mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഇടതു കൈയുടെ നടുവിരലും തള്ളവിരലിനുമിടയിൽ  പ്രാവിൻ തൂവലിന്റെ തലഭാഗം അമർത്തിപ്പിടിച്ച് ആവശ്യമില്ലാത്ത നാരുകൾ അയാൾ ചീന്തിക്കളഞ്ഞു. വലതു കൈ വിരൽ കൊണ്ട് ഒരു ചിത്രകാരൻ തന്റെ ബ്രഷ് തിരുമ്മി കശക്കുന്നത് പോലെ, അയാൾ തൂവൽ ചെവിയിലേക്ക് തിരുകാൻ പാകപ്പെടുത്തിയെടുത്തു.

നുള്ളി നോവിക്കാതെ ഒരു പൂവിറുക്കുന്ന ലാളിത്യത്തോടെ  അയാൾ പ്രാവിൻ തൂവൽ കാതിലേക്ക് പ്രവേശിപ്പിച്ചു .

കാതിനുള്ളിൽ   തിരിഞ്ഞുരുണ്ട പ്രാവിൻ തൂവൽ തുമ്പ് അയാൾക്ക് നൽകുന്ന സുഖമൂർച്ചയുടെ ഉപോൽപ്പന്നമായി കൺകോണിൽ ഒരുതുള്ളി നീർമുത്ത് രൂപം കൊണ്ടു. തിരുമി തിരുമി വിരലുകൾ കഴച്ച് തളരുവോളം അയാൾ തൂവൽ തിരിച്ചു കൊണ്ടേയിരുന്നു.

തുറിച്ച് നോക്കി നിൽക്കുന്ന ഭാര്യയുടെ മുഖം കൺകോണിൽ തെളിഞ്ഞപ്പോൾ, അയാൾ അവളെ നോക്കി വിളറിയ ഒരു ചിരി ചിരിച്ചു. 

ഇടത്തെ ചെവിയിൽ നിന്നും തൂവൽ വലിച്ചൂരിക്കൊണ്ട് അയാൾ പറഞ്ഞു:"ഭയങ്കര ചൊറിച്ചിൽ ..അതാ..!"

അയാളുടെ കാതുകടിയിൽ അവൾ എന്നും അസഹിഷ്ണുവായിരുന്നു.

"ഒടുക്കത്തെ ഒരു ചൊറിച്ചില് ..."

കാലൊന്ന് അമർത്തി ചവിട്ടി അവൾ അടുക്കളയിലേക്ക് പാഞ്ഞു പോയി. എപ്പോൾ നോക്കിയാലും ചെവി ചൊറിഞ്ഞു കൊണ്ടിരിക്കുന്ന അയാളോട് വഴക്കുകൂടി അന്നത്തെ ദിവസം കൂടി നശിപ്പിക്കേണ്ട എന്നോർത്തിട്ടാണ് അവൾ ഒന്നടങ്ങിയത്.

അയാൾ വലത്തെ ചെവിയിലേക്ക് തൂവൽ ശ്രദ്ധയോടെ തിരുകി കുടയാൻ ആരംഭിച്ചു.
"ചായ എടുക്കട്ടെ ...?" അവൾ വീണ്ടും വന്നു.

"ങേ ..എന്താ ...?  "

രസം മുറിഞ്ഞ ഈർഷ്യയോടെ അയാൾ ചോദിച്ചു . അവൾ ചോദിച്ചത് എന്താണെന്ന് അയാൾക്ക് കേൾക്കാൻ കഴിഞ്ഞിരുന്നില്ല. "ചെവിയിലേക്ക് കുത്തിക്കേറ്റിയങ്ങനെയങ്ങിരുന്നോ... ചെവി പൊട്ടിപ്പോയെന്ന് തോന്നുന്നു... ചായ വേണോന്ന്..." അവൾ ആവർത്തിച്ചു .

"പിന്നെ വേണ്ടേ... ചായ ഇപ്പോ കിട്ടും എന്നോർത്ത് ഇരിക്കാൻ തുടങ്ങിയിട്ട് അരമണിക്കൂറായി ..." അയാളും ശബ്ദമു യർത്തി.

