നീണ്ട പത്തു വർഷങ്ങൾക്കു ശേഷം നാട്ടിലേക്ക് ഒരു മടക്കയാത്ര. ഈ ചെറു നഗരവുമായുള്ള എല്ലാത്തരം ബന്ധങ്ങളും അവസാനിപ്പിക്കുന്നു.ഇനി ഇവിടേക്ക് ഒരു മടങ്ങിവരവില്ല. അതാഗ്രഹിക്കുന്നുമില്ല. പൊയ്പോയ പത്തുവർഷങ്ങൾക്കിടെ ആദ്യമായി ചൈനക്കാരൻ ബോസിനു മുന്നിൽ അഭിമാനത്തോടെ നിവർന്നു നിന്നു ശിരസ്സുയുയർത്തി കൊണ്ട് അറിയാവുന്ന മന്ദാരിനിൽ പറഞ്ഞു.
'ഞാനീ ജോലി രാജിവക്കുന്നു. എന്റെ സേവനം ഇനി ലഭിക്കില്ല. ഇക്കാര്യം കാണിച്ച് മുന്നേ ഇമെയിൽ അയച്ചിരുന്നു. വായിച്ചിരിക്കുമല്ലോ'?
ചൈനക്കാരൻ ബൂർഷ്വാ മുതലാളി ഒന്നു പതറി. ഇടുങ്ങിയ കണ്ണുള്ള അയാൾ ഒരു വലിയ ഞണ്ടിനെപ്പോലെ തോന്നിച്ചു. ചെവിക്കു മുകളിലെ അല്പം കുറ്റിമുടിയിൽ ചൊറിഞ്ഞു കൊണ്ടയാൾ പൊടുന്നനെ ഇ മെയിൽ പരിശോധിച്ചു. തല കുലുക്കിക്കൊണ്ട് എഴുന്നേറ്റ് വിളറിയ ചിരിയോടെ എല്ലാം നന്നായി വരാൻ ആശംസിച്ച് കൈപിടിച്ച് കുലുക്കി. എത്തിപ്പിടിക്കാനാത്ത ടാർഗറ്റുകളും ദുസ്സഹമായ പരിഹാസം കൊണ്ടും ഈ നഗരത്തിലെ മോശമായ ശമ്പളം തന്നും ഇക്കാലമത്രയും തന്നെ ഇയാൾ ദ്രോഹിക്കുകയായിരുന്നു.ജീവിക്കാനായി ജോലി ചെയുക, എന്നതല്ല ജോലി ചെയ്യാനായി ജീവിക്കുക എന്നതാണ് ഇയാളുടെ പോളിസി. മറ്റേതെങ്കിലും ഒരു കമ്പനിയിലേക്കുള്ള ജോലി മാറ്റം എത്രയോ ആഗ്രഹിച്ചതാണ് !എത്രയോ തവണ ശ്രമിച്ചതുമാണ്. ഒന്നും ശരിയായി വന്നില്ല . ഇയാളിലേക്ക് തന്നെ മടങ്ങി വരാനായിരുന്നു നിയോഗം. ജോലിക്കാരുടെ തിരിച്ചുവരവുകൾ ഇയാൾക്ക് ആഘോഷമാണ്. അവരെ ഇരു കൈയ്യും നീട്ടി സ്വീകരിക്കും. അവർക്കായി വെൽക്കം പാർട്ടി നടത്തും.ജോലിക്കാരെ വൈകാരികമായി തകർക്കുന്ന ദുഷിച്ച ഒരു മനസ്സ് ഇയാൾക്കുണ്ട് .ആരുടേയും നാട്ടിൽ പോകാനുള്ള അപേക്ഷകൾ ഇയാൾ പരിഗണിക്കില്ല. അത്തരം അപേക്ഷകൾ കാണുമ്പോൾ ഒരു തരം മുരൾച്ച അയാളിൽ നിന്നും പുറപ്പെടും. താനാ മുൾച്ച ഒരു പാട് കേട്ടതാണ്. തന്റെ പല സുഹൃത്തുക്കളും ഇവിടെ ഒന്നാന്തരം അമേരിക്കൻ കമ്പനികളിൽ ജോലി ചെയ്ത് ജീവിതം ആഘോഷിക്കുകയാണ് .നാട്ടിൽ വില്ലകളും ലക്ഷ്യറി ഫ്ലാറ്റുകളും വാങ്ങിക്കൂട്ടുന്ന അവരെക്കാണുമ്പോൾ വല്ലാത്തൊരു ആത്മനിന്ദ തോന്നും.