കിലും പുതുതായി പെയിന്റിംഗ് ഒക്കെ ചെയ്തിട്ടുണ്ട്, ഫ്രിഡ്ജ് അലമാര അങ്ങനെ പുതിയ കുറെ സാമഗ്രികൾ... അവൾ പുതിയ വീട് നോക്കിക്കണ്ടു...

ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ക്ലാസിനു പോകണമെന്നുള്ള അവളുടെ ആവശ്യം അവർക്കൊരു തമാശയായി തോന്നി. "അവൻ ജോലി കഴിഞ്ഞു ഉച്ചയ്ക്ക് ഉണ്ണാൻ വരുമ്പോൾ വിളമ്പിക്കൊടുക്കാൻ ആരേലും വേണ്ടേ?"അമ്മ യുടെ ചോദ്യം.
അമ്മ ഒരു കശുവണ്ടി തൊഴിലാളി ആയിരുന്നു.

സങ്കടം വന്നപ്പോൾ വീട്ടിലേക് വിളിച്ചു കരച്ചിലടക്കിപ്പിടിച്ചു "അമ്മേ പഠിക്കാൻ പോകണ്ടാന്നു പറയുന്നു "
"അതു സാരമില്ല മോളെ.. പിന്നെയാലും പഠിക്കാല്ലോ?
ഇനിയിപ്പോ പഠിച്ചു കളക്ടർ അവനൊന്നുമല്ലല്ലോ.ഒരു വീടാകുമ്പോ അങ്ങനൊക്കെയാ "..
അമ്മയുടെ വാക്കുകൾ ഉള്ളുപൊള്ളിച്ചു.
ക്ലാസിനുപോകാൻ തയ്യാറായിരുന്ന കുറച്ചു പുസ്തകങ്ങൾ എന്നെനോക്കി കണ്ണു തുടച്ചു...

കല്യാണത്തിന് പന്തലിടീൽ, വൈകിട്ടത്തെ വിരുന്നു സൽക്കാരം, ഫ്രിഡ്ജ് വാങ്ങിയത്, നാത്തൂന് കൊടുക്കാനുള്ള സ്ത്രീധനം അങ്ങനെ ഓരോ കാര്യങ്ങൾക്കുവേണ്ടിആഭരണങ്ങൾ തന്നോട് പിണങ്ങി പടിയിറങ്ങുന്നത് ഒന്നും മിണ്ടാതെ നോക്കി നിൽക്കേണ്ടി വന്നു..
പതിനഞ്ചു പവനും രണ്ടു ലക്ഷം രൂപയുമായിരുന്നു എനിക്കിട്ട വില. വീടുനിൽക്കുന്ന സ്ഥലം വിറ്റിട്ട് അനിയത്തിയുടെ കല്യാണം കഴിഞ്ഞേ രണ്ടു ലക്ഷം തരാൻ പറ്റുള്ളൂ എന്ന് പറഞ്ഞതും ഒക്കെ വെറുതെ ഓർത്തു..

ദിവസങ്ങൾ കഴിയും തോറും ആവശ്യങ്ങൾ കൂടിവന്നതേയുള്ളു..

ഒന്നുരണ്ടു തവണ സ്വന്തം അമ്മയോട് സൂചിപ്പിച്ചതാണ്, "ഒരു വീടല്ലേ ആവശ്യങ്ങൾ കാണും.. തൊട്ടതിനും പിടിച്ചതിനും പരാതി പറയാനിരുന്നാൽ അതിനെ നേരം കാണു. ഒന്നിനേം കൂടി ഇറക്കി വിടാനുള്ളതാ. അതോർമ്മ വേണം "..

