മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(അബ്ബാസ് ഇടമറുക്)

പള്ളിക്കുമുന്നിലുള്ള ഇടവഴിയിലെ കൊച്ചുവീട്. റോസാച്ചെടികൾകൊണ്ടുനിറഞ്ഞ അതിന്റെ മുറ്റം. ആ മുറ്റത്ത് ഇപ്പോൾ അയൽക്കാർ ഓരോരുത്തരായി നിരന്നിട്ടുണ്ടാവും. ആ റോസാച്ചെടികൾപോലും ഇപ്പോൾ കണ്ണുനീർ പൊഴിക്കുന്നുണ്ടാവും.

മരണവീട്ടിലേക്ക് നടന്നെത്താൻ ഏതാനും സമയം മതി .'ആയിഷയുടെ' മരണത്തിൽ പങ്കെടുക്കാനായി ആളുകൾ കൂട്ടത്തോടെ ഇടവഴിതാണ്ടി നടന്നുപോകുന്നത് മനസ്സിൽക്കാണാം .അവരുടെ സങ്കടംനിറഞ്ഞ മുഖത്തിനുനേരെ പ്രഭാതസൂര്യന്റെ പ്രകാശം വിതറുന്നുണ്ടാവും .പള്ളിക്കവലയിൽനിന്നും ഏതാനുംചുവടുകൾ മുന്നോട്ടുനടന്നിട്ടു വലത്തോട്ടുള്ള ഇടവഴി തിരിഞ്ഞാൽ അവളുടെ വീടായി .

മുറ്റത്തെ റോസാപ്പൂക്കളുടെ വസന്തം മനസ്സിൽനിറഞ്ഞുനിൽക്കുന്നു .അവൾ നാട്ടുനനച്ചുവളർത്തിയ കുട്ടികളെപ്പോലെകരുതി പരിലാളിച്ചുവളർത്തിയ റോസാച്ചെടികൾ .പരിചാരകയുടെ അകമഴിഞ്ഞ സ്നേഹത്താൽ പൂത്തുലഞ്ഞ റോസാച്ചെടികൾ .

വീടിനുമുന്നിൽ ടാർപോളിൻകൊണ്ടു താൽക്കാലികമായി ഉണ്ടാക്കിയ കൊച്ചുപന്തൽ .പന്തലിനുള്ളിലായി നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ ഏതാനും ആളുകൾ .മയ്യിത്ത് കുളിപ്പിക്കാനായി എടുത്തിട്ടുണ്ടാവും .

മുറ്റത്തെ റോസാപൂത്തോട്ടത്തിൽ ഇളംവെയിൽ ചൂടുപരത്തിത്തുടങ്ങിയിരിക്കുന്നു .പരിചാരകയുടെ വിയോഗത്തിലും തങ്ങളുടെ കടമനിർവഹിക്കാനായി വിടർന്നു സുഗന്ധംപരത്തിനിൽക്കുന്ന പൂക്കൾക്കരികിൽ ചിത്രശലഭങ്ങൾ പാറിപ്പറക്കുന്നു .

അവളുടെ മരണദിവസമായതിനാൽ അയാൾ അന്ന് ജോലിക്കുപോയില്ല .മരണവീട്ടിലും പോയില്ല .തന്റെമുറിയിലെ ചാരുകസേരയിൽ കിടന്നുകൊണ്ട് അയാൾ മരണവീടിനുനേർക്ക് മിഴികൾ പായിച്ചു .അയാളുടെ മിഴികൾ ഈറനണിഞ്ഞിരുന്നു .

