മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

മുററത്തെ മുല്ലയ്ക്ക് മണമില്ലെന്നും ഞാവൽ പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പുണ്ണന്നുമുള്ള പഴഞ്ചൊല്ലുകളുടെ അർത്ഥവ്യാപ്തി ശരിയ്ക്കും അനുഭവച്ചറിഞ്ഞത് കോറോണ വൈറസ് വ്യാപനം തടയുന്നതിൽ ലഭിച്ച  ലോക്ക് ഡൗൺ കാലത്താണ്. 

ലോക്ക് ഡൗണിലെ ഒന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അതി വിരസതയേറിയ നിമിഷിങ്ങളിലാണ്, അസ്തമയസൂര്യന്റെ അരുണാഭമായ വദനത്തിൽ കടലമ്മ ചുടുചുംബനം നല്കി എതിരേൽക്കുന്നത് സാക്ഷിയാകാനുള്ള മോഹമുദിച്ചത്. എപ്പോഴും അങ്ങിനെയാണല്ലോ കാണാനും കേൾക്കാനും പറ്റാത്തത് കരഗതമാക്കാനുള്ള വ്യാമോഹത്തിൽ നിന്നാണെല്ലോ മോഹമുദിക്കാറ്.

വീട്ടിൽ നിന്ന് ഏകദേശം, ഒരു വിളിപാട് അകലെയുള്ള കടലമ്മയെ കാണാനുള്ള ഇത്രയും കലശലായ മോഹം മുമ്പെങ്ങുംമുണ്ടായിരുന്നില്ല. പക്ഷേ, പുറത്തിറങ്ങാൻ പോലീസോ വീട്ടുകാരോ സമ്മതിക്കില്ലല്ലോ!  പുറത്തെ പോലീസുകാർ ചെറിയ ഇളവൊക്കൊ നൽകി തുടങ്ങിയുട്ടെണ്ടെങ്കിലും വീട്ടിലെ പോലീസുകാരുടെ കാർക്കശ്യത്തിന് ഒരിളവും പ്രതീക്ഷിക്കേണ്ട. 

മോഹത്തിന് ചങ്ങലയിടുന്നതിനു മുമ്പ് ഒരു ശ്രമം നടത്താമെന്നു കരുതി.

മുള്ളിനെ മുള്ളുകൊണ്ട് എടുക്കുക എന്ന ആശയം പ്രാവർത്തികമാക്കി കൊണ്ട് ആദ്യം തന്നെ പ്രിയതമയിൽ അസ്തമയസൂര്യന്റെ ചെങ്കതിർ മായാജാലവും കടലമ്മയുടെ വരവേൽപ്ന്റെ വർണ്ണനയും അതിലുപരി കോറണക്കാലത്തിനു ശേഷം ചില മോഹവാഗ്ദാനങ്ങളും നൽകി  പാട്ടിലാക്കി ധൃതംഗപുളകിതനായി.

പ്രയതമയുടെ കൂറുമാറ്റത്തിലൂടെ ശോഷിച്ച പോയ വീട്ടിലെ അമ്മ പോലീസിന്റെ അക്രമണത്തിൽ നിന്ന് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ട്  വേഗത്തിൽ    കടൽത്തീരമണഞ്ഞു.

ചേമന്തി പൂക്കൾ വാരിവിതറി പകലോൻ കടലമ്മയെ ചുംബിച്ച് സാഗരമാളികയിൽ പള്ളിയിറുക്കത്തിന്  പോകാനൊരുങ്ങുകയാണ്.  വിണ്ണിെന്റെ ഭിത്തിയിലെ വർണ്ണ ചിത്രങ്ങക്ക് പ്രഭയേകി താരകന്യമാർ ആകാശഗോപുരത്തിൽ വിളക്ക് തെളിയിച്ചു. മനസ്സിന് ഇത്രയും ശീതളമ നൽകുന്ന കാഴ്ച ഈ ഭൂവിൽ വേറെയില്ല. 

കടൽത്തീരത്തിന്റെ ഏകാന്തതയും ആഴത്തെയും അനുഭവിക്കാനുള്ള ത്വരയിൽ, കടൽത്തിര  മണ്ണിൽ പൂഴ്ത്തി വെച്ച രഹസ്യo ചൂഴ്ന്നെടുക്കാൻ ഞാനാ കടൽ തീരത്തെ ആത്തൊന്നു പുൽകിയ ശേഷം ചക്രവാള സീമയിൽ കടലിലെ ഓളപരപ്പിൽ മുട്ടുന്ന മഴവിൽ  പാതയിലൂടെ പതുക്കെ ആഴിതൻ അഗാധതയിൽ  വർണ്ണ വിസ്മയങ്ങൾ തേടി നടന്നുനീങ്ങി.

നിശ്ച്ലമായ പളുങ്ക്നീല പരവതാനിയിട്ട ആഴക്കടലിൻ ഇടനാഴിയിലൂടെ  തിരയുടെ മണികൈയ്യും  പിടിച്ച്  ഉയർന്നുപൊങ്ങുന്ന വർണ്ണക്കുമിളകളിലൂടെ ഊളിയിട്ട് വെൺ കല്ലിൽ ചിപ്പിയും പവിഴമുത്തുകളും പാകി ആയിരം വർണ്ണങ്ങൾ വാരി  വിതറിയ മനോഹരമായ   കൊട്ടാര സദൃശ്യമായ ഒരു കെട്ടിടത്തിനു മുന്നിൽ ഞാനെത്തി.

