നേഴ്സിംഗ് പഠനം കഴിഞ്ഞ് മുംബൈയിൽ എത്തിയിട്ട് ആറുമാസമേ ആയുള്ളൂ. ബാന്ദ്രയിലെ പ്രശസ്തമായ ലീലാവതി ഹോസ്പിറ്റലിൽ കൂട്ടുകാരൻ നിഷാദ് മുഖേന ജോലിക്ക് കയറിയിട്ട് മൂന്നു മാസം പിന്നിട്ടു.
മിക്കവാറും നൈറ്റ് ഓഫ് കിട്ടുന്നത് ബുധനാഴ്ച ദിവസമാണു. ഹോസ്പിറ്റലിൽ നിന്ന് വന്നാൽ പകൽ കിടന്ന് ഉറങ്ങും. വൈകിട്ട് ആണു ജോലികളും കറക്കവും എല്ലാം. മിക്ക ബുധനാഴ്ചകളിൽ വൈകിട്ട് മാഹീം പള്ളിയിൽ പോകും. ബാന്ദ്രയിൽ നിന്നും രണ്ട് സ്റ്റേഷൻ മാത്രം ദൂരം, സിറ്റി ബസ്സിനു പോയാൽ പള്ളിയുടെ മുൻപിൽ പോയി ഇറങ്ങാം തന്നെയുമല്ല കാഴ്ചകളും കാണാം. മാഹീമിൽ ചെന്ന് ഒരു മാലയും രണ്ട് തിരിയും വാങ്ങി മാതാവിന്റെ മുൻപിൽ വെച്ചുകഴിയുമ്പോൾ ..ഹോ ..ഒരാശ്വാസം തന്നെ.
പിന്നെ അവിടുന്നിറങ്ങി കടലയും വാങ്ങി അതും കൊറിച്ച്കൊണ്ട് നേരെ ബാൻഡ് സ്റ്റാൻഡിൽ എത്തും, ബീച്ചിനു അഭിമുഖമായി ഉള്ള സിമന്റ് കല്ലുകളിൽ ഇരുന്ന് വൈകിട്ടത്തെ ഇളം കാറ്റിനെ ആസ്വദിക്കും. അവിടെ കുറെ നേരം ചിലവഴിക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ആ ശാന്തത , സിമന്റ് ഇരിപ്പിടത്തിൽ കാലും നീട്ടിയിരുന്ന് , അനന്തമായി കിടക്കുന്ന കടലിന്റെ ഇരുണ്ട വിസ്ത്യതിയിലെക്ക് കണ്ണ് നട്ട്, തൊട്ട് മുൻപിലെ തിരമാലകൾ മുന്നിൽ കൊണ്ട് തരുന്ന ആ തണുത്ത കാറ്റിനെ പുൽകി, അസ്തമിക്കാൻ പോകുന്ന സൂര്യന്റെ ഇളം മഞ്ഞ നിറത്തിലുള്ള പ്രകാശരശ്മികൾ കണ്ണുകളെ ചിമ്മിയടപ്പിച്ച് മനസ്സിനെ ഏതോ ഒരു ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്നു. നഗരം കാണാൻ വന്നവരും പ്രണയിക്കാൻ വന്നവരും അസ്തമയസൂര്യനു യാത്രാമംഗളം നേരാൻ വന്നവരും ബീച്ചിന്റെ ഓരങ്ങളിൽ കൂട്ടം കൂടിനിന്ന് എന്തൊക്കെയോ ആസ്വദിക്കുന്നു. കുങ്കുമനിറമുള്ള മാതളപ്പഴം പോലുള്ള സൂര്യൻ കടലിൽ മുട്ടുവാൻ തുടങ്ങുന്നു. ആ കാഴ്ച വിരലുകൾക്കിടയിൽ ഉള്ള മൊബൈൽ ഫോണുകൾ ഒപ്പിയെടുക്കുന്നു. സൂര്യൻ ആരെയും പിണക്കാതെ എല്ലാവരോടുമായി ഒരു അവസാന പുഞ്ചിരിയും തൂകി, പതിവുപോലെ തന്റെ സമയം പാഴാക്കാതെ , ഇമവെട്ടാതെ കാത്തിരിക്കുന്ന പ്രിയസഖിയായ കടലിനോട് ചേർന്നു.
ഇനിയും തിരകളുടെ കളികൾ മാത്രം. എങ്കിലും വറുത്ത കപ്പലണ്ടിയുമായ് ഓരോ കുമ്പിളുമായി മുൻപിലൂടെ കടന്നുപോകുന്ന കപ്പലണ്ടീ വാലാ..ഐസ്ക്രീം വണ്ടീയുമായി വികലാംഗനായ ചെറുപ്പക്കാരൻ, വളകൾ വിൽക്കുന്നവരും ടാറ്റൂ ചെയ്യ്ന്നവരും അവസാനത്തെ കസ്റ്റമേഴ്സിനായി ആകാഷയോട് ഇരുട്ടിലേക്ക് നോക്കിയിരിക്കുന്നു. കണ്ണുകൾ ബീച്ചിന്റെ മണല്പരപ്പിലേക്ക് നീങ്ങി. അവിടവിടെയായി ധാരാളം കുഴികൾ ! വീണ്ടൂം കണ്ണുകൾ ആ കുഴികരികിലേക്ക് നീങ്ങി. എന്തോ ആ കുഴിയിൽ നിന്നും പൊങ്ങി വരുന്നു. അതേ പോലെ അപ്രത്യക്ഷമാകുന്നു. മനസ്സ് അതിന്റെ അടുത്തേക്ക് വലിച്ചുകൊണ്ടുപോയി. പതുക്ക് നടന്ന് നടന്ന് ആ കുഴികൾക്കരികിൽ എത്തി. കാല്പാദങ്ങളുടെ ചലനം കണ്ടിട്ടോ കേട്ടിട്ടോ ആകാം ഞണ്ടുകൾ കുഴിയിലേക്ക് താഴുകയും തല പൊക്കി നോക്കുകയും ചെയ്യുന്നു. വീണ്ടും കുഴിയോടടുക്കുമ്പോൾ അതാ അവകൾ ഉള്ളിലേക്ക് ഊളിയിടുന്നു..കാണാൻ നല്ല കാഴച.