ആയിഷയെ അയാൾക്ക്  എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു .അവൾ അയാളെവിട്ടുകൊണ്ട് അകലുകയാണ് .വിധി മരണത്തിന്റെ രൂപത്തിൽ അവളെ കൂട്ടിക്കൊണ്ടുപോകുന്നു .അവളുടെ വിയോഗം അയാളെ വല്ലാതെ തളർത്തി .ഇനിമുതൽ അവൾ മനസ്സിലൊരു ഉണങ്ങാത്ത മുറിവായി അവശേഷിക്കും .അയാൾ ചുവരിലെ ക്ളോക്കിലേക്ക് നോക്കി .സമയം ഒരുപാട് കടന്നുപോയിരിക്കുന്നു .ഇനി നിമിഷങ്ങൾ മാത്രം .

തന്റെ ആയിഷാ ...അല്ല ...അവൾ തന്റേതായിരുന്നില്ലല്ലോ .ഏതാനും നിമിഷങ്ങൾ കഴിയുമ്പോൾ അവൾ പള്ളിക്കാട്ടിലേക്ക് യാത്രയാകും .പിന്നെ ആറടിമണ്ണിനുള്ളിൽ ...ഖബറിൽ അവളെ അടക്കപ്പെടും .

മരണവീട്ടിൽ ബന്ധുക്കളേയും നാട്ടുകാരെയുംകൊണ്ട് നിറഞ്ഞിട്ടുണ്ടാവും .അവർ അവളെ കുളിപ്പിച്ചു വെള്ളത്തുണിയിൽ പൊതിഞ്ഞിട്ടുണ്ടാവും .ചുറ്റും ചന്ദനത്തിരിയുടേയും ,മറ്റു സുഗന്ധദ്രവ്യങ്ങളുടെയും വാസന .പിന്നെ ...അതിന്റെയെല്ലാം മേലെ മുറ്റത്തുനിന്നു വീശിയടിക്കുന്ന റോസാപ്പൂക്കളുടെ സുഗന്ധം .

ആയിഷ .സൗന്ദര്യത്തിന്റേയും നിഷ്കളങ്കതയുടേയും പ്രതിരൂപം .ആകാശത്തിനുകീഴെ മിണ്ടാപ്രാണിയെപ്പോലെ ജീവിച്ചവൾ .എല്ലാവരേയും സ്നേഹിക്കാൻ മാത്രമറിയാവുന്നവൾ .അയാൾ ഓർക്കുകയായിരുന്നു .നഷ്ടപ്പെട്ടത് ഭൂമിയിലെ ,ഹൃദയത്തിലെ എല്ലാം ബീബിയെയാണ്  .അയാളുടെ മനസ്സു നീറിപ്പിടഞ്ഞു .

"ആയിഷാ ...നീ എന്തിന് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു .നിർഭാഗ്യവാനായെ എന്റെ ഹൃദയത്തിലേക്ക് .പ്രണയത്തിന്റെ വസന്തങ്ങൾ വിരിയിച്ചുകൊണ്ട് റോസാപ്പൂക്കളുമായി എന്തിനു കടന്നുവന്നു .?"

പ്രയാപ്പൂർത്തിയായപ്പോഴേക്കും ഉത്തരവാദിത്വങ്ങളുടെ ഭാരിച്ച ചുമട് തൊലിലേറ്റേണ്ടിവന്ന അവസ്ഥ .മരംവെട്ടുകാരനായ ബാപ്പ പെട്ടന്നാണ് മരത്തിൽനിന്നും വീണു പരിക്കുപറ്റി കിടപ്പിലായത്‌ .സഹായിക്കാൻ പറയത്തക്കതായിട്ടു ബന്ധുക്കളൊന്നുമില്ല .മുന്നോട്ട് എങ്ങനെ ജീവിക്കും എന്നറിയില്ല .അതുവരെക്കണ്ട മോഹക്കിനാക്കളൊക്കെയും പാഴ്ക്കിനാവുകളാവുന്ന അവസ്ഥ .

ബാപ്പയുടെ ചികിത്സ ,സഹോദരിയുടെ പഠനം ,കെട്ടിച്ചയച്ച ഇത്താത്തയുടെ സ്ത്രീധനക്കടം .എല്ലാംകൂടി ഭ്രാന്തുപിടിക്കുന്ന അവസ്ഥ .രാപ്പകലില്ലാതെയുള്ള അധ്വാനത്തിന്റെ നാളുകൾ .

