ജീവിതത്തിൽ ആരെയും പ്രേമിക്കില്ലെന്ന് ഉറച്ച തീരുമാനമെടുത്താണ് മിനി പത്താം ക്ലാസ്സിലേക്ക് കടന്നുവന്നത്. തൻ്റെ ക്ലാസ്സ് ലീഡറും തടിമാടനുമായ മോഹൻ, ഓരോ ദിവസവും ഓരോരോ കഥകൾ പറഞ്ഞ് കൂട്ടുകാരെ രസിപ്പിച്ചു കൊണ്ടിരിക്കും.
അങ്ങനെ ഒരു ദിവസം മിനിയോടും പറഞ്ഞു " മിനി, എൻ്റെയൊരു കൂട്ടുകാരൻ, പേര് ഉസ്മാൻ' അവന് മിനിയോട് ഒരു ഇഷ്ടക്കൂടുതൽ ഉണ്ട്. എൻ്റെ അയൽവാസിയാണ്. അവന് മിനിയെ നന്നായി അറിയാം. അവൻ നല്ലവനാണ്. "
മിനി ഒഴിഞ്ഞുമാറി. ഓരോ ദിവസവും ഉസ്മാനെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ മോഹൻ, മിനിയെ പറഞ്ഞു കേൾപ്പിച്ചു. പല ദിവസങ്ങൾ ആയപ്പോൾ, എങ്ങനെയോ മിനിയുടെ മനസ്സിൽ ഉസ്മാൻ കയറിപ്പററി.
നല്ലതുപോലെ പഠിക്കുന്ന പെൺകുട്ടിയായ മിനി രാത്രികാലങ്ങളിൽ ഉസ്മാനെ സ്വപനം കാണാൻ തുടങ്ങി.സ്വപ്നങ്ങളുടെ നീളം കൂടുന്നതനുസരിച്ച് പഠനത്തിൽ പിന്നോട്ടു പോകുവാനും തുടങ്ങി.
ഒരിക്കൽ പോലും ഉസ്മാനെ കാണിച്ചു കൊടുക്കാനോ, അവൻ്റെ ഫോട്ടോ കാണിക്കാനോ മോഹൻ മുതിർന്നില്ല. ഒപ്പം അവൻ്റെ ഫോൺ നമ്പർ പോലും നൽകിയില്ല.
പത്താം ക്ലാസ്സിലെ പരീക്ഷയുടെ അവസാന ദിവസം മിനി, രണ്ടും കൽപ്പിച്ച് മോഹനോടു പറഞ്ഞു "മോഹനാ. എനിക്ക് ഉസ്മാനെ ഒന്നു കാണണം. ഒന്നുവല്ലെങ്കിലും ഒരു വർഷം എൻ്റെ മനസ്സിൽ കൊണ്ടു നടന്ന ആളല്ലേ?" അതിനു മറുപടിയായി മോഹൻ പറഞ്ഞു "മിനി വിഷമിക്കണ്ട, സമയമാകുമ്പോൾ ഉസ്മാൻ മിനിയെ തേടിയെത്തും."
അങ്ങനെ പത്താം ക്ലാസ്സും കഴിഞ്ഞു. കാലവും കടന്നു പൊയ്ക്കൊണ്ടിരുന്നു. മോഹൻ പട്ടാളത്തിൽ ജോലി കിട്ടി അവൻ്റെ വഴിക്കു പോയി. മിനിയാണെങ്കിൽ വിവാഹിതയും, മൂന്നു കുട്ടികളുടെ അമ്മയുമായി. എങ്കിലും മിനിയുടെ മനസ്സിൽ ഉസ്മാൻ ഒരു നിഴലായി പിൻതുടർന്നു കൊണ്ടിരുന്നു'
മിനി പോകുന്ന വഴികളിലും, പങ്കെടുക്കുന്ന സൽക്കാരങ്ങളിലുമെല്ലാം ഉസ്മാനെ തേടും. ഒരിക്കൽ പോലും അയാളെ കണ്ടു കിട്ടിയില്ല ഉസ്മാൻ എന്ന പേരു പോലും കേട്ടിട്ടില്ല.
