mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
(Abbas Edamaruku )
 
ചിന്തയിൽപ്പെട്ട് മനസ്സുനീറിക്കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു ശേഷം വാസന്തി വീട്ടിൽ നിന്ന് ഇറങ്ങി. ഈ ഇറക്കം അത്യാവശ്യമായ ചിലതിനുവേണ്ടിയാണ്. ജീവിതത്തിന് അത്യാവശ്യമായ കുറച്ചു വീട്ടുസാധനങ്ങൾ വേണം. അതിനുള്ള പണം കണ്ടെത്തണം. എങ്കിൽ മാത്രമേ തിരികേ വീട്ടിലെത്തിയിട്ട് കാര്യമുള്ളൂ. തന്നെ കാണുമ്പോൾ മുഖം തിരിക്കുന്നവരിൽ നിന്നോ, തന്നെ പുച്ഛത്തോടെ നോക്കി അവഗണിക്കുന്നവരിൽനിന്നോ ആരിൽനിന്ന് ആയാലും വേണ്ടില്ല കുറച്ചു പണം കണ്ടെത്തിയേ തീരൂ... അഭിമാനത്തിന്റേയും,  അന്തസ്സിന്റേയും ബലം കൊണ്ട് ഒന്നും നേടാനാവില്ല. കഷ്ടപ്പാടുകളുടേയും, ദാരിദ്ര്യത്തിന്റേയും ഇടയിൽ നിന്ന് ഒളിച്ചോടാനും കഴിയില്ലല്ലോ.?

വീഥികൾ വിജനമാണ്. സമയം ഒൻപതുമണി ആകുന്നു.ആരും തന്നെ പുറത്തിറങ്ങുന്നില്ല. വഴിയരികിൽ തലേരാത്രിയിൽ ആരൊക്കെയോ വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് തന്റെ വിശപ്പടക്കാനുള്ളതു ചികയുകയാണ് ഒരു നായ. കൊറോണകാലത്തെ യുവാക്കളുടെ ആഘോഷത്തിന്റെ അവശേഷിപ്പുകൾ. മദ്യത്തിന്റെ അംശവുമായി കിടക്കുന്ന കുപ്പികൾ, ടച്ചിംഗ്സിനായി ഉപയോഗിച്ച ബേക്കറി ഐറ്റംസിന്റെ ഒഴിഞ്ഞകവറുകൾ, സിഗരറ്റ് പാക്കറ്റുകൾ,  മിഠായി കടലാസുകൾ... എന്തൊക്കെ മഹാമാരികൾ പിടിപെട്ടാലും ചിലരുണ്ട് അതൊക്കെയും മറന്നുകൊണ്ട്... മദ്യത്തിലും, കളിയിലും മുഴുകി നേരം പോകുന്നവർ.ഒരു നേരത്തെ ആഹാരത്തിന് വീട്ടിൽ വകയില്ലെങ്കിലും മധ്യത്തിനുള്ളത് ഇവർ കണ്ടെത്തികൊള്ളും.മഹാമാരി വന്നാൽ എന്ത്... ഇല്ലെങ്കിൽ എന്ത്... ശരിക്കും ജീവിതം ആഘോഷിക്കുകയാണ് ഇവർ.

ആവശിഷ്ടങ്ങൾക്കിടയിൽ എവിടെയെങ്കിലും നോട്ടുകൾ വീണുകിടക്കുന്നുണ്ടോ.? നാണയങ്ങൾ വീണുകിടക്കുന്നുണ്ടോ.? ഇല്ല,  ഒന്നുമില്ല... ഉണ്ടായിരുന്നെങ്കിൽ അതും തനിക്ക് ഈ അവസരത്തിൽ ഒരു സഹായമാണ്... തനിക്കും തന്റെ മകൾക്കും അത് ആശ്വാസമാണ്.

