mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(അനുഷ)

തിങ്കളാഴ്ച വൈകുന്നേരം. ബാഗിൽ നിന്നും പുറത്തുചാടി അലസമായി കിടന്ന പൊട്ടും പൊടിയും തുണിയും പുസ്തകങ്ങളുമെല്ലാം വീണ്ടും ബാഗിലേക്കു തന്നെ തള്ളിക്കയറ്റി ബാഗടച്ച്, പുറത്ത് തൂക്കി മൂന്നു

ദിവസത്തെ അവധി തീർത്ത് വീണ്ടും ഹോസ്റ്റലിലേയ്ക്ക്. നാലേ മുപ്പതിന്റെ ബസ് വരുമ്പഴേക്കും അവൾ ബസ്റ്റോപ്പിൽ എത്തില്ലേ എന്ന് അച്ഛന്റെ തിരക്ക് കൂട്ടൽ. ഉച്ചയ്ക്ക് കുളി കഴിഞ്ഞപ്പോൾ ഉണങ്ങാനായി മുറ്റത്തെ വെയിലത്തിട്ട തോർത്ത് അമ്മ ഓടിപ്പോയി എടുത്ത് കൊണ്ടു വന്നു വേറൊരു കവറിലാക്കി ബാഗിലേക്ക് വയ്ക്കുന്നു.

പതിവു പോലെ വീണ്ടും മടക്കം. ജീൻസിന്റെ പോക്കറ്റിൽ മൊബൈലും ഇയർഫോണും അത്യാവശ്യം പൈസയും. ഒറ്റയ്ക്ക് പൊയ്ക്കോളാമെന്ന് പറഞ്ഞെങ്കിലും റോഡിലേക്ക് അച്ഛനും വന്നു. അവളുടെ ബാഗ് അച്ഛൻ പിടിച്ചു. ബസ്‌സ്റ്റോപ്പ് വരെ കൂടെ. പിന്നെ അവിടെ കടയുടെ മുൻപിൽ കൂട്ടം കൂടി സംസാരിച്ചു കൊണ്ടു നിന്ന നാട്ടുകാരായ സുഹൃത്തുക്കളോട് അച്ഛൻ കുശലം പറഞ്ഞു നിൽക്കുമ്പോൾ, മറ്റേതോ ലോകത്തിന്റെ ചിന്തകളിൽ അവൾ പറന്നു നടന്നു. ഇടയ്ക്ക് തല തിരിച്ചുള്ള നോട്ടവും ബസ് വരുന്നത് കണ്ടുള്ള യാന്ത്രികമായ മുഖഭാവവും. അനാവശ്യമായി കടന്നു വരുന്ന രസമില്ലാത്ത വൈകുന്നേര രുചി ഇത്തരം മടക്കയാത്രകൾക്കുണ്ട്. കാറ്റിലും വൈകുന്നേരത്തെ സൂര്യന്റെ ഓറഞ്ച് നിറത്തിലും ബസിന്റെ തിരക്കിലും കണ്ടക്ടറുടെ ശബ്ദത്തിലും പുറത്തെ തെരുവിന്റെ ബഹളങ്ങളിലും അസുഖകരമായ ഭാവം. ചലനാത്മകമായ വൈകുന്നേരത്തിൽ നിശ്ചലമായി എന്തോ.

ടൗണിലെത്തി. തന്റെ നഗരത്തോട് വീണ്ടും യാത്ര പറയുകയാണ്. താൻ നടന്ന വഴികൾ, കണ്ട കാഴ്ചകൾ, ആളുകളുടെ തെരുവ്, മാനാഞ്ചിറയുടെ വൈകുന്നേരങ്ങൾ. ബസ്സ്റ്റാൻഡിൽ ഇറങ്ങി റോഡ് മുറിച്ചു കടന്നു.  മുല്ലപ്പൂക്കൾ നിറച്ച വട്ടികളുമായി കോവിലിനു മുന്നിലിരുന്ന പൂക്കാരിച്ചേച്ചികളുടെ പൂവിലേക്ക് നോക്കി കൊണ്ടു തന്നെ ഓട്ടോസ്റ്റാന്റിലെ ഊഴം കാത്തു നിന്ന ഓട്ടോയിൽ കയറി,  റെയിൽവേ സ്റ്റേഷനിലേക്ക്.

ഇത്തവണ ടിക്കറ്റ് നേരത്തെ എടുത്തില്ല. വരി നിന്ന് ടിക്കറ്റ് എടുത്ത് ഒന്നാം പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ അപരിചിതത്വത്തിന്റെ പരിചിതമായ സ്ഥലം മറ്റൊരു ലോകം തന്നു.