പാർട്ടിയും കുടുംബവും ടൂറുമൊക്കെയായി ജീവിതമാഘോഷിക്കുകയാണവർ. അവരുടെ ആഴ്ചപ്പാർട്ടികളില്ലോ,മറ്റു പരിപാടികളിലോ പങ്കെടുക്കാറില്ല. അതിനുള്ള താത്പര്യവുമില്ല. പലപ്പോഴും ചിന്തിക്കാറുണ്ട് താൻ മാത്രമെങ്ങിനെ ഈ ഞണ്ടിന്റെ വരിഞ്ഞു മുറുക്കുന്ന കൈക്കുള്ളിൽ വന്നു ചേർന്നു? ജൻമാന്തരങ്ങളിലെ കർമ്മഫലമാകുമോ? മുജ്ജമത്തിൽ ഞാനൊരു ഞണ്ടുപിടുത്തക്കാരനായിരിക്കുമോ? ഞണ്ടിന്റെ കയ്യും കാലും വരിഞ്ഞുകെട്ടി കൂടയിൽ തള്ളി, കൂടയിൽ നിന്നും പുറത്തു കടക്കാൻ ശ്രമിക്കുന്നവരെ കൂടക്കകത്തു തന്നെ വലിച്ചിടുന്ന ഞണ്ടുപിടുത്തക്കാരൻ.. ജൻമ ജൻമാന്തരങ്ങളിലെ പകപോക്കലായിരിക്കും ഇവനെന്നോട്! ഈർഷയും പകയും തിരതല്ലുകയാണ്. എന്നാൽ എല്ലാം നിയന്ത്രിക്കേണ്ടിയിരിക്കുന്നു. സേവന വേതന വ്യവസ്ഥയുമായി ബന്ധപ്പെട്ട കരാറു പ്രകാരം മോശമല്ലാത്ത തുക ലഭിക്കാനുണ്ട്. കമ്പനി ഇവന്റെതാണ്.ഇവനതെല്ലാം ലംഘിച്ചാൽ ഒന്നും ചെയ്യാനില്ല. ഇവിടുത്തെ നിയമവും കോടതിയും ചില ആളുകൾക്കു മാത്രം അനുകൂലമായിട്ടുള്ളതാണ്. ആ തുകയിലാണ് ഇനിയുള്ള ജീവിതം. അതുകൊണ്ട് മനസ്സിലെ കാലുഷ്യം മറച്ച് അയാളുടെ ഹസ്തദാനം സ്വീകരിച്ചു.ചൈനക്കാരൻ മികച്ച ഒരു ഭാവിക്കായുള്ള, ജീവിതത്തിനായുള്ള ആശംസകൾ വീണ്ടും നേർന്നു. അക്കൗണ്ട് ആന്റ് ക്യാഷ് സെറ്റിൽമെന്റിലേക്കുള്ള ചൈനക്കാരന്റെ ഒരു ഇമെയിൽ അയച്ചതായുറപ്പിച്ച് ആ ശീതീകരിച്ച മുറിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ കാലങ്ങളായി ചുമന്നുകൊണ്ടിരുന്ന വലിയൊരു ഭാരം ഇറക്കി വച്ച പോലെ തോന്നി.ഇനിയീ നഗരം വിടാൻ മണിക്കൂറുകളേ ഉള്ളൂ. താമസിച്ചിരുന്ന ചെറിയ ഫ്ലാറ്റ് തിരിച്ചേൽപ്പിച്ചിരുന്നു. ഫ്ലാറ്റിലെ ചില്ലറ വസ്തുക്കളെല്ലാം വിറ്റു കഴിഞ്ഞു..കഴിഞ്ഞൊരാഴ്ച സുഹൃത്തിനൊടൊപ്പമായിരുന്നു താമസം .ഞണ്ടിന് കനത്തൊരാ ഘാതം നല്കാൻ ഓങ്ങിയോങ്ങി കാത്തിരുന്നതായിരുന്നു. ഇത്രയും കാലത്തെ ഇവിടുത്തെ അവശേഷിപ്പുകളായ നാലഞ്ചു പെട്ടിയുമായി ഇന്നു വൈകീട്ട് സുഹൃത്ത് വിമാനത്താവളത്തിലെത്തും. അതിനു മുൻപ് നാട്ടിൽ എന്നെ വാനോളമുയർത്തിയ ,അമ്മയെ ഏവരുടേയും റോൾ മോഡലാക്കിയ ഈ കൊച്ചു നഗരത്തെ ഞാനൊന്ന് ഉൾക്കൊണ്ടുകൊള്ളട്ടെ. അത് ഞാനുമായി ബന്ധപ്പെട്ട ഈ നഗരത്തിന്റെ ഒരു വശം. മറുവശത്ത് ഈ നഗരം ഞണ്ടിനെ പോലെ മനുഷ്യനെ വരിയും. ഒന്നു പനിച്ചാൽ പത്തു ദിവസത്തെ ശമ്പളം കാർന്നുതിന്നും. മനുഷ്യന്റെ സത്തയും ഊർജ്ജവും വലിച്ചെടുത്ത് കരിമ്പിൻ ചണ്ടി പോലെ സ്ഖലിക്കും. കുടുംബ ജീവിതമൊന്നും ഇവിടെ ചിന്തിക്കാൻ കഴിയില്ലായിരുന്നു. മാനേജ്മെൻറ് ബിരുദം നേടി ഇരുപത്തിമൂന്നാം വയസ്സിൽ ഈ ചെറുനഗരത്തിൽ എത്തുമ്പോൾ ലോകം കീഴടക്കാനൊരുങ്ങുന്ന ഒരുവന്റെ ഉത്സാഹവും പ്രതീക്ഷയുമായിരുന്നു എനിക്ക്. എന്നാൽ നഗരം തന്നെ പൂർണ്ണമായും ചതിച്ചു എന്നു പറയാനും കഴിയില്ല.