വാതിലിൽ തുടരെ തുടരെയുള്ള മുട്ട് കേട്ടാണ് മനോജ് ഉണർന്നത്.
''മനോജ്, മനോജ്,"
നീട്ടി വിളിക്കുന്നത് കാവ്യയാണ്.
"ദാ, വരുന്നു," മനോജ് വിളിച്ച് പറഞ്ഞു. മാളൂട്ടി ഉണർന്നിട്ടില്ല.
മനോജ് വാതിൽ തുറന്നു.
കാവ്യ ചെറുതായി ചിരിച്ച് കൊണ്ട് അകത്തേക്ക് കടന്നു സോഫയിൽ ഇരുന്നു.
"മോളൂട്ടി ഉണർന്നില്ലേ മനോജ് " കാവ്യ ചോദിച്ചു.
" ഇല്ല" മനോജ് അലക്ഷ്യമായി പറഞ്ഞു.
"നീ പോയി കിടന്നോളൂ, യാത്ര കഴിഞ്ഞ് വന്നതല്ലേ, ക്ഷീണം കാണും, ഞാൻ ചായയെടുക്കാം"
മനോജ് കൂട്ടിച്ചേർത്തു.
"ഓ, ക്ഷീണം ഒന്നുമില്ല, ഞാൻ കുളിച്ചിട്ട് വരാം, രണ്ട് മാസത്തേക്ക് വർക്ക് ഫ്രം ഹോം കിട്ടിയിട്ട് പ്രോപ്പർ ആയിട്ട് വർക്ക് ഒന്നും നടക്കുന്നില്ല. ഇപ്പോഴിതാ, ഒരാഴ്ച ലീവും, ഇന്നു തൊട്ട് വർക്ക് തുടരണം, എല്ലാം പെൻഡിങിലാണ്.
എന്തായാലും ഒരു ചായയെടുത്തോ...., കാവ്യ പറഞ്ഞ് കൊണ്ട് ഉള്ളിലേക്ക് പോയി.
കുളിയും, ചായ കുടിയുമൊക്കെ കഴിഞ്ഞ് ലാപ്ടോപ്പും തുറന്ന് ഇരുന്നപ്പോഴാണ് കാവ്യയുടെ അടുത്തേക്ക് മനോജ് വീണ്ടുമെത്തുന്നത്.
"കാവ്യ തിരക്കിലാണോ"
മനോജ് ചോദിച്ചു.
''തിരക്കുണ്ട് ,മനോജ് കാര്യം പറഞ്ഞോളൂ, "
കാവ്യ മനോജിന്റെ മുഖത്തേക്ക് നോക്കി.
"അല്ല, യാത്രയുടെ വിശേഷങ്ങൾ ഒന്നും പറഞ്ഞില്ല." മനോജ് പതിയെ പറഞ്ഞു.
"അതാണോ ,അടിപൊളി ട്രിപ്പായിരുന്നു. മൈക്കിളിന്റെ പാട്ടും കുടകിലെ കുളിരും കൂടിയായപ്പോൾ മൊത്തത്തിൽ സൂപ്പറായിരുന്നു.
കുരുമുളകിട്ട പോർക്ക് മൈക്കിളിന്റെ സ്പെഷ്യലാണ്."
കാവ്യ വാചാലമായി.
"കാവ്യാ, ഞാൻ കുറച്ചായി പറയണമെന്നു കരുതുന്നു,
നമ്മൾക്ക് ഡിവോഴ്സ് വാങ്ങി കൂടേ, ഞാൻ മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിക്കുവാണ്."
മനോജ് പറഞ്ഞ് നിർത്തി.
കാവ്യ ഒന്നും മിണ്ടിയില്ല.