ഏറ്റവും പിറകിൽ, ആളൊഴിഞ്ഞ ഒരു ബെഞ്ച് കിട്ടി. അവൾ ഇരുന്നു. ഇനിയും ഒരു മണിക്കൂർ ഉണ്ട് വണ്ടി വരാൻ. നേരത്തെ എത്തിയെന്ന വിവരം വീട്ടിൽ വിളിച്ചറിയിച്ചതിനു ശേഷം,  ഫോണിലേക്ക് നോക്കി. ഇല്ല, ആരും വിളിച്ചിട്ടില്ല. കണ്ടു മടുത്ത ചോദ്യങ്ങൾ, കേട്ടു മടുത്തവ. മറുപടി കൊടുക്കാൻ തോന്നിയില്ല. മെസ്സേജുകളിലെ അക്ഷരങ്ങളിലേക്കും വാക്കുകൾക്കിടയിലെ അകലങ്ങളിലേക്കും തുടർച്ച കാണിക്കുന്ന കുത്തുകൾക്കവസാനം ചോദ്യത്തെ കാണിക്കുന്ന ചിഹ്നത്തോടെ നിശ്ചലമാകുന്ന ശബ്ദത്തിലേക്കും മടുപ്പോടെയും  വേദനയോടെയും നോക്കിയിരുന്നു.

കഴിഞ്ഞ വൈകുന്നേരത്തിന്റെ തിരക്കിൽ ഇതേ സ്ഥലത്ത് നഷ്ടപ്പെട്ട വാക്കുകളെ അവൾ അവിടെ തിരഞ്ഞു. ശരികളിലേക്ക് യാത്ര പോയവരെ എന്തു പറഞ്ഞു പിൻവിളിക്കാൻ. എന്നിട്ടും തന്റെ ഉള്ളിൽ മാത്രം വേദന. ശരിയായ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച്, ഇഷ്ടങ്ങളും ആഗ്രഹങ്ങളും കളഞ്ഞ് ചുറ്റുമുള്ളവരെ മുഴുവൻ സന്തോഷിപ്പിച്ചിട്ടും അതിലൊരു പങ്കു പോലും തന്റെയാക്കാൻ പറ്റുന്നില്ലല്ലോ എന്നവൾ ചിരിച്ചു കളഞ്ഞു.

ഫോൺ കയ്യിലെടുത്തു. വിളിച്ചു. സംയമനത്തോടെ സംസാരിച്ചു തുടങ്ങിയെങ്കിലും ഉള്ളിൽ ഒതുക്കി നിർത്തിയ വേദനകൾ മൂർച്ചയേറിയ വാക്കുകൾ ആവാൻ തുടങ്ങുന്നത് അവൾ അറിഞ്ഞു. വെറുപ്പ്‌ കൂടി വന്നു. അപ്പുറത്ത് നിന്നു കേട്ട ചിരി സംഭാഷണത്തെ ലഘുവാക്കുന്നതിനു പകരം കൂടുതൽ മോശമാക്കുകയായിരുന്നു. ഫോൺ സംഭാഷണം പതിവു രീതിയിൽ അവസാനിപ്പിക്കുമ്പോൾ ദൂരെ ട്രെയിൻ ചൂളം വിളിയുമായി വന്നടുക്കുന്നത് കാണാമായിരുന്നു.

ജീവിതത്തിൽ അത്രയും തീക്ഷ്ണമായി അവൾ മരണത്തെ ആഗ്രഹിച്ച നിമിഷം വേറെ ഉണ്ടായിരിക്കില്ല. നീണ്ട ശബ്ദവുമായി വേഗത്തിൽ വന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തു ചാടി എല്ലാം അവസാനിപ്പിക്കാൻ തോന്നിയ നിമിഷം. തന്റെ കാലിലും കൈയിലും ആകെ ഒരു തരിപ്പ് അനുഭവപ്പെടുന്നത് അവളറിഞ്ഞു. ബാഗ് ചുമലിൽ ഇട്ട് നിശ്ചലമായി നിൽക്കുകയായിരുന്നെങ്കിലും മനസ്സിൽ ആ ചാട്ടം അവൾ ചാടി കഴിഞ്ഞിരുന്നു. ഇഞ്ചിഞ്ചായി അനുഭവിച്ചു കൊണ്ടിരുന്ന മാനസിക വ്യഥകൾക്ക്  ഒറ്റ നിമിഷത്തിൽ തീർപ്പ്. സെക്കന്റുകൾക്കുള്ളിൽ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തിയപ്പോൾ, സ്വബോധം വീണ്ടെടുത്തപ്പോൾ അവളവിടെ നിൽക്കുകയാണ്.

തീവണ്ടി വേഗം കുറഞ്ഞ്  സ്റ്റേഷനിലേക്ക് വന്നു  നിരങ്ങി നിന്നു. ഏറ്റവും പിറകിലുള്ള കമ്പാർട്ട്മെന്റുകളിലൊന്നിലേക്ക് അവൾ നടന്നു. മഞ്ഞ ലൈറ്റുകളും ചുവപ്പടയാളങ്ങളും ഇരുട്ടും തിരക്കും ബാഗുകളും ആളുകളും വീണ്ടും അവളുടെ ചിന്തകളിലേക്ക് നിറഞ്ഞു.

