കുട്ടി വീട്ടിൽനിന്നും പിണങ്ങി ഇറങ്ങിയതായിരുന്നു. മനസ്സ് ഒന്നു തണുത്തപ്പോഴേക്കും അവന്‍ ഒരുപാടുദൂരംതാണ്ടിക്കഴിഞ്ഞിരുന്നു. തിരികെ പോകാൻ പറ്റാത്തവിധം എവിടെയൊ വച്ച് വഴി തെറ്റിയിരിക്കുന്നു. ഇനി എന്തുചെയ്യുമെന്നറിയാതെ വിഷമിച്ചു നില്‍ക്കവെ അപരിചിതര്‍ക്കിടയില്‍നിന്ന് അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു. അവന് അതെത്രമാത്രം ആശ്വാസമേകി എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ലായിരുന്നു.
അവളെ നോക്കിക്കൊണ്ട് തിരക്കിനിടയിലൂടെ കുട്ടി നടന്നു. തിരക്കുകളില്‍നിന്ന് വിട്ട് വിജനമായൊരു ചെമ്മണ്‍ റോഡിലേയ്ക്ക് പ്രവേശിച്ചപ്പോഴേക്കും കുട്ടി വളരെ അധികം ക്ഷീണിതനായിപ്പോയിരുന്നു.
അവള്‍ പിന്നെയും കുട്ടിയെനോക്കി പുഞ്ചിരിച്ചു. അവളുടെ പുഞ്ചിരി കുട്ടിയെ ഉന്മേഷവാനാക്കിയിരുന്നു. റോഡിനിരുവശത്തായി അവർ പിന്നെയും നടന്നു. റോഡിന്റെ വീതി കുറഞ്ഞു കുറഞ്ഞു വന്നു. അവർ തമ്മിലുള്ള അകലവും.
"ഞാൻ നിന്റെ കൂടെ പോന്നോട്ടേ."
കുട്ടി ചോദിച്ചു. കരിനീല കണ്ണുകളുള്ള ആ സുന്ദരി ചിരിച്ചു.
"എന്തിനാ ചിരിക്കുന്നെ?" കുട്ടി അന്വേഷിച്ചു. ഒന്നിനുമല്ലെന്ന അര്‍ത്ഥത്തില്‍ അവള്‍ തലയിളക്കി..
"നിന്നെ വീട്ടില്‍ അന്വേഷിക്കില്ലെ?"
"അന്വേഷിക്കാന്‍ എനിക്ക് ആരുമില്ല."
കുട്ടി സങ്കടപ്പെട്ടു. അപ്പോള്‍ അവന്‍ അച്ഛനെയും അമ്മയെയും വീടിനെയും മറന്നു പോയിരുന്നു.
അവള്‍ ചിരിച്ചു.
'എന്താ ഇത്ര ചിരിക്കാന്‍.' കുട്ടി വിചാരിച്ചു. അവള്‍ പൊടുന്നനെ ചിരി നിര്‍ത്തി.
അവനത് ആശ്വാസമായി തോന്നി. പകൽ അവസാനിക്കാറായിരുന്നു. അവന് ഇരുട്ടിനെ ഭയമായിരുന്നു.
"നിനക്ക് എന്റെ വീട് ഇഷ്ടമാകില്ല; എന്നെയും." അവള്‍ പതുക്കെ പറഞ്ഞു.
"അതുസാരമില്ല." കുട്ടി പെട്ടെന്നു പറഞ്ഞു
"കഴിക്കാന്‍ ഇത്തിരി ഭക്ഷണം. കിടക്കാന്‍ ഒരു സ്ഥലം. അത്രയേ വേണ്ടൂ. എന്തു പണി യും ചെയ്തോളാം." അവന് വിശപ്പായിരുന്നു അപ്പോള്‍.
അവള്‍ പൊട്ടിച്ചിരിച്ചു. പിന്നെയും പിന്നെയും പൊട്ടിച്ചിരിച്ചു. കുട്ടി ക്കു ഭയം തോന്നി. 'ഇങ്ങനെ ചിരിക്കുന്നത് എനിക്ക് ഇഷ്ടമില്ല.' കുട്ടി മനസിലോര്‍ത്തു. പെട്ടെന്ന് അവള്‍ ചിരി നിര്‍ത്തി. എന്നിട്ട് അവനോടു പറഞ്ഞു; "സാരമില്ല. പേടിക്കേണ്ട. ഇനി ഞാനങ്ങനെ ചിരിക്കില്ല. പോരേ?"
