(Krishnakumar Mapranam)

അടുത്തടുത്ത ദിവസങ്ങളില്‍ മരണപ്പെട്ട് ഒരേ ശ്മശാനത്തില്‍ അടക്കം ചെയ്യപ്പെട്ട  യുവാവിന്‍റെയും  യുവതിയുടേയും പ്രേതാത്മാക്കള്‍ അര്‍ദ്ധയാമത്തില്‍ ശവക്കല്ലറയ്ക്കു വെളിയില്‍ കണ്ടുമുട്ടി. രാത്രിസഞ്ചാരത്തിനിറങ്ങിയതായിരുന്നു അവര്‍. 

യുവാവ് ചോദിച്ചു

"നീ എങ്ങിനെയാണ് മരണപ്പെട്ടത്."

''എനിക്കൊരു പ്രണയമുണ്ടായിരുന്നു. വീട്ടുകാര്‍ എനിക്കു  വേറൊരു കല്യാണം നിശ്ചയിച്ചു. ഞാന്‍  കാമുകനുമായി ഒളിച്ചോടി. എന്നാല്‍ ഞങ്ങള്‍ക്ക് ഒന്നിക്കാന്‍ കഴിഞ്ഞില്ല. അവർ പിൻതുടർന്നു വന്ന് കാമുകനിൽ നിന്നും വേർപ്പെടുത്തി അവരെന്നെ വീട്ടുതടങ്കലിലാക്കി. ഞാനൊരു ഷാളെടുത്ത് ഫാനില്‍ കുരുക്കിട്ട്  ജീവനൊടുക്കി''

"താങ്കളോ", യുവതിയുടെ പ്രേതാത്മാവ് ചോദിച്ചു.

"ഞാന്‍ ഗള്‍ഫിലായിരുന്നു. വീട്ടുകാര്‍ കണ്ടെത്തിയ ഒരു പെണ്ണിനെ വിവാഹമാലോചിച്ചു. ഫോട്ടോ മാത്രമേ ഞാന്‍ കണ്ടിരുന്നുള്ളൂ. അവളെ ഇഷപ്പെട്ടുവെന്നറിയിച്ച്, കാണാനായി ആശിച്ചു നാട്ടിലെത്തിയതാണ്. പക്ഷെ അവള്‍ക്കു  വേറൊരു ബന്ധം  ഉണ്ടെന്നറിഞ്ഞത് വൈകിയാണ്. അതിനിടയില്‍ അവളുടെ കാമുകന്‍ എന്നെ വന്നുകണ്ട് വിവാഹത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടു. 

എന്നാല്‍ ഫോട്ടോ കണ്ടപ്പോള്‍തന്നെ ഇഷ്ടമായ അവളെ എനിക്കങ്ങു മറക്കാന്‍ കഴിയാത്തതുകൊണ്ട് ഞാന്‍ പിന്മാറിയില്ല. അതവനെ അരിശം പിടിപ്പിച്ചു. അവന്‍ എന്തോയെടുത്ത് എന്‍റെ തലയ്ക്കടിച്ചതും ഞാന്‍ വീണുപോയി. രണ്ടുദിവസം ഓര്‍മ്മയില്ലാതെ കിടന്നു. പിന്നെയാണ് ഇവിടെയെത്തിയത്. "

പരേതാത്മാക്കള്‍ സഞ്ചരിക്കുന്ന പാതയില്‍ വെളിച്ചകുറവുണ്ടായിരുന്നതിനാല്‍ അവര്‍ക്കു തമ്മില്‍ മുഖം വ്യക്തമായിരുന്നില്ല. എന്നാല്‍ ശ്മശാനത്തിന്‍റെ കവാടത്തിനു മുന്നിലായി സ്ഥാപിക്കപ്പെട്ട വിളക്കുകാലിനു ചുവട്ടിലെ ത്തിയതും അവര്‍ക്കു  മുഖം വ്യക്തമായി കാണാനായി.

യുവാവ് പറഞ്ഞു

''നിന്‍റെ മുഖം .... ഞാനിതിനു മുന്‍പ് എവിടെയോ കണ്ടതായി ഓര്‍ക്കുന്നു." 

അതെവിടെയാണെന്ന് ഓര്‍ക്കാന്‍ അയാള്‍ ശ്രമിച്ചുകൊണ്ടിരുന്നു.