മിനിക്ക് ഒരാഗ്രഹമുണ്ടായിരുന്നു എന്നെങ്കിലും ഒരിക്കൽ ഉസ്മാനെ ഒന്നു കാണണം.വെറുതെ. ഒന്നുവല്ലെങ്കിലും ആദ്യമായി തൻ്റെ മനസ്സിൽ കൂടുകൂട്ടിയത് അയാളാണല്ലോ!
കാലങ്ങൾ പിന്നെയും കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ. മിനിക്ക് വയസ്സ് അൻപതു കഴിഞ്ഞിരിക്കുന്നു ''മക്കളുടെ വിവാഹം ഒക്കെ കഴിഞ്ഞ്, ഭർത്താവുമൊത്ത് സുഖമായി കഴിയുന്നു'
അങ്ങനെയിരിക്കെ ഒരു വൈകുന്നേരം നാലു മണി കഴിഞ്ഞു കാണും. മിനി വീടിനടുത്തുള്ള കവലയിലെ റേഷൻ കടയിൽ, റേഷൻ വാങ്ങാൻ സഞ്ചിയുമായി പോകുമ്പോൾ, റേഷൻ കടയുടെ എതിർവശത്ത് ഒരാൾക്കൂട്ടം കണ്ടു. ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ ഒരാൾ ഉറക്കെ വിളിക്കുന്നുണ്ട് "ഉസ്മാനിക്കാ, ''ഉസ്മാനിക്കാ"- എന്ന്.
ഉസ്മാനിക്കാ എന്ന വിളി കേട്ടപ്പോൾ മിനിയുടെ നെഞ്ചൊന്നു പിടച്ചു. പ്രായം അൻപതു കഴിഞ്ഞതുകൊണ്ടാവാം നെഞ്ചിടിപ്പിന് പഴയ വേഗത ഇല്ലായിരുന്നു.
ഉസ്മാനിക്കാ എന്ന വിളി പിന്നെയും കേട്ടപ്പോൾ മിനി നടപ്പിൻ്റെ വേഗത കൂട്ടി. ആൾക്കൂട്ടത്തിനടുത്തേക്ക് ചെന്നു. ആൾക്കൂട്ടത്തിനു നടുവിൽ " പകുതി കാലിയായ ഒരു മദ്യക്കുപ്പിയും പിടിച്ച്, കാലിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിൽ, കണ്ണും കഴിഞ്ഞ് കവിളും ഒട്ടിയ ഒരു മദ്ധ്യവയസ്ക്കൻ നിന്ന് എന്തൊക്കെയോ പുലമ്പുന്നു.
മിനി ഒന്നേ നോക്കിയുള്ളു. വീണ്ടും ഒരു മിന്നൽ പിണർ നെഞ്ചിലൂടെ പാഞ്ഞു. "താൻ ഇത്രയും കാലം നെഞ്ചിലേറ്റി നടന്ന തൻ്റെ സ്വപ്ന രാജകുമാരനോ ഈ മനുഷ്യൻ. അതും ഒരു ബംഗാളി. സത്യത്തിൽ ഇയാളാരാണ്? ഇതാണോ തൻ്റെ ഉസ്മാനിക്കാ?'
തൻ്റെ സ്വപ്നത്തിൽ കരിനിഴൽ വീണതറിഞ്ഞ് മിനി, റേഷൻ കടയിലേക്ക് തിരിഞ്ഞു നടന്നു.
സത്യത്തിൽ അയാൾ ആരായിരുന്നു? ആർക്കുമറിയില്ല. മോഹൻ പോലും ഉസ്മാനിക്കായെ കണ്ടിട്ടില്ല.' ഉസ്മാൻ മോഹൻ്റെ ഭാവനയിലെ ഒരു മനുഷ്യൻ മാത്രം. മിനിയെ കബളിപ്പിക്കുവാൻ വേണ്ടി കണ്ടു പിടിച്ച ഒരു കഥാപാത്രം: മിനിയുടെ ഉസ്മാനിക്കാ!!!