അവൾ വീണ്ടും അടുക്കളയിലേക്ക് കയറിപ്പോയി .

കസേരയിൽ നിന്നും അയാളെഴുന്നേറ്റ് മൂരിനിവർന്നു. ശ്രദ്ധയോടെ, മേശവിരിപ്പിന്റെ അടിയിലേക്ക് അയാൾ തൂവൽ ചേർത്തുവച്ചു. എപ്പോഴാണ് വീണ്ടും ചെവി ചൊറിയുക എന്നറിയില്ല. പലപ്പോഴും തൂവൽ അശ്രദ്ധയോടെ എവിടെയെങ്കിലും വലിച്ചെറിഞ്ഞിട്ട് ചെവി ചൊറിച്ചലിന്റെ പാരമ്യതയിൽ തൂവൽ തേടി മേശപ്പുറത്തും, തലയിണയ്ക്കടിയിലും,ചീപ്പ് റാക്കിലുമൊക്കെ അയാൾ പരതി നടന്നിട്ടുണ്ട്. തൂവൽ കിട്ടാതെ വരുമ്പോഴുള്ള ഒരു അവസ്ഥ...!

ഓഫീസിലേക്കുള്ള വാഹനം കാത്ത് നിൽക്കുമ്പോഴാണ് ,വെയിറ്റിംഗ് ഷെഡിന്റെ മേൽക്കൂരയിൽ നിന്ന് പാറി വീണ് കിടന്ന ഒരു വെള്ളത്തൂവൽ അയാളുടെ കണ്ണിൽ പെട്ടത്. കുനിഞ്ഞെടുക്കാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല .

"പക്ഷിപ്പനി.. കോഴിപ്പനി.. ഒക്കെ പടർന്നു പിടിക്കുകയാണ് ..ഈ തൂവലീന്നൊക്കെ വൈറസുകൾ കയറി ചെവിയിലെത്തിയാ എന്തസുഖമാ വരുന്നേന്നൊന്നും പറയാമ്പറ്റുകേല.." ജോബിൻ മുന്നറിയിപ്പ് തന്നു.

ജോബിൻ പറയുന്നത് സ്നേഹവായ്പ്പു കൊണ്ടൊന്നുമല്ലന്ന് അയാൾക്ക് മനസ്സിലായി. കൂട്ടത്തിലൊരുത്തൻ നിലത്ത് കുനിഞ്ഞ് 'തൂവൽ പെറുക്കി പോക്കറ്റിൽ തിരുകുന്നത്' നാലുപേര് കാണുമ്പോൾ ഉണ്ടാകുന്ന ഒരു കുറച്ചിൽ -അതാണ് കാര്യം!

ഡ്രൈവർ കാർ കൊണ്ടുവന്ന് മുമ്പിൽ നിർത്തിയതു കൊണ്ട് അതിനൊരു മറുപടി കൊടുക്കാതെ കഴിഞ്ഞു. ഓഫീസ് ക്യാമ്പിനിൽ വച്ച് ചൊറിച്ചിൽ വരുമ്പോഴാണ് കുഴങ്ങുന്നത്. 'ഇയർ ബഡ്സ്' വാങ്ങി വച്ചിട്ടുണ്ട് .അതൊരു തൽക്കാല ആശ്വാസം മാത്രമാണ് .

ക്ലയൻസ് ആരെങ്കിലും മുമ്പിൽ ഇരിക്കുന്നുണ്ടെങ്കിലും സാവധാനം, ഒരു ബഡ്സ് എടുത്ത് ചെവിയിലിട്ട് ചൊറിഞ്ഞുകൊണ്ട് സംസാരം തുടരാം.. ചിലപ്പോൾ ഇടത്തേക്കണ്ണ് പാതിയടച്ചു പോകുന്ന ഒരു വൈഷമ്യമേ ഉണ്ടാകാറുള്ളൂ..

ചൊറിച്ചിൽ കലശലാകുമ്പോൾ മറ്റൊന്നുമാലോചിക്കാറില്ല ,ഷർട്ടിന്റെ പോക്കറ്റിൽ മൊബൈൽ ഫോണിനോട് ചേർത്ത് കുത്തനെ നിർത്തിയിരിക്കുന്ന ആ തൂവലിങ്ങെടുക്കും... ചെവിയിലിട്ട് കറക്കും.. ഫയൽ മാറോട് ചേർത്തു പിടിച്ചു നിൽക്കുന്ന സുന്ദരിയായ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് വശത്തേക്ക് തിരിഞ്ഞ് ചിരിയടക്കി നിൽക്കുന്നുണ്ടാവും.