അവസാനം ഓര്‍മ്മയില്‍ നിന്നും  കണ്ടെത്തുകയും ചെയ്തു .

"ഓ.. അതെ.... ആ ഫോട്ടോയിലുള്ള പെണ്ണിന്‍റെ മുഖച്ഛായ തന്നെ. അതു നീയായിരുന്നോ?"

''അയ്യോ ..അതു  നിങ്ങളോ .."

യുവതി പരിഭ്രാന്തിയോടെ  പറഞ്ഞുകൊണ്ടു അവിടം വിടാനൊരുങ്ങി.

"നില്‍ക്കൂ.. നിന്നെ ഞാന്‍ ഒന്നും ചെയ്യില്ല . നല്ലവണ്ണം ഒന്നു കണ്ടോട്ടെ... ഇപ്പോഴായിരിക്കാം  അതിനുള്ള യോഗം"

അയാളുടെ സംസാരം അവളെ ഒന്നു വിഷമിപ്പിച്ചു.

"അങ്ങിനെയൊക്കെ  സംഭവിച്ചതില്‍ വിഷമം തോന്നുന്നു. എന്‍റെ കാമുകനെ ഞാനത്രയ്ക്കും സ്നേഹിച്ചിരുന്നു എന്നോട് വിരോധം അരുതേ.."

"തെറ്റുകാരന്‍ ഞാനാണ്.. അതല്ലെങ്കില്‍  നിനക്കിവിടെ വരേണ്ടിവരുമായിരുന്നില്ല."

"അല്ല ..  അങ്ങെന്തു തെറ്റു ചെയ്തു ..ഞാനാണ് തെറ്റുചെയ്തത്.. അതുകൊണ്ടല്ലേ നിങ്ങള്‍ക്കിവിടെയെത്തേണ്ടി വന്നത്"

പരസ്പരം സ്വയം കുറ്റമേറ്റ് രണ്ടുപേരും അവിടെ കോഴികൂവുന്നതു വരെ നിന്നു. പോകാന്‍ നേരം യുവാവ് ചോദിച്ചു

"നാളെ കാണുമോ.." 

"ഉം" അവള്‍ മൂളി

അടുത്ത ദിവസം പാതിരാവില്‍ അവര്‍ വീണ്ടും സന്ധിച്ചു. യുവാവ് സംസാരത്തിനിടയ്ക്ക് ഇങ്ങിനെ ചോദിച്ചു.

"നിന്നെ കണ്ടതു മുതല്‍ക്കേ സ്നേഹം കൂടിവരുന്നു... നിനക്കു എന്‍റെ കല്ലറയിലേയ്ക്ക് വന്നുകൂടെ…"

യുവതി അതു കേട്ടു മൗനം ഭജിച്ചു.

അവള്‍ ഇരുട്ടില്‍ ആരെയോ തെരയുന്നതുപോലെ അയാള്‍ക്കു തോന്നി

"നീ ആരെയാണ് തെരയുന്നത്. നീ ഒന്നും പറഞ്ഞില്ലല്ലോ നിനക്കു എന്നോട് ഇഷ്ടമുണ്ടോ?"

"എനിക്കൊന്നു ആലോചിക്കണം...." 

അതു പറഞ്ഞ് അവള്‍ നടന്നുപോയി.

രണ്ടുദിവസം ശവക്കല്ലറയ്ക്കുമേല്‍ അയാള്‍ വന്നിരുന്നു. പക്ഷെ അവള്‍ അയാള്‍ക്കൊപ്പം കൂടിയില്ല. അവളെ കാണാതെ ആ പരേതാത്മാവ് വിഷമിച്ചു.

പിറ്റേദിവസം പാതിരാവില്‍ അയാള്‍ ശ്മശാനകവാടത്തിനരികെ വേദനിച്ചു നില്‍ക്കെ  യുവതി അയാള്‍ക്കരികിലെത്തി.

"എന്താണ്.... ഞാന്‍ ചോദിച്ചത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ .. അതു മറന്നേക്കൂ.. അതു വിചാരിച്ചു ഇനി വരാതിരിക്കരുത്... പരേതാത്മാവാണെങ്കിലും എനിക്കും ഒരു ഹൃദയമുണ്ട്."

താന്‍  അയാളെ വീണ്ടും വേദനിപ്പിച്ചുവോ? അങ്ങിനെ പറയേണ്ടിയിരുന്നില്ല. അവള്‍ക്കു വിഷമമായി. അവള്‍ പറഞ്ഞു. 

