mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

"അമ്മേ..."
മോന്റെ ഉറക്കെയുള്ള വിളി കേട്ടാണ് ഞെട്ടി ഉണർന്നത്. ഇരുട്ടിൽ പരതിയ കൈകളിൽ തടഞ്ഞത് വെറും ഒരു പുതപ്പ് മാത്രം !

ഒരു സ്വപ്നം ആയിരുന്നു അതെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല! ഇന്ന് മോന്റെ വിശേഷങ്ങളൊക്കെ ഫോണിലൂടെ അറിഞ്ഞത് കൊണ്ടാവും ഇങ്ങനെ ഒരു സ്വപ്നം !

മകന്റെ കയ്യും പിടിച്ചു വീട്ടിലേക്ക് വരുമ്പോഴാണ് പെട്ടെന്ന് ബലിഷ്ടമായ രണ്ട് കരങ്ങൾ വന്ന് തന്നെ തള്ളിയിട്ടതും, കുഞ്ഞിനെ പൊക്കിയെടുത്തു തിരിഞ്ഞോടുന്നതും കണ്ടത്. അപ്പോഴാണ് അവൻ അമ്മേയെന്ന് അലറിവിളിച്ചത്.

ഉറങ്ങാൻ കിടന്നപ്പോഴും മനസ്സിൽ അവൻ മാത്രമായിരുന്നു. താനടുത്തില്ലാതെ തന്റെ പൊന്നുമോൻ ഒത്തിരി വിഷമിക്കുന്നുണ്ടാവും.

വീട്ടിൽ നിന്ന് പോന്നിട്ട് വെറും മൂന്ന് ദിവസങ്ങൾ മാത്രം. പക്ഷേ അത് തരുന്നത് മുന്നൂറു ദിവസങ്ങളുടെ വിരഹവും വേദനയും.

വെറും ഒരു പോക്കല്ലായിരുന്നുവല്ലോ. ഇനിയൊരിക്കലും വയ്യാ എന്ന തീരുമാനിച്ചു കയ്യിൽ കിട്ടിയ തുണികളെല്ലാം കുത്തിനിറച്ച് ഒരു വലിയ ബാഗ് മാത്രമായി പടിയിറങ്ങുമ്പോൾ, തിരിഞ്ഞു നോക്കാനൊന്ന് പേടിച്ചു പോയി. അവിടെ തുളുമ്പുന്ന കണ്ണുകളുമായി തന്റെ പൊന്നുമോൻ നിൽപ്പുണ്ടെന്നറിയാം..

പക്ഷേ ഇനി വയ്യാ. ഈ അമ്മയോട് ക്ഷമിക്ക് മോനെ എന്ന് മൂകമായി മന്ത്രിച്ചു.

കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുമ്പോഴും കോളേജ് ക്യാന്റീനിൽ ഇരുന്നു ഉച്ചയൂണ് കഴിയ്ക്കുമ്പോഴും വൈകിട്ട് തങ്ങാനുള്ള ഇടത്തെ കുറിച്ച് മാത്രമായിരുന്നു ചിന്ത.

എന്നും കോളേജിലേക്കുള്ള യാത്രയിൽ എപ്പോഴോ കണ്ട ആ വലിയ ബോർഡ്‌ പെട്ടെന്ന് ഓർമ്മ വന്നു. വൈകുന്നേരം സ്കൂട്ടറിൽ അങ്ങോട്ട്‌ തിരിയ്ക്കുമ്പോൾ മനസ്സിൽ വേറൊരു അഭയ സ്ഥാനവും തെളിഞ്ഞു വന്നില്ല.

അധികം തിരക്കുകളില്ലാത്ത വർക്കിങ് വുമൺ ഹോസ്റ്റൽ ആയിരുന്നു അത്. ഒരുപാട് പഴക്കം ചെന്നതുകൊണ്ട് അറ്റകുറ്റ പണികൾക്കായി കാത്തിരിക്കുന്ന മുറികളും ചുവരുകളും! എങ്കിലും ഉള്ളതിൽ നല്ലൊരു മുറി തന്നെ കോളേജ് പ്രൊഫസർ എന്ന പരിഗണനയിൽ കിട്ടി. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി പെട്ടന്ന് മുറിയിൽ കയറുകയായിരുന്നു. അന്ന് പക്ഷേ പെട്ടെന്ന് ഉറങ്ങിപ്പോയി. ക്ഷീണം അത്രയധികം ആയിരുന്നല്ലോ !