രോഗത്തിന്റെ പേരിൽ സാമൂഹിക സുരക്ഷ കണക്കിലെടുത്ത് വീടിനുള്ളിൽ കഴിയുന്ന തന്റെ മക്കൾക്ക് ഭക്ഷണം വേണം. തനിക്ക് ഭക്ഷണം വേണം. രോഗം വിട്ടൊഴിഞ്ഞു ലോകം മുക്തമാകുന്നതുവരെ ജീവൻ പിടിച്ചു നിറുത്തണം. വീണ്ടും ജോലി ചെയ്തു ജീവിക്കാൻ കഴിയണം. അതിനിനി എന്ന് കഴിയുമോ.?ലോകത്തെ ഭയപ്പെടുത്തുന്ന മാരക വൈറസുകൾ എന്ന് അവസാനിക്കും.

താൻ എന്ത് തെറ്റ് ചെയ്തു.?  തന്റെ മകൾ എന്ത് തെറ്റ് ചെയ്തു.? ലോകത്താകമാനമുള്ള മനുഷ്യർ എന്ത് തെറ്റ് ചെയ്തു.? ഇനിയെന്ത് തെറ്റിന്റെ പേരിൽ ആയാലും ഈശ്വരൻ എന്തിന് ഇതുപോലെ മനുഷ്യരെ പരീക്ഷിക്കുന്നു.?  ആരാധനാലയങ്ങൾ പോലും പൂട്ടിപോയിരിക്കുന്നു. എങ്ങും ഭീതിയും, ആശങ്കയും...എത്ര നാളായി മനുഷ്യർ ശരിക്കൊന്ന് പുറത്തിറങ്ങി നടന്നിട്ട്, പ്രകൃതിയെ ശരിക്കുമാസ്വദിച്ചിട്ട്,നിലാവും നക്ഷത്രങ്ങളും കണ്ടിട്ട്, മഴ നനഞ്ഞിട്ട്, പരസ്പരം കൈ കൊടുത്തിട്ട്... എല്ലാം ദൈവവിധി.

അതാ അയൽവാസിയായ മുതലാളിയുടെ വീട് കാണുന്നു. അവിടെ ചെന്ന് ചോദിച്ചു നോക്കാം... കുറച്ചു പണം കൂടി കടം തരുമോ എന്ന്. അയൽക്കാരി എന്ന നിലയിൽ സഹായിക്കാതിരിക്കില്ല. ഒന്നുമല്ലെങ്കിലും ഈ അവസ്ഥ അല്ലേ.? വാസന്തി വീടിന്റെ പൂമുഖത്ത് ചെന്ന് ഒതുങ്ങിനിന്നു. പ്രതാപശാലിയായ മുതലാളി പൂമുഖത്തിരുന്ന് പത്രം വായിക്കുകയാണ്. എല്ലാവരിലും ഭീതി പരത്തും വണ്ണം പത്രത്തിന്റെ ഹെഡിങ് അടുത്ത ടേബിളിൽ കിടക്കുന്നു. ഇന്ത്യ ഭയക്കുന്നു ലോകവും. വാസന്തി ഉൾകിടിലത്തോടെ അത് വായിച്ചു. പിന്നെ മെല്ലെ വിളിച്ചു.

"ചേട്ടാ... "

"ഉം... എന്താ.? "

"ഞാൻ വന്നത്..."ഒരുമാത്ര അവൾ ഇടയ്ക്കുവെച്ച് നിറുത്തി.

"പൈസയ്ക്കോ മറ്റോ ആണെങ്കിൽ ഒരു രക്ഷയുമില്ല. ദിവസങ്ങളായി ഞാനും കഷ്ടതയിലാണ്."

ഈ സമയം വീട്ടിലെ മുറിക്കുള്ളിൽ ഇരുന്ന്  മുതലാളിയുടെ ഭാര്യയും മക്കളും ചായ കുടിക്കുകയാണ്. ഡൈനിങ് ടേബിളിൽ നിരത്തി വച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളിൽ നിന്ന് നീരാവി ഉയരുന്നുണ്ട്. മുതലാളിയുടെ ഭാര്യ ചോദിച്ചു.

"ഇതാര് വാസന്തിയോ.? വരൂ...  ചായ കുടിക്കാം. "

"വേണ്ട...ഞാൻ വന്നത്." വീണ്ടും അവൾ മുതലാളിയെ നോക്കി.