കൊട്ടാരത്തിനുള്ളിൽ കടന്നപ്പോഴാണ്   അതൊരു തിരക്ക് പിടിച്ച   റെസ്റ്റോറന്റാണെന്ന് മനസ്സിലായത്. ഏറെ നേരെത്തെ കാത്തിരിപ്പിനുശേഷമാണ്, രണ്ട് പേർക്ക്  മാത്രമിരിക്കാവുന്ന  ഒരു തീൻ മേശയ്ക്ക് മുമ്പിൽ  സുന്ദരിയായ ഒരു ഡോൾഫിൻ എന്നെ കൊണ്ടിരിത്തിയത്. എന്റെ രൂപവും ഭാവവും കണ്ടിട്ടാവാം,  എല്ലാവരും  എന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു.  

ഡോൾഫിൽ സുന്ദരി നിറഞ്ഞ പുഞ്ചിരിയുമായി  ഒരു മെനു കാർഡുമായി ഒഴുകിയെത്തി. 

മെനുകാർഡിൽ, ജീവിതത്തിലിന്നുവരെ കാണാത്ത   കുറെ  രുചിക്കോപ്പുകളാണ്. എന്ത് ഓർഡർ ചെയ്യണം? ഇതികർത്തവ്യമൂഢനായിരിന്നു കൊണ്ട്  നാലുചുറ്റിലുമൊന്ന് കണ്ണോടിച്ചത്. 

വലതു ഭാഗത്തായുള്ള  തേൻമേശയിൽ, വലിയ തിരക്കും ബഹളവും. ഭാര്യയും ഭർത്താവും  അഞ്ച് കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു അയില കുടുംബമാണവിടെ. ഏറ്റവും ചെറിയ  കുറുമ്പനായ അയില കുഞ്ഞിനിരിക്കാൻ സ്ഥലമില്ല.  അച്ഛൻ അയില  എന്റെ മുന്നിലെ ഒഴിഞ്ഞ കസേരയെടുക്കാൻ  വന്നു. സുമുഖനാണ് അദ്ദേഹം, തന്റെ ത്രികോണ പല്ല് കാട്ടി, ഉറച്ച താടിയെല്ല് വശത്തേത് നീക്കി  പുഞ്ചിരിച്ചു. 

"ഇവിടെ എപ്പോഴും വലിയ തിരക്കാണോ!,  എന്തെങ്കിലും വിശേഷമുണ്ടോ, ഇന്ന്?" ഞാൻ ചോദിച്ചു.

"ഓ ,വിശേഷങ്ങളൊന്നുമില്ല, ആളുകളില്ലാഞ്ഞിട്ട് , അടച്ചൂ പൂട്ടൽ ഭീഷണിയിലായിരുന്നു ഇത്. കഴിഞ്ഞ മൂന്ന് നാല് മാസമേ ആയുള്ളൂ  ഇതിന് ഒരു പുനർജീവൻ കിട്ടിയിട്ട്. " അച്ഛൻ അയില തുടർന്നു

 "കഴിഞ്ഞ കുറച്ച് മാസങ്ങളേ ആയുള്ളൂ  ഞങ്ങൾ സമുദ്രനിവാസികൾ ഭയരഹിതരായി പുറത്തിറങ്ങിയിട്ട്.

വർഷങ്ങളായി  ഇവിടെ ലോക്ക് ഡൗൺ ആണ്.  ലോക്ക് ഡൗൺ തെറ്റിച്ച് പുറത്തിറങ്ങുന്നവരെ മാനവർ വിരിക്കുന്ന വലക്കെണിയിൽ കുടുങ്ങും. പിന്നെ ആർക്കും  അവരെ രക്ഷിക്കാനാവില്ല.

ഈ  കഴിഞ്ഞ മാസം   ലോക്ക് ഡൗൺ പിൻവിലിച്ചതോടെയാണ് ഇവിടെ തിരക്കേറിയത്."

അയില പറഞ്ഞു നീർത്തിയപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് എന്തോരാശ്വസമായിരുന്നോ !,

അയില കുഞ്ഞുങ്ങൾ വീണ്ടും  ബഹളം തുടങ്ങി.  അമ്മ അയല  പറയുന്നതൊന്നും അവർ അനുസരിക്കുന്നില്ല. "ഞാനൊന്നു പോയി സെറ്റിൽ ചെയ്ത് വരാം" എന്ന് പറഞ്ഞ്  അച്ഛൻ അയില കസേരയുമായി അങ്ങോട്ട് നീങ്ങി.

ഞാൻ വീണ്ടും മെനു കാർഡ് തിരിച്ചും മറിച്ചും നോക്കി ചിന്താമഗ്നനായി.

