സൗഹൃദ നിഴലിൽ കഴിഞ്ഞൊരു യാത്രിക പ്രണയത്തിലേക്ക് ഒരു നാൾ വഴുതി വീണു. പ്രണയം അവളെ മാടി വിളിക്കുന്നതായ് അവൾക്ക് അനുഭവപ്പെട്ടു . പക്ഷേ , കാത്തിരുന്ന പ്രണയം കയ്യിൽ കിട്ടിയപ്പോൾ അതവളെ നിഗൂഢതയുടെ അഴങ്ങളിലേക്കമർത്തി.
അവളുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിച്ചു. നിശ്ശബ്ദമായി അവളുടെ മനസ് മുറിഞ്ഞു വീണു. പ്രണയം മറ്റൊരു ഇരയ്ക്കായ് കാതോർത്തു. മറ്റൊരു ഇരയെ കിട്ടിയപ്പോൾ പ്രണയം അവളെ ഉപേക്ഷിച്ചു.
മനസിൽ കൊണ്ടുനടന്ന ആ പ്രണയത്തെ അവൾ വെറുത്തില്ല. ശപിക്കുവാൻ തയ്യാറായില്ല. അവളെ നിഷ്ടൂരമായ് വേദനിപ്പിച്ചിട്ടും അവൾ അവൻ്റെ ഓർമകളിൽ തേങ്ങിക്കരഞ്ഞു.
ഇത്രയേറെ വേദനിപ്പിച്ചിട്ടും അവളവനെ സ്നേഹിച്ചുകൊണ്ടേയിരുന്നു. അതൊന്നും മനസിലാക്കാൻ അവളുടെ പ്രണയത്തിനു കഴിഞ്ഞില്ല. അവൻ തൻ്റെ അടുത്ത ഇരയിലേക്കടുത്തു.
പക്ഷേ, അവിടെ പ്രണയത്തെ കാത്തിരുന്നത് വലിയൊരു ചതിക്കുഴിയായിരുന്നു. പ്രണയം അതിൽ വീണു നിലവിളിച്ചു. ചതിച്ചു മാത്രം ശീലിച്ച പ്രണയം അന്ന് ചതിക്കപെട്ടത്തിൻ്റെ വേദന അറിഞ്ഞു. ഒരു നിമിഷം പ്രണയം തന്നെ പ്രാണനായ് സ്നേഹിച്ച യാത്രികയുടെ മുഖം ഓർത്തെടുത്തു. അപ്പോഴേക്കും കാലം കടന്നു പോയിരുന്നു. വർഷം അകന്നിരുന്നൂ. ഏത് അവസ്ഥയിലാണ് തന്നെ ജീവനായി സ്നേഹിച്ച പ്രണയിനി എന്നറിയാൻ പ്രണയം ആഗ്രഹിച്ചു. പ്രണയം അവളെ തേടിയിറങ്ങി.
ദൂരങ്ങൾ സഞ്ചരിച്ചു. അന്വേഷിക്കാൻ ഇടങ്ങൾ ബാക്കിയില്ല. എങ്കിലും പ്രണയം അവളെ തേടി അലഞ്ഞു നടന്നു. ഒടുവിൽ ശൂന്യമായ ഒരു മരത്തണലിൽ പ്രണയം അവളെ കണ്ടെത്തി. പ്രണയത്തിന് അവളെ കണ്ടതും വാരിപുണരുവാൻ തോന്നി. പക്ഷേ, താൻ ചെയ്തു കൂട്ടിയ പാപങ്ങൾ അവൻ്റെ മനസ്സിൽ അലയടിച്ചു. മാപ്പപേക്ഷിച്ച് പ്രണയം അവളുടെ കാൽക്കീഴിൽ വീണു.
അവൾ മിണ്ടിയില്ല! അവൻ്റെ മുഖത്തേക്ക് പോലും അവൾ നോക്കിയില്ല!.
എന്തുചെയ്യണം എന്നറിയാതെ അവൻ നിശ്ശബ്ദനായി നിന്നു. അവള് ഏതോ നിഗൂഢതലങ്ങളിൽ കണ്ണുംനട്ടിരിപ്പാണ്. അവനെ കണ്ട ഭാവം അവള് നടിക്കുന്നില്ല.
പ്രണയം അവളുടെ കരങ്ങളിൽ സ്പർശിച്ചു. അവളുടെ കരങ്ങളിൽ അവൻ്റെ കണ്ണിൽനിന്നൊഴുകിയ പാപജലം ഉറ്റിവീഴാൻ തുടങ്ങി. പെട്ടെന്നവൾ ഞെട്ടിത്തിരിഞ്ഞു കൊണ്ട് അവനോട് മന്ത്രിച്ചു. " എൻറെ പ്രണയം എന്നെ തേടി വരും."
കാലങ്ങൾ കടന്നിട്ടും അവൾ തന്നെ കാത്തിരിക്കുകയാണെന്നറിഞ്ഞ അവൻ്റെ മനസ്സ് പിടഞ്ഞു. അവൻ അവളെ അവളെ വാരിപുണർന്നു. പക്ഷേ, അതവൾക്കറിയുവാൻ സാധിച്ചില്ല.
മനോനില നഷ്ടപ്പെട്ട ഒരുതരം ഭ്രാന്തമായ സ്നേഹത്തിൻ്റെ പ്രതീകമായി അവൾ ഇന്നും മന്ത്രിക്കുന്നു "എൻ്റെ പ്രണയം എന്നെ തേടി വരും "