"വേണ്ട... വാസന്തി ഇനിയും അത് ചോദിച്ച് സമയം കളയണ്ട. ഒരു രക്ഷയും ഇല്ല. ഭക്ഷണം വേണമെങ്കിൽ കഴിക്ക്. അല്ലാതെ പൈസയുടെ കാര്യം നടപ്പില്ല. ഇനി തന്നാൽ തിരിച്ചു തരാൻ നിനക്ക് ഈ സാഹചര്യത്തിൽ കഴിയുകയുമില്ല. അത് അറിഞ്ഞു കൊണ്ട് വെറുതെ ഞാൻ എന്തിന്..." മുതലാളി വീണ്ടും പത്രത്തിലേക്ക് തല താഴ്ത്തി.

വാസന്തി പിന്നെ ഒന്നും സംസാരിച്ചില്ല. യാത്ര പറച്ചിൽ എന്നവണ്ണം... ഭക്ഷണം കഴിക്കുന്ന കുടുംബാംഗങ്ങളെ നോക്കി ഒരു പുഞ്ചിരി പൊഴിച്ചിട്ട് അവൾ തിരിച്ചുനടന്നു. ഇനി ആരോട് ചോദിക്കും തനിക്ക് ഭക്ഷണം കഴിക്കണം, തന്റെ മകൾക്കും... അവൾ വീണ്ടും ചിന്തയിൽ മുഴുകി മുന്നോട്ടുനടന്നു.

ഇത്രനാളും സുഖജീവിതം ആയിരുന്നില്ലെങ്കിലും ദാരിദ്ര്യം ഇല്ലായിരുന്നു. പേരിന് ചെറുതെങ്കിലും ഒരു തൊഴിൽ ഉണ്ടായിരുന്നു. അതുവഴി നീക്കിയിരിപ്പ് ഒന്നുമില്ലെങ്കിലും ആഹാരത്തിനുള്ള വക കണ്ടെത്തിയിരുന്നു. താനും മകളും പട്ടിണി കൂടാതെ കഴിഞ്ഞുകൂടി. മകൾ പഠിച്ചു... പെട്ടെന്നായിരുന്നല്ലോ മഹാരോഗത്തിന്റെ പേരിൽ എല്ലാം കീഴ്മേൽ മറിഞ്ഞത് .കുറച്ചു പണം കരുതി വെച്ചിരുന്നതാവട്ടെ... മകളുടെ കണ്ണിന് പെട്ടെന്നുണ്ടായ അസൂഖത്തെ തുടർന്ന് ഓപ്പറേഷനുവേണ്ടി ചിലവാകുകയും ചെയ്തു.

ഒരുകാലത്ത് താനും സുഖസുഷുപ്തിയിൽ കഴിഞ്ഞതാണ്. ആവശ്യത്തിന് പണം, ബന്ധുക്കൾ,  അയൽക്കാർ ആരുടേയും മുന്നിൽ കൈ നീട്ടേണ്ടിയും, തല കുനിക്കേണ്ടിയും വന്നിട്ടില്ല. കഴിയും പോലെ മറ്റുള്ളവർക്ക് സഹായം നൽകിയിട്ടേയുള്ളൂ.ഭർത്താവും അങ്ങനെ ആയിരുന്നു. പക്ഷേ, പെട്ടെന്നുള്ള ഭർത്താവിന്റെ മരണം ജീവിതത്തിന്റെ എല്ലാ താളവും തെറ്റിച്ചു.അതിനെത്തുടർന്നുണ്ടായ പ്രത്യാഘാതങ്ങൾ എത്രമാത്രം വലുതായിരുന്നു.