നിത്യവും കണ്ണുനീരൊഴുക്കി പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ഉമ്മയുടെ മുഖം ഇന്നും നോവായി നെഞ്ചിലുണ്ട് .മകൻ ഒരുപാട് ഉയരങ്ങളിലെത്തുന്നത് സ്വപ്നം കണ്ടിട്ട് നിറവേറിക്കാണാൻ ഭാഗ്യമില്ലാതെപോയ ഉമ്മയുടെ സങ്കടം .

ഇതിനെല്ലാമിടയിലാണ് അയൽക്കാരിയും ,സഹപാഠിയുമായ ആയിഷയുമായുള്ള പ്രണയം .എങ്ങനെയാണ് അവളെ ഇത്രക്ക് ഇഷ്ടമായതെന്നറിയില്ല .പക്ഷേ ,ഒന്നറിയാം ...ആ പ്രണയബന്ധം അവളുടെ സ്നേഹം അയാൾക്ക് ഏറെ വിലപ്പെട്ടതായിരുന്നു .അറിഞ്ഞും അറിയാതെയുമായി അവളുടെ സാമീപ്യത്തിനായി മനസ്സുകൊതിച്ചുകൊണ്ടിരുന്നു .അവളുടെ കാലടി ഒച്ചക്കായി ...ആശ്വാസവാക്കുകൾക്കായി കാതു കൊതിച്ച ദിനങ്ങൾ .

അസ്വാസ്ഥ്യങ്ങളുടേയും ,സങ്കടങ്ങളുടേയും ഇടയിലുള്ള ജീവിതം .അതിനിടയിൽ തീരാ സ്നേഹവുമായി ആയിഷയെപ്പോലെ നിഷ്‌കളങ്കയായ ഒരു പെൺകുട്ടി .അവളുമായുള്ള പ്രണയം പലപ്പോഴും വേണമോ എന്ന് ചിന്തിച്ചിട്ടുണ്ട് .

വൈകുന്നേരങ്ങളിൽ തോട്ടുവക്കിൽവെച്ചുള്ള കണ്ടുമുട്ടലുകൾ .റോസാച്ചെടികളെക്കുറിച്ചുള്ള അവളുടെ വാതോരാതെയുള്ള പുലമ്പലുകൾ .അവൾതീറ്റാൻകൊണ്ടുവരാറുള്ള ആട്ടിൻകുട്ടികളുടെ മണികിലുക്കങ്ങൾ .എല്ലാം ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു .

എന്നിട്ടും എവിടെവെച്ചാണ് അവളെ അവസാനമായി കണ്ടതെന്നും ,യാത്രപറഞ്ഞുപിരിഞ്ഞതെന്നും അറിയില്ല .അത് ഓർത്തെടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം മനസ്സിന്റെവേദന അതിനെ മറച്ചുകളയുന്നു .

ഒരിക്കലും ഒന്നാവാൻ കഴിയില്ല .പ്രാരാബ്ദംനിറഞ്ഞ ജീവിതത്തിലേക്ക് എളുപ്പമൊന്നും അവളെ കൈപിടിച്ചുകൂട്ടാനാവില്ല ...തനിക്കായി അവൾ ...കാത്തിരിക്കുന്നതിൽ അർത്ഥമില്ല . എന്നുമനസ്സിലാക്കിയപ്പോൾ താൻതന്നെയാണ് വേദനയോടെയാണെങ്കിലും അവളെക്കൊണ്ട് നിർബന്ധിപ്പിച്ചു മറ്റൊരുവിവാഹത്തിനു സമ്മതിപ്പിച്ചത് .

