mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മകന്റെ കയ്യും പിടിച്ച് ആ വീടിന്റെ പടിയിറങ്ങുമ്പോൾ  ആനന്ദവല്ലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. വീടിന്റെ ഉമ്മറത്തു നിൽക്കുന്ന അപ്പനേയും, ചെറിയമ്മയേയും കൂടെ കൂടെ തിരിഞ്ഞു

നോക്കി കൊണ്ട് ആറു വയസുകാരനായ കുഞ്ഞു ഈശ്വർ, ആനന്ദത്തിനൊപ്പം നടന്നു നീങ്ങി. കാഴ്ചയിൽ നിന്നും  അവർ മറയാൻ നേരം അവൻ വാ തുറന്നു . അമ്മാ, അപ്പ... ?. മിണ്ടാതെ എൻ കൂടെ വന്നോണം നെണക്കിനി അപ്പാവില്ല.. അമ്മാവു മാത്രം പറച്ചിലിനൊടുക്കം തഴമ്പു വീണ അവളുടെ കൈ അവന്റെ കുഞ്ഞികൈകളിലമർന്നു.

പിറകിലോട്ട് തിരിഞ്ഞു നോക്കണമെന്ന് അവൾക്കും ആഗ്രഹമുണ്ടായിരുന്നു. തന്റെ രണ്ട് പ്രാണനാണ് അവിടെ നിൽക്കുന്നത് .വിട്ടു പോരാൻ മനസ് അനുവദിക്കുന്നില്ല . പക്ഷെ വിട്ടു പോയെ പറ്റൂ! മോനെയും പിടിച്ചു വലിച്ചുകൊണ്ട് റയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി അവൾ നടന്നു. എങ്ങോട്ട് പോവണമെന്ന് ഒരു രൂപവും ഇല്ല. ടിക്കറ്റ് കൗണ്ടറിൽ ചെന്ന് അടുത്ത ട്രെയിൻ എങ്ങോട്ടാണെന്ന് അന്വേഷിച്ചു. "കണ്ണൂർ " മുരടൻ ശബ്ദത്തിലുള്ള അയാളുടെ മറുപടി അരോചകമായി തോന്നിയെങ്കിലും കൂടുതലൊന്നും പറയാതെ കണ്ണൂർക്കവൾ ടിക്കറ്റെടുത്തു. ട്രെയിൻ വരാൻ ഇനിയും ഒട്ടേറെ സമയമുള്ളതുകൊണ്ട് മോനെയും ചേർത്തു പിടിച്ച് ഫ്ലാറ്റ്ഫോമിന്റെ ഓരത്തിരുന്നു.

മനസ് വീണ്ടും മുത്തുരാമനടുത്തെത്തി. കഴുത്തിൽ താലി ചാർത്തി തന്റെ നിറുകയിൽ സിന്ദൂര മണിയിച്ചവൻ, തന്നെ അമ്മയാക്കിയവൻ ...! ഇന്നവൻ തനിക്കാരുമല്ല.,, "ലെച്ച്മി "തന്റെ പൊന്നനിയത്തി അവൾക്ക് സ്വന്തമായിരിക്കുകയാണിന്നവൻ. അതേ കുറിച്ച് ആലോചിച്ചപ്പോൾ മനസ്സിനൊരു വിങ്ങലനുഭവപ്പെട്ടു. അതിൽ വിഷമം തോന്നേണ്ട കാര്യമൊന്നുമില്ല താൻ തന്നെയല്ലെ ലെച്ച്മിയെ മുത്തുവണ്ണന് കൈ പിടിച്ച് കൊടുത്തത് ... എത്ര കാലം വരെയാണ് താനിനി ഉണ്ടാവുക. കഴിഞ്ഞാഴ്ച ഡോകടർ കുറിച്ചു തന്ന ചീട്ട് പേഴ്സിൽ ഭദ്രമായി വച്ചിട്ടുണ്ട്.

