കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അയാൾക്ക് ആ രാത്രി ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. പഴകിയ കിടക്കവിരി അയാളെ നോക്കി കൊഞ്ഞനം കുത്തി. പതുക്കെ തലയിണയെ കെട്ടിപ്പിടിച്ചു കിടന്നു നോക്കി, ഇല്ല ഉറക്കം അയാളുടെ ഏഴയൽപ്പക്കത്തു പോലുമില്ല. തലയിണയ്ക്ക് അയാളുടെ കെട്ടിപ്പിടുത്തത്തിൽ ദേഷ്യം വന്നു കാണുമോ?
നിനക്കൊരു കല്ല്യാണം കഴിച്ചൂടേന്ന് അത് പതുക്കെ പറയുന്നതായി അയാൾക്ക് തോന്നി.
ഇനി നീ കൂടിയേ ഇത് പറയാൻ ബാക്കിയുള്ളൂ...
ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതൊക്കെ ഒരു യോഗമാണേ, അയാൾ നീണ്ട ഒരു നിശ്വാസത്തിൽ അതൊതുക്കി,
തലയിണയിൽ മുഖമമർത്തിക്കിടന്ന് പതിയെ ഉറക്കത്തെ കൂട്ടുവിളിച്ചു. അന്നേരം നിലാവ്മങ്ങിയ ആകാശത്ത് കറുത്ത മേഘങ്ങൾ നടക്കാനിറങ്ങുകയായിരുന്നു.
രാവിലെ അമ്മ വാതിൽ തല്ലിപ്പൊളിക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ ഉറക്കമുണർന്നത്,
"എടാ വാതിൽ തുറക്ക് സമയം ആറായി"
അവർ നിർത്താൻ ഭാവമില്ല.
"അമ്മേ തൊള്ള കീറണ്ടാ ഞാനുണർന്നൂ..."
ഇന്നലെ രാത്രി പെയ്ത മഴ ചളികൊണ്ട് മുറ്റത്ത് വികൃത ചിത്രങ്ങൾ വരഞ്ഞിട്ടത് നോക്കി വെറുതെ നിന്നപ്പോളാണ് 'ആരാധികേ മഞ്ഞുതിരും വഴിയരികിൽ...' എന്ന് പാടിക്കൊണ്ട് ഫോൺ റിംഗ് ചെയ്തത്.
"ഓ ശങ്കരേട്ടനാണ് മൂപ്പർക്ക് എട്ടുമണിക്ക് ചാലോടു വരെ ഒന്നു പോണം അതോർമ്മിപ്പിക്കാനാവും"
എന്ന് പിറുപിറുത്തുകൊണ്ട് ഫോൺ കയ്യിലെടുത്തു. കൃത്യം എട്ടുമണി എന്ന് ഉറപ്പുകൊടുത്ത് കിണറ്റിൻ കരയിലേക്ക് നടക്കുമ്പോഴാണ് ആലയിൽ അമ്മിണിയുടെ ഉറക്കെയുള്ള നിലവിളി കേൾക്കുന്നത്.
" ഡാ ദിനേശാ നീ ആ മൊട്ടമ്മലെ ഡോക്ടറീം കൂട്ടി വേഗം ഇങ്ങ് വന്നേ ആ പയ്യിൻ്റെ പേറടുത്തൂ എന്നെക്കൊണ്ട് ഒറ്റയ്ക്ക് കൂട്ടിയാൽ കൂടില്ലാന്നാ തോന്നുന്നേ."
അവർ പിന്നെയും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
രണ്ടിനേം രണ്ട് ഭാഗത്താക്കിതരണേ എൻ്റമ്പാടിക്കണ്ണാന്ന് നിലവിളിച്ചുകൊണ്ട് സരസ്വതിയമ്മ തലയിൽ കൈ വയ്ക്കുമ്പഴേക്കും അയാളുടെ 'സരസു' ഓട്ടോ ഗേറ്റ് കടന്ന് റോഡ് പിടിച്ചിരുന്നു. ഡോക്ടർ എത്തുമ്പോഴേക്കും അമ്മിണി താനൊരൊത്ത പെണ്ണാണെന്ന് ഓരിക്കൽക്കൂടി തെളീച്ചു കഴിഞ്ഞിരുന്നു. ഇത്തരം കേസുകൾ ഇതാദ്യമായൊന്നുമല്ല കേട്ടോ, കന്നിയങ്കം തൊട്ട് എത്തി നിൽക്കുന്ന ഈ അഞ്ചാം പ്രസവം വരെ ഇതൊക്കെത്തന്നെയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.