ഓഫീസിൽ എല്ലാവരുടെയും ഇടയിൽ ഈ 'ചെവികടി' ഒരു സംസാരവിഷയമായിട്ടുണ്ട് എന്നയാൾക്കറിയാം. തൂവൽ വലിച്ചൂരിയെടുത്ത്, ചെറുവിരൽ ചെവിയിൽ കടത്തിയൊന്ന് വിറപ്പിച്ച് ഭദ്രമായി പോക്കറ്റിലേക്ക്, ഫോണിനോട് ചേർത്ത് കുത്തനെ നിർത്തുമ്പോൾ അയാൾ പറഞ്ഞു: "ഭയങ്കര ചൊറിച്ചിലാ ..അതാ ..."

ചിലപ്പോൾ അതിശക്തമായ കറക്കലിനൊടുവിൽ തൂവൽ ഊരിയെടുത്ത് പരിശോധിക്കുമ്പോഴാണറിയുക- തൂവലിന്റെ ആഗ്രം അടർന്ന് ഒരു ചെറിയ കഷണം ചെവിയിൽ കുടുങ്ങിയിട്ടുണ്ടായിരിക്കും! പിന്നെ ആ കഷണം  പുറത്തെടുത്തിട്ടല്ലാതെ ഒരു പണിയും നടക്കുകയില്ല..

വെപ്രാളമാണ്- ബഡ്സ് എടുത്തിട്ട് കറക്കി കുടുക്കി പുറത്തെടുക്കാമോ എന്ന് നോക്കും. പക്ഷേ ചായ്ച്ചും ചരിച്ചുമെല്ലാം ശ്രമിച്ചാലും ആ ചെറുകഷണം കാതിനുള്ളിൽ തന്നെയിരുന്ന് തിരിയും .ബഡ്സ് തെന്നിച്ച് വലിച്ചു തെറുപ്പിച്ച് കളയാൻ നോക്കും .ഒടുവിൽ, ചെവിയിൽ നിന്ന് തെറിച്ചുവീണ് ഷർട്ടിന്റെ ഷോൾഡറിലോ, വെളുത്ത തറയിലോ ആ കഷണം കാണുന്നതുവരെ വല്ലാത്ത അസഹ്യതയാണയാൾക്ക്..ഹൗ!

ഭാര്യയുടെ നിർബന്ധത്തിനൊടുവിൽ ഡോക്ടറെ കണ്ടപ്പോൾ ,ചൊറിച്ചിലിന് 'സിട്രിസിൻ' ആണ് കുറിച്ചു കിട്ടിയത് .അതു കഴിച്ച് അയാൾ രാത്രിയിൽ പോത്ത് പോലെ കിടന്നുറങ്ങി.. അലർജി കൊണ്ടുണ്ടാകുന്ന കണ്ണു ചൊറിച്ചിലിനും തൊണ്ട ചൊറിച്ചിലിനുമെല്ലാം സിട്രിസിൻ കൊള്ളാം. അയാളുടെ ചെവി കടി മാത്രം മാറിയതേയില്ല .

കാതുകടിയുടെ സ്വാതന്ത്ര്യം നൽകുന്ന അനുഭൂതികളുടെ പാരമ്യത്തിൽ അയാൾ സുഖതീരങ്ങളുടെ അക്കരെയിക്കരകൾ തേടി അലഞ്ഞു കൊണ്ടേയിരുന്നു..

പ്രഭാത നടത്തക്കിടയിലാണ് അയാൾക്കൊരു പച്ചത്തൂവൽ നിലത്തു കിടന്ന് കിട്ടിയത്!. ഏതോ കാട്ടുപക്ഷിയുടെ തൂവലായിരിക്കണം...