അതാ, കോട്ടും സ്യൂട്ടും ഗ്ലാസമൊക്കെ ധരിച്ച്  കുറച്ച് അയക്കൂറ യുവാക്കൾ ഒഴുകി വരുന്നു. ധനാണ്ഡ്യത വിളിച്ചോതി കൊണ്ടുള്ള ഒരു അടിപൊളിക്കൂട്ടം. വെള്ളി നിറമുള്ള മുൻഭാഗവും  കരിനീല പുറവുമായുള്ള ഓവർക്കോട്ട് ധരിച്ച് എല്ലാരും കളർ സ്കോഡിൽ ആണ് .അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി ചില കമന്റുകൾ പാസ്സാക്കി അവർ മുകൾ നിലയിലേക്ക് കയറി പോയി. അവിടുന്നിറങ്ങിവന്ന ഒരു ഡോൾഫിൻ സുന്ദരി മുഖംകുനിച്ച്  ഇറങ്ങി വരുന്നത് കണ്ടാലറിയം , എന്തോരു അശ്ലീല കമന്റ് കേട്ടിട്ടുണ്ടെന്ന്. തിരിച്ചൊന്നും പറയാതെ അവൾ വീണ്ടും പുഞ്ചിരിതൂകി ഒഴുകിയകന്നു. 

ഭൂമിയിൽ, എവിടെയും സ്ത്രീ സമൂഹമിങ്ങനെ  തന്നെയാണോ? ആൺമേൽക്കായ്മയിൽ നിന്ന നേരിടുന്ന പിഡനങ്ങൾക്കും പ്രഹസനങ്ങൾക്കും സഹനത്തിന്റെ  മൗനഭാഷ  ശീലമാക്കിയവരാണോ  അവർ?

എന്റെ ഇടതു ഭാഗത്തുള്ള തീൻമേശയിൽ ഒരു മത്തികുടുംബം സ്ഥാനം പിടിച്ചിട്ടുണ്ട്.. വലിയ പകിട്ടൊന്നുമില്ലാത്ത നാടൻ വസ്ത്രത്തിലും അവരെ കാണാൻ നല്ലൊരു ചേലുണ്ട്.   അച്ചടക്കത്തോടെ മത്തിക്കുഞ്ഞുങ്ങൾ ചുറ്റിലുമുള്ള മായിക കാഴ്ചകൾ നോക്കി  അദ് ഭുതസബ്ദരായിരിപ്പാണ്.  മെനു കാർഡ് പിടിച്ചിള്ള  അവരുടെ ഇരിപ്പ് കണ്ടാലറിയാം,  അവർ ഇത്തരം ആഡംബര ഹോട്ടലുകളിലെ നിത്യ സന്ദർശകരല്ലെന്ന്. , ഇരുണ്ട ചങ്ക്  ഒന്നുയുർത്തി, തോണികൃശത യായി ശരീരം വെട്ടിച്ച് അച്ഛൻ മത്തി എന്നെ നോക്കി  ചിരിച്ചു ഞാനും. 

അപ്പോഴേക്കും,  അച്ഛൻ അയില തിരിച്ചെത്തിയിരുന്നു. "ഓ  എന്ത് പറയാനാ?  ചെറിയാൾക്ക്  പന്നൽ  ഫ്രൈയും ആൽഗ സൂപ്പും  ആണ് വേണ്ടത്. മൂത്തോർക്ക്  സർഗാസം   ഫ്രൈയും. അതിന് അവര് തമ്മില്   ചെറിയൊരു കശപിശ.  ഒരു വിധം  മൂത്തോരെ ഒതുക്കി " അവൻ വലിയ കുട്ടിയായില്ലേ, ഇ വർഷം മുതൽ അവരുടെ പഠനം സ്കൂളിലാക്കണം  എന്നാണ് കരുതുന്നത് " അയില പറഞ്ഞു നിർത്തി.

"അതെന്താ, കുട്ടികൾ സ്കൂളിൽ പോയെല്ലേ പഠിക്കാറ്?", ഞാൻ ആകാംഷയോടെ ചോദിച്ചു.

"നിങ്ങൾ അറിയുമോ !, വർഷങ്ങമായി  ഞങ്ങളുടെ കുട്ടികൾ വീട്ടിലിരുന്ന് ഓൺലൈനായിട്ടാണ് വിദ്യഭ്യാസം നടത്തുന്നത്. പുറത്തിറങ്ങുന്നതും നോക്കി റോന്ത് ചുറ്റുകയല്ലോ വേട്ടക്കാർ..! " ഉരുണ്ട മഞ്ഞളിച്ച കണ്ണുകൾ ദേഷ്യത്തിൽ കുറച്ച് കൂടെ പുറംന്തള്ളി നിന്നു

"പിന്നെ, പുറത്തുള്ള അന്തരീക്ഷവും വളരെ മോശമാണിന്ന്. മനുഷ്യൻ വലിച്ചെറിയുന്ന പ്ലാസ്റ്റിക് , ഒഴുകിയെത്തുന്ന കീടനാശിനികൾ ഫാക്ടറികളിൽനിന്നു തള്ളുന്ന മാലിന്യങ്ങൾ  സമുദ്രജലത്തെ ഒരു മാലിന്യക്കുപ്പയാക്കി മാറ്റിയിട്ടുണ്ട്.  പലതരം ചർമ്മരോഗങ്ങൾ, ചൊറികൾ ശ്വസന രോഗങ്ങൾ എന്നീവയുടെ പിടിയിലാണ് ജലജീവികളിലധികവും. കൂടാതെ, മലനീകരണം കടൽ വാസികളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട് കഴിഞ്ഞ വർഷം സമുദ്ര സർവ്വകലാശാല നടത്തിയ പഠനം  ഇത്  തെളിയിച്ചിട്ടുണ്ട്.. ഞങ്ങളുടെ വംശം തന്നെ നാമവിശേഷമാകുമോ ?" 

