ദീപാവലിയുടെ അവധിക്ക് നാട്ടിൽ എത്തിയ ഗൌരവിനെയും മഞ്ജുളയെയും എയർപ്പോർട്ടിൽ സ്വീകരിക്കാനായി എത്തിയത് ഗൌരവിന്റെ അച്ചനും അമ്മയും അനിയത്തിയും ഗൌരവിന്റെ രണ്ടര വയസ്സുള്ള
അപ്പുവും ആയിരുന്നു. രണ്ട് വർഷത്തിനു ശേഷം ഉള്ള കൂടിച്ചേരൽ! അപ്പുവിന് ആറു മാസം പ്രായമായപ്പോൾ, അമ്മയെയും അനിയത്തിയേയും ഏല്പിച്ചിട്ട് മസ്കറ്റിനു പോയതാണു ഗൌരവും മഞ്ജുളയും. രണ്ടു പേരും മസ്ക്കറ്റിലെ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു. എയർപോർട്ടിൽ നിന്നും ഇറങ്ങി കാറിനടുത്തേക്ക് എത്തിയപ്പോൾ അനിയത്തിയുടെ മടിയിൽ കിടന്ന് ഉറങ്ങുകയാണു അപ്പു. ഗൌരവ് പതുക്കെ തന്റെ കുഞ്ഞീനെ തന്റെ മടിയിലേക്ക് കിടത്തി ആ കവിളിൽ ചുംബിച്ചു. ഉറക്കത്തിൽ നിന്നും ഉണർന്ന അപ്പു ചുറ്റും നോക്കി. ദീദിയും ഗ്രാന്റ്പായും മമ്മയും ഒക്കെ അവനു മനസ്സിലായി. പക്ഷേ ഗൌരവിനെ അവൻ ഒന്നുകൂടെ സൂക്ഷിച്ച് നോക്കി..ഒരു ചെറിയ പുഞ്ചിരി ആ കുരുന്ന് മുഖത്ത് തെളിഞ്ഞു. പതുക്കെ അവൻ പറഞ്ഞു, “യൂ വാട്ട്സാപ്പ് പപ്പാ?” നിഷ്കളങ്കമായ ആ മുഖത്തേക്ക് നോക്കി ഗൌരവ് പറഞ്ഞു, “അതേ അപ്പൂ, നിന്നെ എല്ലാ ആഴ്ചയും വാട്സാപ്പിൽ വിളിക്കുന്ന നിന്റെ പപ്പാ..നിന്റെ സ്വന്തം വാട്ട്സാപ്പ് പപ്പാ..!” അപ്പു വീണ്ടും ചിരിച്ചു, അപ്പൊഴേക്കും മറ്റ് നാലുപേരുടെയും കണ്ണുകൾ നിറഞ്ഞുകഴിഞ്ഞിരുന്നു.