രാവിലെ എഴുന്നേൽക്കുമ്പോൾ തലയും മുഖവുമൊക്കെ വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. കണ്ണാടിയിൽ കണ്ട മുഖം ഏതോ അപരിചയുടേതുപോലെ! നീരു വന്നു വീർത്തു ചുവന്ന കണ്ണുകൾ !

ഇന്നെങ്ങനെ കുട്ടികളെയും ടീച്ചേഴ്സിനെയുമൊക്കെ അഭിമുകീകരിക്കുമെന്നോർത്തു ലജ്‌ജ തോന്നി. അവർ എന്തൊക്കെ കഥകൾ ഉണ്ടാക്കുമോ ആവോ ?

ഫോൺ എടുത്തു വെറുതെ നോക്കി. ഇല്ല ഒരു മിസ്കാൾ പോലുമില്ല. അല്ലെങ്കിലും അത്രയ്ക്കല്ലേ ഉള്ളൂ.
ഒരു ലീവ് എടുത്താലോ? അല്ലെങ്കിൽ വേണ്ട ഒറ്റയ്ക്ക് ഇവിടിരിക്കുമ്പോൾ ചിന്തകളെല്ലാം കൂടി തന്നെ ഭ്രാന്ത്‌ പിടിപ്പിയ്ക്കും. കയ്യിൽ കിട്ടിയ ഡ്രസ്സ്‌ എടുത്തു പെട്ടെന്ന് ഒരുങ്ങി. മോന്റെ സ്വരമൊന്ന് കേൾക്കാൻ വല്ലാതെ കൊതിച്ചു. ആവൻ തന്നെ ഓർക്കുന്നുണ്ടാവുമോ.

എല്ലാ പിണക്കങ്ങളും മാറ്റിവെച്ചു ഫോൺ എടുത്തു മെല്ലെ ആ നമ്പറിലേക്കു കാൾ ചെയ്തു. ഇല്ല..
റിങ് ചെയ്തു അത് തനിയെ നിന്നു. വീണ്ടും വിളിക്കാൻ അഭിമാനം സമ്മതിച്ചില്ല.

അന്നും എങ്ങനെയൊക്കെയോ ഒരുവിധം ക്ലാസുകൾ തള്ളിവിട്ടു. ഉച്ചയൂണ് ക്യാന്റീനിൽ നിന്നാക്കിയതിനു രശ്മി ടീച്ചറുടെ വക ചോദ്യം ചെയ്യൽ ഉണ്ടായിരുന്നു. പിന്നെ മുഖത്തെ മാറ്റത്തെക്കുറിച്ചും.

"ഒന്നുമില്ല ടീച്ചറെ.രണ്ടു ദിവസമായിട്ട് വല്ലാത്ത മൈഗ്രൈൻ.. അതുകൊണ്ട് ഒന്നും വെച്ചില്ല. അതാ"
അങ്ങനെ അവിടുന്ന് ഒരുവിധത്തിൽ തലയൂരി. മറ്റുള്ളവരെ ബോധ്യപ്പെടുത്തിയുള്ള ജീവിതം കൊണ്ട് നഷ്ടമാകുന്നത് സ്വന്തം സന്തോഷങ്ങളും സ്വപ്നങ്ങളുമാണല്ലോ.

ഇന്ന് എന്തായാലും മകന്റെ ശബ്ദം ഒന്നു കേൾക്കാതെ വയ്യാ. ഫോണിലൂടെ മറുതലയ്ക്കലേക്കു പായുന്ന മണിമുഴക്കങ്ങൾക്കൊടുവിൽ എപ്പോഴാ "ഹലോ " എന്ന പിഞ്ചിളം സ്വരം കാതിൽ തേൻ തുള്ളിയായി.