എന്നിട്ടോ ?വിധി അവിടെയും അവളെ ക്രൂരമായി വേട്ടയാടി .ഭർത്താവിന്റെ മദ്യപാനം ,വീട്ടുകാരുടെപോര് എല്ലാം നാൾക്കുനാൾ ആയിഷയെ തളർത്തിക്കൊണ്ടിരുന്നു .ആയിടക്കാണ് എല്ലാവരേയും ഒന്നാകേനടുക്കിക്കൊണ്ട് ആ ദുരന്തമുണ്ടായത് .ഒരാക്സിഡന്റിൽപെട്ട് അവളുടെ ഭർത്താവ് മരണമടഞ്ഞു .അതോടെ അവളുടെ വിവാഹജീവിതവും അവസാനിച്ചു .വിവാഹംകഴിഞ്ഞിട്ടു വർഷം രണ്ടായെങ്കിലും അവൾക്കൊരു കുട്ടിയെ അള്ളാഹു കൊടുത്തില്ല .ഭർത്താവിന്റെ മരണശേഷം ഏതാനുംനാൾകഴിഞ്ഞപ്പോൾ അവൾതന്റെ വീട്ടിലേക്ക് മടങ്ങിപ്പോന്നു .

സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ ആയിഷക്ക് അവിടേയും സമാധാനം  കിട്ടിയില്ല .ആങ്ങളക്കും നാത്തൂനുമെല്ലാം അവളൊരു അധികപ്പറ്റായി തോന്നി .ബാപ്പയില്ലാത്ത അവൾ നിസ്സഹായായ ഉമ്മയോടൊത്തു ആ വീടിന്റെ ഉള്ളറകളിൽ ഒരു വേലക്കാരിയെപ്പോലെ ഒതുങ്ങിക്കഴിഞ്ഞുപോന്നു .

ഇടക്കെല്ലാം അവളെ കാണാനും സംസാരിക്കാനും ശ്രമിച്ചെങ്കിലും അയാൾ  പരാജയപ്പെടുകയായിരുന്നു.അവൾ എന്തുകൊണ്ടോ അയാളിൽ നിന്നും ഒഴിഞ്ഞുമാറി .

"മുഹമ്മദ് ...'വേറൊരു പെൺകുട്ടിയെ വിവാഹം കഴിക്കണം .എന്നിട്ടു സുഖമായി ജീവിക്കണം .അതാണ് എന്റെ ആഗ്രഹം .എനിക്കിനിയൊരു വിവാഹജീവിതമില്ല ."ഒരിക്കൽ ഇടവഴിയിൽവെച്ചുകണ്ടപ്പോൾ അവൾ അയാളോടുപറഞ്ഞു .

അവൾ അന്ന് അങ്ങനെ പറഞ്ഞെങ്കിലും പതിയെ അവളുമായി സംസാരിച്ചു മനസ്സുമാറ്റിയെടുക്കാമെന്നും.വൈകിയാണെങ്കിലും അവളെ തന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കൂട്ടാമെന്നും അയാൾ കരുതി .

നല്ലമനുഷ്യരെ അള്ളാഹു നേരത്തേ അവന്റെ അടുക്കലേക്ക് വിളിക്കുമെന്നാണല്ലോ .ആയിഷയുടെ കാര്യത്തിലും അതുതന്നെ സംഭവിച്ചു .

പെട്ടെന്നാണ് അവൾക്കൊരു പനിയുണ്ടായത് .കടുത്തപനി .അടുത്തുള്ള ഹോസ്പിറ്റലിൽ നിന്നൊന്നും മരുന്നുവാങ്ങിക്കഴിച്ചിട്ടും പനികുറയാതെ വന്നപ്പോൾ അവളെ വീട്ടുകാർ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി .അപ്പോഴേക്കും അവളുടെനില തീർത്തും വഷളായിക്കഴിഞ്ഞിരുന്നു .ഹോസ്പിറ്റലിലെത്തി രണ്ടാംദിവസം അവൾ ഈ ലോകത്തോട് വിടപറഞ്ഞു .

