രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ കുട്ടികളെ ബോറടിപ്പിച്ചെന്നു തോന്നുന്നു. രാവിലെ നെറ്റ് കിട്ടുന്നില്ലെന്ന് അലറി വിളിച്ച അവരുടെ അനക്കമാന്നും കേൾക്കാതെന്തന്ന് അത്ഭുതപ്പെടാതിരുന്നില്ല. സാധാരണ തന്റെടുത്തു വന്നു തുർക്കി സിരിയലുകളും കൊറിയൻ സിനിമകളുമൊക്കെ കാണുന്ന അവർക്കെന്തു പറ്റി ആവോ? മുതലാളി താഴേക്ക് പോകാൻ വന്നപ്പോൾ കൂടെ പോരേണ്ടി വന്നു. എനിക്ക് മുതലാളിയുടെ ഓഫീസിലാണ് ഡ്യൂട്ടി .... മുതലാളി ആഫീസിൽ നിന്നു വന്നാൽ
കുറച്ചുനേരം അദ്ദേഹത്തിന്റെ കണ്ണുവെട്ടിച്ച് കുട്ടികളോടൊപ്പവും. ഞങ്ങ മൂന്നുതലുറയായി കൊച്ചീലാണ് താമസം. വല്യ മുതലാളിയുടെ സമയത്താണ് ഈ കുടുംബത്തിൽ എത്തിയത്. വല്യ മുതലാളി മലേഷ്യയിലായിരുന്ന കാലത്താണ് കുടുംബത്തെ സേവിക്കാൻ മുത്തശ്ശനെത്തിയത്.
മുതലാളി ഡൈനിംഗ് റൂമിലോട്ടാണ് തിരക്കുപിടിച്ചത് പോകുന്നത്. സമയം വൈകിയിരിക്കുന്നു. മഴ കാരണം അല്പം വൈകിയതാകണം. ചൈനക്കാരെക്കാൾ കണിശക്കാരാണ് വല്യപ്പനും മോനും, പക്ഷേ കൊച്ചു മക്കൾ ഇറ്റലിക്കാരാണെന്ന് തോന്നും... അസാധ്യ മടിയൻമാർ?
എല്ലാരും പാത്രത്തിൽ ഭക്ഷണമെടുത്തു കൊണ്ട് വല്യപ്പച്ചന്റെ കൂടെ ഡൈനിംഗ് ഹാളിന്റെ മൂലയിൽ വട്ടം കൂടിയിരിക്കുന്നു." എന്തുപറ്റി ഈ അസാധാരണ ശാന്തത!"
എന്റെ സംശയം കൊച്ചുമുതലാളി അല്പം ഉറക്കെ ആത്മഗതം ചെയ്തു." രാവിലെ മഴ കാരണം നെറ്റും കേബിളുമൊക്കെ പണിമുടക്കിയപ്പോൾ അപ്പച്ചന്റെ പഴയ തോഷിബ ടി വി യുടെ പുറകിലാണെല്ലാവരും!!! വല്യമ്മച്ചി കൊച്ചുമുതലാളിയുടെ ചായ എടുത്തോണ്ടുവരുന്ന വഴി വിളിച്ചു പറഞ്ഞു.
അറിയാതെ അച്ഛന് ഇരിക്കുന്നിടത്തേക്ക് നോക്കി.... പാവം രണ്ടു ദിവസമായി ഒരേ ഇരുപ്പാണ് ..ഒരനക്കവും ഇല്ല. ലോക്ക് ഡൗൺ കാരണം ആരേയും കാണിക്കാനും കഴിഞ്ഞില്ല.. ഇവിടെ അഛന് കട്ടി പണിയാണ്. പെൺപട മുഴുവൻ അച്ഛന്റെയടുത്താണ് ." നീ അതിനെക്കൂടി കൊണ്ടുപോകു . വയറിനെന്തോ കംപ്ലയിന്റാ" അച്ഛനെ ചൂണ്ടി വല്യമ്മച്ചി പറഞ്ഞു." വയറിനല്ല ..... തലക്കാ തകരാറു അമ്മച്ചി... നിങ്ങളെല്ലാം കൂടി ആ വിഷം സീരിയലുകൾ എല്ലാം കാണിച്ചു കാണിച്ചു"
കൊച്ചുമുതലാളിയുടെ പൊട്ടിച്ചിരി ഹാളിൽ മുഴങ്ങി... വല്യമ്മച്ചിയുടെ മുഖം വലിഞ്ഞു മുറുകുന്നതിനു മുൻപ് ഹാളിലേക്ക് മുത്തശ്ശനെയും കൊണ്ട് വല്യപ്പന്റെ ട്രോളി ഉരുണ്ടു വരുന്നതു കണ്ടു.
വല്യപ്പച്ചൻ സ്നേഹത്തോടെ മുത്തശ്ശന്റെ മുഖം തുടച്ചു, ചെവിക്കു പുറകിലെ ഏരിയൽ പിടിച്ചുയർത്തുന്നതു കണ്ടു. അല്പസമയത്തിനുള്ളിൽ ചെറിയ പൊട്ടലും ചീറ്റലുമായി മുത്തശ്ശൻ സംസാരം തുടങ്ങി.
