ആര്‍ക്കോളജിസ്റ്റായ ചന്ദ്രശേഖറിന് തന്‍റെ നിരീക്ഷണ ജീവിതത്തില്‍ അമൂല്യമായ ഒന്ന് ലഭിച്ചത് കുടുംബവീടായ വെള്ളോട്ടുപുരയിലെ തെക്കേക്കണ്ടത്തില്‍ നിന്നായിരുന്നു. പണ്ട് ഒരു നദിയുടെ കളിചിരികള്‍ മുഴങ്ങിക്കേട്ടിരുന്നു ഇവിടെ എന്ന അറിവില്‍ തന്‍റെ മണ്ണുമാറ്റിയുള്ള പരീക്ഷണ കൗതുകം പ്രോജ്വലിപ്പിക്കുവാന്‍ ശ്രമിച്ചപ്പോഴാണ് അതു സംഭവിച്ചത്.
താന്‍ പ്രതീക്ഷിച്ച ഫോസിലുകള്‍ക്കും നദിയുടെ നീരൊഴുക്കള്‍ക്കും പകരം കനക നിര്‍മ്മിതമായ, അതിശയിപ്പിക്കും വിധം കൊത്തുപണികളുള്ള ചെറു മന്ദിരം. കോഴിമുട്ടയുടെ ആകൃതിയുള്ള അതിന്‍റെ നാലുഭാഗത്തും ചതുരാകൃതിയുള്ള വാതിലുകള്‍ പോലെയുള്ള ഭാഗങ്ങള്‍. സ്വന്തമായുള്ള മണ്ണുമാറ്റലും സ്വന്തം പുരയിടവുമായതിനാല്‍ ആരും അറിഞ്ഞില്ല. ചന്ദ്രു അതിന്‍റെ ഓരോഭാഗങ്ങളായി വൃത്തിയാക്കുവാന്‍ തുടങ്ങി. ഓരോ ചിത്രാലങ്കാരങ്ങളും വെളിച്ചം കണ്ടുകൊണ്ടിരുന്നു. അതിനിടയില്‍ കൈ ഒരു നക്ഷത്ര ചിഹ്നത്തിന്‍റെ നടുവിലെ വൃത്തരൂപത്തില്‍ അമര്‍ന്നു. ആ അത്ഭുത വസ്തു ഒരു വിമാനമായി മാറി, സ്വര്‍ണ്ണച്ചിറകുകളുള്ള വിമാനം.
നവയുഗ മനുഷ്യന്‍റെ അഹങ്കാര പൂര്‍ണ്ണമായ ചിന്താസിദ്ധാന്തത്തിന്‍റെ അടിത്തറയില്‍ നിന്നും മണ്ണ് ഒലിച്ചുപോകുവാന്‍ തുടങ്ങി എന്ന് ചന്ദ്രശേഖര്‍ ചിന്തിച്ചു. തന്‍റെ ചിന്തകള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമപ്പുറത്ത് എന്തോ ഒന്ന് പണ്ട് ഉണ്ടായിരുന്നു. പുരാണകഥകള്‍ ആരോ ചമച്ച ജീവിത ഗ്രന്ഥിയായ ഗുണപാഠ കഥകള്‍ മാത്രമെന്നുള്ള മനുഷ്യസങ്കല്പ്പം തവിടുപൊടിയായി ഇതാ തൊട്ടുമുമ്പില്‍. ചന്ദ്രു വലതുകാല്‍ വച്ചുതന്നെ കയറി. പിന്നെ അത്ഭുത വേഗത്തില്‍ ഒരു യാത്രയായിരുന്നു. അയാള്‍ ചിന്തകള്‍ക്കതീതമായ ഒരിടത്ത് എത്തിച്ചേര്‍ന്നു. പിറ്റേന്ന് പത്രത്തില്‍ അതൊരു വലിയ വാര്‍ത്തയായി വന്നു. "പ്രശസ്ത ആര്‍ക്കോളജിസ്റ്റ് ചന്ദ്രശേഖര്‍ ഭൂമി കുഴിച്ചുള്ള പര്യവേക്ഷണത്തിനിടെ മണ്ണിടിഞ്ഞ് അതിദാരുണമായി കൊല്ലപ്പെട്ടു."