ആഭരണങ്ങൾ ഒഴിഞ്ഞപ്പോൾ ആളുകളുടെ സ്വഭാവവും മാറാൻ തുടങ്ങി. ഭർത്താവിൽ അവൾക്കിഷ്ടമില്ലാത്ത മണങ്ങൾ വന്നുകൂടി, ഭാഷയിൽ വൈകൃതങ്ങൾ വന്നുചേർന്നു. ബാക്കിയുള്ള രണ്ടുലക്ഷം കൂടി വാങ്ങി വരാൻ നിർബന്ധിക്കാൻ തുടങ്ങി..
"വീട്ടിലിനി പൈസ ഒന്നും ഇല്ല " എന്നുള്ള മറുപടിക്ക് അയാളുടെ വിരലുകൾ അവളുടെ കവിളിൽ പാടുകൾ തീർത്തു...

അങ്ങനെയിരിക്കെ അവൾ ഗർഭിണിയായി..
അതൊന്നും അവൾ അനുഭവിക്കേണ്ടിവന്ന ശിക്ഷകൾക് ഒരു പരിഹാരമായിരുന്നില്ല..

അയാളുടെ ചിരിയും കളിപറച്ചിലും എങ്ങോ പോയി അസ്തമിച്ചിരിക്കുന്നു. വീട്ടിലെ അവസ്ഥ ദയനീയമാണ്, തന്നെക്കൂടി സഹിക്കാൻ അവർക്ക് കഴിയില്ല, എന്റെ കുഞ്ഞിന് എന്റെ അവസ്ഥ വരാൻ പാടില്ല.വീട്ടുകാരുടെ മുന്നിൽ വെച്ച് തന്നെ അപമാനിക്കുന്ന ഭർത്താവിനെ അവൾ എന്നോ വെറുത്തു തുടങ്ങിയിരുന്നു.. ഇനി താൻ പ്രസവിച്ചാൽ കൂടി നോക്കാൻ ആരുമില്ലാത്ത അതിനെ വിട്ട് ഒരു ജോലിക്ക് പോകാനും തനിക്കു കഴിയില്ല.. ജീവിതകാലം മുഴുവൻ ഇങ്ങനെ തന്നത് കുറഞ്ഞുപോയ കഥയും ചൊല്ലി അയാൾ എന്നെ ശ്വാസം മുട്ടിക്കും...

തിരികെ ചെല്ലാൻ വിവാഹിതരായ പെൺകുട്ടികൾക്കു ഒരു വീടുപോലും ഇല്ലായെന്നോ? അവൾക്കു കരച്ചിൽ വന്നു..

ശാശ്വതമായ പരിഹാരം അവൾ കണ്ടെത്തിയിരുന്നു. വിവാഹസാരി, തന്നെ കുടുക്കിലാക്കിയ ആ വസ്ത്രം, ഫാനിൽ അവളെയും ചേർത്തുപിടിച്ചു. അവളൊരു ദേവതയെപ്പോലെ അതിൽ നീന്തിതുടിച്ചു.
താഴെ അവളുടെ കട്ടിലിൽ അവളൊരു കുറിപ്പും കരുതിയിരുന്നു.. "

"പ്രിയപ്പെട്ട ലോകമേ, പഠിക്കുവാനും ജോലിവാങ്ങുവാനുമുള്ള ആഗ്രഹം തല്ലിക്കൊഴിക്കപ്പെട്ട പെൺകുട്ടികളുടെ നേർച്ചിത്രമാണ് ഞാൻ. പണം കൊണ്ട് ഞങ്ങളെ തൂക്കിവിൽക്കരുത്... ഒരു ആണിനോളം തൂക്കം വരാൻ പെണ്ണിനോപ്പം എത്രത്തോളം പൊന്നും പണവും വെയ്ക്കേണ്ടിവരുമെന്ന് ഇന്നത്തെ സമൂഹമാണ് പറയേണ്ടത്..മതിയായി.. അതുകൊണ്ട് അവസാനിപ്പിക്കുന്നു.. ഇനിയൊരു പെണ്ണിനും
വിലയിടാൻ ശ്രമിക്കാത്തവണ്ണം ഈ സമൂഹം മാറണം...
ഞങ്ങൾക്കും ഈ ഭൂമിയിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കൊതിയുണ്ട് ..."

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