"ചിദമ്പ ഇളയവൾ, ശിവന്റെ ശിരസ് പിടിച്ച് ഊഞ്ഞാലാടി. ചിദമ്പ മൂത്തവൾ കണ്ഠത്തിലൂടെ കൈകളിട്ട് ഇക്കിളിയാക്കി. ദണ്ഡൻ ത്രിശൂലത്തിൽ കിടന്ന തുടിയെടുത്തു അപസ്വരം മീട്ടി. കണ്ണടച്ചു ഹിമാലയത്തിലിരുന്ന ദേവന് പൊറുതി മുട്ടി. തിരുനയനങ്ങൾ തുറന്ന് തന്റെ സൃഷ്ടികളായ മക്കളെ നോക്കി. അവർ പേടിച്ചരണ്ട്.......... ചോദിച്ചു......"
കൊടുക്കാനിനി എന്തുണ്ട്.......... അച്ഛാ..?
ഒന്നും ഉരിയാടാതെ സംഹാരമൂർത്തിയായ ദേവൻ സൃഷ്ടിയുടെ അടയാളമായ " മൂന്ന് കോട്ടല വിത്തു മക്കൾക്ക് കൊടുത്തു. വിത്തു കിട്ടിയ മക്കൾ ആർത്തു വിളിച്ചു അപ്പോഴും അവർക്കൊരു സന്ദേഹം.
"വിത്ത് വിതച്ചിട്ടും മുളച്ചില്ലെങ്കിലോ?"
ശങ്ക തീർക്കാൻ മക്കൾ ശങ്കരന്റെ മെയ്യിൽ തന്നെ വിത്തെറിഞ്ഞു. നീലകണ്ഠന്റെ നീലമേനി നിറയെ "തൃക്കുരുപ്പ് വന്നു പന്തീരായിരം വസൂരി മാലയും" കുമിളിച്ചു വന്നു. ശേഷം കണ്ഠം പൊട്ടുമാറുച്ചത്തിൽ അലറി വിളിച്ചു.
പുലർകാല സ്വപ്നം കണ്ടുണർന്ന ആതിര അമ്മയ്ക്കരികിൽ കൂർക്കം വലിച്ചുറങ്ങുന്ന യഹാദിയാണ് കൊമ്പൻ മീശക്കാരനെ കണ്ടു. രാവിലെ സൂര്യനുദിച്ചു മുറിയിലേക്ക് വെളിച്ചമെത്തിയിട്ടും അയാൾ ചരിഞ്ഞ് കിടന്ന് കണ്ഠമുരസി കൂർക്കം വലി തുടർന്ന്.
ആരാമ്മേ അത്? അവൾ പേടിയോടെ ചോദിച്ചു.
താൻ വരുത്തിയ വിന തീർക്കാൻ ആരോടിയെത്തിമെന്നോർത്ത്. മനസും തനുവും തളരവേ അകത്തു നിന്നരിവൻ ആ വിളി കേട്ട്. നീലകണ്ഠന്റെ കണ്ടത്തിൽ വന്ന വഴി മുട്ടി കുതറിയോടിയ വീരൻ... അവസാനം കർണ്ണത്തിലൂടെ പുറത്തു ചാടി. ഭീകരൻ അവൻ ശിവ സന്നിധിയിൽ ഉറഞ്ഞാടി. ആയിരം സൂര്യനു സമമായ മുഖം. പന്തങ്ങൾകൊണ്ട് കൈകൾ. മെയ്യിൽ അഗ്നി. തലയിൽ ആളി കത്തുന്ന അഗ്നികുണ്ഡം. ശൂലവും പിന്നെ മണിയൊച്ചയും. തന്നുടലിൽ പിറന്ന മകനെ നോക്കി...... പരമേശ്വരൻ പറഞ്ഞു.