പ്രസവം കഴിഞ്ഞ് തളർന്നിരിക്കുന്ന അവളെ നോക്കി, കൂട്ടത്തിൽ ആലയിലെ ചെത്തിച്ചോപ്പുകൾ വൃത്തിയാക്കാൻ പാടുപെടുന്ന അമ്മയെയും അന്നേരം യാതൊരു ഭാവ മാറ്റവുമില്ലാതെ ഡോക്ടർ മരുന്ന് കുറിക്കുകയായിരുന്നു.
"ഉണക്കത്തിനുള്ള മരുന്ന് വെല്ലം ചേർത്ത് കൊടുക്കണം" എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മുറ്റത്തേക്കിറങ്ങി, അമ്മ മൂപ്പർക്ക് ഒരു ചായ ഓഫർ ചെയ്തെങ്കിലും വേണ്ടന്ന് പറഞ്ഞ് വണ്ടിയിലേക്ക് കയറുമ്പോൾ ദിനേശനറിയാമായിരുന്നു അതിനൊക്കെയുള്ളത് അയാൾ തൻ്റെ പോക്കറ്റിൽ നിന്നും വസൂലാക്കുമെന്ന്.
തിരിച്ചു പോരുമ്പോൾ കവലയിൽ മനോജ് നിൽപ്പുണ്ടായിരുന്നു. അവനൊന്നുകൂടെ തടിച്ചിട്ടുണ്ട്. പഴയ അംബാസഡർ കാറൊക്കെ മാറ്റി പുതിയൊരെണ്ണം വാങ്ങിച്ചിട്ടുണ്ട്, എന്തൊരു മാറ്റം അയാൾക്കതിലതിശയമേതുമില്ല. കോൺട്രാക്ടർ കുമാരൻ്റെ മകളെക്കെട്ടിയവന് മിനിമം ഇത്രയെങ്കിലും മാറ്റം വേണ്ടേ. എന്നാലും ഇവളെങ്ങനെ ഇവനെ പ്രേമിച്ചു എന്നോർത്ത് വ്യാകുല പ്പെടുമ്പോഴേക്കും വീടെത്തിയിരുന്നു.
മുറ്റമടിച്ചു കൊണ്ട് അമ്മ അയാളെ കാത്തുനിൽപ്പുണ്ടായിരുന്നു. നീണ്ട ഒരു ലിസ്റ്റ് കയ്യിലേക്ക് വച്ചു കൊടുത്തു.
"കൊറേ പൈസയാകുംന്നാ തോന്നുന്നേ ഏതായാലും ഇതിനുള്ളത് നീയൊന്ന് മറിക്ക് ഇവളുടെ പാല് വിറ്റ്തന്നെ ഞാനത് വീട്ടിക്കോളാം.
" പിന്നേ ഇന്ന് ഉച്ചയ്ക്ക് ശേഷം സതീശൻ വരുംന്ന് പറഞ്ഞിന്, കേട്ടെടുത്തോളം നല്ല ബന്ധാ, ഒറ്റ മോളാത്രേ".ഉംം എന്ന് മൂളി പതുക്കെ അയാൾ കുളിമുറിയിലേക്ക് നടന്നു.
കുളിക്കുമ്പോൾ എന്നത്തേയും പോലെ ഒരഞ്ജാത സുന്ദരി അയാളുടെ അടുത്ത് വന്നിരിക്കുന്നതായും അയാളോട് ശൃംഗരിക്കുന്നതായും മനോരാജ്യം കാണാൻ മറന്നില്ല.