"കാവ്യാ ,നമ്മുടെ മാളൂട്ടി വളർന്നു വരികയാണ്. നീയും മൈക്കിളും തമ്മിൽ പ്രണയത്തിലാണെന്നതിലും, നിങ്ങൾ ഒരുമിച്ച് താമസിക്കുന്നതിലും ഞാൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലല്ലോ,
പക്ഷെ ഒരു നാളിൽ നമ്മുടെ മകളറിയില്ലേ, നമ്മളൊരു ഒത്തുതീർപ്പ് ഭാര്യ ഭർത്താക്കന്മാരാണെന്ന്.,
എന്താണ് നീ എന്നിൽ നിന്നും വ്യത്യസ്തമായി മൈക്കിളിൽ കണ്ടത് "
" ശരിയാണ്, അവൾ ഒരിക്കൽ ഇതെല്ലാം തിരിച്ചറിയും," കാവ്യ കസേരയിലേക്ക് ചാരിയിരുന്നു തുടർന്നു.
"മനോജ്, നിങ്ങളൊരു റേപ്പിസ്റ്റ് ആണെന്നു നിങ്ങൾക്ക് തോന്നിയിട്ടില്ലേ,?
നിങ്ങളെപ്പോഴും നിങ്ങളെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്, നിങ്ങളുടെ സുഖവും സൗകര്യവുമായിരുന്നു വലുത്.
നിങ്ങളുടെ സുഹൃത്തുക്കൾക്കിടയിൽ, സമൂഹത്തിൽ, ബന്ധുക്കൾക്കിടയിൽ നമ്മൾ മാതൃകാ ദമ്പതിമാരാണ്. നിങ്ങളൊരു പുരോഗമ വാദിയായ ഭർത്താവും.
ശരിയാണ്, മൈക്കിളുമായിട്ടുള്ള എന്റെ ബന്ധത്തെ നിങ്ങൾ എതിർത്തിട്ടില്ല.
നിങ്ങളൊന്നു ആലോചിച്ച് നോക്കൂ മനോജ്,
നിങ്ങൾക്ക് അതിനു കഴിയുമായിരുന്നോ?
നിങ്ങളൊരു റേപ്പിസ്റ്റ് ആണെന്നതിൽ ഒരിക്കൽ പോലും നിങ്ങൾക്ക് കുറ്റബോധം തോന്നിയിട്ടില്ലല്ലോ?
മൈക്കിൾ, ഒരിക്കൽ പോലും എന്റെ അനുവാദമില്ലാതെ എന്നെ സ്പർശിച്ചിട്ടില്ല. പക്ഷെ നിങ്ങൾ എത്ര തവണയാണ് എന്നെ റേപ്പ് ചെയ്തത്?
ഭാര്യ എന്നാൽ അനുവാദമില്ലാതെ ഭോഗിക്കാനുള്ളതാണെന്നാണോ നിങ്ങൾ കരുതിയത്.
നമ്മുടെ മാളൂട്ടി പോലും ഉണ്ടായത് അങ്ങനെയല്ലേ?
ഒരു വെള്ളിടി വെട്ടിയത് പോലെ തോന്നി മനോജിന്.
കാവ്യ തുടർന്നു.
"നിങ്ങളെന്റെ മാളൂട്ടിയുടെ അച്ഛനാണ്, എന്റെ അച്ഛൻ ഉത്തമ മരുമകനായി കണ്ടത് നിങ്ങളെയാണ്, എന്റെ അച്ഛനും അമ്മയും മരിക്കുന്നത് വരെയീ നാടകം എനിക്ക് തുടരണമെന്നുണ്ട്. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ ഡിവോഴ്സിന്റെ കാര്യങ്ങൾ നോക്കി കൊള്ളൂ, ഞാനും മൈക്കിളും തമ്മിലുള്ള ബന്ധം ഒരു പക്ഷെ തുടരണമെന്നില്ല, മാളൂട്ടി ഒരിക്കൽ ഇതെല്ലാം അറിയും. പക്ഷെ ,ഭാര്യയെ ബലാത്സംഘം ചെയുന്ന അച്ഛന്റെ കഥ അവൾ അറിയില്ലായെന്നു മാത്രം ഞാൻ ഉറപ്പ് നൽകാം.''
ലാപ്ടോപ്പ് അടച്ച് വച്ച് കൊണ്ട് കാവ്യ എഴുന്നേറ്റു പുറത്തേക്ക് നടന്നു.
കരയുവാൻ പാകത്തിൽ അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.