വിട്ടുമാറാത്ത ജലദോഷമായിട്ടാണ് ഡോക്ടറെ കാണാൻ ചെന്നത്. ആദ്യമൊന്നും അത് സാരമാക്കിയില്ലെങ്കിലും പിന്നെ പിന്നെ മൂക്കിൽ നിന്നും വരുന്ന  സ്രവത്തിന് വല്ലാത്ത ദുർഗ്ഗന്ധ മുള്ളതുപോലെ. മരുന്നുകൾ ഒരുപാട് കഴിച്ചുവെങ്കിലും വലിയ മാറ്റമൊന്നും വന്നില്ല. പിന്നെയാണ് ഡോക്ടർ പറഞ്ഞത്. ചില ടെസ്റ്റുകളൊക്കെ ചെയ്യാൻ. വേണ്ടുന്ന ടെസ്റ്റുകളൊക്കെ നടത്തി ചികിത്സിച്ചില്ലെങ്കിൽ ചിലപ്പോഴത് നാസികാർബുദമായേക്കും പോലും. ടെസ്റ്റുകൾക്കൊക്കെ വലിയ പൈസയാവും അതിനു മാത്രം കഴിവൊന്നും അണ്ണനും, തനിക്കും ഇല്ല.

ചികിത്സിച്ചാലും ചിലപ്പോ മാറിയില്ലെങ്കിലോ? താൻ ശത്ത് പോയാ പാവം തന്റെ അണ്ണൻ വളരെ ചെറുപ്പാണ്. അദ്ദേഹത്തിന് ഒരു തുണ എന്തായാലും വേണം. തന്റെ അനിയത്തിക്കും ആരുല്ല. അതു കൊണ്ടാണ് താൻ തന്നെ മുൻകൈ എടുത്ത് ലെച്ച്മിയെ അദ്ദേഹത്തിനെ ഏൽപ്പിച്ചത്. അതിൽ രണ്ടു പേർക്കും തന്നോട് നല്ല അമർഷമുണ്ട്.  കുഞ്ഞിനെ കൂടെ കൂട്ടിയത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അണ്ണനെ വിവരമറിയിക്കാൻ വേണ്ടി മാത്രം. 'ചിന്തകളെ കീറിമുറിച്ചു കൊണ്ട് കണ്ണൂർക്കുള്ള ട്രെയിൻ ഫ്ലാറ്റ്ഫോമിലേക്ക് കുതിച്ചെത്തി. കുഞ്ഞിന്റെ കൈയും കവർന്ന് ഒരു ലക്ഷ്യവുമില്ലാതെയവൾ വണ്ടിയിലേക്ക് കയറി.

‌കണ്ണൂരിൽ വണ്ടിയിറങ്ങിയതിനു ശേഷം ഒരു പാട് അലഞ്ഞിട്ടാണ് വാടകയ്ക്ക് ഒരു വീട് ഒത്തത്.  ഇടയ്ക്കിടെ സംശയത്തോടെയുള്ള കുഞ്ഞു ഈശുവിന്റെ ചോദ്യങ്ങൾക്ക് ഉത്തരമേകാൻ പലപ്പോഴുമവൾക്ക് കഴിയാതെ വരും. നിയന്ത്രിക്കാനും, ശാസിക്കാനും കൂടെ അപ്പ ഇല്ലാത്തതിന്റെ കുറവ് കൊണ്ടാവണം വളരുന്നതിനനുസരിച്ച് ഈശു വിന്റെ സ്വഭാവത്തിനും മാറ്റമേറികൊണ്ടിരുന്നത്. ആറേഴു വയസായിട്ടും സ്കൂളിന്റെ പടി കണ്ടിട്ടില്ലാത്ത അവനെ, ആ നാട്ടിലെ സ്കൂൾ ഹെഡ്മാസ്റ്റർ പിടിച്ച പിടിയാലെ സ്കൂളിൽ കൊണ്ട് ചേർത്തത്. എന്നിട്ടും അവന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റമെന്നും വന്നില്ല.എന്നും കുട്ടികളെ ഉപദ്രവിക്കുന്നു, ഭക്ഷണം കട്ടു തിന്നുന്നു, അങ്ങനെ ഒട്ടനവധി പരാതികൾ മാത്രം. അതു കൊണ്ട് തന്നെ അവന്റെ സ്കൂൾ പഠനം അഞ്ചാം ക്ലാസോടെ അവസാനിച്ചു.