എന്റെ ഗ്രാമത്തിൽ നിന്നും ഗൾഫിലും മറ്റും ഒരുപാട് പേർ ജോലി ചെയ്യുന്നുണ്ട്. . എന്നാൽ അമേരിക്കയിൽ പോകുന്ന ആദ്യത്തെയാൾ ഞാനാണ്. മണ്ണും കാടൻ ചാത്തൻ താണിക്കുട്ടി ദമ്പതികളുടെ മകൻ ദാസൻ എന്ന ഈ ഞാൻ. ഒന്നു കാണാനായി ,ഒന്നോർക്കാനായി ഒരു ഫോട്ടോ പോലും അവശേഷിപ്പിക്കാതെ പോയതാണ് അച്ഛൻ. തന്നെ ഒരു നിലയിലെത്തിക്കാൻ അമ്മ നടന്നു തീർത്ത വഴികൾ.. ഇന്ന് ആ അമ്മയോട് നാട്ടുകാർ അമേരിക്കയിലെ മകൻ്റെ വിശേഷങ്ങൾ തിരക്കുമ്പോൾ അവർ അഭിമാനത്തോടെ ചിരിച്ചൊഴിയും. കുടുംബശ്രീ പ്രവർത്തകയായ അമ്മക്കിന്ന് നാട്ടിൽ ഒരു സ്ഥാനമുണ്ട്. അമ്മയുടെ അഭിപ്രായത്തിന് വിലയുണ്ട്. ഞാൻ അമേരിക്കയിൽ പോയതിനു ശേഷമാണീ ഔന്നത്യം അമ്മക്കു കൈവന്നത്. താണീടെ മോൻ അമേരിക്കേന്ന് പണം വാരാണ് എന്ന് നാട്ടുകാര് അടക്കം പറഞ്ഞു. എന്നാലോ താണിയതൊന്നും പുറത്ത് കാട്ടില്ലെന്നും അവർ കൂട്ടിചേർക്കും. മുൻപതല്ലായിരുന്നു സ്ഥിതി.നായരു വീടിന്റെ തിണ്ണ നെരങ്ങി എന്നാണ് അമ്മയുടെ വിശേഷണം. അതല്പം സത്യവുമാണെന്ന് പറയാൻ എനിക്ക് മടിയൊന്നുമില്ല. എന്റെ ബാല്യകാലം ഓർക്കുമ്പോൾ അമ്മ വെറുതെ ഒരിടത്ത് ഇരിക്കുന്നതായി ഒരിക്കലും കണ്ടിട്ടില്ല.എന്നും നേരത്തെ എഴുന്നേൽക്കും. വേഗം മുറ്റമെല്ലാം അടിച്ച് വൃത്തിയാക്കി നാലഞ്ചു വീടുകളിൽ അടിച്ചു തളിക്കു പോകും. ഞാൻ അക്ഷമനായി വിശന്നുവലഞ്ഞ് സ്കൂളിൽ പോവാനായി അമ്മയെ കാത്ത് നില്ക്കും. അങ്ങിനെ ദേഷ്യപ്പെട്ട് നിൽക്കുമ്പോഴേക്കും അമ്മ ഓടിവരിക. അമ്മയുടെ കയ്യിൽ തോർത്തുകൊണ്ട് കെട്ടിയ വലിയൊരു കുഴിയൻ പാത്രം കാണും. അതിലായിരിക്കും എന്റെ കണ്ണ്.പുളിയൻ മോരൊഴിച്ച് പച്ചമുളക് കീറിയിട്ട പഴഞ്ചോറ്. അതങ്ങ് വാരിക്കുടിക്കും. അതിനു് പ്രത്യകിച്ച് കറിയൊന്നും വേണ്ടി വരാറില്ല. അതൊട്ട് ഉണ്ടാകാറുമില്ല. ഉച്ചക്ക് പ്രശ്നമില്ല. സ്കൂളീന്ന് കഞ്ഞിയും പയറുമുണ്ട്. എന്നാലും സ്കൂൾ വിടാറാകുമ്പോഴേക്ക് വയറു കാളും .രാത്രീല് കാച്ചില് പുഴുങ്ങിതോ അതോ കപ്പയാണോ എന്ന് വിചാരിച്ച് വീട്ടിലേക്കോടാം .അന്നൊക്കെ വലിയ വിശപ്പാണ്. ആഹാരത്തോടൊക്കെ വല്ലാത്ത ആർത്തിയും. ആഹാരം മാത്രമല്ല നല്ല ഉടുപ്പുകൾ ,കളിപ്പാട്ടം, പുത്തൻ പുസ്തകം അങ്ങിനെ എല്ലാത്തിനോടും തീരാത്ത ആസക്തി.വേണു സാറിൻ്റെ മകൻ കൃഷണനുണ്ണീടെ പിഞ്ഞിയ കുപ്പായവും പുസ്തകവുമാണ് സ്ഥിരം എനിക്ക് കിട്ടാറ്.അതങ്ങനെയാണ് കിട്ടില്ല എന്നുറപ്പുള്ളവ എപ്പോഴും കൊതിപ്പിച്ചു കൊണ്ടിരിക്കും. കിട്ടിത്തുടങ്ങിയാലോ പിന്നെ അതിനോട് കമ്പമില്ലാതാവും...