സങ്കടത്തോടെ അയില തുടർന്നു .   "ജൈവമാലിന്യങ്ങളുടെ അതിപ്രസരവും  ആഴിയുടെ പനിച്ചൂടും   ജലത്തിലെ ലേയ  ഓക്സിജന്റെ അളവ് വളരെ കുറച്ചിട്ടുണ്ട് .എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഓക്സിജൻ ടാങ്ക് സൂക്ഷിക്കുന്നുണ്ട്..പിന്നെ  കപ്പലുകളിൽ നിന്നും മറ്റും പുറംതള്ളുന്ന എണ്ണകൾ അത് ഉണ്ടാക്കന്ന പ്രശനങ്ങൾ ചില്ലറയൊന്നുമല്ല കേട്ടോ.  എന്നാൽ,  കരയിൽ ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം പാടേ നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ ജലത്തിന്റെ സ്വഭാവിക ഗുണങ്ങൾ തിരിച്ചു കിട്ടാൻ തുടങ്ങിയിട്ടുണ്ട്.

കരയിലേക്ക്  പര്യടനത്തിനു പോയ   തവള ശാസ്ത്രജ്ഞൻമാരുടെ റിപ്പോർട്ടിന്റെയും മറ്റും വിശ്വാസ സ്രോതസ്സ്കളിൽ  നിന്നുമുള്ള അറിയിപ്പിന്റെയും  അടിസ്ഥാനത്തിൽ ആണെന്ന് തോന്നുന്നു ഇവിടെ ഇനിയൊരി റിയിപ്പ് ഉണ്ടാക്കുന്നുതുവരെ ലോക്ഡൗൺ റദ്ദാക്കിയിട്ടുണ്ട്. അതിനെ തുടർന്നാണ്  ഞങ്ങൾ കുംബസമേതം ഇവിടെയെത്തിയത്. "   അയില നന്നായി സംസാരിക്കുന്നുണ്ട് .

ഡോൾഫിർ സുന്ദരിമാർ ഓർഡർ നൽകിയ വിഭവങ്ങൾ തീൻ മേശയിൽ നിരത്തി തുടങ്ങി. "ഓ ... ,അടുത്ത അടി പൊട്ടുന്നതിനു മുമ്പേ ഞാനങ്ങ് ചെല്ലെട്ടെ " എന്ന് പറഞ്ഞു അച്ഛൻ അയില കാണാം എന്നു പറഞ്ഞു തീൻ മേശയ്ക് അരികിലേക്ക് ചിറകളിക്കി ഒഴുകി നീങ്ങി.

ഇപ്പുറത്ത്, മത്തിക്കുംടുംബം വളരെ അച്ചടക്കത്തോടെ എന്തൊക്കൊയോ  കഴിക്കുന്നെണ്ടെങ്കിലും അവരുടെ  ശ്രദ്ധ  മുഴുവനും ചുറ്റിലുമുള്ള മായകാഴ്ചകളിലാണ്.

പരിചയമോതുന്ന അച്ഛൻ മത്തിയുടെ കണ്ണുകൾ വീണ്ടും എന്നിലുടക്കി.  അകൽച്ചയില്ലാത്താ നോട്ടം ചിരപരിചിതമായ ഒരു സൗഹൃദത്തിന്റെ സൗരഭ്യം മുണർത്തി.  ഞാൻ അവരുടെ തീൻ മേശയ്ക്കരികെലെത്തി. അച്ഛൻ മത്തി അവിടുത്തെ ഒരു സ്കൂൾഅദ്ധ്യാപകനാണ് . "നിങ്ങൾ അയില സാറുമായി കാര്യമായി എന്തൊക്കെയോ സംസാരിയിക്കുകയായിരുന്നല്ലോ " അച്ഛൻ മത്തി തുടർന്നു.  "ഞങ്ങൾ ഒരേ ഗ്രാമത്തിലും ഗോത്രത്തിലും പെട്ടവരാണ്. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. " 

പെട്ടെന്നാണ് , " ദേ  അച്ഛാ നോക്കിയേ !  എന്ന് കൂകി വിളിച്ച് മത്തി കഞ്ഞുങ്ങൾ ചാടി എഴുന്നേറ്റത്. ആരാധനയോടെ വാ തുറന്ന് നോക്കുകയാണ് എല്ലാവരും. കുറെ തരുണിമണികൾ മനം കവരുന്ന വസ്ത്രത്തിൽ ലാസ്യഭാവത്തിൽ നടന്നു നീങ്ങുകയാണ്. 