എട്ടുമണിക്ക് തന്നെ ശങ്കരേട്ടനേയും കൊണ്ട് വണ്ടി പറന്നു. കവലയും, വയലും, തെങ്ങിൻ തോപ്പും... പിന്നിലാക്കി അത് കുതിച്ചു. ശങ്കരേട്ടൻ നാട്ടിലെ എണ്ണം പറഞ്ഞ കൃഷിക്കാരിലൊരാളാണ്. ഇപ്പോഴത്തെ ഈ പോക്ക് വളം വാങ്ങാൻ തന്നെയാണ്. തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും നേരം ഉച്ചയോടടുത്തിരുന്നു.
മൂന്ന് മണിക്ക് അഞ്ച് മിനിറ്റ് ഉള്ളപ്പോൾത്തന്നെ സരസ്വതിയമ്മ സതീശനെ കാണാഞ്ഞ് ബഹളം വെക്കാൻ തുടങ്ങിയിരുന്നു. അതു വരെ പൈക്കളെ മേച്ച് ക്ഷീണിച്ച് വരാന്തയിൽ നടുചായ്ക്കാനോങ്ങിയ മാധവൻ എന്ന അറുപത്തി മൂന്നുകാരൻ ഭർത്താവിനെ അവർ വല്ലാതെ ശല്ല്യം ചെയ്യാൻ തുടങ്ങിയിരുന്നു. ആ വയസ്സൻ ഫോണെടുക്കാനായി അകത്തേക്ക് നടന്നുവെങ്കിലും അന്നേരം മൂളിപ്പാട്ടും പാടി സതീശൻ കയറി വന്നു മേശയ്കഭിമുകമായി ഇരുന്നു. അമ്മ എന്നത്തേയും പോലെ അയാൾക്ക് മുന്നിൽ കാപ്പിയും പലഹാരങ്ങളും നിരത്തിവച്ചു. ഒഴിഞ്ഞ ഗ്ലാസ്സും പൊടിഞ്ഞു പോയ ലഡുത്തരികൾ മാത്രമുള്ള പാത്രവും കയ്യിലെടുക്കുമ്പോൾ ദിനേശനോർത്തത് ഇതയാളുടെ മുപ്പത്തഞ്ചാമത്തെ കാപ്പികുടിയാണെന്നാണ്.
മുറ്റത്ത് വീണ പാരിജാതപ്പൂക്കൾ വെറുതെ പെറുക്കി മണക്കുമ്പോൾ സരസ്വതിയമ്മ അയാളുടെ പിന്നിൽ വന്നു പറഞ്ഞു,
"ൻ്റെ ദിനേശാ ഇതൊറപ്പായും നടക്കും. എൻ്റെ മനസ്സ് പറഞ്ഞതൊന്നും ഇതുവരെ തെറ്റിയിട്ടില്ല"
അതു കേട്ടപ്പോൾ അയാൾക്കൊന്നുറക്കെ ചിരിക്കണമെ തോന്നി. കഴിഞ്ഞ മുപ്പത്തിനാല് പ്രാവശ്യവും ഇതുതന്നെയാണ് ആ സ്ത്രീ പറഞ്ഞുകൊണ്ടിരുന്നത്.
ഇതുപോലെ മറ്റ് മൂന്നോ നാലോ ആളുകളെ പെണ്ണുകാണിക്കാനുള്ള തത്രപ്പാടിലാണ് സതീശൻ.
പെണ്ണിനെ ദിനേശന് വല്ലാണ്ടങ്ങിഷ്ടപ്പെട്ടു. പക്ഷേ ഒരു സർക്കാരുദ്യോഗസ്ഥന് മാത്രമേ പെണ്ണുകൊടുക്കൂ എന്ന് നേരത്തേ അവർ ഉറപ്പിച്ചതായിരുന്നു.അന്നത്തേക്കൂലി വാങ്ങി സതീയേട്ടൻ കൈവീശി അകന്നപ്പോൾ സരസ്വതിയമ്മ കണ്ണിൽ ഏഴു തിരിയിട്ട വിളക്കുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. അയാൾ അവരുടെ അടുത്തേയ്ക്ക് ചെന്ന് അവയെ ഊതിക്കെടുത്തി അകത്തേക്ക് നടന്നു.
രാത്രി ഊണിന്റെ നേരത്ത് അയാളുടെ അച്ഛനാണ് ആ വെടി പൊടിച്ചത്.