നടന്നു വിയർത്ത് തിണ്ണയിൽ വന്നിരുന്ന അയാൾ ചൊറിച്ചിലില്ലാതിരുന്നിട്ടും, മെല്ലെ ആ പച്ചത്തൂവൽ ചെവിയിലിട്ടു തിരിച്ചു ...

പ്രാവിൻ തൂവലിന്റെത്രയും ബലമില്ലാത്ത തൂവൽ ...എന്നാലും അതിൻറെ നനുത്ത സ്പർശം അയാളുടെ കണ്ണുകളെ പാതി കൂമ്പു മാറാക്കി ...

അയാൾ അനുഭൂതിയുടെ സുരമണ്ഡലങ്ങളും കടന്ന് ...വെൺമേഘങ്ങളും പൊൻ പ്രകാശവും ഉള്ള ഏതേതോ വഴികളിലൂടെ സഞ്ചരിച്ച്..

"രാവിലേ തുടങ്ങിയോ ചൊറിച്ചൽ ..."?വീട്ടിലേക്ക് കയറാതെ, പതിവില്ലാതെ തിണ്ണയിൽ തന്നെ ഇരുന്നുപോയ അയാളോട് ഭാര്യ കയർത്തു.

"ഏയ് ...ചൊറിച്ചിലൊന്നുമില്ല..  വെറുതെ..."

"നീ ചായയെടുത്തോ..." അയാൾ പറഞ്ഞു. ഊരി പരിശോധിച്ച തൂവൽ മറ്റേ ചെവിയിലേക്ക് , സൂക്ഷ്മതയോടെ അയാൾ പ്രവേശിപ്പിച്ചു .

സുഖം.. പരമസുഖം.. പച്ചത്തൂവൽ വലത്തെ ചെവിയുടെ ആഴങ്ങളിലേക്ക് ചുരുണ്ട് ചുരുണ്ട്  മൃദുവായുരഞ്ഞുരഞ്ഞ് അയാളെ രസത്തിന്റെ പരകോടിയിലേക്കെത്തിച്ചപ്പോൾ, അവൾ ചായയുമായി വന്നു.

ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ്, വലത്തേ കാതിനുള്ളിൽ ഒരു ചുരുൾ നിവരുന്ന മൃദുശബ്ദം അയാൾ കേട്ടത്. ..കുടുങ്ങിയോ..?!

ധൃതിയിൽ പച്ചത്തൂവലിൻറെ അഗ്രം പരിശോധിച്ചപ്പോൾ മനസ്സിലായി -ഒരു കഷണം മുറിഞ്ഞ് ചെവിയിൽ കുടുങ്ങിയിരിക്കുന്നു.! കുറേ നേരം ശ്രമിച്ചിട്ടും അയാൾക്ക് ആ കഷണം പുറത്തെടുക്കാൻ കഴിഞ്ഞില്ല. 

ചായ ഒരു മൂലയിൽ ഇരുന്നു തണുത്തു... അയാൾ നീട്ടി വിളിച്ചു :

"എടീ ..ഒന്ന് വന്ന് നോക്കാമോ... എൻറെ ചെവിയിൽ ഒരു തൂവലു പോയി..." 

ഭാര്യ ഓടിവന്നു .നോട്ടം ഗ്ലാസിൽ വീണു .

"നിങ്ങളീ ചായ കുടിച്ചില്ലേ.. മനുഷ്യാ... ഞാൻ എന്തോരം കഷ്ടപ്പെട്ടാ ഇതൊക്കെ ഉണ്ടാക്കുന്നേ.." അവൾ ചവിട്ടിക്കുലുക്കി തുള്ളിത്തെറിച്ചു.

അവൾ കുനിഞ്ഞിരുന്ന് അയാളുടെ ചെവി വിടർത്തി  ആഴത്തിലേക്ക് ഉറ്റുനോക്കി. "ഞാനൊന്നും കാണുന്നില്ല .. ആ മൊബൈലിങ്ങെടുത്തേ.. ടോർച്ച് ഓൺ ചെയ്തേ.."