"ഞാന്‍  മനപൂര്‍വ്വം അങ്ങയെ കാണാതെ മറഞ്ഞിരുന്നതല്ല."

"പിന്നെ കഴിഞ്ഞ ദിവസങ്ങളില്‍  എന്തേ വരാതിരുന്നത്"

"ഞാനിവിടെ  വന്ന ദിവസം മുതല്‍ ഒരാളെ തെരഞ്ഞുകൊണ്ടിരിക്കുകയാണ്.. ഇത്ര ദിവസമായി.. ഞാന്‍ കാത്തിരുന്നു... എനിക്കിപ്പോള്‍ ഉറപ്പായി. ഇല്ല. അവനിങ്ങെത്തില്ല... വഞ്ചന... വഞ്ചന തന്നെ..''

"നീ ആരുടെ കാര്യമാണ് ഇപ്പറയുന്നത്‌...."

"ഞാന്‍ ആര്‍ക്കുവേണ്ടി ഇങ്ങോട്ടു വന്നുവോ അവനുവേണ്ടി... എത്രകാലം അവനെന്‍റെ കൂടെ നടന്നു.. സ്നേഹമെന്നു പറഞ്ഞ്  എന്നെ കളിപ്പിച്ചു. ഒന്നിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമുക്ക് ജീവനൊടുക്കാമെന്നുള്ള വാക്കുവിശ്വസിച്ചാണ്   ഞാനി കടുംകൈ  ചെയ്തത്..

അവനൊപ്പം വരുമെന്നുള്ള നിശ്ചയവുമുണ്ടായിരുന്നു.

എന്നിട്ടോ... എനിക്കു തെറ്റുപറ്റി... തെറ്റുപറ്റി..."

അവള്‍ ദേഷ്യത്തോടെയും വ്യസനത്തോടെയും പറഞ്ഞുകൊണ്ടിരുന്നു. അയാള്‍ അവള്‍ക്കരികിലേയ്ക്കു ചെന്ന്‍ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി. അവള്‍ക്കു ആ കണ്ണുകളിലെ  സ്നേഹഭാവം തിരിച്ചറിയാന്‍ കഴിഞ്ഞു.

"ഞാനറിയുന്നു..ഒരിക്കല്‍ പോലും അങ്ങെന്നെ നേരിട്ടു  കാണാതെ തന്നെ  എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്. ഞാനറിഞ്ഞില്ല. അങ്ങയുടെ ഹൃദയത്തിലെ സ്നേഹം. ഞാന്‍ തിരിച്ചറിഞ്ഞില്ല...  യഥാര്‍ത്ഥ സ്നേഹം.''

അവളുടെ കണ്ണുനിറഞ്ഞു തുളുമ്പി.

"സാരമില്ല.. കരയരുത് ...നീ ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ യഥാര്‍ത്ഥ മുഖങ്ങള്‍....''

അവളുടെ കണ്ണുകളിലേയ്ക്ക് നോക്കികൊണ്ട്‌ അയാള്‍ ചോദിച്ചു.

"ഇനി പറയൂ..നീ വരുമോ എന്‍റെ കല്ലറയിലേയ്ക്ക് .."

അവള്‍ക്ക് ആ സ്നേഹം നിറഞ്ഞ വാക്കുകള്‍ നിരസിക്കാന്‍ കഴിഞ്ഞില്ല

"ഒരുപക്ഷെ ഒന്നിക്കാന്‍ വേണ്ടിയായിരിക്കാം നമ്മളിവിടെയ്ക്കെത്തിയത്..അല്ലേ...."

അവള്‍ പ്രേമപൂര്‍വ്വം യുവാവിനെ നോക്കികൊണ്ടു ചോദിച്ചു.

അയാള്‍ അവളെ തന്നിലേയ്ക്കു ചേര്‍ത്തുപിടിച്ചുകൊണ്ട് അയാളുടെ ശവക്കല്ലറയ്ക്കരികിലേയ്ക്ക് ഒഴുകി നീങ്ങി. അപ്പോള്‍ പ്രണയകാലങ്ങളില്‍ പാതിരാവില്‍ പൂക്കുന്ന അജ്ഞാത പുഷ്പത്തിന്‍റെ ഗന്ധം  അവിടങ്ങളിലൊക്കെ പരക്കാന്‍  തുടങ്ങിയിരുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