കുറച്ച് നേരം ആ തിരകളുടെ വരവും പോക്കും കണ്ണിനെ എന്തോ മനോഹാരിത നൽകി. വിജനമായ ബീച്ചിൽ അവസാന ഐസ്ക്രീം കാരനും ഉന്തുവണ്ടിയുമായി തിരികെ നടക്കുന്നു. അവിടെയും ഇവിടെയും ചില (ചാവാലി) പട്ടികൾ കറങ്ങിനടക്കുന്നു. ഉടനെ തിരികെ വന്ന് സിമന്റ് ഭിത്തിയിൽ വീണ്ടൂം ഇരിപ്പുറപ്പിച്ചു. അപ്പോഴാണു രണ്ട് പേർ അടുത്ത് വന്ന് ഇരുന്നത്. കപ്പലണ്ടിയും കൊറിച്ചുകൊണ്ട് ഇരുന്ന അവരിൽ ഒരാൾ കുറ്ച്ച് കപ്പലണ്ടി നീട്ടിയിട്ട് പറഞ്ഞു ‘ലേനാ ഭായി’ . “ഏയ്, നഹി ചാഹിയേ...”, പുഞ്ചിരിച്ചുകൊണ്ട് സ്നേഹപൂർവ്വം അത് നിരസിച്ചു. അപ്പോൾ മ്റ്റെയാൾ കുറച്ചുകൂടി ചേർന്നിരുന്നു. “ എന്താ മാഷേ ഇതൊക്കെ, ഇങ്ങനെയൊക്കെ അല്ലെ നമ്മൾ ഫ്രണ്ട്സ് ആകുന്നത്” എന്ന് പറഞ്ഞുകൊണ്ട് എന്റെ കൈ എടുത്ത് അയാളുടെ മടിയിൽ വെച്ചു. അയാളുടെ വലത്തുകൈ എന്റെ അരയിൽ വട്ടം ചുറ്റി. അപ്രതീക്ഷിതമായ ആ വരിഞ്ഞുമുറുക്കൽ സിരകളിൽ കോൾമയിർ കൊള്ളിക്കുന്നതിനു പകരം ഒരു പേടിപ്പെടുത്തുന്ന അവസ്ഥയിലേക്ക് എന്നെ കൊണ്ടെത്തിച്ചു. ഇനിയും ഇവിടിരിക്കുന്നത് പന്തിയല്ല എന്ന് മനസ്സിലാക്കി പതുക്കെ അവിടുന്ന് എഴുന്നേറ്റ് ബസ് സ്റ്റോപ്പിലേക്ക് നീങ്ങി. പുറകേ അവർ വരുന്നുണ്ടോ എന്ന് തിരിഞ്ഞ് നോക്കണം എന്ന് തോന്നി, പക്ഷേ അത് മറ്റൊരു സിഗ്നൽ ആകുമോ എന്ന് ഭയന്ന് നേരെ മുന്നോട്ട് നടന്നു. ആളുകൾ മിക്കവാറും പോയിക്കഴിഞ്ഞിരുന്നു. ഇനിയും ഇവിടെ തനിയെ നിന്നാൽ അത് ആപത്താണു എന്ന് മനസ്സിൽ പറയുന്നതുപോലെ.. തൊട്ട് മുൻപിൽ വന്നു നിന്ന റിക്ഷ്യ്ക്ക് കൈ കാണിച്ചു. ‘ ലീലാവതി ജാനേകാ’ , റിക്ഷ നേരേ ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി.
റൂമിൽ എത്തിയപ്പോൾ ഡേ ഡ്യൂട്ടി കഴിഞ്ഞ് നിഷാദ് അവിടെ ഉണ്ടായിരുന്നു. അത്താഴം ഉണ്ടാക്കാനായി കിച്ചണിൽ നിൽക്കുമ്പോൾ ബീച്ച് സംഭവം ഞാൻ അവനോട് പറഞ്ഞു. “എടാ പൊട്ടാ, രാത്രിയിലൊന്നും തനിയെ ഒഴിഞ്ഞ സ്ഥലങ്ങളിൽ പോയി ഇരിക്കരുത്. ബീച്ചുകളിലൊക്കെ ഇങ്ങനെയുള്ള ആണുങ്ങൾ കറങ്ങി നടക്കും. പുരുഷ വേശ്യകൾ എന്ന് വേണെൽ പറയാം. നീ എന്താ ഇന്ന് ലിബിനെ വിളിക്കാഞ്ഞത്? അവനും നൈറ്റ് ഒഫ് ആയിരുന്നല്ലൊ?” നിഷാദിന്റെ വാക്കുകൾ കേട്ട് ഞാൻ അന്തിച്ചുപോയി. ഇതുവരെ ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. ഒരു രാത്രി മുഴുവൻ അവിടെ ചിലവഴിച്ചാലും കടലിന്റെ സൌന്ദര്യം ഒരിക്കലും കെട്ടുപോകില്ലല്ലോ.. പക്ഷേ സമൂഹത്തിന്റെ സൌന്ദര്യം എവിടെയോ വഴുതിപോകുന്നില്ലെ എന്ന് ഒരു സംശയം.