ഒറ്റയ്ക്ക് ജീവിതം മുന്നോട്ടു നയിച്ചു... മൂത്ത മോളുടെ വിവാഹം അതിന്റെ ബാധ്യതകൾ...ധാരാളം കടം വാങ്ങേണ്ടിവന്നു അതിനായി. തുടർന്ന് ഇളയ മകളുടെ പഠനം... അതിനുവേണ്ടി വീണ്ടും കടങ്ങൾ.അത്രനാളും വീടിനുള്ളിൽ ഭർത്താവിന്റെ ചിലവിൽ കഴിഞ്ഞ താൻ ആദ്യമായി ജോലിക്ക് ഇറങ്ങി.വിവാഹത്തിന് മുൻപ്  പഠിച്ചുവെച്ച തയ്യൽ ജോലിക്ക്. ഭർത്താവ് മരിച്ചതോടെ ബന്ധുക്കളും തന്നെ കൈയൊഴിഞ്ഞു. തന്നെക്കുറിച്ച് പലരും പലതും പറഞ്ഞ് ഉണ്ടാക്കി, ചിലർക്ക് താനൊരു സഹതാപവസ്തു,  ചിലർക്ക് താനൊരു പരിഹാസവസ്തു, മറ്റുചിലരാവട്ടെ തന്നെ കാമ കണ്ണുകളോടെ നോക്കികണ്ടു.സ്വാന്തമായി അഞ്ച് സെന്റ് സ്ഥലവും അതിലൊരു കൊച്ചു വീടും ഉള്ളതുകൊണ്ട് വാടക കൊടുക്കാതെ കഴിഞ്ഞു. പുതിയ ജോലി ചെയ്തും ചിട്ടിപിടിച്ചുമെല്ലാം... കടങ്ങൾ വീട്ടി. പാവാട മുറുക്കി ഉടുത്തു. ഉള്ളിലെ തീ മറ്റുള്ളവരെ അറിയിക്കണ്ടല്ലോ... അങ്ങനെ മൂന്നു വയറുകൾ കഴിഞ്ഞുകൂടി.

വീഥികൾ പതിയെ ചലനം വെച്ചു തുടങ്ങിയിരിക്കുന്നു. വാസന്തി നടന്നു നീങ്ങി കൊണ്ടിരുന്നു. പ്രധാന ടൗണിലെത്തി അവൾ.  ഏതാനും പീടികകൾ തുറന്നിട്ടുണ്ട്.താൻ ജോലിചെയ്യുന്ന തയ്യൽക്കടയ്ക്ക് നേരെ നോക്കി അവൾ.അത് അടച്ചിട്ട് മാസം രണ്ടാകുന്നു. ഇനിയെന്നാണ് അത് തുറക്കാൻ പറ്റുക.?  അറിയില്ല. അവൾ സ്ഥിരമായി പലവ്യഞ്ജനങ്ങൾ വാങ്ങുന്ന തുറന്നു വച്ച പീടികയുടെ തിണ്ണയിലേക്ക് മെല്ലെ കയറി.

എന്തുവേണം ചോദ്യഭാവത്തിൽ കടക്കാരൻ കസേരയിൽ ഇരുന്നുകൊണ്ട് കണ്ണടയുടെ മുകളിലൂടെ മിഴികൾ ഉയർത്തി അവളെ നോക്കി.

"കുറച്ച് അരിയും സാധനങ്ങളും" അവളുടെ ശബ്ദം താണുപോയി.

"പൈസ ഉണ്ടോ.? അതോ.? "

"ഇത്തവണ കൂടി പറ്റിൽ എഴുതണം. ഉടനെ തരാം."

"വേണ്ട...പറ്റ്  ഇപ്പോൾ തന്നെ ഒരുപാട് ആയില്ലേ.? തരാനുള്ളത് പോട്ടെ എന്ന് ഞാൻ വെച്ചു... ഇനിയും പറ്റ് അത് വേണ്ട. ഇന്നത്തെ സാഹചര്യം അറിയാല്ലോ.?  ഞാൻ വളരെ ഞെരുക്കത്തിലാണ് ഇത് മുന്നോട്ടു കൊണ്ടു പോകുന്നത്. പണ്ട് നിന്റെ കെട്ടിയോൻ ഉണ്ടായിരുന്ന കാലത്തെ ബന്ധത്തിന്റെ പുറത്താണ് ഞാൻ ഇത്രനാളും കടം തന്നത് ഇനിയില്ല. ഇതുവരെയുള്ള നിന്റെ പറ്റും ഞാൻ വെട്ടിക്കളഞ്ഞു. അതുകൊണ്ട് ഇനിയും എന്നെ ബുദ്ധിമുട്ടിക്കരുത്."