"അത് ആരൊക്കയാ?" ഞാൻ മത്തിയോട് ചോദിച്ചു. "അറിയില്ലേ, പ്രശസ്ത നർത്തകി കിളിമീനും കൂട്ടരും ആണ്. ഓ കരയിൽ, നിങ്ങളവരെ പുയ്യിപ്ല കോര എന്നോ ചോര കുട്ടൻ എന്നൊക്കയാ വിളിക്കാറ് അല്ലേ !: അവരുടെ സ്റ്റേജ് പ്രോംഗ്രം ഉണ്ടിവിടെ ഇന്ന് 

ഇതൊക്കെ ഞങ്ങൾ കാണുന്നത് വർഷത്തിൾക്കപ്പുറമാണ് " 

"എത്ര കാലമി ഭാഗ്യം ഉണ്ടാവുമോ ആവോ " ? അമ്മ മത്തി ഇടയിൽ കയറി ചോദിച്ചു.

"കരവാസികളെല്ലാം എന്തോ ഒരു വൈറസിന്റെ ദീകരാക്രമണത്തിൽ പെട്ടിരിക്കുകയാണ് , എന്ന്  കരയിൽ നിന്ന് സംപ്രേഷണം ചെയ്യുന്ന ആമ  ടി.വി ചാനൽ റിപ്പോർട്ട് ചെയ്തത് ഓർക്കുന്നില്ലേ !! വൈറസ് ആക്രമണത്തോലെ മനുഷ്യകുലം മുടിഞ്ഞോട്ടെ !! "അമ്മ മത്തി ശാപവാക്കുകളെറിഞ്ഞു.  "മോശം, അങ്ങിനെയൊന്നും  പറയാൻ പാടില്ല ! ", അച്ഛൻ മത്തിയിലെ അദ്ധ്യാപക ബോധമുണർന്നു. ക്ഷമിക്കണം അവളുടെ വിഷമം കൊണ്ട് പറഞ്ഞ് പോയതാണ്.

ഞാനും എന്റെ മോളും ഉദര രോഗികൾ ആണ്. ഞങ്ങളുടെ പ്രധാന ഭക്ഷണമായചെറിയ പ്ലാങ്ങ്ടളുകളിലും ആൽഗകളിലൊമൊക്കെ   അപകടകരമായ രാസവസ്തുക്കളും പ്ലാസ്റ്റിക്കുകളും കലർന്നിട്ടുണ്ട്  അവരാണ്  ആണ് കുഴപ്പക്കാർ. 

നിങ്ങൾ അറിയമോ, സായംസന്ധ്യയിൽ ആകാശ ഗോപുരത്ത് നിന്ന് താരക കുഞ്ഞുങ്ങൾ. മാനത്ത്  മേഘങ്ങളുമായി  ഓടി  കളിക്കാനിറങ്ങുമ്പോൾ, ഞങ്ങളുടെ കുട്ടികൾ വീടുകളിൽ ലോക്ക് ഡൗണിൽ ആണ്. അവരുടെ ബാല്യവും കൗമാരവും മെല്ലാം വീട്ടിനുള്ളിൽ തന്നെ. പുറത്തിറിയാൻ വേട്ടക്കാരന്റെ വലയിൽ , അവനും സന്ധ്യ സമയത്താണല്ലേ. ഇറങ്ങാറ്.!

എന്തായാലും കരയിൽ ഇറങ്ങിയിരിക്കുന്ന ചെറിയ അദ്യശ്യനായ  ഭീകരജീവിയാണ് ഞങ്ങൾക്ക് സ്വതന്ത്യത്തിന്റെ മധു നുകാരാൻ അവസരമൊരുക്കിയത്. അച്ഛൻ മത്തി ശരിക്കും ഒരു സ്കൂൾ അധ്യാപകൻ തന്നെ തന്റെ ഭാഷണം നിർത്തുന്നില്ല "ന്റെമ്മോ!, ഇനിയി ഇപ്പോ ഉപദേശവും തരുമോ! ആവോ ?" അതിന് മുമ്പോ എങ്ങിനെ രക്ഷപ്പെടും എന്ന് ആലോചിക്കുമ്പോഴാണ്

വേദിയിൽ പ്രോഗ്രാം തുടങ്ങുന്ന അനൗൺസ്മെന്റ്  വന്നത്. ഇത് തന്നെ അവസരം എന്ന് കരുതി മത്തി സാറിന്റെ കത്തി ഭാഷണത്തിൽ നിന്ന്  അറ്റുവീണ കഴുത്ത് രക്ഷിച്ചടുത്തി   ഞാൻ സീറ്റിൽ  പോയിരുന്നു.

പ്രൗഢഗംഭീരമായ സ്റ്റേജിൽ കിളി മീനിന്റെ നേതൃത്വത്തിൽ പ്രോഗ്രാം തുടങ്ങി. കൊറാണക്കാലത്തിന് മുമ്പ് സമുദ്രവാസികൾ അനുഭവിച്ചു പോന്ന ദുരന്തങ്ങൾ വരച്ചുകാട്ടുന്ന ഒരു നൃത്ത ശില്പമായിരുന്നു. കിളിമീൻ   നൃത്തവേദിയിൽ  വശ്യമായ അംഗചലനങ്ങളോടെ ചുവടു വെച്ചു.   പ്രകാശമാനമായ ഒരു പൂമൊട്ടുപോലെ.