ഈശുവും ആനന്ദവും കണ്ണൂർ താമസം തുടങ്ങിയിട്ട് വർഷമൊത്തിരിയായി. അതിനിടയിൽ ഇടക്ക് വരുന്ന ജലദോഷമൊഴികെ, വേറെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. അതിന് സർക്കാരാശുപത്രിയിൽ കാണിച്ച് മരുന്നു കഴിച്ചു കൊണ്ടിരുന്നു. അടുത്തുളള വീടുകളിൽ പുറമ്പേലകൾ ചെയ്ത് ജീവിക്കാനുള്ള വഴി കണ്ടെത്തിയി, അതിൽ നിന്ന് മിച്ചം വെച്ച് ഒരു കുഞ്ഞു വീടും വെച്ചു. ഈശുവാണേൽ പുസ്തകങ്ങൾ വലിച്ചെറിഞ്ഞ് കോൺക്രീറ്റ് പണിയും ചെയ്യാൻ തുടങ്ങി. ഇടയ്ക്കവൻ പണിക്കു പോയാൽ തിരികെ വീടണയാറും ഇല്ല. ചോദിച്ചാൽ അതിന് മറുപടി പറയാതെ, വേറെയെന്തേലും പറഞ്ഞ്, തന്റെ ശ്രദ്ധ മാറ്റാറാണ് പതിവ്.

പണികളൊക്കെ കഴിഞ്ഞ് വൈകുന്നേരങ്ങളിൽ വെറുതെ ഇരിക്കുന്ന നേരം അവളുടെ മനസ്സ് മുത്തുരാമനെ തേടിച്ചെല്ലും. എത്രയൊക്കെ വേണ്ടെന്നു വച്ചാലും മനസ് അവിടെ തന്നെ എത്തും. അസുഖം പേടിച്ച് വേണ്ടെന്നു താൻ വെച്ച ജീവിതം. ഒരു പാട് അകലെയായിപ്പോയി. എന്നിട്ടും തന്റെ ജീവിതം  ഇപ്പൊഴും ബാക്കി തന്നെ. ഒരിക്കൽ കൂടി അവരെ കാണണമെന്നൊക്കെയുണ്ട്. പക്ഷെ...,  വേണ്ട അത് വലിയൊരു ശരികേടായിപോകും. ഇത്രയും വർഷമായില്ലേ അതിലൊരിക്കൽ പോലും    "ഈശു "  അപ്പയെ കുറിച്ച് ചോദിച്ചിട്ടില്ല. അവനെ കുറിച്ച് ആലോചിക്കുമ്പോഴാണ് മനസിന് ഏറെ വിഷമം, കുഞ്ഞിലെ അപ്പയുടെ സ്നേഹവും പരിചരണവും നിഷേധിച്ചവളാണ് താൻ. പുറമെ കാട്ടാറില്ലെങ്കിലും അവന് ഉള്ളിൽ തന്നോട് ദേഷ്യമൊക്കെ ഉണ്ടാവും. ഇടയ്ക്കൊക്കെ പറയാൻ തോന്നും പോയി അപ്പയേയും, ചെറിയമ്മയേയും കണ്ടിട്ട് വാടാ എന്ന്. പക്ഷെ വാക്കുകൾ എപ്പൊഴും ഉള്ളിൽ കിടന്ന് ശ്വാസം മുട്ടി മരിക്കാറാണ് പതിവ്.

അന്നും പതിവുപോലെ      പുറമ്പേലകളൊക്കെ കഴിഞ്ഞ് വീട്ടിൽ വന്ന് വിശ്രമിക്കുകയായിരുന്നു. വല്ലാത്ത ക്ഷീണമാണ്, ചിലപ്പോൾ, നേരിയ ഉറക്കത്തിലേക്ക് വഴുതിമാറുകയും ചെയ്യും. അപ്പോഴാണ് വാതിലിൽ ശക്തിയായി ഇടിച്ചു കൊണ്ട് 'അമ്മാ.... അമ്മാ...., 'എന്ന വിളിയോടെ ഈശ്വറിന്റെ ശബ്ദം കാതിൽ വന്നലച്ചത് .ഈ ചെറുക്കൻ വാതിൽ തല്ലിപ്പൊട്ടിക്കുമെന്നാ തോന്നുന്നതെന്നു പിറുപിറുത്തു കൊണ്ട് അഴിഞ്ഞുലഞ്ഞ മുടി വാരി കെട്ടി, അലസമായ് കിടന്ന ചേല നേരെയാക്കി മുഖമമർത്തി തുടച്ചവൾ വാതിൽ തുറന്നു.