"ഈരേഴുലകിനും സംഹാരമൂർത്തിയാണിവൻ മഹാവ്യാധിക്ക് ഗമനമായി വന്ന കണ്ഠാകർണ്ണാ.... നീ വ്യാധി മാറ്റുവിൻ! നിന്റെ പിതാവിന്റെ.... പിന്നെ ഭൂലോകത്തേക്ക് ഉടനിറങ്ങുക... മഹാവ്യാധികൾക്ക് ഗമനമാകുക"
ഷുഗർ 130, പ്രെഷർ 190 ആൽബിമിൻ കൂടുതലാണ്. ചെറിയ സൈക്കിക് ഡിസോഡറാണ്. സഹകരണ ആശുപത്രിയാണെങ്കിലും നവീന ഉപകരണങ്ങളെല്ലാം പ്രയോഗിക്കുകയും നാടാകെ വിളംബരം ചെയുകയും വേണം. വയറുവേദനയ്ക്ക് എന്തിന് സി.ടി. സ്കാനിംഗ് എന്ന് ശ്യാമള ടീച്ചറെ കാണാനെത്തിയ യൂണിയൻ നേതാക്കൾ പോലും ചോദിച്ചില്ല.
തന്റെ ക്ലാസ് ടീച്ചറുടെ വിവരമറിയാൻ ആതിരയും എത്തിയിരുന്നു. അവൾ ഓർക്കുകയായിരുന്നു ആ ദിവസം.
"ടീച്ചർ.. നോക്കിയേ... ന്റെ വയറ്റിലെന്തോ ഇളകുന്നിലെ" ഒന്നൂല്യ കുട്ടി...... നിന്റെ തോന്നലാ..... ഈ പ്രായത്തിൽ ഇതൊന്നും ഉണ്ടാവില്ല. ഇനി അയാളെ........ അടുപ്പിക്കാതിരുനാൾ മതി.
പക്ഷെ 'അമ്മ അയാളുടെ കൂടെയാ....ഞാനെന്തുചെയ്യാനാ?"
അന്നേദിവസം വീട്ടിലെത്തിയപ്പോഴാണ് ശ്യാമള ടീച്ചർക്ക് അടിവയറ്റിൽ എന്തോ ഉരുണ്ടു കയറുന്നതായി തോന്നിയത്.
കൊമ്പൻ മീശക്കാരനും...... കണ്ഠമുരസി കൊണ്ടുള്ള കൂർക്കംവലിയും.. മങ്ങിയ ഇരുളും....
"മംഗലം കയിക്കാണ്ട്... പെങ്കുട്ട്യോള് നടന്നാ.... ഇങ്ങനേക്കേ.... തോന്നും" -വല്ല്യമ്മയുടെ ആവലാതി... പാതി കേട്ട്...പിന്നെയൊന്നും... ഓർമ്മയില്ല.
പ്രതീക്ഷിച്ചതൊന്നും കിട്ടാതെ നിരാശയോടെ മടങ്ങുന്ന അവനെ തന്നെ നോക്കി ഇരിക്കുകയാണ്...... കണ്ഠാകർണ്ണൻ.
ഭൂമിയിൽ തനിക്കിപ്പോൾ വലിയ റോളൊന്നുമില്ലെന്ന് അവനിപ്പോൾ മനസിലായി..... തുടങ്ങിയിരിക്കുന്നു.
കണ്ഠാകർണ്ണൻ അദൃശ്യമായി ശ്യാമള ടീച്ചറുടെ അരികിലെത്തി. ആതിര....ടീച്ചറുടെ നെറ്റിയിലൊരുമ്മ കൊടുത്തു.
ടീച്ചർക്കതെല്ലാ...... അല്ലേ... പക്ഷെ... നിക്ക് പണി പറ്റി.
വയർ തൊട്ടുകൊണ്ടവൾ പറഞ്ഞു. " നിക്ക്...... വാവയുണ്ടാകാൻ പോണു. അയാൾക്ക് അമ്മയെ മാത്രം പോരാത്രേ... അമ്മയ്ക്ക് എതിർപ്പൊന്നുമില്ലാട്ടോ...ഇനി ഞാൻ ടീച്ചറെ കാണൂല..... ഞാൻ പഠിപ്പ് നിർത്തി.
"ന്റെ കണ്ഠാകർണ്ണാ..." ശ്യാമള ടീച്ചർ മനസ്സിൽ വിളിച്ചു.
അപ്പോഴേക്കും ചൂട്ട് കുത്തി കെടുത്തി കണ്ഠാകർണ്ണൻ മലയിറങ്ങിയിരുന്നു.