"ഡാ ദിനേശാ നിനക്കൊരുത്തിയെ പ്രേമിച്ച് കെട്ടിക്കൂടെ?"
ആദ്യം ഒന്നമ്പരന്നുവെങ്കിലും സരസ്വതിയമ്മയ്ക്കും അത് സമ്മതമായിരുന്നു. അയാൾക്ക് എന്തുകൊണ്ടൊ ഭയം തോന്നി, കിടക്കാൻ നേരത്ത് അയാൾ ആലോചിച്ചത് മുഴുവൻ എങ്ങനെ ഒരു പെണ്ണിനെ പ്രേമിക്കാം എന്നാണ്, അതിന് ആരെയാണ് ഒന്ന് പ്രേമിക്കുക ഓഹ് വല്ലിത്തൊരു പ്രഹേളിക തന്നെ. ആ തണുത്ത രാത്രിയിലും അയാൾ വല്ലാതെ വിയർത്തു. ആ രാത്രിയിൽ മിന്നൽപ്പിണരിൻ്റെ അകമ്പടിയോടെ മഴമേഘങ്ങൾ തേരോട്ടം നടത്തിയത് അയാളുടെ ഹൃദയത്തിലായിരുന്നു.
രാവിലെ കുളിച്ച് ഓട്ടോ സ്റ്റാൻഡിൽ എത്തി. മുഖത്ത് ഒരു പുഞ്ചിരി ഫിറ്റ് ചെയ്യാനുള്ള വിഫല ശ്രമം തുടങ്ങി. ഓരോ പെൺകുട്ടികളും കടന്നു വരുമ്പോഴേക്കും അവരുടെ മുഖത്തു നോക്കാൻ അയാൾ ഭയന്നു. ദിവസങ്ങളും , ആഴ്ചകളും കടന്നു പോയി. പരവേശം കൊണ്ട് അയാൾ ക്ഷീണിതനായി, ഏതു നേരവും അയാൾ ഭാര്യ, ഭാര്യ എന്ന് മന്ത്രം ചെയ്തു കൊണ്ടേയിരുന്നു.
" നിന്നോടൊക്കെ പറഞ്ഞു മടുത്തു ഒന്നിനും കൊള്ളാത്തൊരുത്തൻ"
അമ്മ പിറുപിറുത്തു കൊണ്ടിരുന്നു. അയാൾക്കറിയാമായിരുന്നു, അതയാളെച്ചൊല്ലിയുള്ള ആധികൊണ്ടാണെന്ന്.
ഉറക്കം വരാതെ കിടന്ന ആ രാത്രിയിൽ പ്രേമം അയാളെതേടി വരിക തന്നെ ചെയ്തു. മുറിയിലെ പഴയ പുസ്തകങ്ങൾ വൃത്തിയാക്കുന്നതിനിടയിൽ യാദൃശ്ചികമായാണ് അത് കയ്യിൽപ്പെട്ടത്. കണ്ടപ്പോൾ തുറന്നു നോക്കാനും, വെറുതെ വായിച്ചു ഊറിച്ചിരിക്കാനും തോന്നിയ നിമിഷം. പക്ഷേ അവസാനത്തെ പേജ് അയാളുടെ ഹൃദയത്തെ വല്ലാതെ അലോസരപ്പെടുത്തി ക്കളഞ്ഞു... അതിങ്ങനെയായിരുന്നു. ഭംഗിയില്ലാത്ത കൈപ്പടയിൽ വലതുഭാഗം ചെരിഞ്ഞ് കുനുകുനാ എഴുതിയിരിക്കുന്നു, പ്രീയപ്പെട്ട ദിനേശേട്ടാ കാത്തിരിക്കും മരണം വരെ. സുചിത്ര...അഡ്രസ്സും കൂടി എഴുതി വച്ചിരിക്കുന്നു പാവം. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ചെയ്ത ബാലിശമായ ഒരു വിനോദം " ഓട്ടോഗ്രാഫ്!". അയാൾ പതുക്കെ അത് മടക്കി വച്ചു. ഓർമ്മയിലെ ഏറ്റവും മനോഹരമായ കാലം, ഒരു മയിൽപ്പീലി പോലെ പ്രിയതരമായത്. അവളെന്നും അയാൾക്ക് പ്രീയപ്പെട്ടവളായിരുന്നു. എന്നിട്ടും താനെന്തെ അവളെ മറന്നുപോയി?.