കഥ പറയും കണ്ണുളിക്കം മനസ്സിൽ  നിന്ന് മായുന്നില്ല. അരങ്ങിൽ നിറഞ്ഞാടുകായിരുന്ന കിളിമീൻ   മുകളിലത്തെ നിലയിൽ നിന്ന് അയക്കൂറ , സ്രാവ് ,തെരണ്ടി എന്നിവരുടെ ഉച്ചത്തിലുള്ള ആഹ്ളാദ പ്രകടനം കേൾക്കമായിരുന്നു .

ആരവം ഒന്നടങ്ങിയിപ്പോൾ , ഞാൻ സ്റ്റേജിന്റെ വലത ഭാഗത്തള്ള സ്യൂട്ടിൽ വിശ്രമിക്കുന്ന കിളിമീനിന്റെ അരികിലേക്ക് നീങ്ങി.

അപ്പോൾ സ്റ്റേജിൽ നത്തോലികളുടെയും ചൂളയുടെയും നേതൃത്വത്തിൽ ഹാസ്യപരിപാടി ആരംഭിച്ചിട്ടുണ്ട് ട്രാംപു , ബോറിസും , ജിംമ്മും മൊക്കെ വേദിയിൽ തകർത്താടുന്നുണ്

ഞാൻ  കിളിമീൻ സുന്ദരിയുടെ അരികിലെത്തി. പുഞ്ചരിച്ചു  കൊണ്ട്  അവരെന്റെ അഭിനന്ദനങ്ങൾ  ചെകിള കുടഞ്ഞും ചിറകനക്കിയും സ്വീകരിച്ചു.  എന്തോ സൂപ്പ് കഴിച്ചുകൊണ്ട് അവരെന്റെ  ചോദ്യങ്ങൾക്ക് അലസമായി മറപടി  നൽകുന്നുണ്ടായിരുന്നു.   "മാഡത്തിന്റെ മനസ്സ് ഇവിടെ യൊന്നും അല്ലല്ലേ !  എന്തോ ഒരു ദുഃഖം നിങ്ങളെ അലട്ടുന്നുണ്ടല്ലോ?", അല്പം സ്വാതന്ത്ര്യം മെടുത്ത് ഞാനങ്ങ് ചോദിച്ചു. "എന്നോട് പങ്ക് വെക്കവുന്നതാണെങ്കിൽ പറയാം".  എന്റെ നേരെ തിരിഞ്ഞ അവരുടെ മിഴികളിൽ നിന്ന് കണ്ണുനീർ തുള്ളികളിറ്റ് വീഴുന്നുണ്ടായിരുന്നു. അവരുടെ റോസപ്പൂ ഇതള്പോലെയുള്ള മൃദുവായ മുഖം വാടിയിരുന്നു. സോറി ഞാൻ പറയാൻ തുടങ്ങുമ്പോഴേ അവർ ചെകിളയാട്ടി  തടഞ്ഞു കൊണ്ട് തുവാല കൊണ്ട് കണ്ണു നീർ തുടച്ചു . അല്പം ഗദ്ഗദയായി പറഞ്ഞുതുടങ്ങി.

"കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രോഗ്രാം അവതരിപ്പിക്കാൻ കൂട്ടിന് വരാൻ  ഭർത്താവ്  ഉണ്ടാവാറുണ്ട്.  ഇന്ന്  ഞാൻ തനിച്ചാണ്.  ഷൂട്ടിങ്  ഇല്ലാത്ത ദിവസം ഞങ്ങൾ ഒരു സാഹസിക വിനോദത്തിനായി ആഴക്കടലിൽ  പോയതായിരുന്നു. അവിടെ വേട്ടക്കാരുടെ ശല്യം കുറവാണെന്ന് സ്പോൺസർ മാർ ഉറപ്പ് തന്നത് കൊണ്ടാണ് ഞങ്ങൾ അവിടെ പോയത്.  കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് വലിയ യന്ത്ര ബോട്ടിൽ എത്തിയ വേട്ടക്കാർ കുഞ്ഞുങ്ങളെയും ഭർത്താവിനെയും വലയിലാക്കി കൊണ്ടുപോയത്.  

"ശവം  ഐസ്ലിട്ട് മരവിപ്പിച്ച് വിഷവസ്തുക്കൾ ചേർത്ത് ദിവസങ്ങളോളം വെച്ച് വിലപേശി വില്‍ക്കാന്‍ വേണ്ടി തന്നെയാണല്ലോ. ഞങ്ങളെ കൊന്നുകളയുന്നതു്, ?  ആ ചോദ്യത്തിനു മുമ്പിൽ ഞാനൊരു മാത്ര നിശബ്ദമായി.

ഒന്നും പറയാനാവാതെ കൈകൂപ്പി ഞാൻ വേഗം  അവിടെ നിന്നറങ്ങി.

സ്റ്റേജിൽ   കാരിയും കൂരിയുടെയും നേതൃത്വത്തിലുള്ള ഗാനമേള  നടക്കുകയാണ് "കടലേ അലകടലേ കനിവിൻ ആഴമേ..... കനിവിന്റെ ആഴവും കടലിന്റെ അലകളുടെ േവദനയു ഉൾക്കൊണ്ട്  കാരയും കൂരിയും പാടി തകർക്കുകയാണ്.