ലേഡീസ് കമ്പാർട്ട്മെന്റിന്റെ വാതിലിനടുത്ത് തിരക്കിലൊരാളായി അവളും.  എന്നും ഓടി വന്ന് കിട്ടുന്ന സ്ഥലത്തു നിന്ന് പതിയെ മുന്നോട്ട് നീങ്ങുകയാണ് പതിവ്. തല്ലു പിടിക്കുന്നവർക്കും തള്ളുന്നവർക്കും വഴിയൊരുക്കി ആരെയും ഉപദ്രവിക്കാതെ ആരിലും ശ്രദ്ധ പതിപ്പിക്കാതെ കയറി തിരക്കിലൊരാളായി ഏതെങ്കിലും സീറ്റിന്റെ ഒഴിഞ്ഞ സ്ഥലത്തേക്കൊതുങ്ങും.

എന്നും പുറകോട്ടു നിന്നിട്ടേ ഉള്ളൂ. ഒഴിഞ്ഞു മാറിയിട്ടേയുള്ളു. വഴിയൊരുക്കിയിട്ടേയുള്ളു. അന്ന് ആദ്യമായി ആ തിരക്ക് അസ്വസ്ഥമാക്കി. അവൾക്ക് നേരെ വന്ന ഒരു ചെറിയ തള്ള് അതേ പോലെ തിരിച്ചു കൊടുത്തും തിരക്കിയ കൈകളെ വകഞ്ഞു മാറ്റിയും ട്രെയിനിന്റെ സ്റ്റെപ്പിലേക്ക് കാൽ വച്ചതും പിറകിൽ ഒരു കരച്ചിൽ.

"അയ്യോ.. എന്റെ സഞ്ചി പോയേ... "

വയറ്റിൽ നിന്നൊരു വിറയൽ കയറിപ്പോകുന്നത് അവളറിഞ്ഞു. തന്റെ അമ്മയുടെ കരയുന്ന മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു. തിരക്കിൽ ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ രണ്ടു കയ്യും തലയിൽ വച്ച് കരയുന്ന നിസ്സഹായായ ഒരു മെലിഞ്ഞ സ്ത്രീ രൂപം. ഇരുട്ടിൽ അവരുടെ മുഖം കണ്ടില്ല. തള്ളലിൽ അവരുടെ കയ്യിൽ ഉണ്ടായിരുന്ന സഞ്ചി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ പാളത്തിലേക്ക് വീണു പോയിരിക്കുന്നു. ഇതിങ്ങനെ ആവുമെന്ന് കരുതിയില്ലല്ലോ.  തിരിച്ചിറങ്ങിയാലോ.  പിന്നെ ഏത് ട്രെയിനിനു പോവും.. വീട്ടിലേക്കു തിരിച്ചു പോവാൻ പറ്റില്ല. അവർ എവിടേക്കായിരുന്നിരിക്കും പോവാനിരുന്നത്. എപ്പോ വീടെത്തും. ചിന്തകൾ പാഞ്ഞു വരാൻ തുടങ്ങിയപ്പഴേക്കും ആളുകൾ അവളെ തള്ളി അകത്തെത്തിച്ചിരുന്നു. ട്രെയിൻ നിലവിളിയോടെ കിതച്ച് മുന്നോട്ട് പാഞ്ഞു തുടങ്ങി. കണ്ണടച്ച് അവൾ ആ സ്ത്രീയിലേക്കും. ഈ രാത്രിയിൽ ഒരു പക്ഷേ അവരുടെ വീട്ടിലേക്കുള്ള അവസാനത്തെ ട്രെയിൻ ഇതായിരിക്കും. തനിക്ക് പോകേണ്ടുന്നത്ര തന്നെ ദൂരേക്കായിരിക്കും അവരും. ഇനി ഇപ്പഴൊന്നും ട്രെയിൻ ഇല്ലല്ലോ. അവർ എങ്ങനെ പോകും അവരെ ആരു സഹായിക്കും. ആകുലതകൾ ചിന്തകൾക്കൊപ്പം പെരുകിക്കൊണ്ടിരുന്നു.

ഏറ്റവും ശക്തമായി മനസിന്റെ വാതിൽ അടച്ച്, കാതിലെ നിലവിളിയെ ബഹളത്തിൽ മായ്ക്കാൻ ശ്രമിച്ച് അവൾ ആ യാത്ര തുടങ്ങി. പക്ഷേ ഇന്നും ആ നിലവിളി അവസാനിക്കാതെ പിന്തുടരുന്നുണ്ട്.

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