അയാൾക്ക് എന്തെന്നില്ലാത്ത വ്യസനം തോന്നി. പളുങ്കു മണികൾ ചിതറും പോലെയുള്ള അവളുടെ ചിരി ഓർമ്മയിൽ അയാളുടെ കണ്ണുകളെ ഈറനാക്കി. അവളെ ഒരുനോക്ക് കാണാൻ ആ വ്രണിതഹൃദയം വിതുമ്പി. അന്നും രാത്രി സ്വപ്നത്തിൽ വന്നവൾ അയാളുടെ നേരെ ഒരു കുല ചാമ്പയ്ക്ക നീട്ടി,
"വീട്ടില് വന്നാല് നിറയെ തരാല്ലോ"ന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു, പെട്ടെന്ന്
"നീ വരില്ല, നീ വരില്ല " എന്ന് വിതുമ്പി ക്കരഞ്ഞു കൊണ്ട് ഓടിപ്പോയി.
രാവിലെ റെഡിയാകുമ്പോൾ അമ്മ വെറുതെ കളിയാക്കി. എന്താ വല്ല പെണ്ണുകാണലുമുണ്ടോന്ന്. വെറുതെ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ടൗണിലെത്തി ബസ്സ് കയറുമ്പോഴേക്കും ഉച്ചയോടടുത്തിരുന്നു. അയാളോർത്തു അവൾ എങ്ങനെയുണ്ടാകും ചിലപ്പോൾ തടിച്ച് ചീർത്തിട്ട് ഉണ്ടാകും, കുറേ പിള്ളാരുടെ അമ്മയൊക്കെയായി, മറ്റു ചിലപ്പോൾ മെലിഞ്ഞു പോയിക്കാണും... ബസ്സിൽ ആളൊഴിഞ്ഞുകൊണ്ടിരുന്നു. വേനൽ മരങ്ങൾ ഇലപൊഴിക്കും പോലെ അവസാനം അയാൾ മാത്രം ബാക്കിയായി. ആകാശത്തിൻ്റെ ചക്രവാളം ചുമന്നു തുടുത്തു, ഒരു നവവധുവിന്റെ നാണക്കവിൾ പോലെ. കണ്ടക്ടറോട് വഴി ചോദിച്ചപ്പോൾ അയാളൊരു പുച്ഛച്ചിരി ചിരിച്ചു,
"നാട്ടിലൊന്നും വേറെ കിട്ടാനില്ലേടേ"എന്ന കളിയാക്കലോടെ വഴിപറഞ്ഞു തന്നു. അയാൾ വീണ്ടും എന്തൊകെയോ പിറുപിറുത്തു ഇവൾക്കിത്രയും ഡിമാൻ്റോ, പിന്നീടയാൾ എന്തോ അസഭ്യം പറഞ്ഞ് പൊട്ടിച്ചിരിച്ചപ്പോൾ ഡ്രൈവറും അതേറ്റു പിടിച്ചു, അവരുടെ ചിരിയുടെ അലകളെ പൻതള്ളിക്കൊണ്ട് അയാൾ മുന്നോട്ട് നടന്നു. ഒതുക്കു കല്ലുകൾ കയറി മുകൾത്തട്ടിലെത്തിയപ്പോൾ കാടു പിടിച്ച ഗേറ്റിനപ്പുറം ഒരു പഴയ വീട്. ഗേറ്റ് തള്ളിത്തുറന്ന് ഉള്ളിലേക്ക് കടക്കുമ്പോൾ മുറ്റത്ത് മുല്ലമൊട്ട് വിരിയാൻ വെമ്പി നിൽക്കുകയായിരുന്നു. കാളിംഗ് ബെല്ലിൽ വിരലമർത്തി അപ്പോൾ വലീയൊരു മുരൾച്ചയോടെ വാതിലുകൾ തുറക്കപ്പെട്ടു. 'ആരാ?' അവൾ തലമാത്രം പുറത്തേക്കിട്ടു. ഒന്നും പറയാനാവാതെ അയാൾ ആദ്യം ഒന്നു പരുങ്ങി.