സമയം പോയതറിഞ്ഞില്ല. വേഗം ഭക്ഷണം കഴിച്ചിറങ്ങണം എന്ന ഉദ്ദേശത്തോടെ തീൻ മേശയ്ക്കരികിലേക്ക് എത്തിയപ്പോൾ അവിടെ രണ്ട് പുതുമോടികളായ  അവോലികൾ കൊഞ്ചിയും കുഴഞ്ഞും ആഹാരം കഴിക്കുന്നു. അവരെ ശല്യപ്പെടുത്താതെ ഞാൻ വിസിറ്റേർസ് ലോൻജിലേക്ക് നീങ്ങി. 

അവിടെ വലിയ ബഹളം തന്നെ ഞാൻ ടി വി ക്കു മുന്നിൽ ഒഴിഞ്ഞു കിടന്ന കസേരയിൽ വേഗം പോയിരുന്നു.

'അല്ഗബ'  ടി.വി ചാനലിലെ ചാനൽ ഹെഡ്  ശ്രീ കൂർമ്മൻ ആമ നയിക്കുന്ന  'ഭൂമിയിലെ അവകാശികൾ' എന്ന അഭിമുഖ പ്രേഗാം തുടരുകയാണ്. 

കൂർമൻ : "കഴിഞ്ഞ ആറു മാസത്തോളം കരയിലെ പര്യടനത്തിനു ശേഷം തിരിച്ചെത്തിയ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും മണ്ഡൂക സർവ്വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗം തലവനുമായ പ്രഫസർ ശാലൂരം തവളയാണ് , അദ്ദേഹത്തിന്റെ അനുഭവം പങ്കിടാൻ ഇന്ന് നമ്മെളോടൊപ്പമുള്ളത്.

സാർ നമസ്ക്കാരം. കരയിലെ ഇന്നത്തെ സംഭവവികാസങ്ങൾ എന്തെല്ലാമാണ്. ?"

ശാലൂരം:. "നമ്മൾ വർഷങ്ങളായി ഇവിടെ തുടർന്നു പോകുന്ന ലോക്ക് ഡൗൺ സമ്പ്രദായ നടപ്പിലാക്കിയിരിക്കുകയാണവിടെ. ഇവിടെ നമ്മൾ മനുഷ്യരിൽ നിന്ന് രക്ഷ നേടാനാണെങ്കിൽ അവിടെ മനുഷ്യൻ അദൃശ്യനായ കോറണ വൈറസിൽ നിന്ന് രക്ഷനേടാനാണ്. അങ്ങോട്ട് പോകുമ്പോൾ ഞങ്ങൾ കാലുകളൊക്ക് വലിയ തുകയ്ക്ക് ഇൻഷൂർ ചെയ്താണ് പോയത് തന്നെ. അവിടെ തവളക്കാലുകൾക്കുള്ള ഡിമാന്റ് അറിയമല്ലോ ."

(പ്രഫസർ പൊട്ടിചിരിച്ചു.)

കൂർമൻ: "കരയിൽ ഇന്ന് സംജാതമായിട്ടുള്ള  പ്രത്യേക സാഹചര്യം  മനുഷ്യന്റെ പ്രകൃതിയോടുള്ള മനോഭാവത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ? പ്രത്യേകിച്ചും സമുദ്രത്തോടും സമുദ്ര നിവാസികളോടും. "

ശാലൂരം:. "തീർച്ചയായും. പ്രകൃതിയോട് മനുഷ്യൻ തുടർന്നു പോന്ന അശ്രദ്ധമായ മനോഭാവമാണ്  ഇന്നവൻ അനുഭവിച്ചു കൊണ്ടിരുക്കുന്ന പല ദുരന്തങ്ങൾക്കും ഹേതുവെന്ന്  അവൻ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്.

ജീവിന്റെ തൊട്ടിൽ, ജൈവവൈവിധ്യക്കലവറ,  പ്രകൃതിദത്ത മാലിന്യസംസ്കരണകേന്ദ്രം,  .   മഴയുടെ ഉറവിടം. 

പ്രാണവായുവിൽ കേദാരം എന്തിനേറെ ജീവന്റെ ശൃംഖലയെ തന്നെ നിലനിർത്തുന്ന  സമുദ്രത്തെ സംരക്ഷിക്കേണ്ട ബാധ്യത അവനിന്ന് മനസ്സിലായിട്ടുണ്ട്. 

സമുദ്ര വിഭവങ്ങളെ ഒരു വ്യാവസായിക  ഉത്പന്നമായി കണ്ട്, കൊള്ളയടിക്കാതെ വിവേകപരമായ ചൂഷണം  നടത്തുവാനുള്ള പദ്ധതികൾ അവിടെ ഒരുങ്ങുന്നുണ്ട്."