ഹൃദയം സന്തോഷം കൊണ്ട് തുടികൊട്ടുകയാണ്. പത്തു വർഷത്തിനു ശേഷം നാട് ഒരു പാട് മാറിക്കാണും തീർച്ച. എന്നാൽ വളർന്നു കാണില്ല. ഞാനാണ് ആ ഗ്രാമത്തിൽ നിന്ന് അമേരിക്കയോളം വളർന്നത്. എന്റെ സതീർത്ഥ്യർ …..അവരെന്തു ചെയ്യുകയാവും? ഈ പത്തു വർഷത്തിനിടക്ക് ഫേസ് ബുക്കു വഴിയോ ഗ്രൂപ്പുകൾ നോക്കിയോ നാടിനെ തേടിയില്ല.ബിരുദത്തിന് പഠിക്കുമ്പോൾ കുറെപ്പേരെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞിരുന്നു .പത്തിൽ പരീക്ഷയെഴുതാതെ മുങ്ങിയ പുഷ്പൻ അവന്റെ അച്ഛന്റെ പാത പിൻതുടർന്ന് ചെത്തുതൊഴിലാളിയായി. സ്വന്തം പേരു് എഴുതാൻ അറിയാത്ത അന്തപ്പൻ അരിക്കടയിൽ അരി തൂക്കുന്നു .പത്താം ക്ലാസ്സ് തോറ്റ മനോ ദു:ഖത്തിൽ കൃഷ്ണനുണ്ണി നാടുവിട്ടു. പഠിക്കുന്ന കാലത്തേ മുട്ടക്കച്ചവടത്തിൽ അച്ഛനെ സഹായിച്ചിരുന്ന ജോസ് പിന്നെയത് സ്ഥിരം തൊഴിലാക്കി .അങ്ങിനെ ഒരു പാട് പേരു്.ഞാൻ മാത്രമാണ് ഉന്നത പഠനം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയ ഒരേ ഒരാൾ .ഒരു പാട് അനുഭവിച്ചിട്ടുണ്ട്. അവഗണനയുടെയും അപമാനത്തിന്റേയും കയ്പേറിയ ആ അനുഭവങ്ങളൊന്നും എണ്ണിയാൽ തീരില്ല. താണിക്കുട്ടിയുടെ മകൻ നാടിലൊരു പരിഹാസ്യനായിരുന്നു.അതെന്റെ കുറ്റം കൊണ്ടല്ല. ദാരിദ്യം, തികഞ്ഞ ദാരിദ്ര്യമാണെന്നെ അപഹാസ്യനാക്കിയത് .മനസ്സിലിന്നും വേദന പടർത്തുന്ന അക്കാലത്തെ അനുഭവങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്. തന്നെ അപമാനിക്കാൻ കൂട്ടുനിന്ന ഈ പാടു പേരുണ്ട്. ബന്ധുക്കൾ അടക്കം. അവരുടെ മുന്നിലൂടെ തലുയർത്തി നടക്കണം. അതെന്റെ വാശിയാണ് .അപമാനിച്ച് മനസ്സു തകർത്തവരോടുള്ള വാശി. തനിക്കിനി എന്തു നോക്കാനാണ്.? പഴയ പുറമ്പോക്ക് മൺപുര പൊളിച്ചു കളഞ്ഞു.അഞ്ച് സെന്റ് സ്ഥലം വാങ്ങി വീടു പണിതു. ഒരല്പം പുറംപറമ്പ് വാങ്ങി .ഇനി വല്ല ഡോക്ടറെയൊ മറ്റൊ കല്യാണം കഴിക്കണം. ഒരു കൂട്ടരെ പെണ്ണുകാണാൻ പോകണമെന്ന് അമ്മ പറഞ്ഞിരുന്നു. ആ കുട്ടി ഒരു ഡോക്ടർ ആണെന്നാണ്പറഞ്ഞത്
ഫ്ലൈറ്റിറങ്ങിയപ്പോൾ നേരം അർദ്ധരാത്രി കഴിഞ്ഞിരുന്നു. ടാക്സി വിളിച്ചു കയറിയിരുന്നു. എയർപോർട്ട് കഴിഞ്ഞതും കുഴിയിലും കുണ്ടിലും പെട്ട് ടാക്സിക്കാർ നിരങ്ങി നീക്കിക്കൊണ്ടിരുന്നു. ആരെയൊക്കെയോ പ്രാകുന്ന ഡ്രൈവർ. അയാൾ പറഞ്ഞു.