"ഇന്നിനി എങ്ങോട്ടുമില്ല രാവിലെത്തന്നെ നല്ല പണിയായിരുന്നു. അല്ലേലും വീട്ടിലോട്ടു വരാൻ ആരാ പറഞ്ഞത്, ഹോട്ടൽ ബ്ലൂ മൂൺ രാവിലെ പത്ത് അങ്ങോട്ടേക്ക് വാ."
അയാളുടെ ഹൃദയം വിറച്ചു, "ഞാൻ, ഞാൻ അതിന് വന്നതല്ല, സുചിയെ ഒന്നു കാണാൻ, കൂടെ വരുന്നോ എന്ന് ചോദിക്കാൻ,"
അയാളുടെ ശബ്ദം ഇടറിയിരുന്നു. അവൾ പെട്ടെന്ന് നിശബ്ദയായി.
"പുറത്തേക്ക് വരൂ,"
അയാൾ അവളെ ചക്രവാളത്തിൻ്റെ ചെമപ്പു കാണാൻ ക്ഷണിച്ചു.
"ഇതാണോ നീ പറയാറുള്ള ചാമ്പ മരം. എവിടെ എനിക്ക് മാത്രം തരാമെന്ന് പറയാറുള്ള ചോരചുവപ്പുള്ള ചാമ്പക്കകൾ."
"ദിനേശനെന്ന്"
അവൾ പതുക്കെ മൊഴിഞ്ഞു.
"അതേ"
എന്നയാളും.
"ഉണ്ടായിരുന്ന നല്ലതൊകെ ആരൊക്കെയോ കൊണ്ടുപൊയി ഇനിയീ പുഴുവരിച്ചതും, കിളികൾ കൊത്തിയതുമേ അവശേഷിക്കുന്നുള്ളൂ, ആർക്കും വേണ്ടാത്തവ..."
"എനിക്ക് വേണ്ടത് ആരും കവർന്നില്ലല്ലോ അതിവിടെത്തന്നെയുണ്ടായിരുന്നു"
എന്ന് പറഞ്ഞ് അയാളവളുടെ കരം ഗ്രഹിച്ചു.
"ഞാൻ, ഞാൻ,"
അവൾ വിതുമ്മിക്കരഞ്ഞു... അച്ഛൻ്റെ രോഗവും മരണവും, അനിയൻ്റെ നാടുവിടലും ഒക്കെ തന്നെ മാത്രം ഒറ്റയ്ക്കാക്കി. കടം വീട്ടാൻ അവൾക്ക് പല വേഷങ്ങളും കെട്ടേണ്ടി വന്നു.
അയാൾ അവളുടെ ചുണ്ടിൽ വിരൽ ചേർത്ത് തടഞ്ഞു.
"വേണ്ട ഓരോരുത്തർക്കുമുണ്ടാകും ഇതുപോലെ ചില ഇന്നലെകൾ, നോക്കൂ പുതിയ സന്ധ്യ, പുതിയ ആകാശം, പുതിയ നക്ഷത്രകൂട്ടങ്ങൾ... എല്ലാം പുതിയതാണ്, നീയും ഞാനും ഒരുമിച്ച് ഇതുവരെ കാണാത്തവ."
അവളുടെ കൈ ചേർത്ത് പിടിച്ച് ഗേറ്റ് കടന്ന് ഒതുക്കുകല്ലുകളിറങ്ങുമ്പോൾ അയാൾ പുതിയൊരു മനുഷ്യനായിരുന്നു. അവിടമാകെ പരിമളം പരത്തി ആ മുല്ല വിരിയാൻ തുടങ്ങുകയായിരുന്നു അന്നേരം ആകാശത്തിൻ്റെ അങ്ങേ ചെരിവിലേക്ക് ദേശാടനക്കിളികൾ കൂട്ടത്തോടെ പറക്കുകയായിരുന്നു, പുതിയ തീരങ്ങൾ തേടി...