(രാജേഷ് ആട്ടീരി)
അന്ന് ഒരു മഴ ദിവസമായിരുന്നു. സായാഹ്നം. ഒരു വൃദ്ധൻ പതുക്കെ റോഡരികിലൂടെ കുട ചൂടി നടക്കുകയാണ്. സമയവും ജീവിതവും സായാഹ്നത്തിലാണ്.
മഴ ഒരു അനുഗ്രഹമാണ്കാ, രണം മഴയത്തു മനസ്സിലെയും വദനത്തിലെയും ദുഃഖഭാവങ്ങൾ അദൃശ്യമാണ്.
ബാല്യം,അധഃകൃത സമുദായമെന്ന അവഗണനയുടെ തീച്ചൂളയിൽ വെന്തുരുകി. മനസ്സാകുന്ന അഗ്നിയെ അണക്കുവാൻ പരിഹാസമാകുന്ന ജലത്തിന് സാധിച്ചില്ല . കഠിനാദ്ധ്വാനം ജീവിതമന്ത്രം. വിദ്യാഭ്യാസത്തിന്റെ നന്മകൾ മനസ്സിൽ വേരൂന്നിയപ്പോൾ അവൻ സംസ്കൃതൻ ആയി. ഉയരങ്ങളിലേക്ക് ഓരോ പടവുകൾ കയറുമ്പോഴും അവൻ വിനീതനായിരുന്നു.
യൗവ്വനം. ഒരു മനുഷ്യായുസ്സിന്റെ സർവ്വ ശക്തിയും ആവാഹിച്ചു പ്രവർത്തിയുടെ അത്യുന്നത ശൃംഗങ്ങൾ അവൻ കീഴടക്കി. സമൂഹം അവനെ അംഗീകരിച്ചു.
ഇന്ന് അവൻ്റെ ശൈലികൾ അവഗണിക്കപ്പെടുന്നു. കൃത്യനിഷ്ഠയും ആത്മാർത്ഥതയും നിർഗുണന്റെ പര്യായങ്ങളായി മാറി. ക്ഷമിക്കുന്നവൻ ദുർബലന്റെ പ്രതീകമായി.
പണക്കൊഴുപ്പിൻറെയും അഹന്തയുടെയും യുഗം പിറന്നപ്പോൾ അറിവിൻ്റെ നിറകുടങ്ങൾ കറിവേപ്പിലകളായി. കുടുംബത്തിൽ നിന്ന് നിഷ്‌കാസിതനായി.
ഒടുവിൽ വൃദ്ധമന്ദിരമായിരുന്നു ആശ്രയം. അവിടേയും വ്യാപാരവത്ക്കരണം എന്ന രാക്ഷസൻ അട്ടഹസിച്ചപ്പോൾ സ്വയമേവ പിൻവാങ്ങി. മേലെ ആകാശം താഴെ ഭൂമി. ഇനി സ്വന്തം വസ്ത്രങ്ങളും കുടയും മാത്രം സ്വത്ത്!
പദവികൾ കുമിളകൾ!
ജീവിത സായാഹ്നത്തിൽ നിന്ന് മരണമാം നിശ ഒരു സാന്ത്വനമായി അവനെ എന്ന് മാടി വിളിക്കും?