'സാറേ ഈ വഴി ടാറിട്ടിട്ട് ഒരു മുന്നു മൂന്നര മാസം കഴിഞ്ഞില്ല ഇടക്ക് രണ്ടു മഴ പെയ്തു. ഇപ്പൊ ഇതാ കോലം കണ്ടില്ലെ. പിന്നെ എങ്ങിനെ ഈ നാട് നന്നാവും? ''
'അതെ ഈ നാടൊരിക്കലും നന്നാവില്ല'
ഞാൻ അയാൾ പറഞ്ഞതിനെ പിൻതുണച്ച് പറഞ്ഞു. ഒരു വലിയ വളവു തിരിഞ്ഞ് കാർ വെട്ടുവഴിയിലേക്കിറങ്ങി. എന്നോ മറന്ന കൊയ്തൊഴിഞ്ഞ പാടത്തിൻ്റെ ഗന്ധം.. കാറിനു പുറത്ത് ഒന്നും വ്യക്തമല്ലാതായി . ഇടക്ക് ദൂരെ നിന്ന് മങ്ങിയ പ്രകാശങ്ങൾ . ഡ്രൈവർ മനസ്സു വായിച്ച് പറഞ്ഞു.
''കറണ്ടില്ല സാറേ ഒരു മഴ ചാറിയാ മതി പിന്നെ പിറ്റേ ദിവസം നോക്കിയാ മതി കറണ്ട്''
അമേരിക്കൽ കഴിഞ്ഞ പത്തു വർഷം ഒരിക്കൽ പോലും കറൻ്റില്ലായ്മ അനുഭവിച്ചില്ലെന്ന് ഓർത്തു. അതെ ഈ നാടിന് മാറ്റമില്ല. ഗതി പിടിക്കാത്ത നാട് ഒരിഞ്ചു പോലും വളർന്നില്ല. എന്നോളം?... ഒരിക്കലുമില്ല! സ്വന്തം ചരിത്രവും വർത്തമാനകാലവും ഇവർ ബോധപൂർവ്വം മറക്കും .മറ്റുള്ളവരുടെ ചരിത്രം ചികയും. അന്യരുടെ ഭാവി പദ്ധതികൾ അന്വേഷിക്കും അതാലോചിച്ച് മനസ്സു പുണ്ണാക്കും . പിന്നെങ്ങനെ നന്നാവാൻ? ഇവിടെ നിന്നും നാടുകടക്കാൻ കഴിഞ്ഞില്ലെങ്കിലത്തെ അവസ്ഥ?ചിന്തിക്കാൻ വയ്യ. ഇപ്പോൾ വല്ലാതെ പൊട്ടിച്ചിരിക്കാൻ തോന്നുകയാണ്. കല്യാണമൊക്കെ കഴിഞ്ഞ് ഒരു പത്തു പേർക്ക് ജീവിതമാർഗമാകാൻ പാകത്തിൽ എന്തെങ്കിലും സ്ഥാപനം തുടങ്ങണം. തീർത്തും കഷ്ടതയനുഭവിക്കുന്നവർക്കേ ജോലി നൽകൂ .നാളെ മുതൽ പലതരം അഭ്യർത്ഥനകളുമായി ആളുകൾ വീട്ടിൽ വന്ന് കാത്തു കിടക്കും .ഞാൻ കൊതിപ്പിക്കും. ആശ നല്കും. ഒടുവിൽ തിരിഞ്ഞു നോക്കാതെ ഒഴിവാക്കും. എന്നോടു എല്ലാവരും ചെയ്തിട്ടുള്ളതും അതാണല്ലോ?
'സാറെ വീടെത്തിട്ടോ.
ശരിയാണ് വീടെത്തി. ചിന്തയിൽ മുഴുകി വീടെത്തിയത് അറിഞ്ഞില്ല. ചിരപരിചിതനായ ഒരാളെപ്പോലെ ഡ്രൈവർ പെട്ടികളെല്ലാം ഓരോന്നായി എടുത്ത് ഉമ്മറത്തേക്കു വച്ചു. എന്നിട്ട് പറഞ്ഞു
1800.
എന്തായിത്. 23 ഡോളർ അമേരിക്കയിലും കഷ്ടമാണല്ലോ ഇവിടെ സ്ഥിതി . മനസ്സില്ലാ മനസ്സോടെ മൊബെലിലൂടെ പണമിടപാടു ചെയ്തു കൊടുത്തു അയാളെ പറഞ്ഞു വിട്ടു. ഒരു വിളക്ക് കത്തിച്ചു കൊണ്ടു അമ്മ വന്നു നിൽക്കുന്നു ഉറങ്ങാതെ തന്നെ കാത്തിരിക്കുകയായിരുന്നു. അമ്മ .. അമ്മ ഒരു പാടു മാറിയിരിക്കുന്നു. സെറ്റുസാരി ഉടുത്തിരിക്കുന്ന കുലീനതയും അന്തസ്സും ആ മുഖത്തു തിരതല്ലുന്നു. ഒരമേരിക്കക്കാരന്റെ അമ്മയെന്ന് ആരും പറയും.
നേരം പുലരാറായിരിക്കുന്നു .സന്തോഷാശ്രു പൊഴിച്ച് അമ്മ ഒരു ഗ്ലാസ്സ് പാലു തിളപ്പിച്ചു തന്നു. കുടിച്ചു.ഇപ്പോൾ നല്ലൊരുറക്കം കിട്ടിയാൽ ക്ഷീണം മാറും.