കൂർമൻ: "ദുരന്തങ്ങൾ പെയ്തൊഴിയുന്നതോടെ അത് വിതച്ച കെടുതികളുടെ ഓർമ്മ മറക്കുന്നവരാണല്ലേ മാനവർ ഇനിയും. അങ്ങിനെ തന്നെയാവില്ലേ

ശാർദൂരം :  ഇല്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം ഭൂവിൽ ഭൂമിത്രരായ്  റിവിന്റെ കൈത്തിരി വെട്ടുവുമായി പ്രകൃതി സംരക്ഷണത്തിന്റെ ശാന്തിമന്ത്രം ചൊല്ലിക്കൊണ്ട് ഒരു പുതു തലമുറ വളരുന്നുണ്ട്. സമുദ്ര വിഭവങ്ങളെ  ചൂഷണംചെയ്ത്  നടപ്പിലാക്കുന്ന വികസനത്തെ എതിർകൈയേകും  കരുതലോടെ ജാഗ്രതയോടെ ഉൾ കാഴ്ചയോടെ വളരും "

യുവത  ചാനലിൽ പരസ്യം തുടങ്ങിയതോടെ  ഞാൻ അവിടുന് എഴുന്നേറ്റ് പതുക്കെ  വിശാലമായി അലങ്കരിച്ച റിസ്പ്ഷൻ കൗണ്ടറനരികിലേക്ക് നടന്നു. തിരിഞ്ഞിരുന്ന് കംമ്പ്യൂട്ടറിൽ എന്തോ ചെയ്യുകായാണ് മനേജർ ശ്രീമാൻ തിമിഗംലം. 

സാർ,  എന്ന എന്റെ നീട്ടിയ വിളി കേട്ട്  തിമിഗംലം പതുക്കെ തിരിഞ്ഞ് കണ്ണടയഴിച്ച് വെച്ച് ഗൗരവത്തിൽ എന്നെയൊന്ന് നോക്കി.

ഞാൻ കൗണ്ടറിനടുത്ത് നിങ്ങി, പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

സാർ, ഇവിടെ അടുത്തായി സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കായാണ്? ഇവിടെ അതിന്റെ റൂട്ട് മാപ്പ് ഉണ്ടോ ? നിങ്ങൾ യാത്ര സൗകര്യം ഒരുക്കി കൊടുക്കുമോ ഒറ്റ വീർപ്പിൽ കുറെ ചോദ്യങ്ങൾ ചോദിച്ച് കിതച്ച് നിന്നു ഞാൻ.

"നിങ്ങൾക്ക് എവിടെയാണ് പോവേണ്ടത് ? "രൂപത്തെ പോലെ തന്നെ കാത് പൊട്ടും ശബ്ദത്തിൽ തിമിഗംലം ചോദിച്ചു.

 ഞാൻ വീണ്ടും  അടുത്ത് നീങ്ങി  പതുക്കെ ചോദിച്ചു

സാർ, സമുദ്രം ശരിക്കും രഹസ്യങ്ങളുടെ ഒരു കലവറയാണല്ലേ. അങ്ങിനെയാണെങ്കിൽ ആഴിയിൽ താഴുന്ന സൂര്യന്റെ കൊട്ടാരം? കടലമ്മ പിടിച്ചു കൊണ്ടുപോകുന്ന മനുഷ്യരെ പാർപ്പിക്കുന്ന ജയിൽ? മത്സ്യറാണിയുടെ കൊട്ടാരം ഇവിടെയൊക്കയാണ് പോകാൻ ആഗ്രഹിക്കുന്നത്.

തിമിഗംലം തന്റെ ഉണ്ടക്കണ്ണ് ഉരുട്ടി കൊണ്ട് ഗൗരവത്തിലെന്നെ തുറച്ചു നോക്കി. എന്തോ ചോദിക്കാൻ പാടില്ലാത്ത് ചോദിച്ചു പോയി എന്ന പേടിയിൽ ഞാൻ രണ്ടടി പിറകോട്ട് വെച്ചു.  പെട്ടെന്നാണ് തിമിഗംലത്തിൽ നിന്ന് ഇടിവെട്ട പോലുള്ള പൊട്ടിച്ചിരി കൊട്ടാരം മുഴുവൻ മുഴങ്ങിയത്.  ഞാൻ  പേടിച്ച് തലയൊന്ന്  വെട്ടിച്ച്  കൈകൾ കൊണ്ട് ചെവി രണ്ടും പൊത്തി പിടിച്ചപ്പോൾ മുത്തുമണി പോലെ  മണൽ തരികൾ ശരീരത്തിൽ നിന്നു തൊഴിഞ്ഞു കൊണ്ടേയിരുന്നു. മുഖത്ത് മുഴുവൻ മണൽത്തരികൾ പറ്റി പിടിച്ചിരിക്കുന്നു. അത് തുടച്ച് കൊണ്ട്   കടൽത്തീരത്ത് നിന്ന് ഞാനെഴുന്നേറ്റു. പഞ്ഞിക്കെട്ടിന്റെ ഭാരമുള്ള മനസ്സുമായി കണ്ട മായ കാഴ്ചകളുടെയും സംസാരിച്ച ഭാഷയുടെയും രൂപരേഖ കൂട്ടിയിണക്കാൻ പാടുപെട്ട്  കടൽ തീരത്ത് നിന്ന് നടന്നകന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