സമയം പതിനൊന്നുമണി .പതിനൊന്നരക്കാണ് കബറടക്കം പറഞ്ഞിരിക്കുന്നത് .അവളുടെ മുഖം അവസാനമായി ഒന്ന് കാണണമെന്നുണ്ട് .പക്ഷേ ,അവളുടെ ജീവനറ്റുള്ള ആ കിടപ്പുകാണാനുള്ള ശക്തി മനസ്സിനില്ല .കുടുംബാംഗങ്ങളെല്ലാവരും മരണവീട്ടിലാണ് .അയാൾമാത്രംപോയില്ല .

അതാ ആകാശത്തു സൂര്യനെ മറച്ചുകൊണ്ട് മേഘങ്ങൾ മെല്ലെവന്ന് മൂടുന്നു .കത്തിക്കാളിനിന്നിരുന്ന വെയിൽ മങ്ങുന്നു .ആയിഷയുടെ മയ്യിത്ത് പള്ളിക്കാട്ടിലേക്ക് എടുക്കുകയാണ് .അവളുടെ ഉമ്മയുടേയും ,മറ്റു ബന്ധുക്കളുടേയും അലമുറയിട്ടുള്ള കരച്ചിൽ മരണവീടിനെ സങ്കടത്തിലാഴ്ത്തുന്നു .അവിടെത്തടിച്ചുകൂടിയവരിൽ ചിലരെല്ലാം തൂവാലകൊണ്ട് കണ്ണുനീർതുടക്കുന്നു .ഈ സമയം മുറ്റത്തെ പൂംതോട്ടത്തിലെ റോസാപ്പൂക്കളെല്ലാം അനുശോചന സൂചകമായി തലകുനിക്കുന്നു .ചിലപൂക്കൾ ഇതളുകൾ കൊഴിച്ചുകൊണ്ട് തങ്ങളുടെ പ്രിയതമയ്ക്ക് യാത്രാപറയുന്നു .

"ആയിഷാ ...നിനക്ക് എല്ലാവിധ സ്വർഗീയ സുഖങ്ങളുംനിറഞ്ഞ ഒരു പരലോകജീവിതം നേരുന്നു .ഒരുനാൾ ഞാനും അല്ലാഹുവിന്റെ തീരുമാനത്താൽ പരലോകത്തെത്തിച്ചേരും .അവിടെവെച്ചു നമുക്കിനി കണ്ടുമുട്ടാം ."

അത്രയുംനേരം ഉള്ളിലൊതുക്കിയ തേങ്ങലത്രയും വല്ലാത്തൊരു പിടച്ചിലോടെ പുറത്തേക്കുവരുന്നത് അയാളറിഞ്ഞു .നിയന്ത്രിച്ചു നിർത്താനാവാത്തവിധം അത് പുറത്തുവന്നുകഴിഞ്ഞിരുന്നു.

"അള്ളാ ...ഇനിയുള്ള പരലോക ജീവിതത്തിലെങ്കിലും എനിക്ക് ഇണയായി ആയിഷയെ തരൂ ...!പ്രാർത്ഥനക്കൊടുവിൽ അയാൾ പൊട്ടിപൊട്ടിക്കരഞ്ഞു .കണ്ണുനീർത്തുള്ളികൾ അയാളുടെ ശരീരത്തിൽ നനവുകൾപടർത്തികൊണ്ട് ഒഴുകിയിറങ്ങി .

തുറന്നുകിടന്ന ജനാലയിലൂടെ അയാൾ ദൂരേക്ക് നോക്കി .ആളുകൾ ആയിഷയുടെ മയ്യിത്തുമായി പള്ളിക്കാട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു ആ സമയം .അയാളുടെ കണ്ണിൽനിന്നും നഷ്ടപ്രണയത്തിന്റെ ചൂടാർന്ന മിഴിനീർപ്പൂക്കൾ അടർന്നുവീണുകൊണ്ടിരുന്നു . 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