കിടന്നതേ ഓർമ്മയുള്ളൂ. എഴുന്നേൽക്കുമ്പോൾ സമയം പതിനൊന്നു മണി. കുളിർമ്മയുള്ള കിണറുവെള്ളത്തിൽ കുളിച്ചു. ടേബിളിൽ പ്ലാസ്കിൽ ചായയും കിണ്ണത്തിൽ നേർത്തുമൊരിഞ്ഞ ദോശയും ചുകന്ന ചമ്മന്തിയും സാമ്പാറും എടുത്തു വച്ചിട്ടുണ്ട്. കഴിച്ചു .പൊയ്പോയ പത്തു വർഷങ്ങൾ.നഷ്ടപ്പെട്ടു പോയ അമ്മയുടെ ആഹാരം നാവിലെ രസമുകുളങ്ങൾ ഓർത്തെടുത്തു.അമ്മ എവിടെപ്പോയോ എന്തോ? കുടുംബശ്രീ സെകട്ടറി ആയെന്നാണ് കഴിഞ്ഞ പ്രാവശ്യം വിളിച്ചപ്പോൾ പറഞ്ഞത്. എന്നെ എണീപ്പിക്കണ്ടെന്ന് കരുതി എന്തെങ്കിലും അത്യാവശ്യത്തിന് പോയിക്കാണും. അപ്പോഴാണ് മുറ്റത്തൊരു കാൽപെരുമാറ്റം കേട്ടത്.വേഗം കൈ കഴുകി ചാരിയ മുൻവാതിൽ തുറന്നു. ജയനാണ് തന്റെ ഡിഗ്രി ക്ലാസ്സ് മേറ്റായിരുന്ന ജയൻ. പഠിപ്പു കഴിഞ്ഞതും അച്ഛൻ മരിച്ച ഒഴിവിൽ മാഷായി ജോലി കിട്ടിയ ജയൻ മാഷ്. '
“ദാസൻ ഇന്ന് നാട്ടിൽ എത്തൂന്ന് അമ്മ പറഞ്ഞിരുന്നു.'
നിറഞ്ഞ സൗഹൃദത്തോടെ മാഷു പറഞ്ഞു,
''വരൂ ഒന്നു നടക്കാം വിശേഷങ്ങൾ ഒരു പാട് ചോദിക്കാനുണ്ട്.
മാഷു പറഞ്ഞു.
ശരി, വരുന്നു. കാണണം ഈ ഗതി കെട്ട കുഗ്രാമത്തിന്റെ ശോചനീയാവസ്ഥ. കൺകുളിരെ കാണണം .എന്നാലെ എനിക്ക് തൃപ്തിയാവൂ. കത്തിക്കാളിയ വയറുമായി ഞാൻ നടന്ന നാട്ടുവഴികൾ. അപ്പോഴും എന്റെ കണ്ണുകൾ ആർത്തിയോടെ റോഡരികിലെ വെള്ളം പൈപ്പു തേടും. നാട്ടുമാവുകൾ തേടും.
ഒരമേരിക്കൻ ടീ ഷർട്ടുമിട്ട് മുൻവാതിൽ ചാരി ഇറങ്ങി. അപ്പോഴാണ് തന്റെ വീട്ടിനെതിരെ മുൻ വശത്തുള്ള വീട് കണ്ണിലുടക്കിയത്.എന്തായിത്? കൊട്ടാരമോ? ഈയടുത്ത് പണി കഴിപ്പിച്ചതാണ് ഒറ്റനോട്ടത്തിലറിയാം ഒരമ്പത് സെന്റ് സ്ഥലം കാണണം. വിടിന് ഒരഞ്ചുകോടിയെങ്കിലും മുടക്കിക്കാണണം.മുറ്റത്ത് കറുത്ത ഒരു ഓഡി കാർ. വേറെയും കാറുകൾ .എന്റെ അമ്പരപ്പ് കണ്ട് മാഷ് പറഞ്ഞു
“ദാസനറീലെ നമ്മടൊപ്പം പഠിച്ച അന്തപ്പൻ ഇങ്ങേരുടേതാ .സ്വന്തായി മൂന്ന് നാല് അരി മില്ലുണ്ട്. പല തരം അരികള് പാക്ക് ചെയ്ത് എല്ലാടത്തും എത്തിക്കും. ഗവൺമെന്റിന്ന് മികച്ച ബിസിനസ്മാന്റെ അവർഡൊക്കെ ആൻ്റപ്പൻ മേടിച്ചു “
സ്വന്തം പേരെഴുതാനറിയാത്ത മുക്കളയൊലിപ്പിച്ചു നടക്കുന്ന അന്തപ്പൻ മനസ്സിൽ തെളിഞ്ഞു. .അറപ്പായിരുന്നു അവനോട് .ആ അന്തപ്പൻ ഇന്ന് കോടീശ്വരനായ ആന്റപ്പൻ ആയിരിക്കുന്നു. ശരി നന്നാവട്ടെ. കനം തൂങ്ങിയ മനസ്സമായി ടാറിട്ട നാട്ടുവഴിയിലൂടെ ഞങ്ങൾ അതുമിതും പറഞ്ഞ് നടന്നു. എപ്പോഴോ മാഷ് പറഞ്ഞു.