"മ്ം..", അവൻ തലയാട്ടി. അവന് അത്ഭുതമയിരുന്നു. താനൊന്നും പറയാതെ തന്നെ അവൾക്ക് എല്ലാം മനസിലാകുന്നു . അവനെ ശ്രദ്ധിക്കാതെ അവള്‍പറഞ്ഞു: "വാ.പോകാം."
അവള്‍ മുൻപില്‍ നടന്നു .കുട്ടി അവളെ പിന്‍തുടര്‍ന്നു. റോഡ് അവസാനിച്ചിരിക്കുന്നു! കുട്ടി കിതപ്പോടെ നിന്നു. മുന്നില്‍ ഉരുളന്‍ പാറക്കല്ലുകള്‍ അടുക്കിപ്പെറുക്കിവച്ചു നിര്‍മിച്ചതെന്നു തോന്നിക്കുന്ന ഒരു മല!
സൂര്യൻ അസ്തമിക്കാറായിരുന്നു. അവളുടെ കണ്ണുകളിൽ സൂര്യന്റെ ചുവപ്പ് കാ ണാമായിരുന്നു. അവനതു നോക്കിനിൽക്കെ അവൾ അവനെ നോക്കി തിടുക്കപ്പെട്ടു.
"വാ."
അവനും തിടുക്കപ്പെട്ട് അവളെ പിന്‍തുടര്‍ന്നു. അവള്‍ എത്ര അനായാസമായാണ് മല കയറുന്നതെന്ന് കുട്ടി അത്ഭുതപ്പെട്ടു. അവളുടെ വീട് ഈ മലമുകളിൽ ആയിരിക്കാം. ദിവസവും കയറിയിറങ്ങി അവൾക്കത് ശീലമായിട്ടുണ്ടാവാംകുട്ടി വിചാരിച്ചു. അവള്‍ ഇടയ്ക്കിടെ തിരിഞ്ഞുനിന്ന് കുട്ടിയുടെ കൈപിടിച്ച് അവനെ മലകയറാന്‍ സഹായിച്ചു കൊണ്ടിരുന്നു.നെറുകയില്‍ എത്തിയപ്പോള്‍ കുട്ടി ചോദിച്ചു; "എത്താറായോ?"
"മ്ഊം...അതാ നോക്കൂ."
അവൾ മറുഭാഗത്തേക്ക് കൈചൂണ്ടി.
കുട്ടി നോക്കി. താഴെ മലയടിവാരത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന കറുത്ത നിറമുള്ളൊരു വീട്!
അതിനുചുറ്റും വെളുപ്പായിരുന്നു. ചെടികളോ മരങ്ങളോ പാറക്കല്ലുകളോ ഒന്നുമുണ്ടായിരുന്നില്ല. വെളുപ്പു നിറം മാത്രം.
കുട്ടിക്ക് കൗതുകം തോന്നി. എന്തോ ചോദിക്കാന്‍ തുടങ്ങിയതായിരുന്നു.പക്ഷേ അപ്പോഴേക്കും അവള്‍ കുട്ടിയുടെ കയ്യില്‍പിടിച്ച് മുന്നോട്ടാഞ്ഞു. ആ കറുത്ത വീടിനെ ലക്ഷ്യമാക്കി തങ്ങള്‍ പറക്കുകയാണ്. അവന്റെ കണ്ണുകൾ മിഴിഞ്ഞുപോയിരുന്നു. വീട് അടുത്തുവരുന്നതും നോക്കി അവളുടെ കൈപ്പിടിയിൽ അവൻ പറന്നു. പതുക്കെ പതുക്കെ കാഴ്ചകൾ വ്യക്തമാകാന്‍ തുടങ്ങിയപ്പോൾ കുട്ടി അവ്യക്തമായി ഞരങ്ങി. വീടിനുചുറ്റും ചിതറിക്കിടക്കുന്ന അസ്ഥിക്കഷണങ്ങളെ നോക്കി നിസ്സഹായനായി അവന്‍ കണ്ണുകള്‍ അടച്ചു.