"അവൾ ഒന്നും മിണ്ടാതെ നിറമിഴികളോടെ പീടികവരാന്തയിൽ നിന്ന് ഇറങ്ങി നടന്നു. കടക്കാരനെ കുറ്റം പറയാനാവില്ല... ഇത്രനാളും കടം തന്ന് തന്നെ സഹായിച്ചത് അയാളാണ്. അതും തന്റെ ഭർത്താവിനോടുണ്ടായിരുന്ന ബന്ധത്തിന്റെ പേരിൽ. ഒരുനിമിഷം അവൾ ഭർത്താവിനെ മനസ്സിലോർത്തു.ഇന്നുംകൂടി കടയിൽ നിന്ന് പറ്റു മേടിക്കാമെന്നുള്ള അവസാന പ്രതീക്ഷയും അവസാനിച്ചു കഴിഞ്ഞു. ഇനി എന്ത് ചെയ്യും.? അവൾ നിരാശയോടെ മുന്നോട്ടു നടന്നു. ഈ സമയം എന്തുകൊണ്ടോ... അവളുടെ മനസ്സിലേക്ക് ചില വേദവാക്യങ്ങൾ ഓടിയെത്തി. 'ഓരോ ധാന്യ മണിയിലും അത് കഴിക്കാൻ വിധിക്കപ്പെട്ടവന്റെ പേര് കൊത്തിവച്ചിട്ടുണ്ട്...' എന്ന വാക്യം. ശേഷം അവൾ മനസ്സിൽ ഓർത്തു...അങ്ങനെയെങ്കിൽ...  തീർച്ചയായും തനിക്കും മകൾക്കുമുള്ള ധാന്യമണികൾ ദൈവം എവിടെങ്കിലും കരുതി വെച്ചിട്ടുണ്ടാകില്ലേ .? ഉണ്ടാവും.

ഇനി ആരോട് കടം ചോദിക്കും ഒരു നൂറ് രൂപയെങ്കിലും കിട്ടിയിരുന്നെങ്കിൽ... വഴിയിലെങ്ങും വല്ല നോട്ടും വീണു കിടക്കുന്നുണ്ടോ നിറമിഴികൽക്കിടയിലും വെറുതെ അവൾ നോട്ടമയച്ചു.

വീഥികളിൽ എങ്ങും പരിചിത മുഖങ്ങൾ.പക്ഷെ, ആരും തന്നെ കണ്ടതായി ഭാവിക്കുന്നില്ല. ആരുടെയും മുഖത്ത് സന്തോഷം ഇല്ല. എല്ലാവരും തന്നെ പോലെ പലവിധ  ദുഃഖങ്ങളിലാവണം. മഹാമാരി എല്ലാവരെയും ബാധിച്ചുവല്ലോ.? എങ്കിലും പരിചയമുള്ള ചിലരോട് എല്ലാം അവർ കടം ചോദിച്ചു. ആരും അവളെ സഹായിച്ചില്ല. താൻ ഇത്ര കാലം ജീവിച്ച നാട്ടിൽ തന്നെ സഹായിക്കാൻ ഇനി  ആരുണ്ട്.? ആരുമില്ല...ഇനിയെന്ത് നിരാശയോടെ അവൾ തിരികെ വീട്ടിലേക്ക് നടന്നു.

ഇടവഴിയിൽ നിന്ന് വീട്ടിലേക്കുള്ള ഒതുക്കുകല്ലുകൾ കയറാൻ തുടങ്ങുമ്പോഴാണ്... പിന്നിൽ ഒരു വണ്ടി വന്നു നിന്നത്. തുടർന്ന് ആരോ തന്നെ വിളിക്കുന്ന ശബ്ദം കാതിൽ വന്നുതട്ടി .