'ബാലൻ മാഷ് പോയി '
ബാലൻ മാഷ് ,സൗമ്യനും, സാത്വികവുമായ, സ്വപ്നം കാണാൻ പഠിപ്പിച്ച മാഷ്. വലിയ വാത്സല്യമായിരുന്നു തന്നോട് .പരിചിതരുടെ മരണങ്ങൾ കാലിലേറ്റ മുളങ്കമ്പു പോലെ നീറ്റലെന്നറിയുന്നു. പൊടുന്നനെ ഒരരക്ഷിതാവസ്ഥ മനസ്സിലേക്ക് വന്നു നിറഞ്ഞു. മരണവും ദു:ഖവും സ്ഥലകാലഭേദമില്ലാതെ തുടരുന്നു. ദുഃഖം മാത്രം ശാശ്വതമായി ഓർമ്മയുടെ അടരുകളിൽ നിലകൊള്ളുന്നു.
അങ്ങിനെ പലതും പറഞ്ഞ് നടന്ന് ഗ്രാമത്തിലെ ജംഗ്ഷനെത്തി. അവിടെ വലിയൊരു ഷോപ്പിങ്ങ് കോംപ്ലക്സ് തലയുയർത്തി നിൽക്കുന്നു. നാലഞ്ചു നിലകളുണ്ട്. പേരു വായിച്ചു ജോസ് ഷോപ്പിങ്ങ് മാൾ അവിടെക്കു വിരൽ ചൂണ്ടി മാഷ് പറഞ്ഞു.
'നമ്മടെ ജോസിന്റെതാ അത്. ആദ്യം പലചരക്ക് കച്ചോടം ആയിരുന്നു.പിന്നെ ഇത് തൊടങ്ങി. ഇപ്പൊ ഇവിടെ കിട്ടാത്തതൊന്നൂല്ല. ഒരു ദിവസം പലചരക്കായും തുണിയായിട്ടും സ്വർണ്ണായിട്ടും ഒരമ്പതു ലക്ഷത്തിന്റെ കച്ചോടണ്ടാവും.ദാ അപ്പുറത്തെ സിനിമാ തിയ്യേറ്ററും ജോസ് മുതലാളീ ടാ. പിന്നെ മ്മടെ കൃഷണനുണ്ണിലെ, എഞ്ചിനീയറ് അവനാണിതെല്ലാം പണിതെ.'
“പത്ത് തോറ്റ് നാടുവിട്ടു പോയ അവൻ വന്നോ? അവനെപ്പോഴാ എഞ്ചിനീയറായത്?"
'ഞാൻ ചോദിച്ചു.
'അതൊന്നും അറിയില്ല. എഞ്ചിനീയർ കൃഷ്ണനുണ്ണി എന്നു പറഞ്ഞാലെ ഇപ്പൊ എല്ലാരും അറിയൂ. അവന്റെ കമ്പനീല് പത്തുനൂറ് ബംഗാളി പണിക്കാരണ്ട്.. പിന്നെ ആ പുഷ്പനും അതിൽ പാർട്ണറാ .ദാ ഇവടെ അടുത്തു തന്നാ അവന്റെ വീട്. ഒന്നു കയറാം. നിന്നെക്കണ്ടാ അവർക്ക് സന്തോഷാവും''
മാഷു പറഞ്ഞു.
''വേണ്ട നല്ല ക്ഷീണം ഇന്നലെ ശരിക്കുറങ്ങീല.പിന്നെ വരാം. കാണാം.'
"ശരിയാ ദാസന്റെ മുഖത്ത് നല്ല ക്ഷീണണ്ട്."
പിന്നെയയാൾ ദയനീയമായി കൂട്ടിച്ചേർത്തു.
"എല്ലാരും രക്ഷപ്പെട്ടു ദാസാ ഓരോ തരത്തില്. നീയും രക്ഷപ്പെട്ടില്ലേ? എവിടുന്നാ ഇവരുക്കൊക്കെ കാശിങ്ങനെ വന്നു കുമിഞ്ഞു കൂടണേന്ന് അറീണില്യ .മാസം കിട്ടണ എണ്ണിച്ചുട്ട അപ്പം കൊണ്ട് കഷ്ടപ്പെടാണ്. ലോണൊക്കെ എന്നെ ചക്രശ്വാസം വലിപ്പിക്കാണ്. ലോണു പിടുത്തം കഴിഞ്ഞാല് ശമ്പളത്തില് പിന്നൊന്നൂല്യ . അമേരിക്കേല് അധ്യാപകർക്കൊക്കെ ....
മാഷുടെ വാക്കുകൾ മുറിഞ്ഞു . നിസ്സഹായത പൂണ്ട ആ മുഖം നോക്കി പറഞ്ഞു.
