അയാൾ ആ പൊതിയുമായി കനാലിന്റെ തീരത്തുള്ള ചാരുബെഞ്ചിൽ വന്നിരുന്നു. അംബലമുകളിലെ ഗ്യാസ്പ്ലാന്റിലേക്ക് അമോണിയയും വഹിച്ച് വലിയ ബാർജ് കനാൽപരപ്പ് മുറിച്ച് പോകുന്നതിന്റെ ശബ്ദവും കാഴ്ച്ചയും. ബാർജ് നീങ്ങുന്നതിന്റെ ശക്തിയിൽ ഉടലെടുത്ത ഓളങ്ങൾ തീരംതല്ലി;
മനസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ. അപമാനഭാരത്തിലും നിസ്സംഗതയിലും ഹൃദയഗദ്ഗദം തിരമാലകളെപ്പോലെ ഉയർന്നുപൊങ്ങി തേങ്ങി. മനുഷ്യ ജീവിതത്തെ ലോക്ക്ഡൌൺ കൂച്ചുവിലങ്ങിട്ടിട്ടും പലർക്കും ദുരഭിമാനത്തിനും അഹങ്കാരത്തിനും കുറവില്ല.
മറ്റു ചിലരിൽ മുന്നോട്ടെന്ത് എന്ന ചോദ്യത്തിന്റെ മ്ലാനത മുഖാവരണമായി നിൽക്കുന്നു ; എന്തിന് ദൂരെ നിന്നും കനാൽ വരംബിലൂടെ ഒട്ടിയ വയറുമായി ലക്ഷ്യബോധമില്ലാതെ വരുന്ന പൂച്ചക്ക് പോലും കണ്ണ് തുറന്ന് ചുറ്റിനും നോക്കാനുള്ള ത്രാണിയില്ല.
“ശൂ..ശൂ..”
അയാൾ കൈകാട്ടി പൂച്ചയെ തന്റെ അരികിലേക്ക് ക്ഷണിച്ചു. അത് അയാൾക്കരികെ വന്ന് അനുസരണയോടെ വാലാട്ടി ഇരുന്നു. വിശപ്പ് സഹിക്കാനാകാതെ പൂച്ച ഇടക്കിടക്ക് കനാലരികെ ചെന്ന് ഓളമയഞ്ഞ ജലപരപ്പിൽ തത്തികളിക്കുന്ന ചെറുമീനുകളെ കൊതിയോടെ നോക്കി നിരാശയോടെ തിരികെ വന്നിരുന്ന് ഒരു കൈകൊണ്ട് മുഖം തുടച്ചു.
അയാൾ അതിനെ ശ്രദ്ധിക്കുകായായിരുന്നു.
വിശപ്പ് ഒരു മാരകാവസ്ഥ തന്നെയാണ്.
ബാല്യകാല സുഹൃത്തായ ഹരിയെ അയാൾക്ക് ഓർമ്മ വന്നു. കാലിയായ വയറിനുമീതെ ചാക്കുനൂലുകൊണ്ട് വലിച്ച് മുറുക്കികെട്ടിയ മൂടു കീറിയ നിക്കറുമിട്ട് പൊട്ടിയ സ്ലേറ്റുമായി തന്റെ ഒപ്പം സ്കൂളിൽ വന്നിരുന്ന നാലാം ക്ലാസ്സുകാരൻ. ഉപ്പുമാവ് പുരയിൽ നിന്നും പൊന്തുന്ന മണം കാത്ത് ഉച്ചക്കുള്ള മണിയടി മുഴങ്ങാൻ അവൻ കാത്തിരിക്കും; ഒരു നേരത്തെ വിശപ്പടക്കാൻ.
ഒന്നും മിണ്ടാതെ ആലോചിച്ച് ഇരിക്കുന്ന അയാളുടെ പ്രശ്നം മനസ്സിലാകാത്തതുപോലെ പൂച്ച ഇടക്കിടക്ക് അയാളുടെ മുഖത്തേക്ക് നോട്ടമയച്ചിരുന്നു. മൊബൈൽ ഫോണിൽ കുരിശിന്റെ വഴിയുടെ റിംടോൺ കേട്ട് ആളെ മനസ്സിലാക്കിയെന്ന വിധം പല്ല് ഞെരിച്ച് അയാൾ ദേഷ്യം നിയന്ത്രിച്ചു. ലോക്ഡൌണായതിനാൽ വീടിന്റെ പരിസരത്തുള്ള മീൻ തട്ടിൽ നിന്നും മീൻ വാങ്ങി കൊടുത്ത് സുഹൃത്തിന്റെയടുത്തെത്തിയപ്പോഴാണ് ഭാര്യയുടെ വിളി വന്നത്.