"ചേച്ചി... ചേച്ചി. "

അവൾ ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ആൾ പരിചിതനാണ്... തന്റെ നാട്ടുകാരൻ....ഒരുകാലത്ത് തന്റെ അയൽക്കാരനായിരുന്ന ആൾ അതിലുപരി മനുഷ്യസ്നേഹിയായ ഒരു യുവാവ്. ഭർത്താവിന്റെ അടുത്ത സുഹൃത്തായിരുന്ന ആൾ.

"എന്താ .? "അവൾ കണ്ണുകൾ തുടച്ചു മുഖത്ത് പുഞ്ചിരി വരുത്തി കൊണ്ട് ചോദിച്ചു.

"അത് ചേച്ചി... ഞങ്ങൾ നടത്തുന്ന ചാരിറ്റിയുടെ ഭാഗമായി കൊറോണകാലത്ത് ഏതാനും കിറ്റുകൾ വിതരണം ചെയ്യുവാൻ ഞങ്ങൾ തീരുമാനിച്ചു. അതിൽ നിന്നും ഒരു കിറ്റ് ചേച്ചിക്ക് നൽകുവാൻ വേണ്ടി വന്നതാണ് ഞാൻ." പറഞ്ഞിട്ട് അവൻ... വണ്ടിയിൽ നിന്ന് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കവറുകൾ എടുത്തു വാസന്തിക്ക് നേരെ നീട്ടി.

ഒരു നിമിഷം വാസന്തി എന്ത് പറയണമെന്നറിയാതെ നിഛലയായി നിന്നുപോയി. സന്തോഷാധിക്യത്താൽ അവളുടെ മിഴികൾ നിറഞ്ഞു തൂവി. പലതും പറയുവാനായ് അവളുടെ നാവുകൾ ചലിച്ചെങ്കിലും ശബ്ദം തൊണ്ടയിൽ ഉടക്കി നിന്നു. വിക്കിവിക്കി അവൾ മെല്ലെ പറഞ്ഞു.

"നന്ദി ഒരുപാട് നന്ദി."

രണ്ടാഴ്ച കഴിഞ്ഞ് കൂടാനുള്ള അരിയും സാധനങ്ങളും ഉണ്ട്. ഇതിനായി താൻ ഇന്ന് എവിടെയെല്ലാം അലഞ്ഞു. ആരോടെല്ലാം ചോദിച്ചു. എന്നിട്ടും കിട്ടിയില്ല. പക്ഷേ, ഇപ്പോഴിതാ തനിയ്ക്ക്  ആവശ്യമുള്ളതത്രയും തന്നെ തേടിയെത്തിയിരിക്കുന്നു. ഇത് ആരൊക്കെ ചേർന്ന് നൽകിയതാണെങ്കിലും ആ വ്യക്തികളെ കൊണ്ട് ഇത് ചെയ്യിച്ചത് ദൈവമാണ്. അതുകൊണ്ടുതന്നെ ഇത് ദൈവത്തിന്റെ സമാനമായി കരുതണം... അവൾ മനസ്സിൽ ചിന്തിച്ചു .

ഒരുനിമിഷം അവരുടെ ചിന്ത ഒരിക്കൽക്കൂടി ആ വേദവാക്യങ്ങളിലേയ്ക്ക് വെറുതേ ഊളിയിട്ടു.

"ഓരോ ധാന്യ മണികളിലും അതുകഴിക്കാൻ വിധിക്കപ്പെട്ടവന്റെ പേര് കൊത്തി വെച്ചിട്ടുണ്ട്. "ദൈവം എത്രയോ വലിയവൻ.... തനിക്കും തന്റെ മകൾക്കും അർഹതപ്പെട്ടത്‌ തങ്ങളുടെ പേരുകൾ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ആഹാര സാധനങ്ങൾ ഇതാ തന്നെ തേടിയെത്തുയിരിക്കുന്നു. നിറമിഴികൾ തുടച്ചുകൊണ്ട് കിറ്റുകളുമായി അവൾ വീട്ടിലേയ്ക്ക് നടന്നു.

ദാനധർമ്മങ്ങൾ ചെയ്യുന്നതിലല്ല അത് അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിച്ചേരുമ്പോഴാണ് അതിന് മൂല്യവും മഹത്വവും ഉണ്ടാകുന്നത്.
 

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