"മാഷ് പ്രയാസപ്പെടേണ്ട . നോക്കാം , വിവരം അറിയിക്കാം"
മാഷോട് യാത്ര പറയുമ്പോൾ വിളിക്കാനായി പഴയൊരുനമ്പർ പറഞ്ഞു കൊടുത്തു.വീട്ടിലേക്ക് തല താഴ്ത്തി നടക്കുമ്പോൾ വഴിയിൽ ചിലർ പരിചയ ഭാവത്തിൽ നോക്കുന്നു. ചിരിക്കുന്നു. ആരുടേയും മുഖത്ത് നോക്കിയില്ല. തെല്ലിട വയറു കത്തിക്കൊണ്ട് വീട്ടിലേക്ക് ഓടുന്ന പഴയ കുട്ടിയാണ് താനെന്ന് തോന്നി. അങ്ങിനെ നടന്ന് വീടു പറ്റി. അമ്മ ഇറയത്തിരിപ്പുണ്ട്.
“അമ്മപ്പള്ക്കും എവിടക്കാ പോയെ?
ശബ്ദത്തിൽ പാരുഷ്യം കലർന്നോ? ഏതായാലും അമ്മയത് തിരിച്ചറിഞ്ഞിരിക്കുന്നു
"മ്മടെ കുടുംബശ്രീ പ്രസിഡൻ്റ് ജാനകി! ഒരസുഖോം ഇണ്ടായില്ല ആഹാരം കഴിക്ക്വായിരുന്നു .പെട്ടന്ന് കുഴഞ്ഞു വീണു"
അമ്മ ഇടർച്ചയോടെ പറഞ്ഞു.
കുഴഞ്ഞു വീഴാതിരിക്കാൻ ഞാൻ പൊടുന്നനെ കസേരയിൽ പിടിച്ചിരുന്നു. എങ്ങോ പെയ്ത മഴയുടെ കുളിരുൾക്കൊണ്ട ഈറൻ കാറ്റ് പതിഞ്ഞു വീശി. അതൽപ്പം ആശ്വാസമായി തോന്നി. അമ്മ പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. ലീവിന്റെ കാര്യങ്ങൾ ചോദിച്ചു. പെട്ടെന്നു തന്നെ പെണ്ണുകാണാൻ പോവേണ്ട കാര്യങ്ങൾ സൂചിപ്പിച്ചു. പൊടുന്നനെ പ്രസരിപ്പോടെ ഞാൻ ആരാഞ്ഞു.
"അമ്മ അന്ന് ഒരു ഡോക്ടർ കുട്ടീടെ കാര്യം പറഞ്ഞില്ലേ അതാണോ?"
അമ്മയുടെ മുഖം വാടി.
അമ്മ പറഞ്ഞു.
"അത് ജാതകോം ഒക്കെ ചേർന്നതായിരുന്നു കുട്ടാ. അക്കൂട്ടർക്കൊരേ പിടിവാശി ഡോക്ടറന്നെ വേണംന്ന്. ന്നാലോ ഇതാദ്യട്ട് പറഞ്ഞൂല. പൂവമ്പഴം പോലുള്ള ഒരാങ്കുട്ടേ കിട്ടാൻ അവര്ക്ക് യോഗല്യ അല്ലാണ്ടെന്താ പറേണ്ടത്.?
ദാസൻ എഴുന്നേറ്റു. മതി. ഇനി വിശേഷങ്ങൾ കേൾക്കാൻ വയ്യ.വീടിനകത്ത്, മുറിയിൽ ചെന്നു. പെട്ടിയിൽ നിന്നും ലാപ്ടോപ്പ് എടുത്തു. മൊബെൽ ടു ലാപ് ടോപ്പ് ഇന്റർനെറ്റ് ശരിയാക്കി. ഒരു നിമിഷം ഇമതല്ലി മിഴിച്ചു.
താണിക്കുട്ടിയുടെ മകൻ ദാസൻ. അന്നും.ഇന്നും. കണ്ണുതുറന്ന് ഒരു ഇമെയിൽ ടൈപ്പ് ചെയ്തു. ആശ്രിതവത്സലനാണ്. പാർട്ടി നടത്തുന്നവനാണ്. അപ്പോൾത്തന്നെ സുഹൃത്തിനും വേറൊരു മെയിൽ അയച്ചു. ഇപ്പൊൾ അവിടെ രാത്രിയാണ് .ആദ്യം മെയിലെത്തട്ടെ .അവിടെ പകലായിക്കഴിഞ്ഞ് വിശദമായി സംസാരിക്കണം .അപേക്ഷിക്കണം.
കട്ടിലിൽ വന്ന് കിടന്നു. ഒരു വലിയ കനം ശരീരത്തിൽ നിന്ന് ഒഴിഞ്ഞു പോയ തോന്നൽ.കൈത്തലം നെറ്റിയിലമർത്തി കണ്ണടച്ചു.ഇരുട്ട് ഒരു വലിയ പുതപ്പായി ദാസനെ പുണർന്നു. രാത്രിയുണരാനായി ചാത്തൻ്റേയും താണിക്കുട്ടിയുടേയും മകൻ ദാസനുറങ്ങി.