“എടോ എന്ത് കുന്താടോ താൻ വാങ്ങിക്കൊണ്ട് വന്നിരിക്കുന്നത്. ചൂരയോ കേരയോ മേടിക്കാനല്ലേ ഞാൻ പറഞ്ഞത്. വന്നെടുത്തോണ്ട് പോയി കളഞ്ഞോണം.”
ദാരിദ്ര്യത്തിൽ നിന്നും ഉയർന്നു വന്ന കുടുംബത്തിലെ ഇളയ സന്തതിയാണ് തന്റെ ഭാര്യ. പഴയ കാലമൊക്കെ മറന്നിരിക്കുന്നു. സുഹൃത്തിനോട് ഒന്നും പറയാതെ ബൈക്കെടുത്ത് വേഗം വീട്ടിലെത്തി മുൻഡോറിൽ തൂക്കിയിട്ടിരുന്ന കിറ്റുമായി ഇറങ്ങി. ഭാര്യ തള്ളിപ്പറഞ്ഞ മീനെ കനാലിൽ കളയാൻ തീരുമാനിച്ച് കിറ്റിൽ നിന്നും പൊതിയെടുത്ത് ബെഞ്ചിലിരുന്നതാണ് അയാൾ.
മീന്റെ മണം മൂക്കിനെ മദിച്ചപ്പോൾ അഭിമാനം പണയം വെച്ച് പൂച്ച അയാളെ നോക്കി മോങ്ങാൻ തുടങ്ങി. ലോക്ക്ഡൌൺ വേളയിൽ കാക്കക്കും പ്രാവിനും പട്ടിക്കും പൂച്ചക്കും ഭക്ഷണവും വെള്ളവും ഉറപ്പാക്കി പ്രകൃതി സ്നേഹത്തിന് മറ്റൊരു മാനം നല്കിയതാണ്; അന്നും ഇന്നും. മാലിന്യം കനാലിലേക്ക് വലിച്ചെറിഞ്ഞെന്ന് ആരും കുറ്റപ്പെടുത്തണ്ട.
കരഞ്ഞ് കൊണ്ടിരുന്ന പൂച്ചയോട് അലിവു തോന്നി അയാൾ പൊതിയഴിച്ച് നിലത്ത് വെച്ചു.
ചെറുമീൻകൂട്ടം മുന്നിലിരിക്കുന്നത് കണ്ട് ആഹ്ലാദം തോന്നിയെങ്കിലും സമചിത്തത കൈവരിച്ച് പൂച്ച അത് കഴിക്കാൻ തുടങ്ങി, ഇടക്ക് അയാളെയും നോക്കി. ഒരു വട്ടം അത് എന്തോപറയുന്നതുപോലെ തോന്നി.
“കുറച്ച് മുള്ളെണ്ടെങ്കിലും നല്ല മീനാ ”.
പൂച്ച ചുണ്ടനക്കിയെതെന്തെന്ന് അയാൾ ഊഹിച്ചെടുത്തു.
“പട്ടിക്കും പൂച്ചക്കും താറാവിനുമൊക്കെ കൊടുക്കണ മീനാ നന്ദൻ. ഞാനിതൊന്നും കഴിക്കില്ല. എനിക്കതിന്റെ ആവശ്യമില്ല. നല്ല മീൻ വാങ്ങിക്കഴിക്കാനേ എനിക്ക് അറിയാം.”
ഭാര്യയുടെ ശകാരം അയാളുടെ കാതിൽ പ്രകംബനം കൊണ്ടു.
തിരികെ കൂടണയണമോയെന്ന ചിന്തയോടെ അയാൾ ബെഞ്ചിൽ ആകാശത്തേക്ക് നോക്കി കിടന്നു.