മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

സമയം ഏകദേശം പതിനൊന്നര മണിയായിക്കാണും. മകരമാസത്തിന്റെ തണുപ്പിലും ഉമ്മറപടിയിൽ, വഴിയിലേക്ക് നോക്കി വിറങ്ങലിച്ചിരിക്കുന്ന ഒരു പന്ത്രണ്ടു വയസുകാരി. ദൂരെയൊരു വെളിച്ചം. പതിയെ അടുത്തടുത്ത് വന്ന ആ വാഹനം,

അതൊരു ആംബുലൻസ് ആയിരുന്നു. വീട്ടിൽ കരച്ചിലും നിലവിളികളും ഉയർന്നു. ലക്ഷ്മി എഴുന്നേറ്റു, ചുവരിലേക്കു ചാരി നിന്നു. തൊണ്ടയിൽ നിന്ന് എന്തോ ഒന്ന് മുകളിലേക്ക് വന്നുവെങ്കിലും, വായിൽ നിന്നും ഒന്നും പുറത്തു വരാതെ നിന്ന അവളെ അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു. ആ തണുത്ത രാത്രിയിലും അവളുടെ കണ്ണുകൾ മരുഭൂമി പോലെ വരണ്ടു കിടന്നു.

അവൾക്ക്  അവളുടെ പ്രിയപ്പെട്ട അമ്മൂമ്മയെ നഷ്ടമായിരിക്കുന്നു, എന്നേക്കുമായി.  അവളും അമ്മൂമ്മയും ഒരേ മുറിയിലാരുന്നു ഉറങ്ങുന്നത്. അമ്മൂമ്മ അവൾക്ക് കഥകൾ പറഞ്ഞു കൊടുക്കും, നാട്ടു വിശേഷം പറയും, പകരം അവൾ സ്കൂളിൽ നടന്ന കാര്യങ്ങളൊക്കെ പങ്കു വക്കും. തണുപ്പ് സമയത്തു കാല് കോച്ചിപ്പിടിക്കുമ്പോൾ നീട്ടിയൊരു വിളിയാണ്,

ലക്ഷ്മിക്കുട്ടീന്ന്...

വിരലുകളൊക്കെ ഒരു വശത്തേക്ക് ചരിഞ്ഞു പോകും... വേദന സഹിക്കാൻ പറ്റില്ല അമ്മൂമ്മക്ക്‌. അപ്പോൾ  അവളാണ് കാല് തിരുമ്മി ചൂട് ആക്കിക്കൊടുക്കുന്നത്. കുറച്ചു തിരുമ്മുമ്പോൾ കാല് പഴയതു പോലെയാകും.

അമ്മൂമ്മ മരിച്ചിരിക്കുന്നു. വീട്ടിലാകെ കരച്ചിലിന്റെ തിരമാലകൾ അലയടിച്ചു. ഉയർന്ന നിലവിളികൾ, ചിലപ്പോൾ വളരെ നേർത്ത വിങ്ങലുകൾ.

ആരൊക്കെയോ അമ്മൂമ്മയെ കട്ടിലിൽ കൊണ്ടു വന്നു കിടത്തി. ലക്ഷ്മി പതുക്കെ അടുത്ത് ചെന്നു. കണ്ണടച്ച് ശാന്തമായി ഉറങ്ങുകയാണ് അമ്മൂമ്മ. കുറേ നേരം നോക്കി നിന്നു. നെറ്റിയിൽ എപ്പോഴുമുള്ള ഭസ്മക്കുറി ഇല്ല. അവൾ കാലിന്റെ ഭാഗത്ത്‌ പോയി നിന്നു. പതിയെ ആ കാലുകളിൽ തൊട്ടു.  മഞ്ഞുകട്ടയിൽ തൊട്ട പോലെ അവളുടെ കൈകൾ പൊള്ളി. എന്തൊരു തണുപ്പ്. എങ്ങനെയാണു കാലുകൾ ഇത്രേം തണുത്തത്. ആരോട് ചോദിക്കും. എല്ലാവരും സങ്കടത്തിലാണ്.

അല്പം കഴിഞ്ഞു.. മൊബൈൽ മോർച്ചറി കൊണ്ടുവന്നു. അമ്മൂമ്മയെ അതിൽ കിടത്തി. കണ്ണാടി കൊണ്ടുള്ള അടപ്പിട്ടു മൂടി. തലയുടെ ഭാഗത്ത്‌ വിളക്ക് കൊളുത്തി വച്ചു. ചന്ദനതിരിയുടെ മണം അവിടമാകെ വ്യാപിച്ചു.

ലക്ഷ്മി നടന്നു അമ്മൂമ്മയുടെ അടുത്തേക്ക് വീണ്ടും ചെന്നു. കുറേ നേരം നോക്കി നിന്ന അവൾ പെട്ടിയിൽ മെല്ലെ തൊട്ടു. അവൾക്കു മനസിലായി ആ പെട്ടിക്കുള്ളിലും തണുപ്പാണെന്ന്. കണ്ണാടിപെട്ടിയിൽ നീരാവി പോലെ വെള്ളം പറ്റി പറ്റി ഇരിക്കുന്നു. അതുകൊണ്ട് തന്നെ മുഖം വ്യക്തമായി കാണുന്നില്ല. അവൾ കൈ കൊണ്ടു തുടച്ചു. ഇപ്പോൾ നന്നായി കാണാം. ഇപ്പോൾ അമ്മൂമ്മക്ക്‌ ഭസ്മക്കുറിയുണ്ട്. സ്വർണഫ്രെയിം ഉള്ള കണ്ണാടിയും മുഖത്തു വച്ചിട്ടുണ്ട്.

തണുത്തുറഞ്ഞു പെട്ടിയിൽ കിടക്കുന്ന അമ്മൂമ്മയെ അവൾ നോക്കി നിന്നു. കോച്ചിപ്പിടിക്കുന്ന കാലുകളെ കമ്പിളി പുതപ്പിനുള്ളിൽ ആക്കി, ഫാൻ പോലും ഇടാതെ ഉറങ്ങിയിരുന്ന അമ്മൂമ്മ, എങ്ങനെയീ കണ്ണാടിപ്പെട്ടിയിൽ തണുത്തു മരവിച്ചു കിടക്കുന്നു...

"വേണ്ടാ ഇതീ കിടത്തണ്ടാ, ഇതീ തണുപ്പാ അമ്മൂമ്മക്ക്‌ തണുപ്പിഷ്ടമല്ലാ, ഇതീന്ന് മാറ്റാൻ പറ ഇതീന്ന് മാറ്റാൻ പറ, കാല് കോച്ചിപ്പിടിക്കും.. "


കണ്ണാടിപ്പെട്ടിയിൽ അടിച്ചു ബഹളം വയ്ക്കുന്ന ലക്ഷ്മിയെ ആരൊക്കെയോ ചേർന്ന് പിടിച്ചു മാറ്റി. അച്ഛനോടി വന്നവളെ എടുത്തു മുറിയിലേക്ക് കൊണ്ടു പോയി.

അപ്പോഴും അവൾ അതു തന്നെ പുലമ്പിക്കൊണ്ടിരുന്നു...

കാലുകൾ കോച്ചിപ്പിടിക്കാത്ത, ലോകത്തിരുന്നു അമ്മൂമ്മ അവളെ നോക്കി പുഞ്ചിരിച്ചു. !!!!

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