"നിങ്ങൾക്കറിയായോ ഇവൻ നമ്മുടെ വീട്ടിൽ എന്നാ കാലുകുത്തിയതെന്ന്? മുത്തശ്ശനെ ചൂണ്ടി വല്യപ്പച്ചൻ ചോദിച്ചു." പ്രിയദർശിനി മരിച്ച ദിവസം മലേഷ്യയിൽ എന്റെ സുഹൃത്ത് കിം ചോണിന്റെ കടയിൽ നിന്ന് കൊണ്ടുവന്നതാ..84 ൽ!! വല്യ മുതലാളി ഭീത്തിയിലെ ഇന്ദിരാ ഗാന്ധിയുടെ ചിരിച്ച മുഖത്തെ ചൂണ്ടികാണിച്ചു ചെറുമക്കളുടെ സംശയം ദൂരീകരിച്ചു." അന്ന് സംസ്ക്കാര ചടങ്ങുകൾ BBC ലൈവ് ടെലികാസ്റ്റ് കണ്ടത് ഈ ബ്ലാക്ക് & വൈറ്റ് ടിവിയിൽ കൂടിയാണ്...പിന്നെ എത്രയെത്ര പരിപാടികൾ... കാലം മാറിയപ്പോൾ കളറും LED യും LAP മൊക്കെ വന്നെങ്കിലും അന്നിതിന്റെ മുമ്പിലിരുന്നു കാണുന്നതിന്റെ സുഖം കിട്ടില്ല!! ഇലക്ഷൻ റിസൾട്ട് ലൈവ് ടെലികാസ്റ്റ് ആയതിനാൽ എല്ലാരും മുത്തച്ഛന്റെ അടുത്തു വട്ടം കൂടി നിൽക്കുന്നതു കണ്ടപ്പോൾ അഭിമാനം തോന്നി. തന്നെയും കൂട്ടി കൊച്ചു മുതലാളി കാറിലേക്കു കയറുമ്പോൾ വല്ല്യമ്മച്ചിയുടെ നിഴലാട്ടം കണ്ടു." ജോസേ ഏതെലും ടെക്നീഷ്യൻമാരെ ഇവിടത്തെ കളർ ടി വി നന്നാക്കാൻ പറഞ്ഞയക്കണേ. നിനക്ക് ലാപ്ടോപ്പും, അച്ചാച്ചനു തോഷിബയും ഉള്ളോണ്ട് ഞങ്ങടെ ബുദ്ധിമുട്ടറിയില്ല"
കൊച്ചുമുതലാളി എന്നെ തോളിലെ വള്ളി കൊണ്ട് അടുക്കി പിടിച്ചു കുലുങ്ങി ചിരിച്ചു കൊണ്ട് തലയാട്ടുന്നതു കണ്ടു.....
വൈകിട്ട് ബെവ്കോയിലെ ക്യൂ കൂടി കഴിഞ്ഞു മുതലാളിയുടെ തോളിൽ തൂങ്ങി വീട്ടിനകത്തേക്ക് കയറുമ്പോൾ ഹാളിൽ വിഷകന്യക സീരിയലിലെ സീൽക്കാരങ്ങൾ തീർത്ത അചഛനു ചുറ്റും വല്യമ്മച്ചിയും മുതലാളിയുട ഭാര്യയും വേലക്കാരിയുമെല്ലാം ഇരിക്കുന്നതു കണ്ടു.
"അപ്പച്ചനെന്തിയേ? ഹാളിൽ അപ്പച്ചനെ കാണാഞ്ഞ് മുതലാളി തിരക്കുന്നതു കണ്ടു.
"അതിയാൻ വിഷമിച്ചു കിടക്കുവാ.." "എന്തു പറ്റി". ഓ... എന്തോ പറയാനാ ഭരണവും പോയി.. ഇലക്ഷൻ ഡിക്ലറേഷൻ പ്രഖ്യാപിച്ച സമയത്ത് വലിയൊരു ശബ്ദത്തോടെ നമ്മുടെ തോഷിബ ടി വി യും പുകഞ്ഞെടാ".
കൊച്ചുമുതലാളി ഇരിക്കാതെ വല്യപ്പച്ചന്റെ റൂമിലേക്ക് നടന്നു. എന്നെ മുത്തച്ഛനിരുന്ന സ്റ്റാൻഡി ലേക്ക് വെച്ച് അപ്പനെ ആശ്വസിപിക്കുന്നതു കണ്ടു. ഭരണം ഉടൻ തിരികെ വരുമെന്ന് ആശ്വസിപ്പിക്കുമ്പോഴും വല്യപ്പച്ചന്റെ കണ്ണുകൾ മുത്തശ്ശനെ നോക്കി നിറഞ്ഞു കവിയുന്നത് മുത്തച്ഛന്റെ ജീവൻ പോയ ശരീരത്തിനരികേ കണ്ണീരണിഞ്ഞു നിന്ന എന്റെ കണ്ണുകൾ പിടിച്ചെടുത്തിരുന്നു!!.