"അമ്മേ നാളെ സ്കൂളിൽ ഇൻസ്‌പെക്ഷൻ ആണ്‌. ഒത്തിരി പഠിക്കാനുണ്ട്. പിന്നെ മെമ്മറി ടെസ്റ്റ്‌ ഉണ്ട്.. അമ്മ എന്നാ വരുന്നത്. "

"അമ്മ വിളിയ്ക്കാം.. മോൻ വല്ലതും കഴിച്ചോ."

"മം..ഇപ്പൊ ഹോട്ടലിൽ ഇരുന്ന് കഴിക്കുവാ..."

വീണ്ടും എന്തോ പറയാൻ തുടങ്ങിയപ്പോൾ പെട്ടന്ന് മറുതലയ്ക്കൽ ഫോൺ നിശബ്ദമായത് അറിഞ്ഞു.

രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. എങ്കിലും ഒന്നു വിളിക്കാൻ തോന്നിയില്ലല്ലോ മഹിക്ക്‌. എത്ര മാത്രം സ്നേഹിച്ചതാണ്.

സീനിയർ ആയിരുന്ന മഹി തന്നോട് പ്രണയാഭ്യർത്ഥന നടത്തുമ്പോൾ ആകെ ചിന്താകുഴപ്പത്തിലായിരുന്നു.
പിന്നെ അതെപ്പോഴോ മാറി തമ്മിൽ അകലാൻ പറ്റാതെ ഒരു വിവാഹത്തിൽ എത്തിച്ചേർന്നു ആ ബന്ധം.
വീട്ടുകാർ അറിയാതെ ഒരു രെജിസ്റ്റർ മാരിയേജ് !! അപ്പോഴേക്കും പഠിത്തവും കഴിഞ്ഞു ഒരു പ്രൊഫഷണൽ കോളേജിൽ ഗസ്റ്റ്‌ ലക്ചർ ജോലിയും നേടിയിരുന്നു. അതിനെല്ലാം കൂടെനിന്നു സഹായിച്ചതും
ആപ്ലിക്കേഷൻ അയച്ചതുമെല്ലാം മഹിയായിരുന്നു !

പതിയെ വീട്ടുകാർ എല്ലാം അറിയുകയും മഹിയുടെ അച്ഛൻ രണ്ട് പേരെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ രണ്ട് മൂന്ന് വർഷങ്ങൾ കടന്നുപോയി.

ഒരു കുഞ്ഞ് ഉണ്ടായപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായിരുന്നു. പക്ഷേ തന്റെ വീട്ടുകാർ തന്ന സ്വർണ്ണം മിക്കതും ഓരോ ആവശ്യങ്ങൾക്കായി മഹി പണയം വെയ്ക്കുകയും, വീട്ടുകാരുടെ പക്ഷം
ചേർന്ന് തന്നെ ഓരോന്നിനും കുറ്റപ്പെടുത്തി സംസാരിക്കാനും തുടങ്ങിയപ്പോൾ, ജീവിതം താളം തെറ്റുന്നത് പോലെ ഒരു തോന്നൽ ! അമ്മയുടെ കുത്തുവാക്കുകൾക്കു പകരം തിരിച്ചു സംസാരിച്ചത് മഹിക്ക്‌ തീരെ സഹിച്ചില്ല.

പിന്നെയങ്ങോട്ട് ഉപദ്രവങ്ങളും മല്പിടുത്തങ്ങളും വാക്ക് പയറ്റുകളും കൊണ്ട് ജീവിതം ആകെ താറുമാറായി. ജോലി കഴിഞ്ഞു വന്നാലും വീണ്ടും പുറത്തു പോയി വരുന്നത് ഒരു സമയത്ത്. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനോ, യാത്രകൾ പോകാനോ ഒന്നിനും അയാൾക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല.

ആ രാത്രിയിൽ അമ്മയുമായുള്ള എന്തോ വാക്കുതർക്കം മൂലം കടുത്ത ദേഷ്യത്തിലായിരുന്നു മഹിയുടെ വരവ്. ഒന്നും രണ്ടും പറഞ്ഞു വലിയൊരു വഴക്കിലെത്തി. തന്റെ കഴുത്തിനു കുത്തിപ്പിടിച്ചു നീ ചാക്, നീയെനിക്കൊരു ശല്യമാ എന്നൊക്കെ പറഞ്ഞപ്പോൾ മാനസിക നില തെറ്റി ഭിത്തിയിൽ തലയിട്ടടിക്കുകയും നെഞ്ചത്തടിച്ചു അലറി വിളിയ്ക്കുകയുമൊക്ക ചെയ്തുപോയി. കുഞ്ഞ് പേടിച്ചു കണ്ണുകൾ ഇറുക്കി പൂട്ടി കിടന്നു..