വാതിൽക്കൽ നറു ചിരിയോടെ ഈശു, അവന്റെ കൈയിൽ ഒരു രണ്ട് രണ്ടര വയസ് പ്രായം വരുന്ന ഒരു പെൺകുഞ്ഞ്! മനസിലൊരു ആന്തലുണ്ടായി. പ്രായപൂർത്തിയൊക്കെയായി ശരി തന്നെ, ,ചെക്കനിനി വല്ല വികൃതിയും കാട്ടിയോ? മനസിൽ കടവുളേന്ന് വിളിച്ചുക്കൊണ്ടവൾ പുറത്തേക്കിറങ്ങി. മിഴികൾ ചുറ്റിലും പായിച്ചത് ആ കൊച്ചിന്റെ അമ്മ കൂടെ ഉണ്ടോന്നറിയാനായിരുന്നു. ‌ആനന്ദത്തിന്റെ ആ പരിഭ്രമം കണ്ടാവണം ഈശു ചിരിയോടെ ചോദിച്ച. അമ്മാ ആരെയാ നോക്കുന്നത്. അല്ല ഈ കൊച്ചിന്റെ തള്ള.... !

ഓഹ് അത് ശത്ത് പോയി. ഇപ്പ അപ്പ മാത്രം കൂട്ട്. ഇത്തിരി വിഷമത്തോടെയവൻ പറഞ്ഞു കൊണ്ട് മുറ്റത്തേക്കിറങ്ങി. ചുമരോട് ചേർന്നു നിന്ന ഒരു മനുഷ്യ രൂപത്തിനെ കൈ പിടിച്ചവൻ മുന്നിലേക്ക് നിർത്തി.  ആ രൂപം കണ്ടവൾ ഞെട്ടിപിടഞ്ഞു. അടക്കിപിടിച്ചു വെച്ച തേങ്ങലിന്റെ ചിലമ്പൊലി "അണ്ണാ.......! " എന്ന വിളിയോടെ മുത്തുരാമന്റെ നെഞ്ചിലമർന്നു. അവനും സങ്കടമടക്കാൻ നന്നേ പാടുപെട്ടു. സ്ഥലകാലബോധം വന്ന മാത്രയിൽ ആനന്ദം അവനരികിൽ നിന്നും തെന്നിമാറി. അണ്ണാ.ന്റെ  ...ലെച്ച്മി.,? അവൾ, അവളെവിടെ?

അതിന് മറുപടി പറഞ്ഞത്. ഈശുവായിരുന്നു. ചെറിയമ്മ മരിച്ചു പോയി! രക്താർബുദമായിരുന്നു. അനിയത്തി പിറന്നതിനു ശേഷമാണ് അസുഖം മനസിലായത്. ഇതൊക്കെ നിനക്കെങ്ങനെ? കണ്ണീരോടെയുള്ള അവളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് മുത്തുരാമനായിരുന്നു. "നിന്റെ കണ്ണ് വെട്ടിച്ച് ഈശു ഇടയ്ക്കൊക്കെ ഞങ്ങളെ കാണാൻ വരാറുണ്ടായിരുന്നു. അവൾക്ക് അസുഖം വന്നപ്പോഴും, ആസ്പത്രിയിൽ കൊണ്ടുപോകാനും മറ്റുമായി, ഇവനെ കൂടെ ഉണ്ടായിരുന്നുള്ളു. എന്നിട്ടും ഞങ്ങൾക്കവളെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഇങ്ങോട്ട് വരണമെന്ന് കരുതിയിട്ടേയില്ല. പക്ഷെ ഇവൻ പിടിച്ച പിടിയാലെ ഞങ്ങളെ ഇങ്ങോട്ട് കൊണ്ടു പോന്നു. നിനക്കിഷ്ടമില്ലെങ്കിൽ ഞങ്ങളെങ്ങോട്ടെങ്കിലും പോയ്ക്കോളാം." കൂപ്പുകൈയ്യോടെ അയാളങ്ങനെ പറഞ്ഞപ്പോൾ ഉള്ളമൊന്ന് പിടഞ്ഞു. അപ്പ എവിടെയും പോകുന്നില്ല. ഇപ്പ അപ്പക്കും, അനിയത്തിക്കും തുണ വേണം .അതു പോലെ എനക്കും, അമ്മക്കും തുണ വേണം. അല്ലെ അമ്മാ......?" അതിനു മറുപടി പറയാതെ ആനന്ദം ..., ഈശുവിന്റെ  കൈയ്യിൽ നിന്നും കുഞ്ഞിനെ വാരിയെടുത്തു. ആ കുഞ്ഞു നെറ്റിയിൽ ഒരായിരം ചുംബനങ്ങളർപ്പിച്ചു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