അവളുടെ മുടിയിഴകൾ അയാളുടെ മുഖത്തേക്ക് വീണുരഞ്ഞു . അളകങ്ങളുടെ പരിമളം തെല്ലൊന്ന്   നുകർന്നുകൊണ്ട് അയാൾ ഫോൺ അവൾക്ക് നേരെ നീട്ടി.  ടോർച്ചടിച്ച് ചെവി പരിശോധിച്ചുകൊണ്ട് അവൾ വിളിച്ചുപറഞ്ഞു: "എന്തൊരു ചെവിയാ ഇത് ...ഇതിനകത്ത് ഒന്നുമില്ല... പിങ്ക് നിറമാ.. ഹൗ...! മനുഷ്യനായാ ഇത്തിരി വാക്സ് എങ്കിലും വേണ്ടേ ചെവിയിൽ ...!അതെങ്ങിനാ... എപ്പോഴും കൊടഞ്ഞുകൊണ്ടേ ഇരിക്കുകയല്ലേ..."

"നീ ശരിക്ക് നോക്ക് ..." അയാൾ കെഞ്ചി. "ഇല്ലെന്നേ.. ഇതിനകത്തൊന്നുമില്ല..." അവൾ എഴുന്നേറ്റു.

 മൊബൈൽ ഫോൺ അയാളുടെ കയ്യിൽ പിടിപ്പിച്ച് ,തണുത്ത ചായ ചൂടാക്കാനെടുത്ത് അവൾ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നു.

അയാൾ വിഷണ്ണനായി തിണ്ണയിലിരുന്നു.. വിരൽ കൊണ്ട് ചെവി കുടഞ്ഞുനോക്കി.. ബട്ട്സ് കൊണ്ട് ഉള്ളിലുരച്ച് തേടി നോക്കി.. ഒരു തൂവൽ കഷണം ചെവിക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന് അയാൾക്കുറപ്പായിരുന്നു.

 അവൾ ശരിക്ക് നോക്കി കാണുകയില്ല. മൊബൈൽ ടോർച്ചിന്റെ വെളിച്ചം മതിയായിട്ടുണ്ടാവുകയില്ല.

മേശ വിരിപ്പിനടിയിൽ നിന്നും അയാൾ പ്രാവിൻ തൂവൽ എടുത്തു കൊണ്ടുവന്നു. ചെവി തറയിലേക്ക് തിരിച്ചുവച്ച് അയാൾ തൂവൽ കയറ്റി കറക്കിത്തിരിച്ചു. പച്ചനിറമുള്ള ചെറിയ തൂവൽ കഷണം തറയിൽ തെറിച്ചു വീഴുന്നുണ്ടോ എന്ന് അയാൾ ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു .അയാളുടെ മേലാസകലം ഒരു വിറ പടർന്നു കയറുകയായിരുന്നു...

 ചായ ചൂടാക്കി തിരിച്ചുവന്ന അവൾ വാതിൽക്കൽ ഒരു നിമിഷം നിന്നു .തറയിൽ ഇരു കൈകളുമൂന്നി എന്തോ പരതുന്ന അയാളെ അവൾ അമ്പരന്നു നോക്കി നിന്നു. മുട്ടിലിഴയുന്ന അയാളുടെ കണ്ണുകൾ വല്ലാതെ തുറിച്ച് നിന്നിരുന്നു .ഒരു കൈയിൽ ചുക്കിച്ചുളിഞ്ഞ പച്ചത്തൂവലും മറുകയ്യിൽ കൂർപ്പിച്ച പ്രാവിൻ തൂവലും അയാൾ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു .പഞ്ഞിയടർന്ന ഇയർ ബഡ്സ്സുകൾ അവിടവിടെ ചിതറി കിടക്കുന്നുണ്ടായിരുന്നു...

അയാൾ ജീവൻപോകുന്ന വേദനയോടെ അവളെ തിരിഞ്ഞു നോക്കി. അപ്പോഴാണവൾ കണ്ടത്, അയാളുടെ ഇടത്തെ ചെവിയിൽ നിന്നും ഒരു ചെറിയ കിളി, വിയർപ്പിൽ കുതിർന്ന ഒരു ചെറിയ പച്ചക്കിളി വഴുതി പുറത്തിറങ്ങി, ചിറകുകൾ കുടഞ്ഞ് മുറ്റത്തേക്ക് പറന്നിറങ്ങി. പിന്നെ ആകാശത്തേക്കുയർന്ന് പൊങ്ങിപ്പറന്നകന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