കാർ പോർച്ചിൽ കഥ കേൾക്കാനായി ഞാൻ ഇരുന്നു. ഒന്നാമതായി സന്ധ്യ ചേക്കേറുന്ന സമയം.. ഒപ്പം ചെറുതായൊരു മഴക്കാറ്റും.. എന്തൊക്കെയോ സുഗന്ധങ്ങൾ പ്രകൃതി എന്നിലേക്ക് എത്തിച്ച് തരുന്നുണ്ട്. പുറത്ത് ഏകദേശം ആറോ ഏഴോ
വയസ്സ് തോന്നിക്കുന്ന ഒരു ആൺകുട്ടിയും അതിലും ചെറിയൊരു പെൺകുട്ടിയും വലിച്ചെറിഞ്ഞു കളഞ്ഞ കുപ്പി പാട്ട പെറുക്കുന്നുണ്ട്. പഴകിയതെങ്കിലും നല്ല വൃത്തിയുള്ള വസ്ത്രങ്ങൾ. ഞാൻ കഥ കേൾക്കാൻ തയ്യാറായി മൊബൈലും പിടിച്ച് തൂണും ചാരി ഇരുന്നു.
എന്റെ സുഹൃത്ത് താരയാണ് കഥ അവതരിപ്പിക്കുന്നത്. ആന്റൺ ചെക്കോവിന്റെ വാങ്ക ആണ് കഥ. വളരെ രസകരമായി എല്ലാവർക്കും പ്രത്യേകിച്ചും കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവൾ അവതരിപ്പിച്ചു. ഞാൻ മക്കളോട് കൂടെ വന്നിരുന്ന് കേൾക്കാൻ പറഞ്ഞു. ലിങ്ക് ഇട്ടാൽ മതി. ഞങ്ങളുടെ മൊബൈലിൽ കേട്ടോളാം. ഇത് കേൾക്കുമ്പോൾ എനിക്ക് തോന്നാറുള്ളത് മൊബൈലിന്റെ കാര്യത്തിൽ മാത്രം സ്വാശ്രയത്വം ഉള്ള ഒരു വിഭാഗത്തെയാണ്. വാങ്കയുടെ അഡ്രസ് ഇല്ലാത്ത എഴുത്ത് എവിടെ പോയിരിക്കും എന്ന ആശങ്ക എന്നെയും പിടികൂടി.
പെട്ടെന്ന് ശ് ശ് ന്നൊരു ശബ്ദം.. ഒപ്പം ചേച്ചി വിളിയും. ഞാൻ നോക്കുമ്പോൾ ആ രണ്ട് കുട്ടികൾ ഗേറ്റിന്റെ അഴികളിൽ പിടിച്ചു നിൽപ്പാണ്. എന്താ എന്ന് ചോദിച്ചപ്പോൾ ഈ കഥ ശരിക്കും ഉണ്ടായതാണോ എന്നായി. നിങ്ങളുടെ പേരെന്താ എന്നായി ഞാൻ. ഇവൾ കീർത്തി, ഞാൻ കാർത്തി എന്ന് അവൻ പറഞ്ഞു. ഇവളെന്താ മിണ്ടാത്തത് എന്ന് ചോദിച്ചപ്പോൾ ഊമയാ ചേച്ചി എന്ന് പറഞ്ഞു. അറിയാതൊരു കരച്ചിൽ എന്റെ തൊണ്ടയിൽ കുരുങ്ങി.
ഞാൻ അകത്തു ചെന്ന് കുറച്ച് ബിസ്ക്കറ്റ് എടുത്തു കൊടുത്തു അവൾക്ക്. ഈ കുപ്പി പാട്ട പെറുക്കി മുതലാളിക്ക് എത്തിക്കണം. ഇല്ലെങ്കിൽ അടികിട്ടും. ഞങ്ങൾ പൊയ്ക്കോട്ടേ എന്ന് ചോദിച്ചു. ഞാൻ തലയാട്ടി. എഴുതാൻ അറിയില്ല ചേച്ചി. ഈ കഥയിലെ പോലെ ഒരു എഴുത്ത് എഴുതണം. എഴുതി തരുമോ എന്ന് ചോദിച്ചു. തരാം എന്ന് ഞാൻ പറഞ്ഞു. പോസ്റ്റ് ഓഫീസിൽ പോയി ഇൻലന്റോ കവറോ വാങ്ങി വരാൻ പറഞ്ഞു.
പിറ്റേ ദിവസം ഉച്ചക്ക് രണ്ടാളും ഹാജരായി. കയ്യിൽ ഒരു നീലക്കളർ ഇൻലന്റ്. ഞാൻ ചിരിച്ചു കൊണ്ട് വാങ്ങി. എന്താ എഴുതി തരേണ്ടത് എന്ന് ചോദിച്ചു. അവൻ പറയാൻ തുടങ്ങി. "അമ്മമ്മേ.. ഞങ്ങളെ ഇവിടെ വിട്ട് പോയതിന് ശേഷം ഒരിക്കൽ പോലും വന്നില്ലല്ലോ കാണാൻ. ഞങ്ങൾക്ക് ഇവിടെ വയ്യ. മുതലാളിക്ക് വേഗം ദേഷ്യം വരും. തല്ലുകിട്ടുമോ എന്ന പേടി ആണ് എപ്പോഴും. കുപ്പി പെറുക്കാൻ ചെന്നാൽ കുട്ടികൾ പഠിക്കാൻ മാത്രമേ പാടുള്ളു. പോലീസ് പിടിക്കും എന്ന് പറഞ്ഞ് ഓടിക്കും.കുപ്പി പെറുക്കാതിരുന്നാൽ ഭക്ഷണം തരില്ല. തല്ലും കിട്ടും.. വാവക്ക് പനി വന്നു കുറച്ചൂസം മുൻപ്. ആസ്പത്രീൽ കൊണ്ടോയി. ഞങ്ങളെ ഇവിടെ നിന്നും അമ്മൂമ്മ കൊണ്ട് പോണം.. ചില ദിവസം വെശപ്പ് മാറാറില്ല. ഒരൂസം ഒരാൾ അവിടെ വന്നിട്ട് വാവയെ കൊണ്ടോവാൻ നോക്കി. ഞാനും കൂട്ടുകാരും ഉറക്കെ ഒച്ചവെച്ച് ആളെ കൂട്ടി. അയാൾ ഓടി. കുപ്പി പെറുക്കാൻ വരുന്ന വീട്ടിലെ ചേച്ചി ആണ് ഈ കത്ത് എഴുതി തരുന്നത്. അമ്മൂമ്മ ഇപ്പോഴും പൂമരച്ചോട്ടിൽ തന്നെ അല്ലെ താമസം. എത്രയും വേഗം വരണം. എനിക്ക് എഴുതണം. എന്ന് കാർത്തി.
എഴുതാൻ കണ്ണുനീർ തടസ്സം ആകുമോ എന്ന് ഞാൻ ഭയപ്പെട്ടു. അഡ്രസ് ചോദിച്ചപ്പോൾ ആ കഥയിലെ കുട്ടി അയച്ചപ്പോൾ പോസ്റ്റുമാൻ കൊടുത്തില്ലേ. അത് പോലെ മതി എന്ന് പറഞ്ഞു. അവന്റെ മുഖത്തെ പ്രതീക്ഷക്ക് ഞാൻ എന്ത് മറുപടി കൊടുക്കും എന്നാലോചിച്ചു. അവസാനം എന്റെ തന്നെ അഡ്രസ് എഴുതി ചേർത്തു... ഭദ്ര, സങ്കീർത്തനം, പാലക്കാട്…