എല്ലാം ശാന്തമായിക്കഴിഞ്ഞു ഒരുപാട് ആലോചിച്ചു. എന്തിന് ഇങ്ങനെ ജീവിക്കണം! ചത്തുകളഞ്ഞാലോ.. പക്ഷേ തന്റെ കുഞ്ഞിനെ ഓർക്കുമ്പോൾ ഒന്നിനും കഴിയുന്നില്ല. ഒരമ്മയ്ക്ക് പലതും സഹിക്കാനുള്ള ശക്തി തരുന്നത് സ്വന്തം മക്കൾ തന്നെയാണല്ലോ. അവർക്ക് വേണ്ടി ഏത് കുരിശു ചുമക്കാനും അമ്മയല്ലാതെ വേറെ ആരു തയ്യാറാവും !!

രാവിലെ കുഞ്ഞിനെ വിളിച്ചുണർത്തി കുളിപ്പിച്ച് റെഡി ആക്കി. അവൻ സ്കൂളിൽ പൊക്കോട്ടെ. താൻ പോകുന്നത് അവനറിയണ്ട. ഇനിയും ഇവിടെ നിന്നാൽ തങ്ങളിൽ ആരെങ്കിലും ഒരാളെ അവശേഷിക്കൂ. നിന്റെകൂടെ നിന്ന് കുഞ്ഞ് വഷളായി പോയെന്നു പലവട്ടം മഹി കുറ്റപ്പെടു ത്തിയിട്ടുണ്ട്. അതുകൊണ്ട് വയ്യാ. അവൻ അച്ഛന്റെ ഒപ്പം നിന്ന് മിടുക്കനാകട്ടെ !!

അന്ന് ഒരു വാശിക്ക് ഇറങ്ങി പോന്നതാണ്. സ്വന്തം ഇഷ്ടത്തിന് പോയതല്ലേ. പിന്നെ ഇപ്പോളെന്ത് പറ്റിയെന്ന സ്വന്തം വീട്ടുകാരുടെ ചോദ്യങ്ങളും ആക്ഷേപങ്ങളും കേൾക്കാൻ വയ്യാത്തത് കൊണ്ടാണ് ഹോസ്റ്റലിൽ റൂം എടുത്തത്.

ഇവിടെ സ്വസ്ഥത ഒരുപാട് ഉണ്ട്. പക്ഷേ ഇല്ലാത്തത് ഒരു ജീവിതമാണ് ! മഹി ഒരിക്കലും ഇനി വിളിക്കില്ലെന്നറിയാം. അയാൾക്ക് വലുത് അമ്മയും സഹോദരങ്ങളുമൊക്കെയാണ്. സ്വന്തം പ്രൊഫെഷനും, പ്രൊമോഷനും മാത്രമാണ് അയാൾക്ക് മുന്നിലുള്ളത്.

പക്ഷേ തന്റെ നെഞ്ചിലെ തീയണയ്ക്കാൻ വേറൊരു വഴിയുമില്ലല്ലോ! നീറ്റലും വേവലാതിയും ഉള്ളിലടക്കാൻ വയ്യാതായിരിക്കുന്നു. രാവിലെ റൂം വെക്കേറ്റ് ചെയ്യ്തു താക്കോൽ തിരിച്ചു കൊടുക്കുമ്പോൾ മേട്രൺ ഒന്ന് പുഞ്ചിരിച്ചു.

പിടിച്ചു നിൽക്കാൻ ഇനി വയ്യാ.തോറ്റുപോകുന്നത് എന്നിലെ സ്ത്രീയായിരിക്കാം. പക്ഷേ ഒരമ്മയുടെ വിജയമാണ്. തന്റെ കുഞ്ഞിനുവേണ്ടി എന്തും സഹിക്കാൻ തയ്യാറാകുന്ന ഒരമ്മയുടെ വിജയം !!

 

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